21 July 2024

മാരീചൻ

മാരീചൻ

രാവണന്റെ കിങ്കരനായ ഒരു രാക്ഷസനാണ് മാരീചൻ.

ലൗകികജീവിതത്തിൽ അഭിരമിച്ചുകൊണ്ടുതന്നെ എങ്ങനെ മോക്ഷംനേടാമെന്ന അന്വേഷണമാണ് രാമായണത്തിലുള്ളത്. വിപരീതഭക്തികൊണ്ട് കൈവല്യം നേടാനിച്ഛിക്കുന്ന രാവണന്റെ പത്തുശിരസ്സുകളുടെ വർണനയും ഇരുപതുകൈകളുടെ വർണനയുമെല്ലാം അയാളുടെ വിഭിന്നസ്വഭാവങ്ങളുടെ പ്രതീകങ്ങളാണ്. മാരീചന്റെ ആശ്രമത്തിലെത്തിയ രാവണൻ, സീതാപഹരണത്തിന് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.

ആദ്യം വിസമ്മതിച്ചെങ്കിലും രാവണന്റെ നിർബന്ധത്തിനുവഴങ്ങി മാരീചൻ ആശ്രമസമീപത്തെത്തി. സീതാപഹരണത്തിനായി രാവണനെത്തുമെന്നും അഗ്നിമണ്ഡലത്തിൽ മറഞ്ഞിരുന്ന്, പകരക്കാരിയായി മായാസീതയെ ആശ്രമത്തിൽ നിർത്തണമെന്നും രാമൻ ആവശ്യപ്പെട്ടിരുന്നു. സീത അതനുസരിക്കുന്നു.

അതിമനോഹരമായ മാനിനെക്കണ്ടപ്പോൾ തനിക്കതിനെ പിടിച്ചുതരണമെന്ന സീതയുടെ നിർബന്ധപ്രകാരം രാമൻ മായപ്പൊന്മാനുപിറകെപ്പോയി. രാമശരമേറ്റപ്പോൾ രാക്ഷസവേഷംപൂണ്ട മാരീചൻ സഹായമഭ്യർഥിച്ച് രാമന്റെ ശബ്ദത്തിൽ വിലപിക്കുന്നതുകേട്ടു.

എത്രയും പെട്ടെന്ന് രാമസവിധത്തിലെത്താൻ ലക്ഷ്മണനോട് സീത ആജ്ഞാപിക്കുകയായിരുന്നു. ബലവാനായ ജ്യേഷ്ഠന് ഒരാപത്തും സംഭവിക്കില്ലെന്നുപറഞ്ഞ ലക്ഷ്മണനോട് സീത കുപിതയായി. ജ്യേഷ്ഠഭാര്യയെ തട്ടിയെടുക്കാമെന്നുമോഹിക്കുന്ന നിന്റെ നീചമനസ്സ് സഹോദരസ്നേഹം കൊണ്ട് രാമൻ തിരിച്ചറിഞ്ഞില്ലെന്നും രാമന് അപകടംപറ്റിയാൽ താൻ ജീവനോടിരിക്കില്ല എന്നുമുള്ള കൊള്ളിവാക്കുകൾ സീത പറഞ്ഞു. ലക്ഷ്മണനത് അസഹനീയമായി.

നിന്റെ നാശമടുത്തിരിക്കുന്നതുകൊണ്ടാണ് നീയിങ്ങനെ ഇല്ലാത്തകാര്യങ്ങൾ പറയുന്നതെന്ന് ലക്ഷ്മണൻ കുപിതനായി സീതയോട് പറഞ്ഞു. ''വനദേവതമാരേ, ദേവിയെ സംരക്ഷിക്കണമേ''യെന്ന പ്രാർഥനയോടെ ലക്ഷ്മണൻ രാമനെ അന്വേഷിച്ച് പുറപ്പെട്ടു. ആ സമയത്ത് ഭിക്ഷുവേഷത്തിലെത്തിയ രാവണൻ സീതയെ അപഹരിച്ച് ആകാശമാർഗേണ യാത്രയായി. സീതാവിലാപംകേട്ട് ജടായു രക്ഷിക്കാനെത്തി.

ഘോരയുദ്ധത്തിനൊടുവിൽ രാവണന്റെ ചന്ദ്രഹാസത്താൽ ചിറകരിയപ്പെട്ട് വീണു. രാമനെക്കണ്ട് വൃത്താന്തങ്ങളെല്ലാം അറിയിക്കുന്നതുവരെ ജടായുവിന്റെ ജീവന് ഹാനിവരില്ലെന്ന് സീത അനുഗ്രഹിക്കുകയും ചെയ്തു. കാമനകളെ നിയന്ത്രിക്കാതെ പ്രലോഭനങ്ങൾക്കുപിറകെ പോകുമ്പോൾ പലതരത്തിലുള്ള ദുഃഖം വന്നുചേരാമെന്ന സത്യം മായപ്പൊന്മാൻ നമ്മെ പഠിപ്പിക്കുന്നു.

ആരുടെ ജീവിതത്തിലും തിരഞ്ഞെടുപ്പുകൾക്ക് വലിയ സ്ഥാനമുണ്ട്. രാമായണത്തിലെ മാരീചൻ എന്ന കഥാപാത്രത്തിന് ആരുടെ കയ്യാൽ കൊല്ലപ്പെടണം എന്ന ആശാവഹമല്ലാത്ത കാര്യം തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഉണ്ടായത്. ശൂർപണഖയുടെ വർണന കേട്ട് സീതയെ പ്രാപിക്കാന്‍ മോഹഭരിതനായിത്തീർന്ന രാവണൻ, മാരീചൻ എന്ന മായാവിദ്യാ വിചക്ഷണനായ രാക്ഷസനോട് സഹായം അഭ്യർത്ഥിക്കുന്നു. വെള്ളിപോൽ വിളങ്ങുന്ന പുള്ളികളോടുകൂടിയ പൊന്മാനായി മാറി രാമലക്ഷ്മണന്മാരെ സീതാസമക്ഷത്തു നിന്ന് അകറ്റി, സീതാപഹരണത്തിന് സഹായം ചെയ്യാനാണ് രാവണൻ മാരീചനോട് കല്പിക്കുന്നത്. രാമന്റെ ഒന്നാം വനയാത്രയിൽത്തന്നെ രാമബാണത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട മാരീചൻ, പൂർവവൃത്താന്തം മുഴുവൻ പറഞ്ഞ് രാവണന്റെ സീതാപഹരണദൗത്യത്തെ തടസപ്പെടുത്താൻ സാരോപദേശം ചെയ്യുന്നുണ്ട്. മാരീചന്റെ സാരോപദേശ പ്രസംഗത്തിൽ ഏറ്റവും രാഷ്ട്രീയവിചാര പ്രസക്തമായ ഒരു വാക്യമുണ്ട്:

 “ബഹവഃ സാധവോ ലോകേ യുക്ത് ധർമ്മം അനുഷ്ഠിതാഃ/ പരേഷാം അപരാധേൻ വിനഷ്ടാഃ സ പരിച്ഛദാഃ”

(ലോകത്തിൽ നല്ലതു ചെയ്ത് നന്നായി ജീവിക്കുന്ന ഒട്ടേറെ സജ്ജനങ്ങൾ അന്യർ ചെയ്യുന്ന തെറ്റുകൾമൂലം മുച്ചൂടം നശിച്ചു പോയിട്ടുണ്ട്).

രാവണനും മാരീചോപദേശം മാനിച്ച് സീതാപഹരണത്തിൽ നിന്നു പിൻവാങ്ങിയില്ല. സ്വയം പിൻവാങ്ങിയില്ലെന്നു മാത്രമല്ല മാരീചനെ സീതാപഹരണ സഹായത്തിൽ നിന്നു പിൻവാങ്ങാനും അനുവദിച്ചില്ല. തന്നെ സഹായിച്ചില്ലെങ്കിൽ മാരീചനെ വധിക്കുമെന്നായിരുന്നു രാവണകല്പന. അതോടെ രാവണന്റെ കൈകൊണ്ടു മരിക്കണോ രാമന്റെ കൈകൊണ്ടു മരിക്കണോ എന്നതിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കുക എന്നതു മാത്രമായി മാരീചനുമുമ്പിലെ ഏക ദൗത്യം. രാവണന്റെ കൈകൊണ്ടു മരിക്കുന്നതിനെക്കാൾ രാവണനാശത്തിനു വഴിതെളിയിച്ചുകൊണ്ട്, സീതാപഹരണത്തിൽ സഹായം ചെയ്ത് രാമന്റെ കയ്യാൽ കൊല്ലപ്പെടുന്നതാണ് ശ്രേഷ്ഠതരം എന്ന് താപസനായ മാരീചൻ തീരുമാനിച്ചു. അങ്ങനെ രാമായണത്തിലെ മായപ്പൊന്മാനെന്ന ഒടിയൻവിദ്യ ചെയ്യാനായി രാവണനോടൊപ്പം വാല്മീകിയുടെ ഒടിയനായി മാരീചൻ പുറപ്പെട്ടു.

No comments:

Post a Comment