23 June 2022

സരസ്വതീ വൈഭവം

സരസ്വതീ വൈഭവം

വിദ്യാർത്ഥികൾക്ക് മാത്രമല്ല സരസ്വതീദേവീകടാക്ഷം പണ്ഡിത പാമരർ എന്നിങ്ങനെ സകലർക്കും അത്യന്താപേക്ഷിതമാണ്. നമ്മുടെ ദൈനംദിനചര്യകളെല്ലാം വാക്കുകളെ അല്ലെങ്കിൽ ശബ്ദത്തെ ആസ്പദമാക്കിയാണ് നടന്നുവരുന്നത്. ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും ഇപ്പറഞ്ഞതിൽ നിന്ന് വ്യത്യസ്തമല്ല. വിവിധ ലിപികൾ, വിവിധ ഭാഷകൾ, പക്ഷിമൃഗാദികളുടെ വ്യത്യസ്ത ശബ്ദങ്ങൾ, സാങ്കേതികമായ ലിപികളും ചിഹ്നങ്ങളുമെല്ലാം വാക്ക് അല്ലെങ്കിൽ ശബ്ദങ്ങളാണ്. ഇവയുടെയെല്ലാം അടിസ്ഥാനം അല്ലെങ്കിൽ കാരണമായിട്ടുള്ളത് സരസ്വതീദേവിയുടെ വൈഭവമാണ്. ദേവിയുടെ നിരന്തരമായ കൃപാകടാക്ഷത്താലാണ് ലോകവ്യവഹാരങ്ങൾ നടന്നുവരുന്നത്.

വിദ്യയുടെ സ്വരൂപവും പ്രവൃത്തികളുടെ കാരണവും സംസാരവിദ്യ, ഭരണവിദ്യ, ന്യായവിദ്യ, ശിക്ഷാശാസ്ത്രം മുതലായ വിദ്യകളുടെ അധിദേവതയുമായ വാണീഭഗവതിയെ നിത്യം ആരാധിക്കുന്നത് ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കു കൂടുതൽ അനുഗ്രഹസിദ്ധി നേടിത്തരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 

മനുഷ്യശരീരത്തിൽ സരസ്വതീദേവി അല്ലെങ്കിൽ വാണീദേവി കുടികൊള്ളുന്നതായി സങ്കല്പിക്കപ്പെടുന്നു. പ്രകടമായ രൂപത്തിൽ നാവിൻതുമ്പത്തും, കണ്ഠനാളത്തിലുമാണ് ദേവി കുടികൊണ്ടരുളിച്ചെയ്യുന്നത്. നാവ് ശബ്ദത്തിന്റെയും രസത്തിന്റെയും സ്വരൂപമാണ്. ശബ്ദവും രസവും സരസ്വതീപ്രസാദമാണെന്നു വിശ്വസിച്ചുപോരുന്നു. നമ്മുടെ ദേഹത്ത് സൂക്ഷ്മരൂപത്തിൽ സരസ്വതീദേവി രണ്ടിടങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ട്. ആജ്ഞാചകത്തിലും സഹസാരത്തിലുമാണത്. പുരികങ്ങൾക്കു മധ്യേയാണ് ആജ്ഞാചകം, തലയിലെ "ഉച്ചി' എന്ന സ്ഥാനമാണ് സഹസാരം. ഈ ഇരു സ്ഥാനങ്ങളിലും സരസ്വതീദേവി ശക്തിപദയാണെന്നു യോഗാചാര്യന്മാർ പറഞ്ഞിട്ടുണ്ട്. ഏതൊരു പവിത്രമായ പൊരുൾ കാണപ്പെട്ടാലും തൊട്ടു നെറ്റിയിലും നെറുകയിലോ വയ്ക്കുന്ന ഒരു ആചാരം നമ്മുടെ ഇടയിലുണ്ടായിട്ടുണ്ട്. ഇപ്രകാരം പല ആചാരങ്ങളുടെയും നന്മകളുടെയും മൂലാധാരപ്പൊരുളായ വാണീസരസ്വതീദേവിയുടെ തിരുനാമമന്ത്രങ്ങളും ധ്യാനോപാസനമന്തങ്ങളും നിത്യേന ഉരുവിട്ട് ധന്യരാവുക.



No comments:

Post a Comment