ആധുനിക ലോകത്തോട് വേദങ്ങൾക്ക് ചിലതു പറയാനുണ്ട്. അസാധാരണമെന്ന് നമുക്ക് തോന്നാവുന്ന അത്തരത്തിലുള്ള ഒരുപദേശം ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. നമുക്ക് നമ്മോടുതന്നെ ഒന്നു സംവദിക്കാൻ ഈ മന്ത്രം ഏറെ പ്രയോജനം ചെയ്യും.
ഓം ഉലൂകയാതുo ശുശുലുകായതും
ജഹി ശ്വയാതുമുത കോകയാതുമ്
സുപർണ്ണയാതുമുത ഗൃത്രയാതും
ദൃഷദേവ പ്രമൃണ രക്ഷ ഇന്ദ്ര
ഋഗ്വേദത്തിലും (7.104.22) അഥർവ്വവേദത്തിലും (8.4.22) ഒരുപോലെ കടന്നുവരുന്ന അസാധാരണ മന്ത്രം. വസിഷ്ഠനാണ് ഈ മന്ത്രത്തിന്റെ ദൃഷ്ടാവ്. എന്താണീ മന്ത്രത്തിന്റെ അർത്ഥമെന്നു നമുക്കു നോക്കാം. നമ്മുടെ ഉള്ളിലെ ഈ ആറു രാക്ഷസന്മാർ ആരെല്ലാമാണെന്നു നോക്കാം.
1. മൂങ്ങയെപോലെ ബുദ്ധിശൂന്യമായി പ്രവർത്തിക്കുക, (ഉലൂകയാതും)
2 . ചെന്നായെപോലെ ക്രൂരമായി പ്രവർത്തിക്കുക, (ശുശുലൂകയാതും)
3.പട്ടിയെപ്പോലെ അന്യോന്യം മത്സരിക്കുകയും മനുഷ്യന്റെ മുൻപിൽ വാലാട്ടുകയും ചെയ്യുക, (ശ്വയാതും)
4. ചക്രവാകപ്പക്ഷിയെപോലെ കാമത്തോടെ പെരുമാറുക, (കോകയാതു)
5. ഗരുഡനെപോലെ ഗർവ്വോടും അഹങ്കാരത്തോടും ജീവിക്കുക,
6. കഴുകനെപോലെ അന്യന്റെ ശവം കൊണ്ട് ജീവിക്കുക.
ഈ ആറു രാക്ഷസന്മാരാണ് ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. ഇവ നമ്മെ കീഴടക്കുന്നുണ്ടോ എന്ന് നാം വാരം വാരം ചിന്തിച്ചുകൊണ്ടേ ഇരിക്കണം. പ്രാണനാണ് വസിഷ്ഠനെന്ന് ഏവർക്കും അറിയാമല്ലോ. 'പ്രാണോ വൈ വസിഷ്ഠഹ:' എന്ന് പറയാറുണ്ട്. നമ്മുടെ പ്രാണന് സുഖവും സന്തോഷവും ഉണ്ടാകുമ്പോഴേ മനസ്സും ആത്മാവും ശാന്തമാവുകയുള്ളൂ.
നാം പറഞ്ഞു ഇന്നിന്റെ ലോകം ഭയാനകമായ സങ്കുചിത വിചാരങ്ങളാൽ മൂടപ്പെട്ടിട്ടുള്ളതാണെന്ന്. എന്നാൽ എങ്ങനെ. ഏതുവിധത്തിലാണ് ആ ഭയങ്കരത നടമാടുന്നതെന്നാണ് ഈ മന്ത്രം നമ്മെ പഠിപ്പിക്കുന്നത്. സാർവ്വജനീനമാണ് വേദത്തിലെ ഉക്തികൾ. മൂങ്ങയും, ചെന്നായയും, പട്ടിയും, ചക്രവാക പക്ഷിയും, ഗരുഡനും, കഴുകനും നമ്മുടെ മനസ്സിൽ കയറിക്കൂടാതെ അനുനിമിഷം കാത്തു സൂക്ഷിക്കുക!
1 . ഉലൂകയാതും ( മൂങ്ങ )
മൂങ്ങക്ക് പ്രകാശത്തെ പേടിയാണ്. സത്യത്തിന്റെ പ്രതീകമാണല്ലോ പ്രകാശം. സത്യമാകുന്നു പ്രകാശത്തെ പിടിക്കുമ്പോൾ സത്യത്തെ വെറുക്കുന്നവരായി നാം മാറും. സത്യത്തെ നാം അംഗീകരിച്ചേ പറ്റൂ. ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സത്യത്തിനു നേരെ പുറംതിരിഞ്ഞു നിൽക്കരുത്. പ്രകൃതിയിൽ സംഭവിക്കേണ്ടതാണ് സംഭവിക്കുന്നത്.
സത്യത്തെ ത്യജിക്കുന്നതിലൂടെ ഈശ്വരനെയാണ് നാം ത്യജിക്കുന്നത്. സത്യത്തെ ആശ്ലേഷിക്കാത്തവന് എങ്ങനെ ഭക്തിയും ആധ്യാത്മികതയും ഉണ്ടാവും. ഈ ലോകത്തു നമുക്കു കിട്ടുന്നതെല്ലാം ജന്മജന്മാന്തരങ്ങളായി നാം ആർജ്ജിച്ച പാപപുണ്ണ്യ ഫലങ്ങളാണ്. ആ ഫലം നാം കഴിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സദാ ഓർക്കുക.
2 . ശുശുലൂകയാതും ( ചെന്നായ് )
ക്രൂരതയാണ് നമ്മുടെ മനസ്സിനെ സമാവേശിക്കുന്ന രണ്ടാമത്തെ രാക്ഷസൻ. ഇത് ചെന്നായെപോലെയാണ്. ചെന്നായ് യാതൊരു മനസ്സലിവുമില്ലാതെ പ്രവർത്തിക്കുന്നു. നമ്മിൽ ചിലരെങ്കിലും ഇത്തരം കാര്യങ്ങളിൽ ചെന്നു വീഴാറുണ്ട്. അപ്പോൾ നമ്മിൽ സ്നേഹത്തിന്റെ തരിമ്പും വന്നു കേറില്ല.
നോക്കൂ നാം ആരോടെങ്കിലുമൊക്കെ ക്രൂരതയോടു പെരുമാറിയതിനുശേഷം ഈശ്വരപ്രാർത്ഥന നടത്തിയതുകൊണ്ട് വല്ല പ്രയോജനവുമുണ്ടാകുമോ? ക്രൂരത മനസ്സിലുള്ളവനെ ഭക്തിയോ സ്നേഹമോ ഉണ്ടാകുമോ? ഭക്തിയും സ്നേഹവും ഉണ്ടാകണമെങ്കിൽ ക്രൂരത എന്ന ചെന്നായെ മനസ്സിൽ നിന്ന് കുടിയിറക്കി വിടാൻ കഴിയണം. സ്വന്തം മകനോടോ ഭാര്യയോടോ ഭർത്താവിനോടോ പോലും സൗമ്യമായി ഇടപഴകാൻ കഴിയാതെ ചെന്നായ് വന്നുകുടിയിരിക്കുന്ന മനസ്സുകളെ നമുക്ക് പത്രത്താളുകളിൽ വായിച്ചറിയാം.
3 . ശ്വയാതും (നായയുടെ സ്വഭാവം)
മൂന്നമത്തെ രാക്ഷസൻ നായയാണ്. അന്യോന്യം മത്സരിക്കുന്ന സ്വാഭാവമാണ് നായ്ക്കുള്ളത്. ഭക്തിയും ആധ്യാത്മികതയും ഉള്ളിടത്തു മത്സരത്തിനെന്തു പ്രസക്തി? ലോകത്തെ ആകമാനം സ്നേഹിക്കാൻ നാം ഒരുമ്പെടുമ്പോൾ അവിടെ മത്സരത്തിനെന്താണ് കാര്യം? മറ്റൊരാളേക്കാൾ നന്നായി ചെയ്യാൻ പരിശ്രമിക്കുന്നതിലാണ് മത്സരം ആരംഭിക്കുന്നത്. പക്ഷെ ഉദ്ദേശിച്ച ശുദ്ധിയിലല്ല കാര്യങ്ങൾ ചെന്നെത്തുക.
മത്സരങ്ങളെല്ലാം സ്വയം നേടിയെടുക്കാനും വെട്ടിപ്പിടിക്കാനുമാണ്. ഏറ്റവും നല്ലതു ഹൃദയത്തെ നേടുന്നതാണ്. സ്വഹൃദയത്തിൽ നായ് ഇരിക്കുന്നുണ്ടെങ്കിൽ അത് മത്സരിക്കാൻ ശ്രമിക്കും. ഒരു സാധകൻ ആദ്യമെടുക്കേണ്ട തീരുമാനം ഈ നായ സ്വഭാവം സ്വാഹൃദയത്തിൽ നിന്നെടുത്തു കളയാനാണ്? നമുക്ക് കൂടുതൽ കൂടുതൽ ദത്തശ്രദ്ധരായി നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കാം.
അവിടെ മൂങ്ങക്ക് സ്ഥാനമില്ല, ചെന്നായ്ക്കു സ്ഥാനമില്ല, നായ്ക്കും സ്ഥാനമില്ല. നായുടെ മറ്റൊരു ദൂഷ്യ ഗുണം അത് യജമാനന്റെ മുൻപിൽ വാലാട്ടി നിൽക്കും. സ്വന്തം കാര്യത്തിന് ആരുടെ മുൻപിലും സ്വന്തം നില മറന്ന്, താനെന്തെന്നു തിരിച്ചറിയാതെ വാലാട്ടി നിൽക്കുന്ന പട്ടിയായി നാം മാറരുത്. തന്റെ നേട്ടങ്ങൾ തന്നെ തേടി വരുമ്പോൾ നമ്രശിരസ്കനായി അവ സ്വീകരിക്കാം. എന്നാൽ വാലാട്ടിപട്ടിയായി സ്വന്തം കാര്യങ്ങൾക്കു വേണ്ടി എന്തു കുതികാൽവെട്ടിനും ഒരു ഭക്തനോ സാധകനോ ഒരുങ്ങി പുറപ്പാടെരുത്.
4 . കോകയാതു (ചക്രവാകപക്ഷിയോ ഹംസമോ)
മനുഷ്യമനസ്സിനെ മദിക്കുന്ന നാലാമത്തെ രാക്ഷസൻ കാമമാണ്. ചക്രവാകപ്പക്ഷിയും ഹംസവും കാമാതുരതയുടെ പ്രതീകങ്ങളാണ്. നമ്മുടെ സമൂഹത്തിലേക്ക് നോക്കുക. അവിടെ 75 കാരനും 80 കാരനും വളരെ കാമാതുരമായി പെരുമാറുന്നു. ഭക്തിവേണ്ട സ്നേഹം വേണ്ട. അവയെല്ലാം അന്ധവിശ്വാസമാണെന്ന് പറഞ്ഞു നാം. ഭക്തിയുടെ സ്ഥാനത്ത് ഭഗവാന്റെ സ്ഥാനത്ത് ഇന്ന് കാമാതുരത താണ്ഡവനൃത്തം നടത്തുന്നു.
അതിന്റെ ലാസ്യത്തിൽ നേഴ്‌സറി കുഞ്ഞുങ്ങൾ തൊട്ട് 80 കാരൻ വരെ, അദ്ധ്യാപകൻ തൊട്ട് മന്ത്രിവരെ മുഴുകിയിരിക്കുന്നു. ഈ രാക്ഷസനെ നാം കുടിയൊഴിപ്പിക്കണം നമ്മുടെ ഹൃദയങ്ങളിൽ നിന്ന്. ഹൃദയത്തിൽ കമങ്ങൾ ആഗ്രഹങ്ങൾ കടന്നുവരുന്നതോടെ നമ്മുടെ ഉള്ളിലെ പരാശക്തി അപ്രത്യക്ഷമാകുന്നു. ചണ്ഡമുണ്ഡന്മാർ അവിടേക്കു കുടിയേറുന്നു. ചെറുതെങ്കിലും ആഗ്രഹങ്ങൾ ചക്രവാക പക്ഷിയെപ്പോലെ നമ്മെ കീഴടക്കുമെന്ന് തീർച്ച.
5. സുപർണയാതു (ഗരുഡൻ)
അഞ്ചാമത്തെ രാക്ഷസൻ ഗരുഡനെപോലെ അഹങ്കാരമാണ്. അഹങ്കാരം ഒരു സാധനക്കും തപസ്സിനും മുന്നോട്ടുപോകാൻ കഴിയാത്തത്ര ശക്തമായ രാക്ഷസവൃത്തിയാണ്. സാധന ആരംഭിക്കുമ്പോൾ അതിന്റെ ഗതിവിഗതികളിൽ ഭക്തി കുറയുന്നതോടെ അഹങ്കാരം വർദ്ധിക്കും. ഗർവ്വിനതിരുകളില്ല.
തൻ സാധന ചെയ്യുന്നവനാണ്. താൻ ഇങ്ങനെ ചെയ്താൽ ഇന്ന ഫലങ്ങളുണ്ടാകും. അതിനാൽ തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. എന്നിത്യാദി ഗർവ്വുകൾ സാധകൻ പിടികൂടും. ചിലർ പണത്തിന്റെ കാര്യത്തിലാണ് ഈ ഗർവ്വുകാട്ടുക. മറ്റു ചിലരാകട്ടെ തന്റെ സിദ്ധികളിലായിരിക്കും, വേറെ ചിലർ അധികാരത്തിനും സ്വാധീന ശക്തിയിലുമായിരിക്കും ഇത് കാട്ടുക.
6. ഗൃധ്രയാതു (കഴുകൻ)
ആറാമത്തെ രാക്ഷസൻ കഴുകാനാണ്. അന്യന്റെ നാശത്തിൽനിന്നും സ്വയം നേട്ടങ്ങൾ കൊയ്യുന്നതിന്റെ പ്രതീകമാണ് കഴുകൻ. കാരണം കഴുകന്റെ കണ്ണുകൾ ശവത്തിലാണല്ലോ. സാധകനും തപസ്വിയും ഒരിക്കലും അന്യനെ ഇല്ലാതാക്കാനും അവന്റെ വളർച്ചയെ ഇല്ലാതാക്കാനോ ശ്രമിക്കരുത്. ആശ്രമത്തിലൂടെ തനിക്കു നേട്ടമുണ്ടാകുമെന്നും ഭക്തൻ കരുതരുത്.
മത്സരത്തിന്റെ പ്രതീകമായ നായേയും അന്യന്റെ തളർച്ചയിൽ നിന്ന് സ്വയം നേട്ടമുണ്ടാകാമെന്നു കരുതുന്ന കഴുകനും ഒരേ കൂട്ടരാണ്. ഓർക്കുക അന്യന്റെ ക്ഷയത്തിന് ശ്രമിച്ചാൽ നമ്മുടെ ഹൃദയത്തിൽ പരാശക്തി രണചണ്ഡികയായി ഉയിർകൊള്ളും. കാരണം സ്വഹൃദയത്തിൽ അത്തരത്തിൽ നീച വാസനകളെ ഉയരാൻ സാധകനൊരിക്കലും അനുവദിക്കരുത്.
പക്ഷേ ഈ ആറു രാക്ഷസന്മാർ സദാ നമ്മെ വേട്ടയാടാൻ ശ്രമിക്കുമെന്ന് തീർച്ച. സമൂഹത്തിൽ ഭക്തിയുടെ പരമമായ ഭാവം വാരിവിതറുന്നതിലൂടെ മാത്രമേ നമുക്ക് ഈ രാക്ഷസരെ തോൽപ്പിക്കാനാകൂ. അതിന് ഏറെ ദേവതകളുടെ പ്രസാദം വേണം. ആ പ്രസാദം വന്നണഞ്ഞാൽ, പ്രകൃതി നമുക്ക് അനുകൂലമായ ഭക്തിവസന്തം തളിർക്കാറ്റു വീശിത്തരികയായി. ആ തളിർ കാറ്റ് ആസ്വദിക്കാൻ കഠിനമായ തപശ്ചര്യ നാം കൊണ്ടാടേണ്ടതുണ്ട്.
ഏതു നിമിഷവും ഒരു ഭക്തനെ മൂങ്ങ ആക്രമിക്കാം. ഏതു നിമിഷവും ചെന്നായ് മനസ്സിനെ കീഴ്പ്പെടുത്താം. ഏതു സാഹചര്യത്തിലും ഒരു നായ് ഹൃദയ ശ്രീകോവിലേക്ക് ഓടിക്കയറാം. ഏതു സമയത്തും ചക്രവാക പക്ഷി നമ്മുടെ ഹൃദയത്തിലെ പ്രതിഷ്ഠയാകാം. ഏപ്പോൾ വേണമെങ്കിലും ഹൃദയത്തിൽ ഗരുഡൻ വന്നു കയറാം. ഏതു സാഹചര്യത്തിലും അന്യന്റെ വീഴ്ചയിൽ സ്വയം നേട്ടമുണ്ടാക്കാമെന്നു കരുതുന്ന ശവം തീനിയായ കഴുകൻ നമ്മുടെ മനസിനെ കീഴടക്കാം. സദാ ശ്രദ്ധയോടെ കാടിനസാധനയോടെ ഈ രാക്ഷസരെയെല്ലാം നമുക്ക് വകവരുത്താം. അതിന് ഹൃദയം ഭക്തിയിൽ നിറയണം.
No comments:
Post a Comment