ആചാരങ്ങളും അനുഷ്ടാനങ്ങളൂമെല്ലാം തലമുറകളായി കൈമാറിവന്ന പൈതൃക സമ്പത്തായി കരുതിപ്പോരുന്നു. ഫലപ്രാപ്തികണ്ടിട്ടുള്ള ആരാധന ക്രമേണ ആ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ആചാരമായി തുടരുകയും പിന്നീട് മൂന്നു തലമുറയ്ക്കുമുകളിൽ ആചരിക്കുന്ന ഇത്തരം ആചാരങ്ങൾ അനുഷ്ടാനമായി മാറുന്നു. അപ്പോൾ ഇതിൽ പലതും യാതൊരു മതഗ്രന്ഥത്തിന്റെയും അടിസ്ഥാനമൊന്നുമുണ്ടാകണമെന്നില്ല. ഇതു കൊണ്ട് പലപുതുമതങ്ങളും ആരാധനാ ചടങ്ങുകളെ ഏകീകരിച്ച് ഒന്നാക്കി മാറ്റിയതും അത് തുടർന്നുകൊണ്ടിരിക്കുന്നതും. കാര്യം എന്തെക്കെയായാലും എങ്ങനെയാണ് ? ആരെയാണ്? ആരാധിക്കേണ്ടത് ആരുചെയ്യുന്നതണ് ശരി എന്നതിനുത്തരം സകല മതങ്ങളുടെയും മാതാവായ സനാതന ധർമ്മത്തിൽ വളരെ വ്യക്തമായ ധാരണകളുണ്ട്. സകലതും ശരിയാണെന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത് ഗീതയിലൂടെപ്പറയുന്നത്. എന്നാൽ ഈശ്വരപ്രീതി ലക്ഷ്യമാക്കിയുള്ള ഏതു കർമ്മത്തിലൂടെയായാലും അതിലെ ആത്മാർത്ഥതയുടെ അളവായിരിക്കും അതിന്റെ ഗുണഫലത്തിന്റെ അടിസ്ഥാനം. അരൂപിയായ ഭഗവാനെ ഏതു രൂപത്തിലും ഭാവത്തിലും അവരവരുടെ ഹിതത്തിനനസരിച്ച് വിളിക്കാം. എന്നാൽ ലോകത്തെ ഒരോ പ്രകൃതിശക്തിയേയും ദേവതകളായിക്കണ്ട് ഓരോ ലക്ഷ്യങ്ങൾ നേടാനായി അത്തരം ശക്തികളെ പ്രീതിപ്പെടുത്തുവാനായി അതാതിന്റെ വിധിപ്രകാരമുള്ളകർമ്മങ്ങൾ ചെയ്യുകയും അതിലൂടെ ആഗ്രഹസാഫല്യം സാധിക്കുകയും ചെയ്യുന്നു. ഇതെല്ലാം സകലദേവതകളേയും സ്വന്തം ശരീരത്തിലൊതുക്കിയിരിക്കുന്ന ഭഗവാനെ സംബന്ധിച്ചിടത്തോളം എല്ലാം ഭഗവാനിലേക്കു തന്നെയാണ് എത്തിയതും ഭഗവാൻ തന്നെയാണ് അവരുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുത്തതും. അപ്പോൾ ഭഗവത് പ്രീതിക്കായിചെയ്യുന്ന സകലകർമ്മങ്ങളും ഭഗവാൻ സ്വീകരിക്കുന്നു എന്നർത്ഥം. അതുകൊണ്ട് ആരൊക്കെ എങ്ങനെയൊക്കെ പ്രാർത്ഥിച്ചാലും അതെല്ലാം ഭഗവാന്റെ ഓരോ ഭാവത്തെത്തന്നെയാണെന്നും മനസ്സിലാക്കുകയും അതിനെ ബഹുമാനത്തോടെ കാണുകയും വേണം. എന്നാൽ ഭഗവാനെയറിഞ്ഞവൻ ഭഗവാനിലേക്കുള്ള അത്യന്തികമായ ലയനം തന്നെയാണെന്നും അതിൽ ഭൗതികസുഖങ്ങൾക്ക് ഒട്ടു സ്ഥാനമില്ലാത്തതാണെന്നും തിരിച്ചറിഞ്ഞ് വിവേകത്തോടെ മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ചുകണ്ടെത്തി പിന്തുടരുകയാണു വേണ്ടതു്. ഭൗതികമായി നേടുന്നതെല്ലാം നശ്വരങ്ങളും സംസാരബന്ധനങ്ങളുമുണ്ടാക്കുന്നതാണെന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്.
No comments:
Post a Comment