20 July 2023

നാഗമാഹാത്മ്യം - 25

നാഗമാഹാത്മ്യം...

ഭാഗം: 25

34. ഭഗവാൻ ആര്?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഭഗം എന്നാൽ ഷട്ഗുണ സമ്പൂർണ്ണമെന്നാണ്. ആറു ഗുണങ്ങൾ പൂർണ്ണമായും അതിൽ അടങ്ങിയിരിക്കുന്നു. ആ ആറുഗുണങ്ങളാണ് ഐശ്വര്യം, വീര്യം, വിജ്ഞാനം , വൈദഗ്ദ്ധ്യം, ശ്രീ , യശസ്സ്. ഈ ഗുണങ്ങൾ സമ്പൂർണ്ണമായും ഏതു ദേവനിൽ കാണുന്നുവോ ആ ദേവൻ ഭഗവാൻ എന്ന പേരിന് അർഹനാണ്. വിഷ്ണുവിലും ശിവനിലും ഈ ഗുണങ്ങൾ കാണുന്നതിനാൽ ഭഗവാനാണ് . ശിവം എന്ന വാക്കിനർത്ഥം മംഗളം എന്നാണ്. ശിവൻ എന്നാൽ മംഗളകാരിയാണ്. സദാശിവൻ എന്നാൽ സദാസമയവും ലോകത്തിന് മംഗളവും നൻമയും ചെയ്യുന്നതിൽ തല്പരനെന്നാണ്. ഏതു പ്രതികൂലസാഹചര്യത്തിൽ പോലും ഭഗവാൻ ഗുണലേശങ്ങൾക്കന്യൂനത സംഭവിക്കാതെ കർമ്മ തല്പരനായി ധർമ്മതല്പരനായി നിലകൊ ള്ളുന്നു.

പിന്നെ ഇന്ദ്രിയ മനസ്സുകളെ കൊണ്ട്, അതായത് ജ്ഞാനേന്ദ്രി ങ്ങളഞ്ചും (കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി) കർമ്മേന്ദ്രിയങ്ങളഞ്ചും (പാണി, പാദം, വാക്, പായു , ഉപസ്ഥം) പഞ്ചഭൂത ങ്ങൾ അഞ്ചും (ആകാശം, വായു, തേജസ്സ്, ജലം, പൃഥ്വി) മനസ്സും ഒന്നിക്കുമ്പോൾ പ്രകൃതിയുടെ വികാരം പൂർത്തിയാകുന്നു . ഇത് ഭഗവാന് പൂർത്തീകരിക്കുന്നത് ഇന്ദ്രിയമനസ്സുകളെ കൊണ്ട് ആന്തരിക പ്രപഞ്ചവും പഞ്ചഭൂതങ്ങളെ കൊണ്ട് ബാഹ്യപ്രപഞ്ചവും സൃഷ്ടിക്കുന്നത് ഭഗവാനാണ്. സ്ഥൂലവും സൂക്ഷമവുമായ പ്രപഞ്ചം ഭഗവാനാണ്. ആത്മാവിൽ നിന്നുത്ഭൂതമാകുന്ന പതിനാറു കലകളും ഭഗവാന്റെ ആണ്. പ്രാണൻ, ശ്രദ്ധ, ആകാശം, വായു, ജ്യോതിസ്സ്, ജലം, ഭൂമി, ഇന്ദ്രിയം, മനസ്സ് , അന്നം, വീര്യം, തപസ്സ്, മന്ത്രങ്ങൾ, കർമ്മം , ലോകം, നാമം ഈ പതിനാറു കലകളും ഭഗവാനാണ് പൂർണ്ണമായുള്ളത്. 16 കലകളും പൂർണ്ണമായുള്ളത് ഭഗവാനുമാത്രമാണ്.

സർവ്വത്തിന്റേയും നിലനില്പുമാത്രമല്ല, ഉത്ഭവം, വളർച്ച, ലയം, നാശം എല്ലാത്തിനും കാരണം എല്ലാം ഈശ്വരനാണ്. ഈശ്വരൻ സർവ്വേശ്വരൻ, ഭഗവാൻ , പരമാത്മാവ്, പരബ്രഹ്മം എന്നൊക്കെ അറിയപ്പെടുന്നത് ഒരേ ഒരു ചൈതന്യവിശേഷമാണ്. ഭഗവാന് രണ്ടു പ്രകൃതിയുണ്ട്. പരപ്രകൃതി അപരപ്രകൃതി. രണ്ടും പരസ്പരം പൂരകങ്ങളാണ് . രണ്ടിനേയും പറ്റി അറിഞ്ഞാൽ മാത്രമേ ഈശ്വരജ്ഞാനം ഉണ്ടാകൂ. ഈ പ്രപഞ്ചം അറിഞ്ഞ് മായയെ അറിഞ്ഞ് അതിൽ നിന്നും മോചനം നേടി ഈശ്വരജ്ഞാനം അറിയുന്നവൻ ഭഗവാൻ ആരെന്നറിയും.മാംസചക്ഷുസ്സുകളെ കൊണ്ട് അറിയപ്പെടാത്ത അവ്യക്തവും അരൂപിയും നിർഗുണനും, നിത്യസത്യനും , നിർവികാരനുമായ ഭഗവാനെ ജ്ഞാനം കൊണ്ടേ അറിയാൻ സാധിക്കൂ ശരീരികൾക്കെല്ലാം തന്നെ (ശരീരമുള്ളവർക്ക്) വികാരമുണ്ടാകും, രാഗമുണ്ടാകും, ചിലപ്പോൾ ആകൃത്യം ചെയ്തെന്നിരിക്കും, ബുദ്ധിജീവിയായ മനുഷ്യൻ പോലും ഈ നിയമത്തിനടിമയായിരിക്കെ വിവേകശീലമില്ലാത്ത സർപ്പങ്ങളുടെ കാര്യം പറയാനുണ്ടോ! അവ ചവിട്ടിയാൽ കടിച്ചെന്നിരിക്കും. അതു മനഃപൂർവ്വമല്ല. അതവയുടെ സ്വഭാവമാണ്. മനുഷ്യൻ അവയെ ഉപദ്രവിക്കാതെയിരുന്നാൽ അപകടം ഉണ്ടാകാനിടയില്ല. പിന്നെ ചിലരുടെ ശിരോലിഖിതം സർപ്പദംശനമേറ്റു മൃത്യുയടയണമെന്നാണങ്കിൽ അതിനു മാറ്റമുണ്ടാവാൻ തരമില്ല. അതു വിധിയാണെന്നു സമാധാനിക്കുകയെ നിവൃത്തിയുള്ളൂ. നാഗങ്ങളും സർപ്പങ്ങളും തമ്മിൽ അല്പം വ്യത്യാസമുണ്ട്. സർപ്പങ്ങൾ ഇഴഞ്ഞു നടക്കുന്ന ജന്തുവാണ്. അത് ഒരേ ഫണമുള്ളവയാണ്. അവ നാട്ടിലും മേട്ടിലും കാട്ടിലും പലസ്ഥലങ്ങളിലും സഞ്ചരിക്കുന്നു. നാഗങ്ങൾ അധികകാലം ഒരിടത്തു തന്നെ കിടക്കുന്നു. പാമ്പുകൾ അനേകതരമാണ് . ചേരപാമ്പ്, വിഷപ്പാമ്പ്, മൂർഖൻ പാമ്പ് , അണലി, നീർക്കോലി തുടങ്ങി പലതും നമ്മുടെ നാടുകളിൽ തന്നെ കാണപ്പെടുന്ന ഇഴജന്തുക്കളാണ്.

സാധാരണ രീതിയിൽ എല്ലാവരും ഉപയോഗിക്കുന്ന ഒരു പദമാണ് ഭഗവാൻ. എന്തെങ്കിലും വിഷമം, ദുഃഖം , ഒക്കെ ഉണ്ടാകുമ്പോൾ മനുഷ്യർ ഭഗവാനേ ! എന്നു വിളിച്ച് ദുഃഖനിവാരണത്തിനായി പ്രാർത്ഥിക്കുക പതിവാണ് . ഈ ഭഗവാൻ ആരെന്ന് ആരും അത്ര കാര്യമായി ചിന്തിക്കാറില്ല. എങ്കിലും നിരന്തരം ഭഗവാനേ! എന്നു വിളിക്കാറുണ്ട്. ഈ ഭഗവാൻ ആര് എന്ന് നമുക്കൊന്നറിയണ്ടേ?.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment