11 November 2022

വർക്കല ജനാർദ്ദന സ്വാമി

വർക്കല ജനാർദ്ദന സ്വാമി

ദക്ഷിണ വാരാണസി എന്ന് പുകൾപെറ്റ ഒരു വൈഷ്ണവ സങ്കേതമാണ് വർക്കല ജനാർദ്ദന സ്വാമീ ക്ഷേത്രം. മോക്ഷ ദാദാവായി ജനാർദ്ദന സ്വാമി സമുദ്രതീരത്ത് ഒരു ഉയർന്ന സ്ഥാനത്തു നിലകൊള്ളുന്നു. പിതൃ ദർപ്പണ കർമ്മങ്ങൾ നിർവഹിക്കുന്നതിന് ഒരു മുഖ്യ സ്ഥാനമായി പാപനാശം എന്നറിയപ്പെടുന്ന ഈ കടൽത്തീരം തെരഞ്ഞെടുക്കപ്പെടുന്നത് മുക്തി ദാനൈഃക തത്പരനായ വൈഷ്‌ണവ ഭാവത്തെ ഇവിടെ ആരാധിക്കപ്പെടുന്നതു കൊണ്ടാണ്. തെക്കൻ തിരുവിതാംകൂറിൽ പ്രാമുഖ്യം നല്കപ്പെട്ടിരുന്ന മൂന്ന് വൈഷ്‌ണവ സന്നിധികളായിരുന്നു തിരുവട്ടാർ ആദികേശവഃ പെരുമാൾ ക്ഷേത്രവും, തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവും വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രവും. ഇതിൽ തിരുവട്ടാറും തിരുവനന്തപുരവും ഭാരതത്തിലെ നൂറ്റിയെട്ട് വൈഷ്‌ണവ ദിവ്യ ദേശങ്ങളിൽ പെടുന്നുണ്ടെങ്കിലും വർക്കല അതിൽ ഉൾപ്പെടുന്നില്ല. എന്നിരുന്നാലും അന്യ സംസ്ഥാന വൈഷ്‌ണ പക്ഷക്കാർ മലനാട്ടു വൈഷ്ണവ ദിവ്യ ദേശങ്ങൾ സന്ദർശിക്കുന്ന കൂട്ടത്തിൽ വർക്കലയും സന്ദർശിക്കാറുണ്ട്. തിരുവട്ടാറിലെയും തിരുവനന്തപുരത്തേയും ക്ഷേത്രനിർമ്മിതിയിലും പ്രതിഷ്ഠാ സ്വഭാവത്തിലും ഒട്ടേറെ സമാനതകൾ ഉണ്ട്. വർക്കല ജനാർദ്ദന സ്വാമീ ക്ഷേത്രം ആകാരത്തിൽ മറ്റു രണ്ടു ക്ഷേത്രങ്ങളോട് തുലനം ചെയ്യുക അസാധ്യമാണ്. ക്ഷേത്രമിരിക്കുന്നതു കടൽത്തീരത്തെ ഒരു ഉയർന്ന ഭാഗത്തെ ഒരേക്കറിനകത്തു വിസ്തൃതിയുള്ള സ്ഥാനത്തായതുകൊണ്ടു അതിലുൾക്കൊള്ളുന്ന തരത്തിലുള്ള ആർഭാടമേ ഇവിടെയുള്ളു.ക്ഷേത്രത്തിലെ കൊത്തുപണികളുടെ മികവ് ശ്രീപദ്മനാഭ സ്വാമീ ക്ഷേത്രത്തിനോട് തുല്യം നിൽക്കുന്നതത്രേ. 
                  
കേരളത്തിലെ പ്രാചീനങ്ങളായ മഹാക്ഷേത്രങ്ങളിൽ ഒന്നാണ് വർക്കല ക്ഷേത്രം. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടിട്ടുള്ള ഉണ്ണുനീലി സന്ദേശത്തിൽ വർക്കല സ്വാമിയെകുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിനു മുൻപേ ക്ഷേത്രം വിഖ്യാതമായിരുന്നു എന്നതിന് വേറെ പ്രമാണം ആവശ്യമില്ല. ക്ഷേത്രത്തിന്റെ ഉത്പത്തിയെ കുറിച്ച് പ്രചാരത്തിലുള്ള കഥ ഇങ്ങനെയാണ്. നാരദമുനി വൈകുണ്ഠ ദർശനം കഴിഞ്ഞ് ബ്രഹ്മാവിനെ ദർശിക്കുവാൻ ബ്രഹ്മലോകത്തേക്കു ചെന്നു. നാരദനോടൊപ്പം മഹാവിഷ്ണുവും അദൃശ്യനായി ബ്രഹ്മലോകത്തേക്കു ചെന്നിരുന്നു. തദവസരത്തിൽ ബ്രഹ്മലോകത്തു ഇന്ദ്രാദി ദേവകളും സന്നിഹിതരായിരുന്നു. നാരദനോടൊപ്പം അദൃശ്യനായി ആഗതനായ മഹാവിഷ്ണുവിനെ ബ്രഹ്മാവ് പീഠത്തിൽ നിന്നും എഴുന്നേറ്റു ചെന്ന് വന്ദിച്ചു. അവിടെയുണ്ടായിരുന്ന ദേവകൾക്കു മഹാവിഷ്ണുവിനെ കാണാനാകാഞ്ഞതുകൊണ്ടു ബ്രഹ്മാവ് തന്റെ മാനസ പുത്രനായ നാരദനെ വണങ്ങുന്നതായാണ് തോന്നിയത്. ഇന്ദ്രാദി ദേവകൾ ബ്രഹ്മാവിന്റെ പ്രവൃത്തികണ്ടു പരിഹാസത്തോടെ ചിരിക്കുകയും അദ്ദേഹത്തിന് സ്വബോധം നഷ്ടപ്പെട്ടുവോ എന്നാരായുകയും ചെയ്തു. ഇതിൽ ക്രുദ്ധനായ ബ്രഹ്മാവ് ദേവന്മാരെ ശപിച്ചു "അഹങ്കാരം കൊണ്ടു അന്ധരായി തീർന്ന നിങ്ങൾക്ക് നാരദനോടൊപ്പം ആഗതനായ മഹാവിഷ്ണു അദൃശ്യനായി ഭവിച്ചു. അതുകൊണ്ട് നിങ്ങൾ ഭൂലോകത്തു ചെന്ന് വാണുകൊള്ളുക. " ദേവന്മാർക്ക് ഇങ്ങനെ വിഷമ സ്ഥിതിയുണ്ടായതിൽ നാരദനും വളരെ വിഷമം തോന്നി. ശാപമോചനത്തിനുള്ള ഉപായം അദ്ദേഹം പറഞ്ഞുകൊടുത്തു. തന്റെ ശരീരത്തിലണിഞ്ഞിരുന്ന വൽക്കലം ഭൂമിയിലേക്കെറിഞ്ഞു. അത്‌ പതിക്കുന്ന ഭാഗത്തുപോയി തപം ചെയ്തുകൊണ്ട് മുക്തി വരുത്തുവാൻ അദ്ദേഹം പറഞ്ഞു. വൽക്കലം പതിച്ച സ്ഥാനമാണ് വർക്കല ആയി തീർന്നതെന്നാണ് വിശ്വാസം. ദേവകൾ വർക്കലയിൽ തപസ്സു ചെയ്തു. തപസ്സു പൂർത്തിയായ കാലത്തിൽ ബ്രഹ്‌മാവിന്റെ അദ്ധ്യക്ഷതയിൽ ഒരു യാഗം നടത്തി. യാഗം നടത്തുമ്പോൾ ദേവേന്ദ്രന് അല്പം അഹങ്കാരം ഉള്ളിൽ ബാക്കി കിടന്നു. യാഗശാലയിൽ എല്ലാ ആർഭാടങ്ങളും ഉണ്ടായിരുന്നു. എല്ലാവർക്കും ഊട്ടാനുള്ള വകകളും താൻ അന്നദാന പന്തലിൽ സമാഹരിച്ചിട്ടുണ്ട് എന്ന മേനിയും നടിച്ചിരിക്കുമ്പോഴാണ് അവിടേക്കു ഒരു വൃദ്ധ താപസൻ ആഗതനാകുന്നത്. അദ്ദേഹത്തിന് വിശപ്പിനാഹാരം നൽകുവാൻ അഗ്രശാലയിൽ ഇന്ദ്രൻ ഏർപ്പാടുണ്ടാക്കി. അവിടെ സമാഹരിച്ച മുഴുവൻ വിഭവങ്ങളും വൃദ്ധന് വിളമ്പിക്കൊടുത്തിട്ടും പശി അടക്കുവാൻ ദേവകൾക്ക് കഴിഞ്ഞില്ല. തന്റെ തെറ്റ് ബോദ്ധ്യപ്പെട്ട് ദേവേന്ദ്രൻ വൃദ്ധന്റെ കാൽക്കൽ വീണു. വൃദ്ധനായി വന്ന ജനാർദ്ദന സ്വാമി വിശ്വരൂപ ദർശനം നൽകി ദേവകളെ അനുഗ്രഹിച്ചു. ഈ കഥ ചരിത്രത്തിന്റെ ഭാഗമല്ല. എന്തായാലും പ്രാചീന കാലത്തുതന്നെ ഒരു തീർത്ഥ ഘട്ടമായി വർക്കല പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ക്ഷേത്ര പരിസരത്ത് നിന്ന് ഒരു നീരുറവ ഒരു ചെറിയ കുണ്ടിലേക്കു പതിക്കുന്നു. ചക്ര തീർത്ഥമെന്നറിയപ്പെടുന്ന ആ ഉറവ ചെറിയ കുണ്ടിൽ നിന്നും കവിഞ്ഞു പ്രധാന സരസിലേക്കു അനവരദം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. മഹാഭാരത യുദ്ധകാലത്തു ബലരാമൻ തീർത്ഥാടനത്തിലായിരുന്നു എന്നാണ് മഹാഭാരതത്തിലെ സൂചന. കന്യാകുമാരിയിൽ തീർത്ഥാടനം നടത്തിയിട്ടുള്ളതായി അതിൽ സൂചനയുണ്ട്. ഒപ്പം പറയുന്ന തീർത്ഥങ്ങളിലൊന്ന് വർക്കലയിലെ ചക്ര തീർത്ഥമാണ് എന്ന് കരുതി വരുന്നു. 
                
ഇവിടെ ആരാധന ആരംഭിച്ചത് ഏതു കാലഘട്ടത്തിലായിരുന്നു എന്ന് കണക്കാക്കുവാൻ ചരിത്ര രേഖകൾ ഇല്ല. എന്നാൽ ആദ്യം പണികഴിപ്പിച്ച ക്ഷേത്രം കടൽ ക്ഷോഭത്തിൽ തകർന്നു എന്ന് പറയപ്പെടുന്നു. ഒരു പാണ്ഡ്യ രാജാവിന് ഉണ്ടായ സ്വപ്ന ദർശനത്തിന്റെ ഭാഗമായി വീണ്ടുമൊരു ക്ഷേത്രം ഇവിടെ പണികഴിപ്പിച്ചു. അവിടെ പുനഃപ്രതിഷ്ഠ നടത്തുവാൻ പുതിയ വിഗ്രഹവും പണികഴിപ്പിച്ചു. ആദ്യമേ ഉപാസിച്ചിരുന്ന വിഗ്രഹം കടലിലിൽ നിന്നും വീണ്ടുകിട്ടി. വിഗ്രഹത്തിന്റെ വലം കയ്യുകളിൽ ഒന്ന് അടർന്നു പോയ നിലയിലായതുകൊണ്ടു അത്‌ പ്രതിഷ്ഠിക്കുവാൻ രാജാവ് തയ്യാറായില്ല. കൈ അടർന്നു മാറിയെങ്കിലും ചൈതന്യ പൂർണമായ പഴയ വിഗ്രഹം തന്നെ പ്രതിഷ്ഠിച്ചാൽ മതിയെന്ന് രാജാവിനു ഭഗവാന്റെ അരുളപ്പാടുണ്ടായതുകൊണ്ടു പഴയ വിഗ്രഹത്തിന്റെ അടർന്ന ഭാഗം ലോഹം കൊണ്ടു പൊതിഞ്ഞു അത്‌ തന്നെ പ്രതിഷ്ഠിച്ചു. ഇവിടെ ശംഖു ചക്ര കൗമോദകി ധാരിയായ ഭഗവാന്റെ കയ്യിൽ താമരയില്ല. പകരം മോക്ഷ ദാതാവായ സ്വാമി തീർത്ഥമാണ് വഹിക്കുന്നത്. രാജാവ് പുനഃപ്രതിഷ്ഠയ്ക്കായി നിർമ്മിച്ച വിഗ്രഹം കല്ലമ്പലത്തിനടുത്തു തിരു നാരായണപുരം എന്ന പേരിൽ ക്ഷേത്രമുണ്ടാക്കി അവിടെ പ്രതിഷ്ഠിച്ചു. കുഷ്ഠ രോഗ ഗ്രസ്തനായ രാജാവിനു വർക്കല ക്ഷേത്ര പുനർനിർമ്മാണത്തോടെ രോഗമുക്തിയും ലഭിച്ചു. 
          
കേരളീയ ശൈലിയിലുള്ള ഗോപുരം കടന്ന് ചെന്നാൽ പന്തലിച്ചു നിൽക്കുന്ന പേരാലും അതിന് ചുവട്ടിലായി ചില സർപ്പ പ്രതിഷ്ഠകളും കാണാം.കേരള വർമ്മ വലിയ കോയി തമ്പുരാന്റെ മയൂര സന്ദേശത്തിൽ വർക്കല ക്ഷേത്രത്തിലെ ഈ സർപ്പ പ്രതിഷ്ഠകളെ പ്രത്യേകം പ്രതിപാദിക്കുന്നു. മയിലിനോട് സർപ്പങ്ങളെ ഉപദ്രവിക്കരുത് എന്ന് പറയുന്നുണ്ട് കവി. സ്വർണ ധ്വജവും കണ്ടു ചെന്നാൽ പിന്നെ ശില്പ ഭംഗിയിൽ മുന്നിട്ടു നിൽക്കുന്ന ബലിക്കൽപ്പുരയാണ്. നാലമ്പലം പ്രാചീന ക്ഷേത്രങ്ങളിലേതുപോലെ കരിങ്കല്ലിൽ നിർമ്മിച്ചിട്ടുള്ളതും കല്ലിൽ നിർമ്മിച്ചിട്ടുള്ള ചുറ്റുവിളക്കുക്കൾ ഭിത്തിയോട് ചേർത്തു കൊത്തിവച്ചിട്ടുള്ളതുമാണ്. നമസ്കാരമണ്ഡപവും വട്ട ശ്രീകോവിലും ചെമ്പ് മേഞ്ഞു ഭദ്രമാക്കിയിരിക്കുന്നു. നാലമ്പലത്തിനു വെളിയിൽ തെക്കു പടിഞ്ഞാറു ഗണപതിയുടേയും ശാസ്‌താവിന്റേയും ഉപദേവാലയങ്ങൾ. ഒരു നാഗ പ്രതിഷ്ഠ ഈ ഉപദേവാലയങ്ങൾക്കു സമീപത്തായി മേൽക്കൂരയില്ലാത്ത ഒരു ആലയത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വടക്കു കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന മഹാദേവ സന്നിധിയാണ് ഉപദേവാലയങ്ങളിൽ ഏറ്റവും വലുത്. അതിന് സമീപത്തായി ഒരു സർപ്പഗന്ധി വൃക്ഷവും അതിന്റെ ചുവട്ടിൽ കന്യാവിനു സ്ഥാനവുമുണ്ട്. ജനാർദ്ദന സ്വാമി കിഴക്കഭിമുഖമായി നിലകൊള്ളുന്നു. വിശേഷ ദിവസങ്ങളിൽ നരസിംഹ രൂപത്തിലും വേണുഗോപാല രൂപത്തിലും മോഹിനി രൂപത്തിലും ഇവിടെ മുഴുക്കാപ്പ് ചാർത്താറുണ്ട്. 
                 
മീനമാസത്തിലെ ഉത്രം ആറാട്ടായി പത്തു ദിവസത്തെ ഉത്സവം ഗംഭീരമായി കൊണ്ടാടുന്നു. കർക്കിടകത്തിലെ പിതൃ ദർപ്പണത്തിനു പാപനാശം കടപ്പുറത്തു പതിനായിരങ്ങൾ വന്നു കൂടുന്നു.

No comments:

Post a Comment