ശബരിമലവ്രതങ്ങളില്‍ പ്രധാനമാണ് ബ്രഹ്മചര്യം.
അഥര്‍വവേദത്തിലെ പ്രസിദ്ധമായ ബ്രഹ്മചര്യസൂക്തമാണ് ഈ ബ്രഹ്മചര്യ വ്രതത്തിന് ആധാരം. വ്രതമനുഷ്ഠിക്കുന്ന ബ്രഹ്മചാരിയില്‍ സമസ്തദേവതകളും ഒരേ മനസ്സായി സുപ്രതിഷ്ഠരായിരിക്കുന്നുവെന്നും, ബ്രഹ്മചാരിയില്‍ പിതൃക്കളും ദേവന്മാരും സംപ്രീതരാകുന്നുവെന്നും സമസ്ത ക്രിയാനുഷ്ഠാനങ്ങളും സഫലമാകാന്‍ ബ്രഹ്മചര്യം പാലിക്കണമെന്നും അഥര്‍വവേദത്തില്‍ അനുശാസിച്ചിട്ടുണ്ട്.
യജ്ഞത്തില്‍ അറിവില്ലാത്തവനും ബ്രഹ്മചര്യം പാലിക്കാത്തവനും രാഗിയും വിഷയിയുമായ ഋത്വിജന്‍ ചെയ്യുന്ന യജ്ഞം നാശത്തിനു കാരണമാകുമെന്ന് ഗോപഥബ്രാഹ്മണത്തില്‍ പറയുന്നുണ്ട്. യജ്ഞദിനങ്ങളില്‍ ഭൂമിയില്‍ ശയിക്കണം യജമാനന്‍ എന്നാണ് വിധി. അതായത് താഴെ കിടക്കുക എന്ന് ശതപഥബ്രാഹ്മണത്തില്‍ ഉപദേശിച്ചതു കാണാം.
മണ്ഡലകാലവ്രതകാലത്ത് അയ്യപ്പന്മാരും ഇതേപോലെ കിടക്കയില്‍ കിടക്കരുതെന്ന് ഗുരുസ്വാമിമാര്‍ നിര്‍ദ്ദേശിക്കുന്നു. കാരണം അയ്യപ്പദര്‍ശനം യജ്ഞ സമാനമാണെന്ന് സാരം. ദീക്ഷ എടുക്കുന്നതോടെ താടിയും മുടിയും വെട്ടരുതെന്ന് ഗുരുസ്വാമി നിര്‍ദ്ദേശിക്കുന്നു. ബ്രഹ്മചാരി താടിവളര്‍ത്തുന്നു എന്നത് അഥര്‍വ വേദത്തിലെ പ്രസ്താവമാണ്. യജ്ഞദിനങ്ങളിലും ക്ഷൗരകര്‍മം ചെയ്യാന്‍ പാടില്ലെന്ന വിധിയുണ്ട്. അയ്യപ്പന്മാര്‍ രാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് ഭസ്മധാരണം ചെയ്ത് ശരണം വിളിക്കുന്നു. തുടര്‍ന്ന് ഹോമമായ കര്‍പ്പൂരാരാധനയും നടത്തും. ശരണം എന്നാല്‍ ആശ്രയം എന്നാണര്‍ത്ഥം. ‘ഇന്ദ്ര ത്രിധാതു ശരണം’ എന്നു തുടങ്ങി ഋഗ്വേദത്തില്‍ പല ഇടങ്ങളില്‍ ശരണം എന്ന വാക്ക് വന്നിട്ടുള്ളത് കാണാം.
ആചാര്യശ്രീ രാജേഷ്
No comments:
Post a Comment