വ്യക്തിയുടെ ഉള്ളിലുള്ള പ്രതിഭയെ പുറത്തേക്ക് കൊണ്ടുവരുന്നതിനു വേണ്ടി നിർണയിച്ചിരിക്കുന്ന ആശയങ്ങളും ആചാരങ്ങളും ഏതു തരത്തിലാണ് സിംബലുകളായി മാറുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ് 18 വർഷം ഒരാൾ ശബരിമലയ്ക്കു പോയാൽ തെങ്ങു വെക്കുന്നു എന്ന കാഴ്ചപ്പാടിൽ ഉള്ളത് .
എന്തിനാണ് തെങ്ങു വെക്കുന്നത് ? അങ്ങനെ എത്രയോ ആളുകൾ തെങ്ങു വെച്ചിട്ടുണ്ട് .
തെങ്ങ് വെക്കുന്നതുകൊണ്ട് ആ സ്ഥലത്തിന് ഏതെങ്കിലും തരത്തിലുള്ള ഗുണമുണ്ടാകാൻ വേണ്ടിയല്ല ഇതു ചെയ്യുന്നത് എന്ന് അയ്യപ്പഭക്തന്മാർ മനസ്സിലാക്കണം .
18 പടികളാണ് ശബരിമലയ്ക്ക് ഉള്ളത് . നമ്മുടെ ഉള്ളിന്റെ ഉള്ളിലുള്ള കാമക്രോധ ലോഭ മോഹാദികളെ അവസാനിപ്പിച്ച് , അയ്യപ്പനെ സാക്ഷാത്കരിക്കാൻ മന്ത്രം സാധന ചെയ്ത് , സ്വാധ്യായം ചെയ്ത് , വ്രതങ്ങളനുഷ്ഠിച്ച് 41 ദിവസവും അയ്യപ്പനെ കാണുന്നു.
അങ്ങനെ അയ്യപ്പനെ കാണുന്നതിലൂടെ ഭക്തന്റെ ഉള്ളിൽ ഒരു സംസ്കാരം രൂപപ്പെട്ടുവരുന്നു. ആ സംസ്കാരം താൻ ഒരു കേവലമനുഷ്യനല്ലെന്ന തിരിച്ചറിവാണ് . തന്റെ ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരു മനുഷ്യനായി ജീവിച്ചുമരിക്കുക എന്നതു മാത്രമല്ലെന്ന് ശബരിമലവ്രതങ്ങളിലൂടെ ബോധ്യമാകും .
“ മനുർഭവ ' - നിങ്ങൾ മനുഷ്യനായിത്തീരണമെന്ന് ഋഗ്വേദം പറയും . " ജനയാം ദൈവ്യം ജനം . ' ദിവ്യഗുണശാലികളായ മനുഷ്യരായിത്തീരണമെന്നാണ് വേദോപദേശം . എങ്ങനെയാണ് കേവലമായ മനുഷ്യനിൽ നിന്ന് ദിവ്യഗുണശാലികളായ മനുഷ്യരായിത്തീരുക ? അതാണ് ഭാരതീയ ശാസ്ത്രപാരമ്പര്യം .
ഭാരതത്തിൽ പറയുന്നത് നമുക്ക് ഒരു കാട്ടാളനായിട്ട് ജീവിക്കാം . പക്ഷേ , മരിക്കുമ്പോൾ വാല്മീകിയായേ മരിക്കാവൂ എന്ന് പുരാണങ്ങൾ നമുക്ക് തെളിവു തരും .
അപ്പോൾ വാല്മീകിയാവുന്നത് എങ്ങനെയാണ് ? അവനവന്റെ ഉള്ളിലുള്ള ഈശ്വരീയതയെ വർധിപ്പിക്കുന്നതിനുവേണ്ടി മന്ത്രസാധനകൾ അനുഷ്ഠിച്ചു , വ്രതങ്ങൾ പാലിച്ചു , ദീക്ഷ എടുത്തു , ജപങ്ങൾ ആരംഭിച്ചു .
അങ്ങനെ ഒരു വർഷം ഒരു മണ്ഡലകാലം പൂർണമായ രീതിയിൽ വ്രതത്തോടുകൂടി അയ്യപ്പദർശനത്തിനായിപ്പോയി . അങ്ങനെ ഒരു വർഷം കഴിഞ്ഞു . അങ്ങനെ 18 വർഷം ഒരു പുരശ്ചരണ കാലഘട്ടം ഉണ്ടാകുന്നു . ഒരു പുരശ്ചരണത്തിന്റെ കാലം 41 ദിവസങ്ങൾ അടങ്ങുന്ന 18 വർഷം നീണ്ട പരിശ്രമത്തിലൂടെ ഒരു വ്യക്തി തന്റെ ഉള്ളിന്റെ ഉള്ളിൽ പൂർണമായും അവശേഷിക്കുന്ന സകലതിന്മകളേയും ഇല്ലാതാക്കിക്കൊണ്ട് പൂർണമായി അയ്യപ്പനായി മാറുന്ന ഒരു ഭാവം നമുക്കിവിടെ പ്രകടമാകും, തന്റെ ഉള്ളിൽ അയ്യപ്പനെ ദർശിക്കുന്നു . തത്വമസി
തന്റെ ഉള്ളിൽ അയ്യപ്പനെ സിദ്ധി വരുത്തുന്നു.
താൻ പൂർണവ്യക്തിയായി പരിണമിക്കുന്ന അവബോധം ഭക്തനിൽ ഉണ്ടായിത്തീരുന്നു. ആ അവബോധം വരുമ്പോൾ തന്റെ സാക്ഷാത്കൃതമായ കഴിവിന്റെ പ്രതിരൂപമെന്ന രൂപത്തിലാണ് ഒരു തെങ്ങ് വെക്കുന്നത് .
ആ തെങ്ങ് അവിടെ വെക്കുമ്പോൾ അവനവന്റെ ഉള്ളിൽ ഉള്ള ഈശ്വരീയസങ്കല്പത്തെ ബീജരൂപത്തിൽ വെക്കുകയാണു ചെയ്യുന്നത്. തെങ്ങ് ഒരു കല്പവൃക്ഷമാണ്. നാട്ടിൻപുറത്തെല്ലാം തെങ്ങിലുള്ളതൊന്നും കളയാനില്ലെന്നു പറയും . അതിന്റെ ഓലയായാലും നാളികേരമായാലും ഇളനീർ ആയാലും തടിയായി ഉപയോഗിച്ചാലും ശരി തെങ്ങാരുകല്പവൃക്ഷ'മാണ് .
18 വർഷത്തെ തന്റെ സാധന കൊണ്ട് അയ്യപ്പനായിത്തീർന്ന വ്യക്തി സമൂഹത്തിൽ ഒരു കല്പവൃക്ഷത്തെപ്പോലെയാണ് .
അയാൾ എല്ലാ ആളുകൾക്കും എല്ലാം നല്കിക്കൊണ്ടിരിക്കും . ആ സാധകന്റെ ഉള്ളിൽനിന്ന് സ്വാഭാവികമായി പരിണമിക്കുന്നതെല്ലാം, പുറത്തേക്ക് വരുന്നതെല്ലാം സമൂഹത്തിനും വ്യക്തിക്കും കുടുംബത്തിനും എല്ലായ്പോഴും ഗുണകരമായി മാത്രമേ അവശേഷിക്കുകയുള്ളൂ .
അങ്ങനെ ഒരു വ്യക്തിയുടെ ഉള്ളിൽ നിർലീനമായ സകലമാന കഴിവുകളെയും - ഒരു കല്പവൃക്ഷത്തെ - പ്രതിനിധീകരിക്കുന്ന പദ്ധതിയാണ് തെങ്ങുവെപ്പിലുള്ളത് . ആ തെങ്ങു വെപ്പു പഠിച്ചുകഴിഞ്ഞാൽ ചില കാര്യങ്ങൾ മനസ്സിലാക്കാം .
അവനനവന്റെ ഉള്ളിലുള്ള ശക്തിയെ ഒരു തെങ്ങായി സങ്കല്പിച്ചുകൊണ്ട് , ഒരു തെങ്ങിൻ തെയായി സങ്കല്പിച്ചുകൊണ്ട് അവിടെ വെക്കുന്നു. തന്റെ ഉള്ളിലുള്ള മുഴുവൻ കാഴ്ചപ്പാടിനെയും സകലർക്കുമായി ആയി താൻ പങ്കുവെക്കും എന്നു പറയുന്ന വാഗ്ദാനം കൂടി അടങ്ങിയിട്ടുണ്ടെന്ന് ഓർക്കുക .........
No comments:
Post a Comment