18 June 2022

51 ശക്തിപീഠങ്ങൾ - 24

51 ശക്തിപീഠങ്ങൾ - 24

നേപ്പാൾ

43. ഗണ്ഡകി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
നേപ്പാളിലെ മുക്തിനാഥിലാണ് ക്ഷേത്രം. സതിദേവിയുടെ വലതു കവിള്‍ പതിച്ച സ്ഥലമാണിത്. ഗണ്ഡകി നദിയുടെ ഉത്ഭവസ്ഥാനത്താണ് ഈ ക്ഷേത്രം. 3800 മീറ്റര്‍ ഉയരത്തിലാണ് ശക്തിപീഠം സ്ഥിതി ചെയ്യുന്നത്. ഹിമാലയ പഗോഡ വാസ്തുശില്‍പ്പ മാതൃകയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. മുക്തിനാദ ക്ഷേത്രത്തിന് സമീപമാണ് ഈ ശക്തിപീഠം. വൈഷ്ണവര്‍ നദീതടത്തിലെ ബഹുവര്‍ണ്ണത്തിലുള്ള സാളഗ്രാമങ്ങളെ മഹാവിഷ്ണുവിന്റെ മൂര്‍ത്തീഭാവങ്ങളായി കണക്കാക്കുന്നു. 

വെള്ള കല്ല് വാസുദേവനായും കറുപ്പ് വിഷ്ണുവായും പച്ച നാരായണനായും നീല കൃഷ്ണനായും സ്വര്‍ണ്ണം, ചുവപ്പ് കലര്‍ന്ന മഞ്ഞ എന്നിവ നരസിംഹനായുമാണ് സങ്കല്‍പ്പിക്കുന്നത്. കുലശേഖര ആള്‍വാറിന്റെ നാലായിര ദിവ്യ പ്രബന്ധത്തിലെ ഒരു ശ്ലോകത്തില്‍ ഗണ്ഡകീദേവി ക്ഷേത്രത്തെ ദിവ്യദേശമായി പരാമര്‍ശിക്കുന്നുണ്ട്.

മാര്‍ച്ച് - മെയ്, സെപ്റ്റംബര്‍ - ഡിസംബര്‍ കാലയളവാണ് സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം. 

കാഠ്മണ്ഡു - പൊഖാറ - ജോംസണ്‍ എന്നിങ്ങനെ വിമാനമാര്‍ഗം സഞ്ചരിക്കാം. ജോംസണില്‍ നിന്ന് ക്ഷേത്രത്തിലേക്ക് വാഹനസൗകര്യമുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് മുക്തിനാഥിലേക്ക് മൗണ്ടന്‍ ഫ്ലൈറ്റിലും യാത്ര ചെയ്യാവുന്നതാണ്. അവിടെ നിന്ന് 30 മിനിറ്റ് നടന്നാല്‍ ക്ഷേത്രത്തില്‍ എത്താം.

44. ഗുഹ്യേശ്വരി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
നേപ്പാളിലെ കാഠ്മണ്ഡുവിലാണ് ക്ഷേത്രം. സതിദേവിയുടെ ഇരുമുട്ടുകളും പതിച്ച സ്ഥലമാണിത്.കാലഭൈരവന്റെ മറ്റൊരു രൂപമായ കപാലിയെയാണ് ഇവിടെ ആരാധിക്കുന്നത്.

മറഞ്ഞിരിക്കുന്ന കാളിയാണ് ഗുഹ്യേശ്വരി ശക്തി പീഠത്തിലെ ആരാധനാമൂര്‍ത്തി. കാളി ശ്മശാനത്തിന്റെ ദേവതയായതിനാല്‍, ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ഒരു അസ്ഥികൂട ചിത്രമാണ് ഭക്തരെ സ്വീകരിക്കുന്നത്. ഗര്‍ഭഗൃഹത്തിലെ ലോഹ വാതില്‍ ഫ്രെയിം ദേവിയുടെ വിവിധ രൂപങ്ങളുടെ കൊത്തുപണികള്‍ പ്രതിഫലിപ്പിക്കുന്നു. മഹായാന ബുദ്ധമതത്തിന്റെയും തന്ത്ര സാധനയുടെയും പാരമ്പര്യങ്ങളില്‍ കാളിയെ വജ്രയോഗിനി രൂപത്തില്‍ ആരാധിക്കുന്നു. പ്രമുഖ ക്ഷേത്രമായ പശുപതി ക്ഷേത്രം സമീപത്താണ്.

ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനത്തിന് ഉചിതമായ സമയം.

കാഠ്മണ്ഡുവാണ് സമീപത്തെ വിമാനത്താവളം. ഡല്‍ഹിയില്‍ നിന്ന് റോഡിലൂടെ 20 മണിക്കൂര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്താം.

No comments:

Post a Comment