7 June 2022

സുബ്രഹ്മണ്യനും മുരുകനും ഒന്നല്ല...

സുബ്രഹ്മണ്യനും മുരുകനും ഒന്നല്ല... 

വേലന്‍, ചോയോന്‍ എന്നീ ഗോത്രദേവകളാണ് മുരുകന്‍റെ പ്രാഗ്രൂപം. കൊറ്റവെെ എന്ന യുദ്ധദേവതയുടെ മകനാണ് വേലന്‍/ചോയോന്‍. കൊറ്റവെെ കലമാനായും ചോയോന്‍ മയിലായും കാട്ടില്‍ സഞ്ചരിക്കുന്നു. ഇവര്‍ ആദിമ വനദേവതകളാണ്. പ്രശസ്ത മുരുകന്‍ കോവിലുകളെല്ലാം മലമുകളിലുള്ളവയാണ്. ഒരു കുട്ടിദെെവമാണ് മുരുകന്‍. (മുരുകനും കുമരനും ഒന്നുതന്നെ. അക്ഷരങ്ങള്‍ തമ്മിലുള്ള സാമ്യവും ശ്രദ്ധിക്കൂ.)

ഗോത്രസങ്കല്പമായ മുരുകന്‍ എന്ന ശിശുവും സിദ്ധരുടെ സുബ്രഹ്മണ്യന്‍ എന്ന നാഗവും ഒരൊറ്റ ദേവതയായിമാറിയതെങ്ങനെ? 

വേടരും നാഗരും തമ്മിലുള്ള സങ്കലനത്തെയാവാം ഇത് സൂചിപ്പിക്കുന്നത്. ഈ സങ്കലനത്തോടെ കുമരന്‍റെ രൂപവും സുബ്രഹ്മണ്യന്‍റെ പേരുമുള്ള ഇന്നു നാം കാണുന്ന മൂര്‍ത്തി ആവിര്‍ഭവിച്ചു. ഇത്തരം ചിത്രങ്ങളിലെല്ലാം കാല്‍ച്ചുവട്ടില്‍ ഒരു ചെറിയ സര്‍പ്പത്തെ കാണാം. ഇത് സുബ്രഹ്മണ്യന്‍റെ മൂലഭാവത്തെ ദ്യോതിപ്പിക്കുന്നു. മുരുകന് പ്രാധാന്യമുള്ള പൂയവും നാഗര്‍ക്ക് പ്രാധാന്യമുള്ള ആയില്യവും അടുത്തടുത്ത് വരുന്ന നാളുകളാണ്. (എംപി നാരായണപിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുന്നില്‍ വന്നു നില്‍ക്കുന്ന ഈ ദെെവം ഒരു ''പൂയില്യ''നാണ്)

തമിഴ്നാടൊഴികെയുള്ള തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുബ്രഹ്മണ്യന്‍ എന്ന പേരിനാണ് പ്രാധാന്യം. തമിഴ്നാട്ടില്‍ മുരുകനും. സബ്ബറാവു, സുബ്ബമ്മ, സുബ്ബലക്ഷ്മി, മണിയന്‍, മണി എന്നീ പേരുകള്‍ തെക്കേഇന്ത്യയില്‍ സാര്‍വത്രികമാണല്ലോ. 'സുബ്ബ' എന്ന വാക്കിന് നാഗം എന്നാണ് അര്‍ത്ഥം. സുബ്രഹ്മണ്യന്‍ എന്ന വാക്കിന്‍റെ പരിഭാഷ 'സര്‍പ്പമണി' എന്നാണ്. ഇത് സിദ്ധരുടെ ഒരു പരികല്പനയാണ്. പാമ്പിന്‍റെ വിഷം ഊറിക്കൂടിയുണ്ടാകുന്ന നാഗമാണിക്യം അഥവാ സര്‍പ്പമണി സര്‍വ്വരോഗ സംഹാരശക്തിയുള്ളതാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഇതുപോലെ മനുഷ്യന്‍റെ വികാരവിചാരങ്ങളെ സംയമനം ചെയ്ത് ഉള്ളില്‍ ഊറിക്കൂടിയുണ്ടാകുന്ന ചിന്താമണി എന്ന ജ്ഞാനപ്പഴത്തെ തിരഞ്ഞവരാണ് സിദ്ധര്‍. പഴനിയിലെ പ്രതിഷ്ഠ നടത്തിയത് ഭോഗര്‍ എന്ന സിദ്ധനാണ്. ഭോഗര്‍ എന്ന വാക്കിന് സര്‍പ്പം എന്നുതന്നെയാണ് അര്‍ത്ഥം. നവപാഷാണത്താല്‍ നിര്‍മ്മിതമായ വിഗ്രഹമാണ് പഴനിയിലേത്. പാമ്പാട്ടി സിദ്ധരുടെ ഗുഹയ്ക്കു സമീപത്തുള്ള മുരുകന്‍ കോവിലും ഔഷധപ്രശസ്തമാണ്. 'മരുന്നുമല' എന്നാണ് നാരായണ ഗുരു ഈ സ്ഥലത്തെ പരാമര്‍ശിച്ചിട്ടുള്ളത്. 

ബുദ്ധമതപ്രഭാവകാലത്താണ് സ്കന്ദസങ്കല്പം ആവിര്‍ഭവിച്ചതെന്ന് പറയപ്പെടുന്നു. വടക്കേഇന്ത്യയില്‍ മുരുകനോ സുബ്രഹ്മണ്യനോ പ്രാമൂഖ്യമില്ല, എന്നാല്‍ സ്കന്ദനും കുമാരനും കാര്‍ത്തികേയനും അവിടെയുണ്ട്.
തെക്കേ ഇന്ത്യയില്‍ ബ്രാഹ്മണര്‍ക്കല്ല സിദ്ധര്‍ക്കാണ് ആധിപത്യമുണ്ടായിരുന്നത്. നഹുഷനെന്ന ദേവേന്ദ്രനെ സര്‍പ്പമാക്കി മാറ്റിയ സിദ്ധനാണ് അഗസ്ത്യന്‍. 'അഗസ്ത്യന്‍' എന്നാല്‍ തെക്കന്‍ എന്നുതന്നെ. അഗസ്ത്യനാണ് സിദ്ധന്‍മാരില്‍ പ്രധാനി. ''സിദ്ധരുടെ സിദ്ധ''നാണ് സുബ്രഹ്മണ്യന്‍! 

കാലക്രമേണ സിദ്ധര്‍ ബുദ്ധ-ജെെന മതങ്ങളില്‍ ലയിക്കുകയോ ശക്തി ക്ഷയിക്കുകയോ ചെയ്തു. ബുദ്ധസര്‍വ്വകലാശാലകള്‍ സിദ്ധവെെദ്യത്തെ സംസ്കരിച്ച് ആയുര്‍വേദമാക്കി മാറ്റി. അഗസ്ത്യന്‍റെ അടിതട, ബോധിധര്‍മ്മന്‍റെ കളരിപ്പയറ്റും കുങ്ഫുവുമായി രൂപാന്തരപ്പെട്ടു. ബുദ്ധ/ജെെനരുടെ പ്രാഭവകാലം അവസാനിച്ചതോടെ, എഡി എട്ടാം നൂറ്റാണ്ടിനു ശേഷം മാത്രമാണ് ദക്ഷിണേന്ത്യയിലെ മുരുകനും സുബ്രഹ്മണ്യനും ബ്രാഹ്മണവല്കരിക്കപ്പെടുന്നത്.

2 comments:

  1. Anonymous13 May, 2023

    Informative! Please publish more

    ReplyDelete
  2. ആദ്ധ്യാത്മികസത്യത്തെ ചരിത്രവുമായി കൂട്ടിക്കുഴയ്ക്കുമ്പോൾ പലപ്പോഴും അബദ്ധങ്ങൾ സംഭവിക്കുന്നു. ആര്യ- ദ്രാവിഡ വാദങ്ങളുടെ പോരാട്ടപ്പട്ടികയിലേക്ക് ദേവതമാരെ കൊണ്ടുവരുന്നത് ഒരിക്കലും സനാതനധർമ്മത്തിനു യോജിക്കുന്നതല്ല. ആദ്ധ്യാത്മിക തലമെന്നത് കാല- ദേശാതീതമായ ഒരു തലമാണ്. അവിടെ വ്യവഹരിക്കുമ്പോൾ , അവിടത്തെ യുക്തിയ്ക്കാണ് സാധുതയുളളത്. ഇന്റ്യൂഷനിൽ നിന്നുദ്ഭവിക്കുന്ന ഒരു സൂക്ഷ്മഭാഷയിൽ ദേവതയിലേക്ക് എത്തിച്ചെല്ലാൻ കഴിയുന്നു. ആദ്ധ്യാത്മതലത്തിലേക്ക് എത്തിച്ചേരാനുളള ഒരു മാദ്ധ്യമമാണ് അഗ്നി. തീയിൽ ചാടണമെന്നല്ല പറയുന്നത്. അഗ്നിയുടെ മൂല്യത്തെ അറിഞ്ഞവരാണ് പുരാതന ഭാരതീയർ. ഹിന്ദു മതമെന്നോ അഹിന്ദു മതമെന്നോ ചിന്തിക്കാതെ ഏതൊരു രാജ്യത്തെ, ഏതൊരു മതത്തിലെ വ്യക്തിക്കും ദേവതമാരെ സാക്ഷാത്കരിക്കാൻ കഴിയുന്നു. ഒരേ സമയം കഠിനവും അതേ സമയം തന്നെ അതിലളിതവുമായ വഴിയാണത്.

    ReplyDelete