ഭാഗം: 10
14. ദേവൻമാരുടെ അമൃതപാനം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ദേവൻമാരുടെ ശ്രദ്ധയെത്തിയപ്പോഴേയ്ക്കും അമൃതകുംഭവും അസുരൻമാരും അപ്രത്യക്ഷമായതിനാൽ ദേവകൾ ദുഃഖിതരായി. അവർ വിചാരിച്ചു. ഈ ലോകോപദ്രവകാരികളായ അസുരൻമാർ അമൃതപാനം ചെയ്തു അമരൻമാരായാൽ ഈ ലോകത്തിന്റെ ഗതി എന്തായി തീരും . അവർ അമ്പരന്ന് ഭഗവാനോടു കാര്യമുണർത്തിച്ചു. നിങ്ങൾ ഒട്ടും ഖേദിക്കേ ണ്ട. അമൃതു വീണ്ടെടുത്ത് ഞാനുടനെ എത്താം.നിങ്ങളെല്ലാവരും കുളിച്ച് ശുദ്ധരായി അമൃതപാനത്തിനൊരുങ്ങിക്കൊള്ളുക എന്നു പറഞ്ഞു വിഷ്ണു ദേവൻ മറഞ്ഞു. അദ്ദേഹം മനോഹരിയും മോഹിപ്പിക്കുന്നവളുമായ ഒരു മോഹിനിയായ് ദാനവ സഭയിലെത്തി. ദാനവരെ മോഹിപ്പിച്ച് അമൃതു വിളമ്പാൻ തയ്യാറായി . എല്ലാവരും കണ്ണടച്ചിരുന്നാൽ ഞാൻ ഒരു ജാതി വിളമ്പാം. പക്ഷെ എല്ലാവരും കണ്ണുകളടച്ചിരിക്കണം. ഒടുവിൽ ആർക്കാണോ ഭാജനം കിട്ടുന്നത് അയാളെ ഞാൻ വരിക്കും എന്നൊക്കെ പറഞ്ഞു മോഹവലയത്തിലാക്കിയിട്ട് മോഹിനി അവർ കണ്ണുകളടയ്ക്കവെ അമൃതകുംഭവുമേന്തി വേഗം സുരാലയത്തിലെത്തി. ദാനവസഭയിൽ ദൈത്യർ അമൃതുകാത്ത് കുറെനേരം ഇരുന്നു. കിട്ടാഞ്ഞ് പതുക്കെ പതുക്കെ ചിലർ ഒളികണ്ണിട്ടുനോക്കി. ആരെയും കണാഞ്ഞു അവർ കണ്ണഴിച്ചു. ചിലർ മോഹിനിയുടെ കാമവലയത്തിലകപ്പെട്ടു കണ്ണുകളഴിക്കാതെ കുറെ നേരം കൂടി ഇരുന്നു.എന്തെന്നാൽ അവസാനം ഭാജനം വാങ്ങുന്നവനെ ഞാൻ വരിക്കുമെന്നാണല്ലോ മോഹിനി പറഞ്ഞത്. ഒടുവിൽ നിരാശരായി എല്ലാവരും കണ്ണു തുറന്നു. അപ്പോൾ വിധുന്തദൻ എന്ന അസുരൻ പറഞ്ഞു ഞാൻ നിരാശനാകുന്നില്ല. ദേവ സഭയിൽ ചെന്ന് ഞാനൊരോഹരി വാങ്ങും ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ ആ അസുരൻ ദേവസഭയിൽ ചെന്നു അമൃതുയാചിച്ചു. അല്പം ലഭിക്കുകയും ചെയ്തു. ആ അവസരത്തിൽ ഗോപുരദ്വാരത്തിൽ നിന്നിരുന്ന സൂര്യചന്ദ്രൻമാർ അവനെ തിരിച്ചറിഞ്ഞു. വിവരം അറിയിച്ചു. ചതി ചെയ്തു അമൃതു വാങ്ങിയ അസുരനെ ഭഗവാൻ വിഷ്ണു സുദർശനത്താൽ രണ്ടു കഷ്ണമാക്കി. എങ്കിലും അമൃതിന്റെ പ്രഭാവത്തിൽ മരിക്കാതെ തലയും ഉടലും രണ്ടും രാഹുവും കേതുവുമെന്ന ഗ്രഹങ്ങളായി . ചതി ചെയ്തതിനാൽ തല ഭാഗമായ രാഹു പാപഗ്രഹമായറിയപ്പെട്ടു. ഉടൽ ഭാഗം കേതുവായി. ഇവർ വാവറുതിക്ക് സൂര്യ ചന്ദ്രൻമാരെ ഗ്രസിക്കുന്നതിനുതുടങ്ങും. സൂര്യനെ ഗ്രസിക്കുന്നതിന് സൂര്യഗ്രഹണം. ചന്ദ്രനെ ഗ്രസിക്കുന്നതിന് ചന്ദ്രഗ്രഹണം എന്നും പറയുന്നു.
ഭഗവാൻ ദേവൻമാർക്ക് അമൃതു വിളമ്പി. എല്ലാവരും അമൃതു പാനം ചെയ്തു അമരൻമാരായി.ശാപത്തിൽ നിന്നു മുക്തരായി. ഈശ്വരകടാക്ഷം കൊണ്ടാണ് അവർക്കതു സാധ്യമായത് . ആരെല്ലാം സഹായിക്കാനുണ്ടായാലും ഭഗവദ് കൃപകൂടാതെ ഒരുകാര്യവും സാധ്യമാവുകയില്ലന്നതിന്റെ ഉദാഹരണമാണ് അമൃതമഥനം.
ഈ പാലാഴിമഥനം നിത്യേന ഓരോ വ്യക്തിയിലും നടക്കുന്നുണ്ട്. പാലാഴി എന്നാൽ മനസ്സ്,അതായത് ബുദ്ധി ജീവിയായ മനുഷ്യന്റെ മനസ്സ്. മനുഷ്യൻ വിവേകിയാണ്. നൻമ തിൻമകളെ തിരിച്ചറിഞ്ഞ് നൻമയെ സ്വായത്തമാക്കാനും തിൻ മയെ പുറം തള്ളാനുമുള്ള കഴിവുണ്ട് . എന്നാൽ കാമാദിവികാരങ്ങൾ അവന്റെ മനസ്സിലേയ്ക്ക് കടന്നു കയറി അവനെ വിവേകശൂന്യനാക്കുന്നു. അപ്പോൾ മനസ്സിൽ വിവേകങ്ങൾ തമ്മിൽ മഥനം നടക്കും. ആ മനസ്സിലെ അഹങ്കാര ഭാവമാണ് മന്ദരം. ദേവാസുരൻമാർ വിവേകാവിവേകങ്ങളാണ്. അവയുടെ മഥനത്തിൽ ആദ്യം പൊന്തിവന്ന വിഷം അവിവേകത്തിന്റെ ഫലമായുണ്ടായ ചീത്തവികാരങ്ങളായ കാമാദികളാണ്. കാമം വിഷം പോലെ തന്നെ മാരകാണ്. ആ വികാരത്തെ ദമനം ചെയ്യാതെ വിവേകം പൊന്തി വരികയില്ല. ശിവഭഗവാൻ വിഷപാനം നടത്തിയെന്നതിന്റെ സൂചന കാമാദിവിഷത്തെ ദമനം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് . കാമാദികളുടെ ദമനം കൊണ്ട് വിവേകം ഉടലെടുക്കുകയും സദ്വൃത്തികൾക്കു കാരണമാകുന്ന സദ് വികാരങ്ങൾ (സദ് ഭാവങ്ങൾ) ഉണ്ടാകുകയും ചെയ്യുന്നു. തൻമൂലം അഹംഭാവം (അഹങ്കാരം അഥവാ ഞാനെന്നഭാവം) നശിച്ച് വിവേകത്തിൽ കൂടി ജ്ഞാനം ഉണ്ടാകുന്നു. പാലാഴിയിൽ നിന്നും പൊന്തിവന്ന കൗസ്തുഭം, ചന്ദ്രക്കല തുടങ്ങിയവ വിഷത്തെ ദാനം ചെയ്തതു കൊണ്ടുണ്ടായ സദ്ഭാവങ്ങളാണ്. സദ്ഭാവങ്ങൾ മൂലം സദ്വൃത്തികൾ ഉടലെടുക്കുകയും അവ ഭക്തിജ്ഞാനങ്ങൾക്ക് പന്ഥാവായി തീരുകയും ചെയ്യുന്നു. അപ്പോൾ ലക്ഷ്മി എന്ന ഐശ്വര്യം കൈ വരുന്നു. ഒടുവിൽ ജ്ഞാനാമൃതം ലഭിക്കുകയും അത് ബ്രഹ്മജ്ഞാനത്തിനു കാരണമായി തീരുകയും ചെയ്യുന്നു. ഇവിടെ അമൃത് ബ്രഹ്മജ്ഞാനമാണ്. ബ്രഹ്മജ്ഞാനം ലഭിച്ച ദേവൻമാർ അമരനമാരായി. മനുഷ്യനു ബ്രഹ്മജ്ഞാനപ്രാപ്തിക്കുള്ള ഒരു വഴിയായിട്ടാണ് പാലാഴി മഥനം കഥ.ദേവൻമാർ ഐശ്വര്യമത്തരായി വിവേകികളായിരുന്നിട്ടും അമൃതുപെട്ടന്നു ലഭിക്കാനായില്ല.ഭഗവദ്കൃപ കൊണ്ടാണതു ലഭിച്ചത്. അസുരൻമാർ തട്ടികൊണ്ടുപോയ അമൃത് ഈശ്വരസഹായത്താൽ മാത്രമാണു ആസ്വദിക്കാൻ സാധിച്ചത് . അതായത് മുന്നിൽ വന്നതും കൈയ്യിൽ കിട്ടിയതുമായ സാധനം അഹങ്കാരം കൊണ്ടു മാത്രം സ്വായത്തമാക്കാൻ സാധിക്കയില്ലെന്നും അതനുഭവിക്കുന്നതിന് ഭഗവത് കൃപ കൂടിയേ തീരൂ എന്നുമാണ് ഇതിന്റെ സാരം. ഈശ്വരനെ ശരണം പ്രാപിക്കാതെ ഒരു കാര്യവും സാധ്യമാകില്ലയെന്നുള്ളതിന് ഉത്തമോദാഹരണമാണ് ഈ കഥ...
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment