ഭാഗം : 18
രുദ്രനാഥ്
ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ, ഗാർഹ്വാൾ ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ശിവഭഗവാനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് രുദ്രനാഥ്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3,600 മീറ്റർ ഉയരത്തിൽ റോഡോഡെൻഡ്രോൺ, പൊക്കം കുറഞ്ഞ മരങ്ങൾ, ആൽപൈൻ മേച്ചിൽപ്പുറങ്ങൾ തുടങ്ങിയവ നിറഞ്ഞ ഇടതൂർന്ന വനപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വാഭാവിക ശിലാ ക്ഷേത്രമാണ് ഇത്. ഗാർഹ്വാൾ മേഖലയിലെ അഞ്ച് ശിവ ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന പഞ്ച കേദാരം തീർത്ഥാടന മണ്ഡലത്തിൽപ്പെടുന്ന മൂന്നാമതായി ദർശിക്കേണ്ട ക്ഷേത്രമാണിത്. ഈ മണ്ഡലത്തിലെ മറ്റു ക്ഷേത്രങ്ങളിൽ, രുദ്രനാഥ്, മദ്ധ്യമഹേശ്വർ അഥവാ മദ്മഹേശ്വർ എന്നിവയിൽ ദർശനം നടത്തുന്നതിനു മുമ്പായിത്തന്നെ ദർശനം നടത്തേണ്ടതായ കേദാർനാഥ്, തുംഗനാഥ്, എന്നിവയും രുദ്രനാഥിനുശേഷം ദർശനം നടത്തേണ്ടതായ കൽപേശ്വർ ക്ഷേത്രവും ഉൾപ്പെടുന്നു. ഇവിടെ ശിവഭഗവാന്റെ മുഖം ‘നിൽകാന്ത് മഹാദേവ’ ആയി ആരാധിക്കപ്പെടുന്നു. ഗോപേശ്വറിൽനിന്ന് ഏതാണ്ട് 03 കിലോമീറ്റർ ദൂരെയുള്ള സാഗർ ഗ്രാമത്തിൽനിന്നു ട്രെക്കിംഗ് ആരംഭിക്കുന്നു. ഗോപേശ്വറിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരത്തിലുള്ള മണ്ഡാലിലാണ് മറ്റൊരു ട്രെക്കിംഗ് പോയിന്റ് തുടങ്ങുന്നത്. ഈ ട്രെക്കിംഗ് പാത അനുസൂയ ദേവി ക്ഷേത്രത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. ഏകദേശം 24 കിലോമീറ്റർ ദൂരത്തിൽ ട്രെക്കിംഗ് പാത അതീവ ദുഷ്ക്കരമാണ്.
ഹൈന്ദവ ഇതിഹാസമായ മഹാഭാരതത്തിലെ നായകന്മാരായ പാണ്ഡവന്മാരാണ് രുദ്രനാഥ് ക്ഷേത്രം സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ഐതിഹ്യപ്രകാരം കുരുക്ഷേത്ര യുദ്ധത്തിൽ തങ്ങൾ നടത്തിയ പാപങ്ങളിൽ നിന്നു മോചിതരാകുവാൻ ശിവഭഗവാനെ തേടി പാണ്ഡവന്മാർ ഹിമാലയപർവ്വതത്തിലെത്തി. അവരെ കാണാൻ ആഗ്രഹിക്കാത്ത ശിവഭഗവാൻ ഒരു ഋഷഭത്തിന്റെ രൂപത്തിൽ അവിടെനിന്ന് അപ്രത്യക്ഷനായി ക്ഷിതിയിലെത്തുകയും പഞ്ച കേദാർ സ്ഥലങ്ങളിൽ വിവിധ ഭാഗങ്ങളായി പ്രത്യക്ഷനാകുകയും ചെയ്തു. പൂഞ്ഞ കേദാർനാഥിൽ ഉയിർന്നുവന്നപ്പോൾ കൈകൾ തുംഗനാഥിൽ പ്രത്യക്ഷമായി. നാഭിയും വയറും മദ്ധ്യമഹേശ്വറിലും മുഖം രുദ്രനാഥിലും കേശവും ശിരസും കൽപ്പകേശ്വറിലും പ്രത്യക്ഷമായി. ശൈത്യകാലത്ത് ശിവന്റെ ഒരു പ്രതീകാത്മകമായ പ്രതിമ ആരാധനക്കായി ഗോപേശ്വരയിലേക്ക് കൊണ്ടുവരുന്നു. ഗോപേശ്വറിൽനിന്ന് സാഗർവഴി ഡോളി യാത്ര ആരംഭിക്കുന്നു. ഡോളി യാത്ര ല്യൂട്ടി ബുഗ്യാലും പനാറും മുറിച്ചുകടന്ന് ഒടുവിൽ പിത്രധാറിലെത്തുന്നു. ഇവിടെ പൂർവ്വികർക്കായി ആരാധന ചെയ്യപ്പെടുന്നു. ശേഷം ധലാബ്നി മൈതാനം മുറിച്ചുകടന്ന് ഡോളി അഥവാ ശിവന്റെ പ്രതീകാത്മക ബിംബം രുദ്രനാഥിലെത്തുന്നു. ഇവിടെ ആദ്യം വനദേവിയെ ആരാധിക്കുന്നു. വനദേവി ഈ പ്രദേശത്തെ സംരക്ഷിക്കുന്നുവെന്നാണ് നാടൻ വിശ്വാസം. ക്ഷേത്രം വനദേവി അല്ലെങ്കിൽ വനദേവതമാർ സംരക്ഷിക്കുന്നുവെന്നാണ് ഐതിഹ്യം. ഹൈന്ദവ മാസമായ ശ്രാവണത്തിലെ (ജൂലൈ - ആഗസ്റ്റ്) പൂർണ്ണ ചന്ദ്രനുള്ള ദിവസം ക്ഷേത്രം ഒരു വാർഷിക മേള ആഘോഷിക്കുന്നു. ഇത് മിക്കവാറും രക്ഷാബന്ധൻ ദിവസമായിരിക്കും നടത്താറുള്ളത്. മേളയിൽ പ്രധാനമായും പ്രാദേശിക ജനങ്ങളാണു പങ്കെടുക്കാറുള്ളത്. രുദ്രനാഥ് ക്ഷേത്രത്തിലെ പുരോഹിതന്മാർ ഗോപേശ്വർ ഗ്രാമത്തിലെ ഭട്ടുകളും തിവാരികളുമാണ്.
രുദ്രനാഥിലേയ്ക്കുള്ള ട്രെക്കിംഗ് വഴിയിലെ (മാധ്മഹേശ്വർ വഴി വരുകയാണെങ്കിൽ) നന്ദകുണ്ഡിൽ (2,439 മീറ്റർ അല്ലെങ്കിൽ 8,002 അടി) പാണ്ഡവന്മാരുടേതെന്നു വിശ്വസിക്കപ്പെടുന്നതും പാറക്കല്ലുകളിൽ നിന്ന് ഉന്തിനിൽക്കുന്നതുമായ ചരിത്രാതീത കാലത്തെ പഴയ വാളുകളെ തീർത്ഥയാത്രികർ ആരാധിക്കാറുണ്ട്.
ക്ഷേത്രത്തിനടുത്തായി അനേകം വിശുദ്ധജല തടാകങ്ങൾ (കുണ്ഡ്) കാണപ്പെടുന്നു. സൂര്യ-കുണ്ട്, ചന്ദ്ര-കുണ്ഡ്, താരാ കുണ്ട്, മന-കുണ്ട് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നന്ദാദേവി, ത്രിശൂൽ, നന്ദ ഖണ്ടി എന്നിവയാണ് ഇവിടത്തെ പ്രശസ്തമായ മലനിരകൾ. ഇത് ക്ഷേത്രത്തിന് മനോഹരമായ പശ്ചാത്തലമൊരുക്കുന്നു. പുണ്യനദിയായ വൈതരണി അഥവാ ബൈതരണി അഥവാ രുദ്രഗംഗ രുദ്രനാഥന്റെ ചാരനിറ വിഗ്രഹമുള്ള ക്ഷേത്രത്തിനരികിലൂടെ ഒഴുകുന്നു. ഈ നദി, "രക്ഷയുടെ നദി" ആയാണ് അറിയപ്പെടുന്നത്. മരിച്ചവരുടെ ആത്മാക്കൾ ഇതുവഴിയാണ് മറ്റു ലോകത്ത് എത്തിച്ചേരുന്നത് എന്നു ഭക്തർ വിശ്വസിക്കുന്നു. അതുകൊണ്ടാണ്, ഭക്തർ മരണാനന്തരചടങ്ങുകൾ നടത്താനായി രുദ്രനാഥിലേക്ക് സന്ദർശിക്കുന്നത്. വിശുദ്ധ നഗരമായ ഗയയിൽ നൂറു ദശലക്ഷം ആളുകൾ പൂർവ്വികർക്ക് പിണ്ഡം നൽകുന്നതിന് തുല്യമാണ് ഇവിടം എന്നാണ് ചിലർ വിശ്വസിക്കുന്നത്. രുദ്രനാഥിൽ നിന്ന് ത്രിശൂൽ, നന്ദ ദേവി, ദേവസ്ഥാൻ, ഹാത്തി പർബത്, നന്ദ ഖണ്ടി എന്നീ മലകൾ കാണാൻ കഴിയുന്നു. "രുദ്രനാഥ്" എന്നതിൻറെയർത്ഥം, "കോപിക്കുന്നവൻ" എന്നാണ്. രുദ്രനാഥ് മലയുടെ ക്ഷേത്രത്തിലേക്കുള്ള ഗുഹ ഇന്ന് കാണുന്ന വിധത്തിൽ പരിഷ്ക്കരിച്ചതാണ്.
പഞ്ചകേദാർ ക്ഷേത്രങ്ങളിൽ രുദ്രനാഥാണ് മിക്കപ്പോഴും എത്തിച്ചേരാൻ ഏറ്റവും പ്രയാസമുള്ളതായി കരുതപ്പെടുന്നത്.
ഇവിടെനിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലെ (258 കിലോമീറ്റർ) ജോളി ഗ്രാന്റ് ആണ്. അതുപോലെതന്നെ ഏറ്റവും അടുത്തുള്ള തീവണ്ടി സ്റ്റേഷൻ ഋഷികേശ് (241 കിലോമീറ്റർ) ആണ്. രുദ്രനാഥിലേക്കുള്ള ട്രെക്കിങ് പാതകളിൽ ഭൂരിപക്ഷവും ഗോപേശ്വറിൽനിന്നോ അല്ലെങ്കിൽ സമീപ പ്രദേശങ്ങളിൽനിന്നോ ആണ്. ഗോപേശ്വരിൽ നിന്ന് 5 കിലോമീറ്റർ അകലെ ഉയരത്തിലുള്ള സാഗർ ഗ്രാമത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഒരു പാതയും തീർത്ഥാടകർക്കു താമസത്തിനുള്ള രുദ്ര ഹോട്ടലും സ്ഥിതിചെയ്യുന്നു. അതിനപ്പുറം 20 കിലോമീറ്റർ ട്രക്കിംഗ് നടത്തി രുദ്രനാഥിലെത്തിച്ചേരാവുന്നതാണ്. ഉയരത്തിൽ വളരുന്ന പുല്ലുകൾ, ഓക്കുമരങ്ങൾ, റോഡോഡെൻഡ്രോൺ വനങ്ങൾ എന്നിവയിലൂടെയാണ് ട്രക്കിംഗ് പാത പുരോഗമിക്കുന്നത്. ട്രെക്കിംഗ് പാത തെന്നലുള്ളതായി വിവരിക്കപ്പെടുന്നു. ഗംഗോൽഗാവോണിൽ നിന്നു 17 കിലോമീറ്റർ ദൂരത്തിലുള്ള കയറ്റമാണ് മറ്റൊരു പാത. ഇത് ഗോപേശ്വറിൽനിന്ന് 3 കിലോമീറ്റർ ദൂരം - നിബിഢ വനത്തിലൂടെയും പനാർ, നൈലാ ആട്ടിടയ അധിവാസകേന്ദ്രം വഴിയുമാണ്. മന്റാൽ വഴി (13 കിലോമീറ്റർ) ഗോപേശ്വറിൽനിന്ന് രുദ്രനാഥിലേയ്ക്കു നയിക്കുന്നതാണ് മറ്റൊരു ട്രെക്കിങ്ങ് പാത. അതിനുശേഷം 6 കിലോമീറ്റർ കൂടുതലായി സഞ്ചരിച്ച് അൻസുയ ദേവി ക്ഷേത്രത്തിലേയ്ക്കെത്തുകയും മറ്റൊരു 20 കിലോമീറ്റർ) ദൂരം സഞ്ചരിച്ച് രുദ്രനാഥിലെത്തിച്ചേരുന്നു. അനസൂയ ദേവിയെ പ്രിതിഷ്ടിച്ചിരിക്കുന്ന ക്ഷേത്രമാണ് അനസൂയ ദേവി ക്ഷേത്രം. ശാരീരിക തളർച്ചയിൽനിന്ന് ദേവി, ഭക്തരെ മുക്തരാക്കുമെന്ന വിശ്വാസമാണ് ഇവിടെയുള്ളത്. ജോഷിമഠിൽനിന്ന് ഹെലാംഗ് വഴി 45 കി.മീ ദൂരത്തിലുള്ള മറ്റൊരു ട്രക്കിങ് പാതയും (അതീവ ദുഷ്കരമായത്) നിലവിലുണ്ട്. കൽപേശ്വറിൽനിന്ന് ഡുമാക്, കൽഗോണ്ട്, കിമാന, പല്ലാ എന്നിവിടങ്ങളിലൂടെയും രുദ്രനാഥിലേയ്ക്ക് ഒരു ട്രെക്കിംങ് പാതയുണ്ട്. ഈ പാത കൽപേശ്വറിനു അല്പം മുന്നിൽ ഉർഗം ഗ്രാമത്തിൽ എത്തിച്ചേരുന്നു.
No comments:
Post a Comment