21 July 2024

അഹല്യ

അഹല്യ

രാമായണത്തിലും മഹാഭാരതത്തിലും പ്രതിപാദിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ ഒരാളാണ് അഹല്യ. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വമഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ. മഹാ തപസ്വിയായിരുന്ന ഗൗതമ മഹർഷിക്ക് വിവാഹം ചെയ്തു കൊടുത്തു. ഗൗതമമുനിക്ക് അഹല്യയിൽ ജനിച്ച പുത്രനായിരുന്നു വൈദേഹ രാജ്യത്തിന്റെ കുലഗുരുവായിരുന്ന ശതാനന്ദൻ. 

കിഷ്കിന്ധാപതികളായിരുന്ന ബാലിയേയും, സുഗ്രീവനേയും വളർത്തിയത് അഹല്യയായിരുന്നു.

ഉത്തര രാമായണത്തിൽ ഇതിനെ പ്രതിപാദിക്കുന്ന ഒരു കഥ പറയുന്നുണ്ട്.
ഒരിക്കൽ സൂര്യന്റെ തേരാളിയായ അരുണൻ ഒരു സുന്ദരിയായ ദേവസ്ത്രീയായി ദേവലോകം സന്ദർശിക്കുകയും, തുടർന്ന് ദേവേന്ദ്രനിൽ ഒരു പുത്രനെ സമ്പാദിക്കുകയും ചെയ്തുവത്രേ. അരുണനു ദേവേന്ദ്രനിൽ ഉണ്ടായ പുത്രനാണ് ബാലി. 
പിതാവ് : ദേവേന്ദ്രനും
മാതാവ്: അരുണനും. ദേവലോകത്തു നിന്നും വരാൻ താമസിച്ചതിന്റെ കാരണം സൂര്യന് വിശദീകരിക്കുകയും, തുടർന്ന് സൂര്യനിലും അരുണനു ഒരു പുത്രനെ കൂടി ലഭിച്ചു. സൂര്യനിൽ നിന്നും അരുണനുണ്ടായ പുത്രനാണ് സുഗ്രീവൻ.

ഈ രണ്ടു പുത്രന്മാരേയും മാതാവായ അരുണൻ മക്കളില്ലാത്ത അഹല്യാദേവിക്ക് സമ്മാനിക്കുകയും അരുണൻ സൂര്യനിലേക്ക് തിരിച്ചു പോകുകയും ചെയ്തു. അഹല്യയുടെ പുത്രനായ ശതാനന്ദൻ അതിനോടകം സന്യാസം സ്വീകരിച്ച് മാതാപിതാക്കളെ വിട്ട് പോയിരുന്നു. അരുണന് ഇവരെ കൂടാതെ രണ്ടു പുത്രന്മാർ കൂടിയുണ്ട്, അവരാണ് സമ്പാതിയും, ജടായുവും.

ബാല്യകാലത്ത് മനുഷരൂപമായിരുന്ന ബാലി-സുഗ്രീവന്മാരെ വാനരരൂപികളാക്കി ശപിച്ചത് ഗൗതമ മഹർഷിയായിരുന്നു. പുത്രന്മാരെ കിട്ടിയതു മുതൽ ഭർതൃ ശ്രുശ്രൂഷകൾ മറന്നു പോയ അഹല്യ, പലപ്പോഴും ഗൗതമ മഹർഷിയുടെ നിത്യനിദാനങ്ങൾ പലതും ചെയ്യാൻ കൂട്ടാക്കാതെ മുടക്കുകയും, പുത്ര ശുശ്രൂഷയിൽ മാത്രം മുഴുകിയിരുന്നിരുന്നു. ഇത് സഹിക്കാവയ്യാതെ വന്നപ്പോൾ ഗൗതമമുനി ബാലി-സുഗ്രീവന്മാരെ കുരങ്ങന്മാരായി പോകട്ടെയെന്നു ശപിക്കുകയും, തുടർന്ന് ജാംബവാൻ ഇവരെ ഗൗതമാശ്രമത്തിൽ നിന്നും കിഷ്കിന്ധയിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്തു.

വേദകാലത്തിൽ സർവസ്വരൂപിയും സർവശക്തനുമായ ഈശ്വരന്റെ പ്രതീകമായിരുന്ന ഇന്ദ്രൻ, എല്ലാ ദേവന്മാരും കുടികൊള്ളുന്ന ചൈതന്യമായി ഋഗ്വേദത്തിലുടനീളം പ്രത്യക്ഷപ്പെടുന്നു. ഋഗ്വേദത്തിലും മറ്റു പ്രാചീന വേദസംഹിതകളിലും ലോകമെമ്പാടും നിറയുന്ന ചൈതന്യമായി ഇന്ദ്രനാമധാരിയായ സർവേശ്വരനെ പ്രകീർത്തിക്കുന്നു. എന്നാൽ വേദസംഹിതകളുടെ കാലശേഷം ആത്മീയതയലും ദാർശനികതയിലും വലിയ മാറ്റങ്ങൾ ഉണ്ടായി. ദേവ-അസുര വിഭജനവും യാജ്ഞിക മതത്തിന്റെ ആവിർഭാവവും ബഹുദേവത-ആരാധനയും ബ്രാഹ്മണങ്ങളുടെ സൃഷ്ടിയിലേക്ക് വഴി മാറി. എന്നാൽ ഇക്കാലത്തും ഇന്ദ്രൻ ദേവന്മാരുടെ നേതാവായി തന്നെ സ്തുതിക്കപ്പെടുകയും മുഖ്യ ദേവനായി തന്നെ കരുതപ്പെടുകയും ചെയ്തു വന്നു. പഞ്ചവിംശ, ഷഡ്വിംശ, ജൈമിനീയ ബ്രാഹ്മണങ്ങളിൽ "സുബ്രഹ്മണ്യ വാക്യ"ത്തിലാണ് ആദ്യമായി അഹല്യയുടെ പരാമർശം കാണുന്നത്. എന്നാൽ ഈ പരാമർശത്തിൽ അഹല്യ ഇന്ദ്രൻ എന്ന ദേവനാൽ ധർമ്മത്തിനെതിരെ പ്രാപിക്കപ്പെട്ട യുവതിയായി പറഞ്ഞിട്ടില്ല എന്നു മാത്രമല്ല, ഇന്ദ്രനെ "ഗൗതമൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവൻ" എന്നും പറഞ്ഞിരിക്കുന്നു.

അഹല്യ എന്ന വാക്ക് അ-ഹല്യ എന്നാണ് മനസ്സിലാക്കേണ്ടത്. ഹലം എന്നാൽ കലപ്പ. ഹല്യ എന്നാൽ കലപ്പ ചെന്നത് / ചെല്ലുന്നത്; അഹല്യ എന്നാൽ കലപ്പ ചെല്ലാത്തത് / ചെല്ലാൻ സാധിക്കാത്തത്. ഇത് അഹല്യമായ മൃതഭൂമിക്കുള്ള പേർ ആയിരുന്നിരിക്കണം. മൃതമായ ഭൂമിയെ തന്റെ അമൃതുതുല്യമായ മഴ കൊണ്ട് ജീവിപ്പിക്കുന്ന പർജ്ജന്യ ദേവനായ ഇന്ദ്രനായിരുന്നിരിക്കണം പിൽക്കാലത്തെ കെട്ടുകഥകളിലും ഐതിഹ്യങ്ങളിലും പരിഹസിക്കപ്പെട്ടത്. ഇത് ഭിൽ ഗോത്രവർഗ്ഗക്കാരുടെ രാമായണത്തിലും കാണാം. രവീന്ദ്രനാഥ് ടാഗോർ ഉൾപ്പെടെ ധാരാളം പേർ ഈ സിദ്ധാന്തത്തെ അനുകൂലിക്കുന്നു.

പല കൃതികളിലും അഹല്യാ-ദേവേന്ദ്ര കഥ വളരെ വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. തുഞ്ചത്ത് രാമാനുജന്റെ അദ്ധ്യാത്മരാമായണത്തിൽ അഹല്യാമോക്ഷത്തിൽ ഈ കഥ പറയുന്നു. അതിസുന്ദരിയായിരുന്ന അഹല്യാദേവിയെ കാണാൻ പലപ്പോഴും ദേവേന്ദ്രൻ ആശ്രമത്തിൽ വരാറുണ്ടായിരുന്നു. പുത്രനെ കാണാനെന്നുള്ള പേരിൽ ദേവേന്ദ്രന്റെ സന്ദർശനത്തിൽ സംശയാതീനനായുന്നു മഹർഷി. ഒരിക്കൽ രാത്രിയിൽ അക്കാലത്ത് ഇന്ദ്രൻ വന്ന് നേരം വെളുക്കാറായി എന്നസൂത്രത്തിൽ ഗൗതമനെ ആശ്രമത്തിൽ നിന്നകറ്റുകയും അതിനുശേഷം അഹല്യയുടെ അടുത്ത് ഗൗതമ രൂപത്തിൽ എത്തികയും ചെയ്തു. ഗംഗാനദിയിൽ സ്നാനം ചെയ്യാൻ ചെന്ന മുനി, നിശ്ചലമായി (ഉറങ്ങുന്നു വെന്നു സങ്കല്പം) ഒഴുകുന്ന ഗംഗാനദിയെ കണ്ട്, തനിക്കു സമയം തെറ്റിപ്പോയി എന്നു മനസ്സിലാക്കിയ മുനി തിരിച്ചുവന്നപ്പോൾ, നടന്ന സംഗതികൾ ഗ്രഹിച്ച് ശാപശക്തിയാൽ ഇന്ദ്രനേയും അഹല്യയേയും ശപിച്ചു.

ഗൗതമ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായും ശപിച്ചു. ദേവന്മാരുടെ അപേക്ഷയനുസരിച്ച് ദേവേന്ദ്രനെ പിന്നീട് സഹസ്രാക്ഷനായി മാറ്റി, ശാപമോക്ഷത്തിനായി ത്രിമൂർത്തീമാരെ തപസ്സു ചെയ്ത് പൂർണ്ണ ശാപമോക്ഷം വരാൻ അനുഗ്രഹിക്കുകയും ചെയ്തു. അഹല്യക്ക് ത്രേതായുഗം വരെ കാത്തിരിക്കാനും ത്രേതായുഗത്തിൽ മഹാവിഷ്ണുവിന്റെ പാദ-സ്പർശനത്തിൽ ശാപമോക്ഷം ലഭിക്കുമെന്നും അനുഗ്രഹിക്കുകനുണ്ടായി. ഇത് നടക്കുന്നത് കൃതയുഗത്തിലായിരുന്നു.

അഹല്യാമോക്ഷത്തെ പറ്റി അദ്ധ്യാത്മരാമായണത്തിൽ ബാലകാണ്ഡത്തിലും, വാല്മീകി രാമായണത്തിൽ അയോദ്ധ്യാകാണ്ഡത്തിലും വിസ്തരിക്കുന്നുണ്ട്. വിശ്വാമിത്രന്റെ യാഗരക്ഷയ്ക്കായി ദശരഥാനുവാദത്തോടെ വിശ്വാമിത്രനൊരുമിച്ച് യാത്രതിരിച്ച രാമ-ലക്ഷ്മണന്മാർ യാഗരക്ഷക്കു ശേഷം വൈദേഹ രാജ്യത്തേക്കു പോകുകയും ജനകരാജധാനിയിലേക്കുള്ള വഴിയിൽ ശിലാരൂപിണിയായ അഹല്യയെ വിശ്വാമിത്രൻ അവർക്കു കാണിച്ചുകൊടുക്കുന്നതും, രാമപാദ സ്പർശം കൊണ്ട് അവൾക്കു ശാപമോചനം സിദ്ധിക്കുകയും ചെയ്തുവത്രെ.

വാല്മീകി രാമായണത്തിലാണ് ആദ്യമായി ഇന്ദ്ര-അഹല്യാ രഹസ്യബന്ധവും അഹല്യാശാപവും മോക്ഷവും പരാമർശിച്ചിരിക്കുന്നത്. എന്നാൽ, വാല്മീകി രാമായണത്തിലെ അഹല്യ, ഗൗതമരൂപിയായ ഇന്ദ്രനെ തിരിച്ചറിയുകയും, സ്വമനസാ ഇന്ദ്രനെ അനുവദിക്കുകയും ചെയ്യുന്നു. തന്റെ ആഗ്രഹം സഫലീകരിച്ച ഇന്ദ്രനോട് തിരിച്ച് മടങ്ങുവാനും തന്നെയും ദേവദേവനേയും ഗൗതമകോപത്തിൽ നിന്ന് സംരക്ഷിക്കുവാനും അഹല്യ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഗൗതമൻ, തന്റെ വേഷധാരിയായ ഇന്ദ്രനെ ആശ്രമത്തിൽ കാണുകയും, സംഗതികൾ മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്ന് അഹല്യയെയും ഇന്ദ്രനെയും ശപിക്കുന്നു. ഗൗതമൻ, ഇന്ദ്രന് വൃഷണങ്ങൾ നഷ്ടമാകട്ടെ എന്നു ശപിക്കുന്നു. തുടർന്ന് അഹല്യ ആയിരമാണ്ടുകൾ അദൃശ്യയായി വായുപാനം മാത്രം നടത്തി ആശ്രമപരിസ്സരത്തിൽ കഴിയട്ടെ എന്നും ശപിക്കുന്നു.

എന്നാൽ, ത്രേതായുഗത്തിൽ രാമൻ ആശ്രമം സന്ദർശിക്കുന്ന സമയേ അഹല്യ ശാപമുക്തയാകുമെന്നും ഗൗതമൻ ഉറപ്പ് നൽകി. തുടർന്ന്, ആശ്രമം വിട്ട് ഗൗതമൻ ഹിമാലയത്തിലേക്ക് തപസ്സിനു ഗമിച്ചു. തത്സമയം, ദേവന്മാർ ഇന്ദ്രന് മേഷവൃഷണങ്ങൾ വച്ചു പിടിപ്പിക്കുന്നതായും വാല്മീകിരാമായണത്തിൽ കാണുന്നു.

പിന്നീട് ആശ്രമസമീപം വിശ്വാമിത്രൻ, രാമനോട് അഹല്യയെ തത്സ്ഥിതിയിൽ നിന്നും മോചിപ്പിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് രാമലക്ഷ്മണന്മാർ ആശ്രമം പ്രവേശിക്കുമ്പോൾ തപഃശക്തിയാൽ ജ്വലിക്കുകയും മേഘാവൃതനായ സൂര്യനെപ്പോലെ ലോകത്തിന് അദൃശ്യയുമായ അഹല്യയ്ക്ക് ശാപമുക്തി ലഭിക്കുകയും പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു. ദൃശ്യയായ അഹല്യയെ രാമൻ, വിശ്വാമിത്രവചനപ്രകാരം, പരിശുദ്ധയായി വാഴ്ത്തുന്നു. തുടർന്ന് രാമൻ, അഹല്യയുടെ കാൽ തൊട്ടു വന്ദിക്കുകയും, അഹല്യയുടെ സത്കാരം സ്വീകരിക്കുകയും ചെയ്യുന്നു.

No comments:

Post a Comment