18 June 2022

ശിവലിംഗമെന്നതിന്റെ പൊരുൾ

ശിവലിംഗമെന്നതിന്റെ പൊരുൾ

യോഗിനീ ഹൃദയത്തിൽ ലിംഗമെന്ന പദത്തിന്റെ വ്യാഖ്യാനം ഇങ്ങനെയാണ്.

 "ചിത്സ്ഫുരിതാ ധാരത്വം"

ലിംഗമെന്നത് മനസ്സ്, അഹങ്കാരം, ബുദ്ധി, ഇവയെയും കുറിക്കുന്നു.

മനുഷ്യരൂപത്തിലുള്ള ശിവ ബിംബം 2 വിധം.
ഒന്ന് - ഏകമുഖം.
രണ്ട് - പഞ്ചമുഖം.

ലിംഗങ്ങൾ അഞ്ച് രൂപത്തിൽ കാണപ്പെടുന്നു.

1. സ്വയംഭൂലിംഗം
2. ബിന്ദുലിംഗം
3. പ്രതിഷ്ഠാലിംഗം
4. പരലിംഗം
5. ഗുരുലിംഗം

സ്വയംഭൂലിംഗം:- 

പേർ സൂചിപ്പിക്കുന്നതിൻ പ്രകാരം ഭൂമിയിൽ സ്വയമേൽ ഉണ്ടായവയാണ് ഇത്.

ബിന്ദുലിംഗം:-

പ്രണവമന്ത്രം ഒരു പ്രത്യേക മാത്രാക്രമത്തിൽ ജപിക്കുമ്പോൾ ബിന്ദു ലിംഗം മനസ്സിൽ പ്രത്യക്ഷപ്പെടുകയും, മറ്റൊരു മാത്രയിൽ പഞ്ചാക്ഷരിമന്ത്രം ഇതിൽ കേന്ദ്രീകരിച്ച് ജപിക്കുകയും ചെയ്യുമ്പോൾ ശിവ സാന്നിധ്യം അനുഭവപ്പെടുന്നു.

പ്രതിഷ്ഠാലിംഗം:- 

ക്ഷേത്രങ്ങളിൽ ഉള്ള ശിവലിംഗങ്ങൾക്ക് 3 ഭാഗങ്ങളുണ്ട്. ഏറ്റവും താഴെ കാണപ്പെടുന്ന ചതുരശ്ര ഭാഗമാണ് ബ്രഹ്മഭാഗം.
മധ്യഭാഗമാണ് അഷ്ടാശ്രഭാഗം: വിഷ്ണു ഭാഗം.
ഈ രണ്ട് ഭാഗങ്ങളും പീഠത്താൽ മറയ്ക്കപ്പെടുന്നു. പീഠമുകളിൽ കാണപ്പെടുന്ന ഭാഗമാണ് വർത്തുളഭാഗം. ഇതാണ് രുദ്രഭാഗം. ഈ പൂജാ ഭാഗമെന്ന രുദ്രഭാഗത്ത് കാണപ്പെടുന്ന രേഖകളെ ബ്രഹ്മസൂത്രങ്ങളെന്നു പേർ പറയും.

പരലിംഗം:-

പരലിംഗം 3 തരം
1. രസലിംഗം:- ബ്രഹ്മപദപ്രാപ്തിക്ക് ഉപയോഗിക്കുന്നു.

2. സുവർണ്ണലിംഗം :- ഐശ്വര്യ വർദ്ധനവിന് ആരാധിക്കുന്നു.

 3. ബാണലിംഗം:- രാജാക്കന്മാർ, യോദ്ധാക്കൾ ഇവർ വിജയത്തിനായി ആരാധിക്കുന്നു.

ഗുരുലിംഗം:-

ആഗ്രഹങ്ങൾക്കതീതനും, മനസ്സിനെ നിയന്ത്രിച്ചവനും, ദിവ്യദർശനം ലഭിച്ചവനും, മറ്റുള്ളവരുടെ ദു:ഖത്തെയകറ്റുന്നവനും ആയ ഗുരുനാഥന്റെ പ്രതീകമാണിത്.

കൂടാതെ 5 പഞ്ചഭൂതലിംഗങ്ങൾ, 12 ജ്യോതിർലിംഗങ്ങൾ ഇവയും കാണപ്പെടുന്നു. ലിംഗം അണ്ഡാകൃതി പ്രതീകമാണ്. പ്രകൃതി, പുരുഷ സംയോഗ പ്രതീകമാണിത്. മനസ്സ് ഒരു വസ്തുവിൽ പൂർണ്ണമായും ഏകാഗ്രതയാകുമ്പോൾ മനസ്സിൽ ലിംഗ പ്രതീതിയുണ്ടാകുന്നു. ആനന്ദത്തിന്റെ മറ്റൊരു ഭാവമാണിത്. പ്രപഞ്ചത്തിന്റെ അകവും, പുറവും വ്യാപിച്ചു നിലകൊള്ളുന്ന ശിവലിംഗം പ്രാപഞ്ചിക ഊർജ്ജത്തിന്റെ കേദാരമാണ്. 

       

No comments:

Post a Comment