17 July 2023

ഉറച്ചവിശ്വാസം

ഉറച്ചവിശ്വാസം 

ഈശ്വരനുണ്ടെന്നും എല്ലാറ്റിന്റെയും നിയാമകനും രക്ഷിതാവുമാണ്‌ ഈശ്വരനെന്നു ഉള്ള ഉറപ്പായ വിശ്വാസമാണ്‌ ഈശ്വരവിശ്വാസം. തന്റെ ഓരോ പ്രവൃത്തിയിലും, ജീവിതത്തിലെ ഓരോ നിമിഷത്തിലും ഈശ്വരന്‍ രക്ഷിതാവായി കൂടെയുണ്ടാവും എന്ന പൂര്‍ണ്ണവിശ്വാസം ഒരു വ്യക്തിക്കുണ്ടായാല്‍ എല്ലാ ഭയങ്ങളില്‍ നിന്നും എല്ലാ ദുരിതങ്ങളില്‍ നിന്നുമുള്ള മോചനമായി, നാം ചെയ്യുന്ന ഏത്‌ പ്രവൃത്തിയുടേയും വിജയം അതില്‍ അര്‍പ്പിക്കപ്പെടുന്ന വിശ്വാസത്തെ അപേക്ഷിച്ചിരിക്കുന്നു. ദേവന്‍, ഗുരു, മന്ത്രം, ഔഷധം എന്നിവയുടെ ശക്തി അതിലുള്ള വിശ്വാസത്തിന്റെ തോതനുസരിച്ചിരിക്കും. അവയില്‍ വിശ്വാസം കൂടുന്തോറും അവയുടെ ശക്തിയും വര്‍ദ്ധിക്കുന്നു. ഒരു ഔഷധം ഒരു രോഗത്തിന്‌ എത്രമാത്രം ഫലപ്രദമാണെങ്കിലും വിശ്വാസമില്ലാതെ അതുപയോഗിക്കുന്നത്‌ പൂര്‍ണ്ണഫലം നല്‍കില്ല എന്നത്‌ പരക്കെ അനുഭവമുള്ള കാര്യമാണ്‌. 

ഗുരുവില്‍ പൂര്‍ണ്ണവിശ്വാസമില്ലെങ്കില്‍ ശിഷ്യന്‌ ഉയര്‍ച്ച ഉണ്ടാവുകയില്ല. അതുപോലെയാണ്‌ മന്ത്രത്തിന്റെയും കാര്യം. പൂര്‍ണവിശ്വാസത്തോടെയുള്ള മന്ത്രജപം മാത്രമേ ഫലപ്രദമാകൂ. സംശയത്തോടുകൂടിയുള്ള ഏത്‌ കര്‍മ്മവും പരാജയപ്പെടും. ഈശ്വരഭജനവും വിഭിന്നമല്ല. അനുഭവമൊന്നുമില്ലാതെ എങ്ങനെ വിശ്വസിക്കും എന്നാണ്‌ സംശയാലുക്കളും യുക്തിചിന്തകരും ചോദിക്കുന്നത്‌. അനുഭവമൊന്നുമില്ലാതെയുള്ള വിശ്വാസം അന്ധവിശ്വാസമാണെന്ന്‌ അവര്‍ പറയും. എന്നാല്‍ വിശ്വാസമുണ്ടാകുമ്പോഴാണ്‌ അനുഭവമുണ്ടാകുന്നത്‌. 

പൂര്‍ണ്ണ വിശ്വാസത്തോടെ ഈശ്വരഭജനം നടത്തുമ്പോള്‍ മാത്രമേ നമുക്ക്‌ ഫലപ്രാപ്തിയുണ്ടാകൂ. നമ്മിലേറെപ്പേരും ഈശ്വരന്‍ എന്ന ലക്ഷ്യത്തിലേക്ക്‌ ഏതെങ്കിലും വഴിയെ യാത്ര തുടങ്ങുന്നു. സാധാരണയായി ഈ ഈശ്വരനെ വിളിക്കുന്നത്‌ ലൗകികാവശ്യങ്ങള്‍ക്കുവേണ്ടിയായിരിക്കും. അതുതന്നെ ഉദാഹരണമായി എടുക്കുക. ഏതെങ്കിലും ഒരു പ്രത്യേക കാര്യസാദ്ധ്യത്തിന്‌ നാം ഈശ്വരനെ ഭജിക്കുന്നു. അനുബന്ധമായ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നു. അങ്ങനെ ആ വഴിയില്‍ കൂടി കുറച്ചുമുന്നോട്ടുപോകുന്നു. പ്രശ്നപരിഹാരത്തിന്റെ ഒരു ലക്ഷണവും കാണാതെ വരുമ്പോള്‍ നമുക്ക്‌, ചെയ്ത കര്‍മ്മത്തില്‍ സംശയം തോന്നിത്തുടങ്ങുന്നു. തുടര്‍ന്ന്‌ വേറൊരു കര്‍മ്മം, അല്ലെങ്കില്‍ വേറൊരു അനുഷ്ഠാനം, അല്ലെങ്കില്‍ വേറൊരു ക്ഷേത്രദര്‍ശനം – അങ്ങനെ പല വഴികളില്‍ക്കൂടി അല്‍പാല്‍പം സഞ്ചരിക്കുന്നു. ഒരുവഴിയിലും പൂര്‍ണ്ണവിശ്വാസമില്ലാത്തതിനാലാണിത്‌. അതേ സമയം വിശ്വാസപൂര്‍വ്വം തിരഞ്ഞെടുത്ത വഴിയെ മുന്നോട്ടുപോയാല്‍ തീര്‍ച്ചയായും ഫലമുണ്ടാവുകയും ചെയ്യും. 

ഏത്‌ പ്രതിസന്ധിയിലും തളരാതെ ഈശ്വരന്‍ തന്നെ കാത്തുരക്ഷിക്കുമെന്ന്‌ പൂര്‍ണ്ണമായി വിശ്വസിക്കുക. ഗുരുവും പിതാവും ബന്ധുവും സുഹൃത്തും രക്ഷിതാവുമൊക്കെയായി ഈശ്വരനെ കാണുക. എപ്പോഴും ഈശ്വരനെ സ്മരിക്കുക. ഇതുതന്നെ ഏറ്റവും പ്രാഥമികമായും പ്രധാനമായും വേണ്ടകാര്യം. അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളുമൊക്കെ രണ്ടാം സ്ഥാനമേ വഹിക്കുന്നുള്ളൂ എന്നറിയുക. നാം എപ്പോഴും പ്രാര്‍ത്ഥന നടത്തുന്നത്‌ പല ആഗ്രഹങ്ങളും സാധിക്കുവാനാണ്‌. സാധാരണ ഒരു ഭക്തന്‍ ക്ഷേത്രദര്‍ശനം നടത്തുന്നതും വ്രതം അനുഷ്ഠിക്കുന്നതും മറ്റ്‌ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഓരോ കാര്യസാദ്ധ്യത്തിനുവേണ്ടിയായിരിക്കും. അതിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഭക്തിയേക്കാളുപരി ആ കാര്യസാദ്ധ്യത്തെക്കുറിച്ചുള്ള ചിന്തകളാവും മനസ്സില്‍ മുന്നിട്ട്‌ നില്‍ക്കുക. അവിടെ ആഗ്രഹചിന്ത ഒന്നാം സ്ഥാനത്തും ഭക്തി രണ്ടാം സ്ഥാനത്തും ആയിപ്പോകുന്നു. എന്നാല്‍ എല്ലാം അറിയുന്ന ഈശ്വരനോട്‌ തനിക്കിത്‌ സാധിച്ചുതരണം, അത്‌ സാധിച്ചുതരണം എന്നുപറഞ്ഞുകൊണ്ട്‌ പ്രാര്‍ത്ഥിക്കേണ്ടകാര്യമില്ല. ഭക്തി, ഉപാധികളില്ലാത്ത ഭക്തി, പൂര്‍ണ്ണവിശ്വാസത്തോടെയുള്ള ഭക്തി – അതാണ്‌ നമ്മില്‍ മുന്നിട്ടുനില്‍ക്കുന്നത്‌. അങ്ങനെയായാല്‍ ആഗ്രഹസാഫല്യം നിശ്ചയമായും പിന്നാലെ എത്തിക്കൊള്ളും.

No comments:

Post a Comment