16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 30

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 30

മുക്തേശ്വര്

ജിം കോര്‍ബറ്റ് എന്ന കടുവ വേട്ടക്കാരന്റെ വിഖ്യാത നോവല്‍ ‘മാന്‍ ഈറ്റേഴ്സ് ഓഫ് കുമയൂണ്‍’ എന്ന നോവലിലൂടെയാണ് ഉത്തരഖണ്ഡിലെ കുമയൂണ്‍ ഡിവിഷനില്‍ നൈനിറ്റാള്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുക്തേശ്വര്‍ എന്ന മനോഹര ഹില്‍സ്റ്റേഷനെ ആദ്യം ലോകമറിഞ്ഞത്.

മുക്തേശ്വര്‍ ധാം എന്നറിയപ്പെടുന്ന 350 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തില്‍ നിന്നാണ് സമുദ്രനിരപ്പില്‍ നിന്ന് 2286 അടി ഉയരത്തിലുള്ള ഹില്‍സ്റ്റേഷന് മുക്തേശ്വര്‍ എന്ന പേര് ലഭിച്ചത്. ഇവിടെ പ്രാര്‍ഥിച്ചാല്‍ ശിവന്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നതാണ് വിശ്വാസം. ബ്രിട്ടീഷ് ഭരണകാലത്ത് മുക്തേശ്വര്‍ കേന്ദ്രീകരിച്ച് നിരവധി പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന കൊടുമുടിയായ നന്ദാദേവിയെ സര്‍വ ഗാംഭീര്യത്തോടെമനം നിറയെ കാണാന്‍ നിറയെ സഞ്ചാരികള്‍ ഇവിടെയത്തൊറുണ്ട്.

ജിംകോര്‍ബറ്റിന്റെ വീരകഥകള്‍ ഇനിയും ഉറങ്ങാത്ത മണ്ണാണ് ഇവിടം. നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയ ചമ്പാവത്ത് കടുവയും പനാര്‍ പുള്ളിപ്പുലിയുമടക്കം നരഭോജികളായ മൃഗങ്ങളെ വെടിവെച്ചിട്ട ബ്രിട്ടീഷ് വേട്ടക്കാരന്റെ കഥ സഞ്ചാരികളോട് പറയാന്‍ പ്രദേശവാസികള്‍ക്ക് ഇന്നും നൂറുനാവാണ്.

അപൂര്‍വ ജൈവ ജീവജാലങ്ങളുടെ കലവറയാണ് മുക്തേശ്വറിലെ വനമേഖല. വംശനാശം വന്നുകൊണ്ടിരിക്കുന്ന റീസസ് കുരങ്ങുകള്‍, ലംഗൂറുകള്‍, മാന്‍, അപൂര്‍വ ഹിമാലയന്‍ പക്ഷികള്‍, പര്‍വതങ്ങളില്‍ കാണുന്ന പുള്ളിപ്പുലികള്‍, ഹിമാലയന്‍ കറുത്ത കരടി എന്നിവ ഇവിടെ കാണുന്ന ജീവികളില്‍ ചിലതാണ്. ഹിമാലയന്‍ റൂബിത്രോട്ട്, ബ്ളാക്ക് വിംഗ്ഡ് കൈറ്റ് , ഹിമാലയന്‍ കാടപക്ഷി തുടങ്ങിയവയാണ് ഈ മേഖലയില്‍ മാത്രം കാണുന്ന പക്ഷികള്‍. സാഹസിക വിനോദ സഞ്ചാരങ്ങളായ റോക്ക് കൈ്ളമ്പിംഗ്, റാപ്പെല്ലിംഗ് പ്രിയരും ഇവിടെയത്തൊറുണ്ട്.

വെള്ള മാര്‍ബിളില്‍ തീര്‍ത്ത ശിവലിംഗമാണ് മുക്തേശ്വര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇതിന് ചുറ്റും ബ്രഹ്മാവ്, വിഷ്ണു, പാര്‍വതി, ഹനുമാന്‍, ഗണേശന്‍, നന്ദി എന്നിവരുടെ വിഗ്രഹങ്ങള്‍ ശിവലിംഗത്തിന് ചുറ്റുമുണ്ട്. പ്രധാന റോഡില്‍ നിന്ന് കല്ലുകൊണ്ടുള്ള കോണിപ്പടി കയറിയാലാണ് ക്ഷേത്രത്തില്‍ എത്താനാവുക.

ഓക്ക്മരകാടുകളും പൈന്‍മരക്കാടുകളും നിറഞ്ഞ സിറ്റ്ല മുക്തേശ്വറിന് സമീപമുള്ള പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മറ്റൊരു ഹില്‍സ്റ്റേഷനാണ്. 39 ഏക്കര്‍ വിസ്തൃതിയുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള ഹിമാലയ കൊടുമുടികളുടെ ദര്‍ശനം വേറിട്ട അനുഭവമാണ്.

മുക്തേശ്വര്‍ ക്ഷേത്രത്തിന് സമീപമുള്ള ചൗതി ജാലി അല്ളെങ്കില്‍ ചൗലി കി ജാലി എന്നറിയപ്പെടുന്ന സ്ഥലം ഭക്തര്‍ ഏറെ പ്രാധാന്യത്തോടെ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. ദേവിയും അസുരനുമായി യുദ്ധം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ സ്ഥലത്ത് ആ യുദ്ധത്തിന്റെ ബാക്കിപത്രമെന്നവണ്ണം ഒരു പരിച, ആനയുടെ തുമ്പികൈ,വാള്‍ എന്നിവയുടെതെന്ന് തോന്നിപ്പിക്കുന്ന രൂപങ്ങള്‍ ഇവിടെ പതിഞ്ഞുകിടക്കുന്നുണ്ട്.

രാജറാണി മറ്റൊരു ആകര്‍ഷണം. 11ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ആകര്‍ഷണം കല്ലില്‍ കൊത്തിയെടുത്ത രാജറാണിയുടെ വിഗ്രഹമാണ്. 1050ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന ബ്രഹ്മേശ്വര ക്ഷേത്രത്തിലും നിരവധി ഭക്തര്‍ എത്താറുണ്ട്. നിരവധി മനോഹര ശില്‍പ്പങ്ങളും കല്ലില്‍ കൊത്തിയെടുത്ത രൂപങ്ങളുമാണ് ഈ ക്ഷേത്രത്തിലെ ആകര്‍ഷണം. കുമയൂണ്‍ മലനിരകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന നാഥുവാഖാന്‍ എന്ന ചെറുഗ്രാമം ഹിമാലയന്‍ ഗ്രാമങ്ങളുടെ സൗന്ദരയം ആസ്വദിക്കാന്‍ വരുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ്.

ഹിമവാന്റെ വിശ്വരൂപം കാണാനും ട്രക്കിംഗിനും മറ്റും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്. ഓക്ക്, പൈന്‍, ബിര്‍ച്ച്, കഫാല്‍ മരങ്ങളുടെ കൂട്ടം ഇവിടെ മനോഹാരിതക്ക് ചാരുതയേകുന്നതാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് 1893ല്‍ നിര്‍മിച്ച ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുക്തേശ്വറിലെ അഭിമാന സ്ഥാപനമാണ്.  ബാക്ടീരിയോളജി, ജെനറ്റിക്സ്, അനിമല്‍ ന്യൂട്രീഷ്യന്‍ എന്നീ വിഷയങ്ങളില്‍ ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ത്യന്‍ വെറ്ററിനറി സയന്‍സിന്റെ വളര്‍ച്ചക്ക് നല്‍കിയ പങ്ക് വിസ്മരിക്കാവുന്നതല്ല.  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിസരത്തുള്ള വെറ്ററിനറി മ്യൂസിയവും ലൈബ്രറിയും സന്ദര്‍ശകര്‍ക്ക് കാണാവുന്നതാണ്.

മുക്തേശ്വര്‍ ക്ഷേത്രത്തിന് സമീപമുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ളാവ് കടുവ വേട്ടക്കാരന്‍ ജിം കോര്‍ബറ്റിന്റെ പേരിലുള്ളതാണ്. കുമയൂണ്‍ മേഖലയിലെ നരഭോജികളെ കൊന്നൊടുക്കാന്‍ എത്തിയ ജിം കോര്‍ബറ്റ് ഈ ബംഗ്ളാവിലാണ് വിശ്രമിച്ചിരുന്നത്. ജിം കോര്‍ബറ്റ് ഉപയോഗിച്ചിരുന്ന കെറ്റില്‍ ഇപ്പോഴും ബംഗ്ളാവില്‍ കാണാം.


No comments:

Post a Comment