20 July 2023

നാഗമാഹാത്മ്യം - 38

നാഗമാഹാത്മ്യം...

ഭാഗം: 38

46. ആരാധനയും ഉപാസനയും തുടർച്ച
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സകലത്തിനും മൂലഭൂതമായ അഖില പ്രപഞ്ചത്തിന്റെ ആത്മാവ് സത്തയാണ്. അതു സത്യമാണ്. മിഥ്യയല്ല. സത്തതന്നെയാണ് ആത്മ, ചൈതന്യം , ജീവൻ എന്നെല്ലാം പറയുന്നത്. അതു തന്നെയാണ് നീ എന്ന് ഛാന്ദോഗ്യാപനിഷത്തിൽ ആരുണി ശ്വേതകേതുവിനും ഗീതയിൽ ശ്രീകൃഷ്ണൻ അർജ്ജുനനും, ഭാഗവതത്തിൽ ശ്രീകൃഷ്ണൻ ഗോപികൾക്കും ഒക്കെ അറിയിക്കുന്നുണ്ട് . ആത്മാവിനെ പറ്റി ചിന്തിച്ച് അന്വേഷിക്കുന്നതിനുള്ള മാർഗ്ഗത്തിൽ ദൃശ്യമായ ഏതിനേയും പരിശോധിച്ച്, പരീക്ഷിച്ച് നേതി , നേതി എന്ന് (ഇതല്ലാ, ഇതല്ല എന്ന്) നിഷേധിച്ച് അവസാനം ആ അന്വേഷികൾ കണ്ടുപിടിച്ചു. അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാണ്). എല്ലാത്തിനും മൂലകാരണം ബ്രഹ്മമാണ്.

കർമ്മങ്ങളിൽ നിന്ന് ജ്ഞാനത്തിലേയ്ക്ക് മനസ്സിനെ നയിക്കുവാനുള്ള ഒരു ഉത്തമമാർഗ്ഗമായി ഉപാസനയെ സ്വീകരിച്ചു. ബഹിർ മുഖങ്ങളായ ഇന്ദ്രിയ വ്യാപാരങ്ങളെ അന്തർമുഖമാക്കി തീർക്കുന്നതിന് അതുപകരിക്കുന്നു . സ്ഥലവിഷയങ്ങളിൽ സദാതാല്പര്യം കാണിക്കുന്നതും പ്രവർത്തിക്കുന്നതുമായ മനസ്സിനെ സ്ഥൂലവിഷയങ്ങളിൽ നിന്ന് തിരിച്ച് സൂക്ഷ്മ വിഷയങ്ങ ളിൽ വ്യാപരിപ്പിക്കുന്നതിന് ഉപാസന വളരെ പ്രയോജനമാണ്. അപ്പോൾ ആത്മാവിലേയ്ക്ക് മനസ്സു തിരിയുന്നു. ക്രമേണ ആത്മജ്ഞാനമുണ്ടാകുന്നതിനു സഹായിക്കുന്നു. തന്നിമിത്തം ദാർശനിക തത്വങ്ങളുടെ കവാടങ്ങൾ തുറന്നു കിട്ടാൻ സഹായിക്കുന്നതിനുള്ള തടസം നീങ്ങി കിട്ടുന്നു. അന്യചിന്തകൾക്കിടം കൊടാക്കാതെ ചിന്താപ്രവാഹത്തെ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നുവെന്നർത്ഥം . ക്രമേണ ഉപാസ്യത്തിന്റെ ഗുണങ്ങൾ ഉപാസകനിലും സംക്രമിക്കുന്നു എന്ന തത്വമനുസരിച്ച് ഉപാസകനിലും ഉപാസ്യത്തിന്റെ കഴിവുണ്ടാകുന്നു.

ഉപാസനയിൽ സർവ്വശ്രേഷ്ഠം ഓംകാരത്തിന്റെ ഉപാസനയാണ്. എന്തെന്നാൽ (സർവ്വസ്വവും) എല്ലാം തന്നെ അതിലാണല്ലോ അടങ്ങിയിരിക്കുന്നത് . ലോകത്തിലെല്ലാമായി തീർന്നിട്ടുള്ളത് ബ്രഹ്മം തന്നെയാണ്. അതുതന്നെയാണ് ഓംകാരനാദമായി തീർന്നത്. അതുതന്നെയാണ് സർവ്വവ്യാപ്തം.

രസതത്വം അടങ്ങിയിരിക്കുന്നത് മനസ്സിലാക്കേണ്ട വസ്തുതയാണ്. ഭൂതങ്ങളുടെയെല്ലാം നിലനില്പ് ഭൂമിയിലാണ്. ഭൂമിയുടെ രസം ജലമാണ്. ഭൂമിയിൽ ജലം സർവ്വത്രവ്യാപിച്ചിരിക്കുന്നു. ജലത്തിന്റെ രസം ഓഷധികളാണ്. ഓഷധികളെല്ലാം വളരുന്നതിന് ജലം അത്യന്താപേക്ഷിതമാണ് . ഓഷധികളുടെ രസം പുരുഷനാണ്. (അതായത് ഓഷധികളുടെ സസ്യങ്ങളുടെയെല്ലാം രസമാണ് പുരുഷന് വളരാൻ ഹേതു.)പുരുഷന്റെ രസം വാക്കിലാണ് സ്ഥിതി ചെയ്യുന്നത്. പുരുഷനെ നല്ലവനാക്കുന്നതിനും ചീത്ത (മോശ)യാക്കുന്നതും അവന്റെ വാക്കാണ്. നൻമയുള്ളവൻ, നല്ലവാക്കു പറയുന്നവൻ , മോശമായ വാക്കു പറയുന്നവൻ എന്നിങ്ങനെ പുരുഷനെ തരം തിരിക്കാം. അപ്പോൾ നൻമ തിൻമയിക്കാധാരം പുണ്യപാപങ്ങൾക്കാധാരം വാക്കാണ്.വാക്കിന്റെ രസം ഋക്കും ഋക്കിന്റെ രസം സാമവുമാണ്. സാമത്തിന്റെ രസം ഉദ്ഗീഥമാണ്. ഉദ്ഗീഥമെന്നത് പ്രണവ മാണ്. അതുതന്നെയാണ് ഓംകാരം . ഉത്തിന്റെ ഗാനം ഉദ്ഗീഥമാണ്. ഉത്തിന്റെ ഗാനം ചെയ്യുന്നവൻ ഉദ്ഗാതാവും. ആ ദേവന്റെ ( ഓം എന്നതിലടങ്ങിയിരിക്കുന്ന ദേവന്റെ അതായത് ബ്രഹ്മത്തിന്റെ) ധ്യാനമാണ് ഏറ്റവും വലിയ ഉപാസന, ആ ഉപാസന കൊണ്ട് സർവ്വകാമ പ്രാപ്തിയുണ്ടാകുന്നു. ഇതറിഞ്ഞു ചെയ്യുന്ന കർമ്മത്തിനും അറിയാതെ ചെയ്യുന്ന കർമ്മത്തിനും തമ്മിൽ വ്യത്യാസമുണ്ട് . അറിഞ്ഞു ചെയ്യുന്ന കർമ്മ വിദ്യയും അറിയാതെ ചെയ്യുന്ന കർമ്മം ആ വിദ്യയുമായി തീരുന്നു. വിദ്യ കൊണ്ടേ ബ്രഹ്മതത്വം അറിയപ്പെടുന്നുള്ളൂ.

ഈ ബ്രഹ്മം അനന്തവും അപാരവുമാണ്. അതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് പ്രപഞ്ചത്തിൽ പ്രത്യക്ഷീഭവിച്ചിരിക്കുന്നത്. അത് ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ ബോധിപ്പിക്കുന്നുണ്ടെന്നു കാണാം.

"വിഷ്ടഭ്യാഹമിദം കൃത്സനമേകാം ശേനസ്ഥിതേ ജഗത്"

ഈ ബ്രഹ്മം ശരീരത്തിനുള്ളിലും പുറത്തുമുണ്ട്. ഇത് ജലത്തിൽ മുങ്ങിയിരിക്കുന്ന കുടം പോലെയാണ്. അകത്തും വെള്ളം പുറത്തും വെള്ളം. ഇത് പൂർണ്ണവും സ്ഥിരവും വികാരരഹിതവും നാശമില്ലാത്തതുമാണ്. അത് എല്ലാ ഭൂതങ്ങളിലും ഒരുപോലെ സ്ഥിതിചെയ്യുന്നു. അതാണ് ഉള്ളിലിരുന്ന് അവനറിയാതെ അവനെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് . അതുകൊണ്ടാണ് നീ തന്നെയാണ് ഞാൻ എന്ന് ഭഗവാൻ ശ്രീ കൃഷ്ണൻ അർജ്ജുനനോടു പറയുന്നത്. അതായത് നീയും ബ്രഹ്മം ഞാനും ബ്രഹ്മം. പരമാത്മാവും ജീവാത്മാവു വ്യത്യസ്ഥമല്ല. ഒന്നു തന്നെ. ഇത് രാമായണത്തിലും ഭാഗവതത്തിലും ഗീതയിലുമെല്ലാം വ്യക്തമാക്കുന്നുണ്ടാകുന്നു കാണാം.

ഈ ബ്രഹ്മത്തിന്റെ ഉപാസന തന്നെയാണ് ഓംകാരത്തിന്റെ ഉപാസനയും. മനുഷ്യഹൃദയത്തിന് ദേവൻമാരാൽ പാലി ക്കപ്പെടുന്ന അഞ്ചു ദ്വാരങ്ങളുണ്ട്. ഇവ അഞ്ചും ബ്രഹ്മപുരുഷൻമാരാകുന്നു. ചക്ഷുസ്സ്, ശ്രോത്രം, വാക്ക് , മനസ്സ്,പ്രാണൻ ഇവയഞ്ചുമാണ് അവർ. ബ്രഹ്മത്തെ അറിയുന്നത് നും സഹായിക്കുന്നതും പ്രതിബന്ധമായി നില്ക്കുന്നതും ഇവ തന്നെയാണ് . ഈ ഇന്ദ്രിയങ്ങൾ ബാഹ്യവിഷയങ്ങളിൽ ആസക്തമായിരിക്കുമ്പോൾ ആത്മാവിനെ അറിയുന്നതിന്, മനസ്സിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. എന്നാൽ ഇവതന്നെ ബാഹ്യ വിഷയങ്ങളിൽ നിന്ന് നിവർത്തിച്ച് അന്തർ മുഖമാകുമ്പോൾ ആത്മാവിനെ അറിയുന്നതിന് സഹായിയായി തീരുന്നു. ഇതിന് ധ്യാനം ആവശ്യമാണ്. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ബ്രഹ്മത്തിന്റെ ദ്വാരപാലകൻമാരെ പോലെ നില്ക്കുന്നവരെ അവരുടെ അധിഷ്ഠാനദേവതകളായി നില്ക്കുന്ന സൂര്യാദികളോടു ചേർക്കുമ്പോൾ അവ ആത്മജ്ഞാനകാരണങ്ങളായി തീരുന്നു . ഈ ബ്രഹ്മപുരുഷൻമാരെ ഉപാസിച്ചാൽ അവരെ ആരാധിച്ചാൽ അവരെ വശത്താക്കി ഉള്ളിൽ കടന്ന് ആത്മാവിനെ (ഉള്ളിൽ തിളങ്ങുന്ന എല്ലാമെല്ലാ മായ ആത്മാവെ) അറിയാൻ സാധിക്കുന്നു. അത്മാവിനെ അറിയാൻ ആത്മാവു കൊണ്ടേ സാധിക്കൂ. അത് ഈ ഉപാസനകൊണ്ട് സാധിക്കുന്നു. ആ ചൈതന്യം സ്വയം പ്രഭയാർന്ന ജ്യോതിസ്സു തന്നെ എന്ന അനുഭൂതിക്കു വിഷയമാകുന്നു. ആ ബ്രഹ്മപ്രകാശം ഉള്ളിൽ വിലസുന്ന പ്രകാശം (ചൈതന്യം) മനുഷ്യന്റെ ഉള്ളിൽ പ്രകാശിക്കുന്നതു കൊണ്ടാണ് ആ അനുഭൂതിയുണ്ടാകുന്നത്. ആ അനുഭൂതിയാണ് നമുക്ക് കാണേണ്ടത്. കാണാനും കേൾക്കേണ്ടത് കേൾക്കാനും വേണ്ടത്ര സ്പർശിക്കാനും ശ്വസിക്കാനുമൊക്കെ സാധിക്കുന്നതിനു സഹായിക്കുന്നത്. അത് മനസ്സിലാക്കി സംയമനത്തോടെ , ഏകാഗ്രതയോടെ ധ്യാന നിമഗ്നമാകുമ്പോൾ ഉപാസനയുടെ മഹത്വം അനുഭൂതമാകും. ഇത് ഗീതയിൽ വ്യക്തമാക്കുന്നുണ്ട് . അങ്ങനെ ആത്മാവു കൊണ്ട് ആത്മാവിനെ അറിഞ്ഞ് ആത്മാവിനെ ഉദ്ധരിച്ച് ബ്രഹ്മാനുഭൂതിയിൽ എത്തിക്കുന്നതിനുള്ള ഉത്തമ മാർഗ്ഗം കൂടിയാണ് ഉപാസന.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment