1 June 2022

സാക്ഷാത്കാരത്തിന് തടസമായി ചില നിസ്സാര കാര്യങ്ങൾ...

സാക്ഷാത്കാരത്തിന് തടസമായി ചില നിസ്സാര കാര്യങ്ങൾ...

നിങ്ങളുടെ ചെറുവിരലിന്റെ അറ്റം എവിടെയെങ്കിലും കുടുങ്ങിപ്പോയി എന്ന് കരുതുക. ചെറുവിരലിന്റെ അറ്റം മാത്രമേ കുടുങ്ങിയിട്ടുള്ളൂ, ബാക്കി ശരീരമത്രയും സ്വതന്ത്രമാണ്. പക്ഷേ നിങ്ങൾക്ക് അവിടെനിന്നും നീങ്ങാൻ കഴിയുമോ??? ഇല്ല. 

 ആത്മീയതയുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. നിങ്ങൾക്ക് ആത്മീയമായ അഥവ ആന്തരികമായ വികാസം ഉണ്ടാകുന്നതിന് പ്രതിബന്ധമാകുന്നത് വലിയ വലിയ കാര്യങ്ങൾ തന്നെ ആയിക്കൊള്ളണമെന്നില്ല. പലപ്പോഴും നിസ്സാരമായ ചില കാര്യങ്ങൾ ആയിരിക്കും. 

 ബാഹുബലിയുടെ (ഗോമടേശ്വരന്റെ) ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചു. അദ്ദേഹവും സഹോദരനും ഒരുമിച്ച് ഒരുപാട് യുദ്ധങ്ങൾ ചെയ്തു. പിന്നീട് അവർ തമ്മിലായി യുദ്ധം. ആയിരക്കണക്കിന് ആളുകളെ ബാഹുബലി കൊന്നുതള്ളി. പെട്ടെന്ന് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായി. രക്തച്ചൊരിച്ചിലിന്റെ നിരർത്ഥകതയെ കുറിച്ച് അദ്ദേഹം ബോധവാനായി. ആ തിരിച്ചറിവിന്റെ തീവ്രതയിൽ അദ്ദേഹം ഒരിടത്ത് ചെന്ന് നിശ്ചലനായി നിന്ന് തപം ചെയ്തു. ചക്രവർത്തി പദവിയും, ആഭരണങ്ങളും, വസ്ത്രവും എല്ലാം അഴിച്ചു വെച്ച് പരിപൂർണ്ണ നഗ്നനായി. നഗ്നനായി നിൽക്കുന്ന ബാഹുബലിയുടെ പ്രതിമ നിങ്ങൾ കണ്ടിട്ടുണ്ടാവും, ശരീരത്തിലൂടെ വള്ളികൾ പടർന്നുകയറി നിൽക്കുന്ന ബാഹുബലി. അദ്ദേഹം 14 വർഷത്തിലധികം അതേ നിൽപ്പ് നിന്നു എന്ന് പറയപ്പെടുന്നു. നിശ്ചലനായി നിന്ന് തപം ചെയ്തു. തന്റെ കർമ്മ ദോഷങ്ങൾ കഴുകിക്കളയാൻ ചെയ്യേണ്ടതായിട്ടുള്ളതെല്ലാം അദ്ദേഹം ചെയ്തു. എന്നിട്ടും ആത്മസാക്ഷാത്ക്കാരം (enlightenment) മാത്രം അദ്ദേഹത്തിന് സംഭവിച്ചില്ല. 

 അങ്ങനെയിരിക്കെ സാക്ഷാത്കാരം സിദ്ധിച്ച ഒരു യോഗി അതുവഴി വരാനിടയായി. ബാഹുബലി ആ യോഗിയെ നോക്കുകയും, ഒരിറ്റു കണ്ണുനീർ ബാഹുബലിയുടെ കണ്ണിൽ നിന്നും പൊഴിയുകയും ചെയ്തുവത്രേ. ആ ഒരിറ്റു കണ്ണുനീർ ഒരു ചോദ്യം ആയിരുന്നു. "എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു കഴിഞ്ഞു, എന്നിട്ടും എന്താണ് എന്റെ ബോധോദയത്തിന് തടസ്സം സൃഷ്ടിക്കുന്നത്?" ഇതായിരുന്നു ആ ചോദ്യം. വാക്കുകൾ കൊണ്ട് ചോദിക്കാതെ കണ്ണുനീർത്തുള്ളി കൊണ്ട് ചോദിച്ച ചോദ്യം. തനിക്കറിയാവുന്നത് അത്രയും ചെയ്തിട്ടും തന്നെ പിന്നോട്ട് വലിക്കുന്നത് എന്താണ്? 

 അപ്പോൾ ആ യോഗി പറഞ്ഞുവത്രേ, നിങ്ങളുടെ വിനയം കപടമാണ്. നിങ്ങൾ ഒരു രാജാവായിട്ടു പോലും ഇപ്പോൾ ഏതു യാചകന് മുന്നിലും കുമ്പിടാൻ നിങ്ങൾ തയ്യാറാണ്. ഒരു മൃഗത്തിന് മുന്നിലോ, പാറയ്ക്കു മുന്നിലോ കുമ്പിടാൻ നിങ്ങൾ തയ്യാറാണ്. അത് വളരെ നല്ല കാര്യം തന്നെ. പക്ഷേ നിങ്ങളുമായി യുദ്ധം ചെയ്ത നിങ്ങളുടെ സഹോദരന് മുന്നിൽ കുമ്പിടാൻ ഇപ്പോഴും നിങ്ങൾ മാനസികമായി തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ വിനയം ഇപ്പോഴും വ്യാജമാണ്. അതാണ് ആന്തരികമായി അതിരില്ലാതെ വികസിക്കുന്നതിൽ നിന്നും നിങ്ങളെ തടയുന്ന ഘടകം.

ആ നിമിഷം ബാഹുബലിക്ക് ആത്മസാക്ഷാത്കാരം സംഭവിച്ചു എന്ന് പറയപ്പെടുന്നു. അദ്ദേഹം മനസ്സാൽ തന്റെ അനുജനു മുന്നിൽ നമസ്കരിച്ച നിമിഷം.

ഇതുതന്നെയാണ് പലരുടേയും പ്രശ്നം. വലിയ വലിയ കാര്യങ്ങളല്ല നിങ്ങളുടെ ആന്തരിക വികാസത്തിന് തടസ്സം സൃഷ്ടിക്കുന്നത്. പലപ്പോഴും നിസ്സാരമായ കാരണങ്ങൾ. ചെറുവിരലിന്റെ അറ്റം വാതിലിനിടയിൽ കുടുങ്ങിയത് പോലെ. നിങ്ങളുടെ മുഴുവൻ ശരീരവും വാതിലിന് പുറത്താണ്, പക്ഷേ ചെറുവിരലിന്റെ ചെറിയൊരു ഭാഗം മാത്രം വാതിലിനിടയിൽ, ശരീരത്തിന് അവിടെനിന്നും മാറിപ്പോകാൻ സാധിക്കുമോ? 

 

No comments:

Post a Comment