തിരുവിതാംകൂർ ഭരണാധികാരികളുടെ ദൃഡനിശ്ചയത്തിൻ്റെയും കഴിവിൻ്റെയും ഫലമായാണ് കേരളം ഇന്ന് കാണുന്ന രീതിയിൽ ആധുനിക വളർച്ച കൈവരിച്ചത്, പുരോഗമന ചിന്താഗതിക്കാരായ തിരുവിതാംകൂർ മഹാരാജാക്കൻമാർ രാജ്യത്തിൻ്റെ വിദ്യാഭ്യാസ, വ്യവസായ, സാമ്പത്തിക മേഘലകളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു, ലോകത്തിൻ്റെ ആധുനിക മാറ്റത്തിനനുസരിച്ച് കേരളത്തിലും നവോത്ഥാനം സൃഷ്ടിച്ചത് തിരുവിതാംകൂർ ഭരണാധികാരികൾ ആണ്. ഇംഗ്ലിഷ് വിദ്യാഭ്യാസം, സ്ത്രികൾക്കായി പ്രത്യേക സംവരണം, പുതിയ തൊഴിൽ മേഖലകൾ എന്നിവ സ്യഷ്ടിച്ച് പ്രജകളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു, 650 ഓളം നാട്ടുരാജ്യങ്ങൾ ഉള്ള ഭാരതത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ആധുനിക വളർച്ച കൈവരിച്ച ഒരേയൊരു നാട്ടുരാജ്യം തിരുവിതാംകൂർ ആണ്, ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യുറോപ്യൻ രാജ്യത്തെ പരാജയപ്പെടുത്തിയത് തിരുവിതാംകൂർ ആണ്, തിരുവിതാംകൂർ മഹാരാജ്യത്തിൻ്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന മാർത്താണ്ഡവർമ്മ മുതൽ ഇതുവരെയുള്ള ഭരണാധികാരികളെ പരിചയപ്പെടുത്തുന്ന താണ് ഈ ലേഖനം, രാമവർമ്മ, മാർത്താണ്ഡവർമ്മ എന്നി പേരുകളിൽമാറി മാറി രാജക്കൻമാർ വരുന്നതിനാൽ ജനിച്ച നക്ഷത്രത്തിൻ്റെ നാമത്തിലാണ് രാജാക്കന്മാർ അറിയപ്പെടുന്നത്.
1) അനിഴംതിരുനാൾ വീരബാലമാർത്താണ്ഡവർമ്മ (ഭരണ കാലം AD 1729- AD 1758) തിരുവിതാംകൂറിൻ്റെ ആധുനിക ചരിത്രം തുടങ്ങുന്നത് മാർത്താണ്ഡവർമ്മയിലൂടെയാണ്, ചെറുനാട്ടുരാജ്യമായിരുന്ന വേണാട് എന്ന രാജ്യത്തിനോട് അയൽ രാജ്യങ്ങളെ എല്ലാം കൂട്ടി ചേർത്ത് തിരുവിതാംകൂർ എന്ന മഹാരാജ്യം സ്ഥാപിച്ചു മാർത്താണ്ഡവർമ, കൊല്ലം, കൊട്ടാരക്കര, കായംകുളം, അമ്പലപ്പുഴ തുടങ്ങി കൊച്ചി വരെയുള്ള എല്ലാം നാട്ടുരാജ്യങ്ങളെയും പിടിച്ചടക്കി, കന്യാകുമാരി തൊട്ട് വട്ടക്ക് പെരിയാറിൻ്റെ തീരം വരെ വ്യാപിച്ചു രാജൃത്തിൻ്റെ വിസ്തൃതി, 1741 ഓഗസ്റ്റ് 10ന് കുളച്ചൽ യുദ്ധത്തിൽ വെച്ച് മാർത്താണ്ഡവർമ്മ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്തി, ഏഷ്യയിൽ ആദ്യമാണ് ഒരു നാട്ടുരാജാവ് യുറോപ്യൻ രാജ്യത്തെ പരാജയപ്പെടുത്തിയത്, രാജ്യത്ത് നികുതി സമ്പ്രദായം ഏകീകരിച്ചു, ജലസേചന പദ്ധതികൾ ആവിഷ്ക്കരിച്ചു, തിരുവിതാംകൂറിൻ്റെ വാർഷിക ബജറ്റ് തയ്യാറാക്കി,1731 ൽ ആണ് പത്മനാനാഭ സ്വാമി ക്ഷേത്രം പുതുക്കി പണികഴിപ്പിച്ചത്, രാമയ്യൻ ദളവ ആയിരുന്നു അദ്ദേഹത്തിൻ്റെ ദിവാൻ, 1750 ജനുവരി 3ന് അദ്ദേഹം തൻ്റെ രാജ്യം കുലദൈവമായ ശ്രീപത്മനാഭ സ്വാമിക്ക് സമർപ്പിച്ചു, ഇത് തൃപ്പടിദാനം എന്നറിയപ്പെടുന്നു, ഇതിനു ശേഷം തിരുവിതാംകൂർ രാജാക്കൻമാർ പത്മനാഭദാസൻമാർ എന്നാണ് അറിയപ്പെടുന്നത്.
ശ്രീ പത്മനാഭദാസ വഞ്ചിപാലമഹാരാജശ്രീ അനിഴം തിരുനാൾ വീരബാലമാർത്താണ്ഡവർമ്മ കുലശേഖര പെരുമാൾ എന്നാണ് പൂർണ്ണനാമം, 1758 ൽ പൊന്നുതമ്പുരാൻ നാടുനീങ്ങി,
2) കാർത്തികതിരുനാൾ രാമവർമ്മ (ഭരണ കാലം AD 1758-1798) തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയത് കാർത്തിക തിരുനാൾ ആണ്, അദ്ദേഹം ധർമ്മരാജ എന്ന പേരിൽ അറിയപ്പെടുന്നു, 1795 ൽ തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി, ചാലകമ്പോളം, ആലപ്പുഴ പട്ടണം, എന്നിവ പണികഴിപ്പിച്ചു. മാർത്താണ്ഡവർമ്മ കീഴടക്കിയ മേഖലകളിൽ മേൽക്കോയ്മ നിലനിർത്തുന്നതിന് സാധിച്ചു. സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കി. വാണിജ്യ മേഖലയെ ശക്തിപ്പെടുത്തി. അദ്ദേഹത്തിൻ്റെ ഭരണംസുവർണ കാലഘട്ടം എന്നറിയപ്പെടുന്നു, രാജ കേശവദാസ് ആയിരുന്നു ദിവാൻ,1798 ൽ ധർമ്മരാജ'നാടു നീങ്ങി.
3) അവിട്ടംതിരുനാൾ ബാലരാമവർമ്മ
(ഭരണകാലം 1798-1811) സഞ്ചരിക്കുന്ന കോടതി സ്ഥാപിച്ചു, കൊല്ലം ചെങ്കോട്ട റോഡ് പണികഴിപ്പിച്ചു. വേലുത്തമ്പി ദളവ ആയിരുന്നു ദിവാൻ.
4) ആയില്യംതിരുനാൾ ഗൗരിലക്ഷ്മിഭായി
( ഭരണ കാലം 1811_1815) തിരുവിതാംകൂറിൽ സ്വന്തം നിലയിൽ ഭരിച്ച ഏക വനിതാ ഭരണാധികാരിയാണ് ആയില്യം തിരുനാൾ മഹാറാണി, മറ്റ് തമ്പുരാട്ടിമാർ റീജൻ്റ് ആയാണ് ഭരണം നടത്തിയത്. 1813 ൽ തമ്പുരാട്ടിക്ക് ആൺകുഞ്ഞ് പിറന്നപ്പോൾ ആ ശിശുവിനെ (സ്വാതിതിരുനാൾ) രാജാവായി പ്രഖ്യാപിച്ചു. സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ പുരോഗതിയുണ്ടാക്കാൻ തമ്പുരാട്ടിക്ക് സാധിച്ചു, ജൻമിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ചു, 1812 ൽ അടിമക്കച്ചവടം നിർത്തലാക്കി, തിരുവിതാംകൂറിൽ കോടതികൾ സ്ഥാപിച്ചു, പാശ്ചാത്യാ ചികിത്സാരീതി കേരളത്തിൽആദ്യമായി ആരംഭിച്ചു, സെക്രട്ടറി സമ്പ്രദായം നടപ്പിലാക്കി, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ഭരണാധികാരിയാണ് ആയില്യം തിരുനാൾ തമ്പുരാട്ടി, ശ്രീപത്മനാഭസേവിനി വഞ്ചി പാലവർദ്ധിനി രാജരാജേശ്വരി ശ്രീ ആയില്യം തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാൻ എന്നാണ് പൂർണ്ണനാമം,കേണൽ മൺറോ ആയിരുന്നു ദിവാൻ.
5) ഉതൃട്ടാതിതിരുനാൾ ഗൗരിപാർവ്വതിഭായി
( ഭരണകാലം1815-1829) ഗൗരിലക്ഷ്മിഭായിയുടെ ദേഹവിയോഗത്തെ തുടർന്ന് സ്വാതി തിരുനാളിന് പ്രായപൂർത്തി ആകുന്നത് വരെ റീജൻറ് ആയി ആദ്യമായി തിരുവിതാംകൂറിൽ ഭരണം നടത്തിയ മഹാറാണിയാണ് ഉതൃട്ടാതിതിരുനാൾ,
തിരുവിതാംകൂറിൽ എല്ലാ ജാതിക്കാർക്കും പുര ഓട് മേയാൻ അനുവാദം നല്കി, സ്വർണ്ണാഭരണം അണിയാൻ ബ്രാഹ്മണ, വിശ്വകർമ, വൈശ്യ , ക്ഷത്രിയ സ്ത്രികൾക്ക് മാത്രം അവകാശമുണ്ടായിരുന്ന അക്കാലത്ത്ആഭരണം അണിയാനുള്ള അവകാശം നായർ, ഈഴവ വിഭാഗത്തിനു കൂടിനല്കി കൊണ്ട് ഉത്തരവിട്ടു, പാർവ്വതി പുത്തനാർ എന്ന പേരിൽ തിരുവനന്തപുരത്ത് ജലപാത പണി കഴിപ്പിച്ചു,
6 ) സ്വാതി തിരുനാൾ രാമവർമ്മ
(ഭരണകാലം 1829-1847) അമ്മയുടെ ഗർഭത്തിൽ ഇരിക്ക തന്നെ രാജാവായി വാഴ്ത്തിയതിനാൽ 'ഗർഭശ്രീമാൻ' എന്ന് അറിയപ്പെടുന്നു, കേരള സംഗീത കലയുടെയും തിരുവിതാംകൂറിൻ്റെയും സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നു ഇദ്ദേഹത്തിൻ്റെ ഭരണ കാലം, പല ഭാഷകളിലാലി അഞ്ഞൂറിലധികം കൃതികൾ രചിച്ചു, രാജാക്കൻമാരിൽ സംഗീതഞ്ജനും, സംഗീതഞ്ജരിൽ രാജാവും എന്ന ഒരേയൊരു പ്രതിഭ.
തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾ സ്ഥാപിച്ച് നീതിന്യായ ഭരണം നടത്തി, 1836ൽ തിരുവിതാംകൂറിൽ (കേരളത്തിൽ ആദ്യമായി) ആദ്യമായി ജനസംഖ്യ കണക്കെടുപ്പ് (സെൻസസ്) നടത്തി, കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം ആരംഭിച്ചു. ശൂചീന്ദ്രം കൈമുക്കൽ എന്ന പ്രാകൃത ശിക്ഷാരീതി നിർത്തലാക്കി. 1834 ൽ കേരളത്തിൽ ആദ്യമായി ഇംഗ്ലിഷ് മീഡിയം സ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചു, 165 തരം ചെറുകിട ചുങ്കങ്ങൾ നിർത്തലാക്കി വാണിജ്യത്തെ പ്രാത്സാഹിപ്പിച്ചു. ആദ്യമായി കേരളത്തിൽ സർക്കാർ പ്രസ് അരംഭിച്ചു, 1837 ൽ മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം മൂലം നടപ്പിലാക്കി. ജലസേചന മരാമത്ത് വകുപ്പ് ഏർപ്പെടുത്തി, 1834 ൽ തിരുവനന്തപുരത്ത് (കേരളത്തിൽ ആദ്യം) ധർമ്മാശുപത്രി സ്ഥാപിച്ചു. ജില്ലയിൽ പല സ്ഥലത്തും വിദ്യാലയങ്ങൾ സ്ഥാപിച്ചു. 1839 ൽ ആദ്യമായി ഇംഗ്ലിഷ് മലയാളം കലണ്ടർ പുറത്തിറക്കി. കേരളത്തിൽ ആദ്യമായിപബ്ലിക് ലൈബ്രറി തുടങ്ങി. കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് മൃഗശാല തുടങ്ങി. കോട്ടക്കകത്ത് വലിയ ഗോശാല നിർമ്മിച്ചു. കൃഷ്ണറാവു ആയിരുന്നു ദിവാൻ പേഷ് കാർ. തിരുവിതാംകൂറിൽ (കേരള ചരിത്രത്തിൽ തന്നെ ) വലിയ മാറ്റങ്ങൾക്ക് അടിത്തറ പാകിയ സ്വാതി തിരുനാൾ 1847 നാടുനീങ്ങി.
7 ) ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ
(ഭരണ കാലം 1847-1860) 1857 ൽ ആലപ്പുഴയിൽ ആദ്യമായി തപാലാഫീസ് ആരംഭിച്ചു. ആലപ്പുഴയിൽ കയർ വ്യവസായത്തിന് തുടക്കം കുറിച്ച് തൊഴിൽ മേഖലയെ ശക്തിപ്പെടുത്തിയ ഭരണാധികാരി. 1859ൽ ഈഴവ, ചാന്നാർസ്ത്രികൾക്ക് മാറുമറച്ച് വസ്ത്രധാരണം നടത്തുന്നതിനുള്ള അവകാശം നല്കി. 1853 ൽ അടിമത്വം നിർത്തലാക്കി. 1859 ൽ പെൺകുട്ടികൾക്കായി പ്രത്യേക സ്കൂൾ ആരംഭിച്ചു.
8 ) ആയില്യം തിരുനാൾ രാമവർമ്മ
(ഭരണകാലം 1860-1880) വസ്തുവിൽ കുടിയാനുള്ള അവകാശം സ്ഥിരത നല്കി കൊണ്ട് 1867ൽ ജൻമി കുടിയാൻ വിളംബരം നടത്തി, 1865 ൽ പണ്ടാരപ്പാട്ടവിളംബരം നടത്തി. ഭാഗം കിട്ടിയ ഭൂമി വില്ക്കാനുള്ള അവകാശം, സർക്കാർ അഞ്ചൽ പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്ത ഭരണാധികാരിയാണ് ഉത്രം തിരുനാൾ. മാധവറാവു ആയിരുന്നു ദിവാൻ. 1860 ൽ പൊതുമരാമത്ത് ആരംഭിച്ചു. പുത്തൻ കച്ചേരി എന്നറിയപ്പെട്ടിരുന്ന സെക്രട്ടറിയേറ്റ് 1869 ൽ പണികഴിപ്പിച്ചു. തിരുവനന്തപുരത്ത് ആർട്സ് കോളേജ്, ലോ കോളേജ് എന്നിവ ആരംഭിച്ചു. നേപ്പിയർ മ്യൂസിയം സ്ഥാപിച്ചു. തിരുവനന്തപുരത്ത് ആദ്യത്തെ ജനറൽ ആശുപത്രി സ്ഥാപിച്ചു. ആദ്യ മാനസികരോഗാശുപത്രി സ്ഥാപിച്ചു. സ്വകാര്യ വിദ്യാലയങ്ങൾക്ക് ധനസഹായം നല്കുന്നതിൽ പ്രധാന്യം നല്കി. ഇക്കാലത്ത് ജലസേചന മേഖലയും ഗതാഗത രംഗവും അഭിവൃദ്ധി നേടി. 1880 ൽ ഉത്രം തിരുനാൾ നാടുനീങ്ങി.
9 ) വിശാഖം തിരുനാൾ രാമവർമ്മ
(ഭരണകാലം 1880-1885) പണ്ഡിതൻ എന്ന നിലയിൽ പ്രശസ്തനായ രാജാവ്. തിരുവനന്തപുരത്ത് ഹൈക്കോടതി സ്ഥാപിച്ചു. തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂ സർവേ നടത്തി. തിരുവിതാംകൂറിൽ മരച്ചീനി കൃഷി ആരംഭിച്ചു. നിയമ വകുപ്പിൽ നിന്ന് പോലിസ് വകുപ്പിനെ വേർപ്പെടുത്തി പുതിയരൂപം നല്കി. പ്രൈമറി വിദ്യാലയങ്ങൾക്ക് സാമ്പത്തിക സഹായം നല്കി. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി കരാർ ഒപ്പിട്ട ഭരണാധികാരിയാണ് വിശാഖം തിരുനാൾ, 1885 ൽ നാടുനീങ്ങി.
10) മൂലം തിരുനാൾ രാമവർമ്മ
(ഭരണകാലം 1885-1924) ദളിത് കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ചു. 1888 ൽ ശ്രീ മൂലം പ്രജാ കൗൺസിൽ ആരംഭിച്ചു. 1904 ൽ ശ്രീ മൂലം പ്രജാ സഭയും, പുരാവസ്തു വകുപ്പ് ദുർഗുണ പരിഹാര പാഠശാല എന്നിവ സ്ഥാപിച്ചു..പി രാജഗോപാലാചാരി ആയിരുന്നു ദിവാൻ, 1924ൽ മൂലം തിരുനാൾ നാടുനീങ്ങി.
11 ) പൂരാടം തിരുനാൾ സേതുലക്ഷ്മിഭായി
(ഭരണകാലം 1924-1931) ചിത്തിര തിരുനാളിന് പ്രായപൂർത്തി ആകും വരെ റീജൻ്റ് ആയി രാജ്യം ഭരിച്ചു.
ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി സമ്പ്രദായം എന്നിവ നിരോധിച്ചു. സമുദായങ്ങൾക്കിടയിൽ മരുമക്കത്തായത്തിന് പകരം മക്കത്തായ വ്യവസ്ഥ നടപ്പിലാക്കി. ഗ്രാമ പഞ്ചായത്ത് സമ്പ്രദായം നടപ്പിലാക്കി. വിമൻസ് കോളേജിനെ ഒന്നാം ഗ്രേഡ് കോളേജാക്കി ഉയർത്തി.
12 ) ചിത്തിര തിരുനാൾ ബാലരാമവർമ്മ
(ഭരണകാലം 1931-1949) ഏഷ്യയിലാദ്യമായി വധശിക്ഷ നിർത്തലാക്കിയ ഉത്തരവ് പുറപ്പെടുവിച്ച രാജാവാണ് ചിത്തിര തിരുനാൾ. തിരുവിതാംകൂറിനെ വ്യവസായവൽക്കരിച്ചതും വിദ്യഭ്യാസ മേഖലയിലും സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതും ചിത്തിര തിരുനാൾ മഹാരാജാവാണ്. തിരുവനന്തപുരം സർവകലാശാലയുടെ സ്ഥാപകൻ. 1936 നവംബർ 12ന് ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ പുതിയ ചരിത്രമെഴുതി ചിത്തിര തിരുനാൾ. മഹാരാജാവിൻ്റെ ഉറച്ച തീരുമാനം ഒന്ന് കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. ലോകമെമ്പാടും രാജാവിൻ്റെ ഈ തീരുമാനത്തെ വാഴ്ത്തി, കേരളമൊട്ടാകെ സാമൂഹിക പുരോഗതിക്ക് വഴികാട്ടിയ അതിപ്രധാനമായ നാഴികക്കല്ലായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. 1829 ൽ സതി നിരോധിച്ച ശേഷം ഭാരതം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായിരുന്നു ഇത്. ക്ഷേത്രപ്രവേശന വിളംബരം നടത്തുമ്പോൾ ചിത്തിര തിരുനാളിന് 24 വയസായിരുന്നു പ്രായം. " ആധുനിക കാലത്തിൻ്റെ അത്ഭുതം' എന്നാണ് മഹാത്മ ഗാന്ധി ക്ഷേത്രപ്രവേശന വിളംബരത്തെ കുറിച്ച് പറഞ്ഞത്.
ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവമെന്ന് സിരാജഗോപാലാചാരി.
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് (Fact)തുടങ്ങിയ വ്യവസായശാലകൾ ആരംഭിച്ചു. പള്ളിവാസൽ ജലവൈദ്യുത പദ്ധതി, റോഡ് നിർമ്മാണം, ട്രാൻസ്പോർട്ട്, ടെലിഫോൺ സർവീസുകൾ, തേക്കടി വന്യജീവി സങ്കേതം, എന്നിവ ചിത്തിര തിരുനാളിൻ്റെ നേട്ടങ്ങളാണ്. തിരുവനന്തപുരം വിമാന നിലയം, ആദ്യമായി ബോംബൈക്ക് വിമാന സർവീസ് ആരംഭിച്ചു. നിയമനിർമ്മാണ സഭ രൂപീകരിച്ചു. റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. തിരുവനന്തപുരത്ത് 1937ൽ ഭൂപണയബാങ്ക് സ്ഥാപിച്ചു. തെരെഞ്ഞെടുപ്പ് നീതിപൂർവ്വം നടപ്പിലാക്കുന്നതിനായി കമ്മിഷനെ നിയമിച്ചു. സ്വാതി തിരുനാൾ സംഗീത കോളജ് സ്ഥാപിച്ചു. ശ്രി ചിത്ര ആർട് ഗ്യാലറി സ്ഥാപിച്ചു. അക്വേറിയം സ്ഥാപിച്ച് ശാസ്ത്രീയ പഠനത്തിന് വഴിയൊരുക്കി. 1934ൽ ലൈഫ് ഇൻഷുറൻസ് ഡിപ്പാർട്ട്മെൻ്റ് ആരംഭിച്ചു. പബ്ലിക് ഹെല്ത്ത് ലബോറട്ടറി പ്രവർത്തനമാരംഭിച്ചു. തൊഴിലിനു പ്രാധാന്യം നല്കി കൊണ്ട് ലേബർ കോർട്ട് സ്ഥാപിച്ചു. പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ ഭരണ നിർമ്മാണ സമിതി ഇന്ത്യയിൽ ആദ്യമായി തിരുവിതാംകൂറിൽ രൂപികരിച്ചു. നിലവിലുള്ള നായർ ബ്രിഗേഡിൽ എല്ലാ സമുദായക്കാർക്കും പ്രവേശനാവസരം നല്കി വിപുലമാക്കി. ശ്രി ചിത്ര പുവർ ഹോം എന്ന പേരിൽ അഗതിമന്ദിരം സ്ഥാപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആയൂർവേദ കോളേജ്, ഹോമിയോ കോളേജ്, തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥാപിച്ചു. മാതൃ ശിശു രോഗ ചികിത്സയ്ക്കായി ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സ്ഥാപിച്ചു. ശ്രി ചിത്തിര തിരുനാൾ ഇൻസറ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും മറ്റനേകം ചാരിറ്റബിൾ ട്രസ്റ്റുകളും അദ്ദേഹത്തിൻ്റെ സ്വകാര്യ സമ്പത്ത് ഉപയോഗിച്ച് സ്ഥാപിച്ചു. പുരോഗമനപരവും വിപ്ലവകരവുമായ പല ഭരണപരിഷ്കാരങ്ങളും കേരളത്തിൽ നടപ്പിലാക്കിയത് ശ്രീചിത്തിര തിരുനാൾ മഹാരാജാവാണ്. സ്വാതന്ത്ര്യനന്തരം
1949 ൽ ഇന്ത്യൻ യൂണിയനിൽ ലയിച്ച് കൊണ്ട് രാജാവ് ഒപ്പുവെച്ചു. 1949 ൽ തന്നെ രാജാവ് 'രാജപ്രമുഖ് ' ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി. 1956 നവംബർ 1ന് തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻ്റ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്നു. 1971 ജൂലൈ 31 ലെ ഇന്ത്യൻ ഭരണഘടനയുടെ 26ആം ഭേദഗതി പ്രകാരം ഇന്ത്യയിലെ മറ്റ് നാട്ടുരാജാക്കൻമാരോടൊപ്പം തിരുവിതാംകൂർ രാജാവിന് അതുവരെ അനുവദിച്ചിരുന്ന എല്ലാ രാജഅവകാശങ്ങളും നഷ്ടമായി. 1991 ജൂലായ് 12ന് മസ്തിഷ്കാഘാതത്തെ തുടർന്ന് 79 ആം മത്തെ വയസിൽ കേരളം കണ്ട മഹാനായ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ നാടുനീങ്ങി.
തുടർന്ന് അദ്ദേഹത്തിൻ്റെ അനിയൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ രാജാവായി, 2013 ൽ അദ്ദേഹം നാടുനീങ്ങി. നിലവിൽ സഹോദരി പുത്രനായ മൂലം തിരുനാൾ രാമവർമ്മ രണ്ടാമനാണ് തിരുവിതാംകൂർ രാജപദവി അലങ്കരിക്കുന്നത്, അദ്ദഹത്തിൻ്റെ സഹോദരിമാരായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയും, പൂയം തിരുനാൾ ഗൗരി പാർവതി ഭായിയുമാണ് റാണിമാർ, തിരുവിതാംകൂർ ഭരണാധികാരികൾ നടപ്പിലാക്കിയ നവോത്ഥാനപരമായ ഭരണപരിഷ്കാരങ്ങളെ പിൻതുടർന്നാണ് കേരളജനാധിപത്യ ഭരണ സർക്കാർ മുന്നോട്ട് പോകുന്നത്...
No comments:
Post a Comment