നാഗമാഹാത്മ്യം...
ഭാഗം: 48
60. സർപ്പം തുള്ളൽ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സർപ്പം തുളളൽ എന്ന ആചാരം, ചടങ്ങ് സർപ്പപ്രീതിയ്ക്കുള്ള ഒരു വഴിപാടാണ്. സാധാരണ എല്ലാ ഗൃഹങ്ങളിലും നടത്താറില്ല. പണ്ടൊക്കെ ചില സമ്പന്ന ഗൃഹങ്ങളിലും പൊതു കാവുകളിലും നടത്തിയിരുന്നു. സർപ്പപ്രീതിക്കുവേണ്ടി ചെയ്യുന്നതാണിത്. പുള്ളവൻമാരാണ് സർപ്പപ്പാട്ടുപാടിമേളം കൊഴിപ്പിക്കുന്നത് . ആദ്യം നാഗക്കളം വരച്ച് (കളം വരയ്ക്കുന്നതിന് വാകയില ഉണക്കി പൊടിച്ച് പച്ചപ്പൊടി , ഉമി കരിച്ചു പൊടിച്ച കരിപ്പൊടി, ഉണക്കലരി പൊടിച്ച് വെള്ളപ്പെടി , മഞ്ഞൾ പൊടിച്ച് മഞ്ഞപ്പൊടി ഇവയാണ് ഉപയോഗിക്കുന്നത്.) വിളക്ക് അലങ്കരിച്ച് കത്തിച്ച് ഒരുക്കങ്ങൾ വച്ച് കഴിഞ്ഞാണ് പൂജ, കളത്തി ലെ നാലു വശത്തും തേങ്ങ (നാളികേരം) വച്ച് അതിനു പുറത്ത് കവുങ്ങിൻ പൂക്കുല വയ്ക്കും . കർമ്മം തുടങ്ങും മുൻപേ തന്നെ ഇവയൊക്കെ ചെയ്യും. പുള്ളുവൻ വീണ മീട്ടി പാടും പുള്ളോത്തി കുടം കൊട്ടി പാടും.
ഒരാളെ പിണിയാളായിട്ടിരുത്തും. ഒന്നോ രണ്ടോ പേരാകാം. സ്ത്രീ ജനങ്ങളായിരിക്കണം. സാധാരണ കന്യകമാരെയാണ് ഇരുത്തുക, അവരുടെ കയ്യിൽ കണ്ണാടി (വാൽക്ക ണ്ണാടിയും പൂക്കുലയും ഉണ്ടാകും). പാട്ടുപാടി തുടങ്ങിക്കഴിഞ്ഞാൽ പിണിയാൾ ആടി തുടങ്ങും . പാട്ടു മുറുകുമ്പോൾ തുള്ളി തുടങ്ങും. ആവേശം കേറി ഗംഭീരമായിതുള്ളുന്ന രീതിയുമുണ്ട്. തുള്ളി തുള്ളി നിരങ്ങി കളത്തിൽ കയറി പൂക്കുല കൊണ്ട് കളം തൂക്കുന്നവരെയാണ് പാട്ടും പരിപാടിയും . ഗൃഹത്തിലുള്ളവരെല്ലാം അതിനു സാക്ഷിയാകുന്നു. എല്ലാവരും ഭക്തി പുരസ്സരം അതിൽ പങ്കു കൊള്ളുന്നു. പിന്നെ അവസാന ചടങ്ങായി സർപ്പബലി നടത്തുന്നു.
ഗൃഹങ്ങളിൽ കാവു പൂജയും വിളക്കു വയ്ക്കലും ഒക്കെ ഐശ്വര്യത്തിന്റെ പ്രതീകമായി കരുതുന്നു. ഇന്നും കരുതുന്ന ആളുകളുണ്ട്. കാവുകളിൽ ചിത്രകൂടങ്ങൾ കെട്ടി അത് സർപ്പവാസ ഗൃഹമായി കരുതിയാണ് കുടിയിരുത്തുന്നത്...
ചിലയിടത്ത് കാവുമാത്രമേയുള്ളൂ, ചിത്രകൂടങ്ങളില്ല. ചിലർ സർപ്പക്കാവിനു ചുറ്റും അതിർ വരമ്പായി മതിൽ കെട്ടുന്ന സമ്പ്രദായമുണ്ട്, സർപ്പവാസത്തിന് ഭൂമി അവർക്ക് തിരിച്ച് തിട്ടപ്പെടുത്തി കൊടുക്കുക എന്നാണിതിനർത്ഥം. കാവിനുള്ളിൽ കയറാനുള്ള അധികാരം ഉള്ളാടൻമാർക്കു മാത്രമാണ് . കാവി നുള്ളിലെ വൃക്ഷങ്ങൾ വെട്ടേണ്ട സാഹചര്യം വന്നാൽ അവരെ കയറ്റി വെട്ടിക്കുകയാണ് പതിവ്. ഗൃഹത്തിലുള്ളവരോ മ റ്റാളുകളോ സർപ്പക്കാവിൽ കയറാൻ പാടുള്ളതല്ല. അങ്ങനെ കയറുന്നത് ദോഷമാണന്നാണ്. സർപ്പകോപം കൊണ്ട് പലതരം സുഖക്കേടുകൾ (വ്യാധികൾ) ദുഃഖങ്ങൾ , ദുരിതങ്ങൾ ഒക്കെ ഉണ്ടാകുമെന്നാണ് പഴമക്കാർ പറയുന്നത്. അതുകൊണ്ട് പാമ്പുമേക്കാട്ടെ തിരുമേനിയുടെ നിർദ്ദേശമനുസരിച്ചേ കാവു കൾ പരിഷ്കരിക്കയും മരം വെട്ടുകയും ചെയ്യാവൂ എന്നാണ് വയ്പ് . സർപ്പകോപം കൊണ്ട് കന്യകൾ അവിവാഹിതരായി തുടരുമെന്നും, സന്താനസൗഭാഗ്യം ഉണ്ടാകില്ലന്നും മാറാരോ ഗങ്ങൾ, മനോരോഗങ്ങൾ എന്നിവയൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നുമാണ് പറയുന്നത്. ഇതു മുഴുവൻ വിശ്വാസ യോഗ്യമല്ലെങ്കിലും ദോഷഫലങ്ങൾ ഉണ്ടാകുന്നുവെന്നത് ഒരു പരിധി വരെ ശരിയാണ്. അപ്പോൾ പ്രശ്നം വച്ചു നോക്കി സർ കോപമാണന്നറിഞ്ഞാൽ പ്രതിവിധി ചെയ്യുന്നു. പ്രതിവിധി ചെയ്തു കഴിഞ്ഞാൽ ദോഷം മാറി നല്ല ഫലം സിദ്ധിക്കുന്നു. നവ നാഗപൂജ, നൂറും പാലും , സർപ്പപാട്ട് , പാൽ, പഴനിവേദ്യം തുടങ്ങി പലതരം വഴിപാടുകളുണ്ട്. പ്രശ്നവിധിയനുസരിച്ചുള്ള പ്രതിവിധിങ്ങളും പൂജകളുമാണ് അപ്പോൾ നടത്തേണ്ടത്.
സർപ്പപ്രീതി കൊണ്ടു സാധിക്കാത്തതായി ഒന്നുമില്ല. പാമ്പു മേക്കാട്ടു തിരുമേനിയ്ക്കും മണ്ണാർശാല അമ്മയ്ക്കുമൊക്കെ കിട്ടിയ സുകൃതം ഏവരും അറിയുന്നതല്ലേ?
ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് ശുദ്ധികാര്യം. കാവുകൾ ഒരിക്കലും അശുദ്ധപ്പെടുത്താൻ പാടില്ല. പുണ്യം ചെയ്യാൻ സാധിച്ചില്ലെങ്കിലും പാപം ചെയ്യാൻ പാടില്ലാത്തതാണ് . കാവുകൾ രൂപപ്പെടുത്താതെ തന്നെ ചിലർ വൃക്ഷച്ചുവട്ടിൽ സർപ്പസാന്നിദ്ധ്യമറിഞ്ഞ് പൂജിക്കുന്നവരുമുണ്ട്. ആ വൃക്ഷത്തിന്റെ ചുവട്ടിൽ ദീപം തെളിച്ച് കാത്തു രക്ഷിക്കണേ എന്നു പ്രാർത്ഥിച്ച് ആരാധിക്കുന്നവരുമുണ്ട്.
ഇക്കാലത്ത് വീട്ടിലും പരിസരത്തും കാവു നിർമ്മിച്ച് പൂജിക്കുന്നില്ലെങ്കിലും ജനങ്ങളിൽ വിശ്വാസം രൂപപ്പെടുന്നുണ്ട്. അവർ ഏതെങ്കിലും സർപ്പാരാധനാ കേന്ദ്രങ്ങളിൽ ചെന്ന് ഭക്തി സാന്ദ്രമായ് പ്രാർത്ഥിച്ച് ആരാധിക്കുന്നുണ്ട് . സൗകര്യമുള്ളവർ വീടുകളിലെ പുരയിടത്തിലുള്ള കാവുകളിലും എന്തായാലും ഈശ്വരാരാധനയും സർപ്പാരാധനയും ഏവരും ചെയ്യുന്നു എന്നത് ശുഭോദർക്കമാണ്. അത് നാടിനും നാട്ടാർക്കും ഭൂമിക്കും തന്നെയും നല്ലതാണ്. നൻമ ഏവരും ആഗ്രഹിക്കുന്നതാണല്ലോ ?
ഗൃഹങ്ങളിലെ കാവുകൾ ആ കുടുംബക്കാർക്കു മാത്ര മുള്ള ആരാധനാലയങ്ങളാണ്. അവിടെ നടത്തുന്ന പാട്ടുകളും ആ ഗൃഹത്തിൽ നടത്തുന്ന സർപ്പം തുള്ളലുമൊക്കെ ആ കുടുംബക്കാർക്ക് മാത്രമായുള്ള പ്രീതിപ്പെടുത്തലാണ് . ജനങ്ങൾക്കു സർപ്പാരാധനാ കേന്ദ്രങ്ങൾ നമ്മുടെ കേരളത്തിൽ ശ്രീപരശുരാമൻ ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ ഏതു മനുഷ്യനും ചെന്ന് ആരാധിക്കുകയും വഴിപാടുകൾ കഴിച്ച് തൃപ്തിപ്പെടുകയും ചെയ്യാവുന്നതാണ്..
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment