ആലപ്പുഴ ജില്ലയിൽ തുറവൂരിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു മഹാക്ഷേത്രമാണ് തുറവൂർ മഹാക്ഷേത്രം. ശ്രീ മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ശ്രീ നരസിംഹമൂർത്തിയും ശ്രീ സുദർശനമൂർത്തിയുമാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠകൾ. ഇരുമൂർത്തികളും ഒരേ നാലമ്പലത്തിന്റെ രണ്ടുഭാഗങ്ങളിലായി തുല്യപ്രാധാന്യത്തോടെ വാഴുന്നു. ഉപദേവതകളായി ശ്രീ ഗണപതി, ശ്രീ അയ്യപ്പൻ, ശ്രീ ദുർഗ്ഗാ ദേവി, ശ്രീ നാഗദൈവങ്ങൾ, ശ്രീ ബ്രഹ്മരക്ഷസ്സ്, ശ്രീ യക്ഷിയമ്മ, എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. ഇവർക്കൊപ്പം ശ്രീ പരമശിവന്റെ സങ്കല്പാരാധനയുമുണ്ട്. രണ്ടു കൊടിമരങ്ങളും രണ്ടു മേൽശാന്തിമാരുമുള്ള ക്ഷേത്രം കൂടിയാണിത്. തുലാമാസത്തിൽ ദീപാവലി നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ ഒമ്പതുദിവസത്തെ കൊടിയേറ്റുത്സവം, വൈശാഖമാസത്തിൽ ശ്രീ നരസിംഹ ജയന്തി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, പത്താമുദയം, മകരസംക്രാന്തി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാ വ്യാഴാഴ്ച ദിവസങ്ങൾ, ഏകാദശി തുടങ്ങിയ ദിവസങ്ങളും വിശേഷമാണ്.
വാരണാസിയിലെ നരസിംഹഘട്ടിൽ നിന്ന് പുഴവഴി നരസിംഹത്തെ ഇവിടെ കൊണ്ടുവന്ന് ഭൂതനിലത്ത് ഇറക്കിയെന്നും അവിടെനിന്ന് ഈ ക്ഷേത്രസ്ഥാനത്ത് വന്നെത്തിയ നരസിംഹമൂർത്തി ഇവിടെ ദുർഗയായി സങ്കല്പിക്കപ്പെട്ടിരുന്ന സ്ഥാനത്ത് കയറിയിരുന്നു എന്നും ഒരു പുരാവൃത്തം പറയുന്നു. മറ്റൊരു ഐതിഹ്യം അനുസരിച്ച് ചേരമാൻ പെരുമാൾ ക്ഷേത്രം നിർമിച്ച് പെരുമന ഇല്ലത്തിന് കൈമാറി. പിന്നീട് ഇത് കൈനിക്കര, നെടുമ്പുറം, തേവലപ്പൊഴി, പള്ളിക്കീഴിൽ, നാറാണത്ത് എന്നീ ഇല്ലക്കാരുടെ കൈവശമായി. പിന്നീട് കൊച്ചി, തിരുവിതാംകൂർ രാജ്യങ്ങളുടെയും കൈവശമായി. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിൽ ആണ് ക്ഷേത്രം.
ക്ഷേത്രമതിൽക്കകത്തുകടന്നാൽ കിഴക്കുഭാഗത്ത് വലിയ ആനക്കൊട്ടിൽ കാണാൻ കഴിയും. ആനക്കൊട്ടിലിന് പുറത്ത് ഭഗവദ്വാഹനമായ ശ്രീ ഗരുഡനെ ശിരസ്സിലേന്തുന്ന രണ്ട് സ്വർണ്ണക്കൊടിമരങ്ങൾ ഇതിന് തൊട്ടുപുറകിലുണ്ട്.
ഈ ക്ഷേത്രത്തിന്റെ പ്രത്യേകത എന്തെന്നുവച്ചാൽ ഒരേ നാലമ്പലത്തിനകത്ത് തുല്യപ്രാധാന്യത്തോടെ രണ്ട് പ്രതിഷ്ഠകൾ കുടികൊള്ളുന്നു എന്നതാണ്. ഇവിടെ നാലമ്പലം രണ്ടായി ഭാഗിച്ചിരിയ്ക്കുന്നു. അതിൽ തെക്കുവശത്ത് ശ്രീ സുദർശനമൂർത്തിയുടെയും വടക്കുവശത്ത് ശ്രീ നരസിംഹമൂർത്തിയുടെയും ശ്രീകോവിലുകളാണ്. ശ്രീ സുദർശനമൂർത്തിയുടെ പ്രതിഷ്ഠയ്ക്കാണ് പഴക്കം കൂടുതൽ. തെക്കുഭാഗത്തുള്ള രണ്ടുനില വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഇവിടെ ശ്രീകോവിലിനകത്തെ മൂന്നാമത്തെ മുറിയാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ഗർഭഗൃഹം. ആറടി ഉയരം വരുന്ന കൃഷ്ണശിലാനിർമ്മിതമായ ചതുർബാഹു ശ്രീമഹാവിഷ്ണുവിഗ്രഹത്തിലാണ് ശ്രീ സുദർശനമൂർത്തിയുടെ ചൈതന്യം ആവാഹിച്ചിരിയ്ക്കുന്നത്. കേരളത്തിൽ ഇവിടെക്കൂടാതെ തിരുവല്ല ക്ഷേത്രത്തിൽ മാത്രമാണ്ശ്രീ സുദർശനമൂർത്തി പ്രധാനപ്രതിഷ്ഠയായ ഒരു ക്ഷേത്രമുള്ളത്. ശ്രീകോവിലിനുമുന്നിൽ വലിയൊരു നമസ്കാരമണ്ഡപമുണ്ട്. ഒറ്റക്കല്ലിൽ തീർത്ത പതിനാറുകാലുകളാണ് ഈ മണ്ഡപത്തിന്. പതിനാറുകൈകളുള്ള രൂപമായാണ് സുദർശനമൂർത്തിയെ സാധാരണ ചിത്രീകരിയ്ക്കാറുള്ളത് (ഇവിടെ നാലുകൈകളേയുള്ളൂ). ആ പതിനാറുകൈകളെ പ്രതിനിധികരിയ്ക്കുന്നതാണ് മണ്ഡപത്തിന്റെ പതിനാറുകാലുകൾ.
ശ്രീ നരസിംഹമൂർത്തിയുടെ പ്രതിഷ്ഠ ഏകദേശം ഏഴാം നൂറ്റാണ്ടിലുണ്ടായതാണ്. വടക്കുഭാഗത്തുള്ള രണ്ടുനില ചതുരശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഇവിടെ ശ്രീകോവിലിനകത്തെ രണ്ടാമത്തെ മുറിയാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ഗർഭഗൃഹം. ആറടി ഉയരം വരുന്ന അഞ്ജനശിലാനിർമ്മിതമായ ചതുർബാഹു ശ്രീമഹാവിഷ്ണുവിഗ്രഹത്തിലാണ് ശ്രീ നരസിംഹമൂർത്തിയുടെ ചൈതന്യം ആവാഹിച്ചിരിയ്ക്കുന്നത്. ശ്രീ ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന ശ്രീ പദ്മപാദർ കാശിയിൽ പൂജിച്ചിരുന്ന വിഗ്രഹമാണത്രേ ഇത്. പിന്നീട് ശ്രീ ശങ്കരാചാര്യരുടെ ഒരു പിന്മുറക്കാരൻ കേരളത്തിലെത്തിച്ച് ഇന്നത്തെ സ്ഥാനത്ത് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഈ ശ്രീകോവിലിനുമുമ്പിലും വലിയൊരു നമസ്കാരമണ്ഡപമുണ്ട്. എന്നാൽ ഇതിന് എട്ടുകാലുകളേയൂള്ളൂ.
രണ്ട് ശ്രീകോവിലുകളും ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. ശ്രീ സുദർശനമൂർത്തിയുടെ ശ്രീകോവിലിനുചുറ്റുമുള്ള ദാരുശില്പങ്ങളിൽ ശ്രീ ഗണപതിയെ പാലൂട്ടുന്ന ശ്രീ പാർവ്വതി, നന്ദിയുടെ പുറത്തുള്ള ശ്രീപരമശിവൻ തുടങ്ങിയ അപൂർവ്വരൂപങ്ങൾ ഉൾപ്പെടുന്നു. കൂടാതെ ദേവതകളുടെ ചെറുരൂപങ്ങളെ കാണിയ്ക്കുന്ന ചുവർച്ചിത്രങ്ങളുമുണ്ട്. ശ്രീ നരസിംഹമൂർത്തിയുടെ ശ്രീകോവിലിനുചുറ്റും കൃത്യമായ ദൂരം പാലിച്ച് ഒരുപാട് ആനകളുടെ രൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നു. ഇവയിൽ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം തുമ്പിക്കൈ ഉയർത്തിപ്പിടിച്ചിരിയ്ക്കുന്നു. കൂടാതെ അനന്തശായിയായ ശ്രീ മഹാവിഷ്ണു, ശ്രീ നടരാജമൂർത്തി, ശ്രീ ഉഗ്രനരസിംഹമൂർത്തി, ശ്രീകൃഷ്ണൻ തുടങ്ങിയവരുടെ ചുവർച്ചിത്രങ്ങളുമുണ്ട്. രണ്ട് ശ്രീകോവിലുകളിലും നിവേദ്യത്തിന് ഒരേ തിടപ്പള്ളിയാണ്. അത് ശ്രീ സുദർശനമൂർത്തിയുടെ ശ്രീകോവിലിന് തെക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. കൂടാതെ അഭിഷേകത്തിനും നിവേദ്യത്തിനുമുപയോഗിയ്ക്കുന്ന കിണറും ഒന്നുതന്നെ. അത് ശ്രീ സുദർശനമൂർത്തിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.
No comments:
Post a Comment