20 May 2022

അഗ്‌നിയജനം അതിരാത്രം

അഗ്‌നിയജനം അതിരാത്രം

ലോകത്ത് നിലനില്ക്കുന്നതിൽ ഏറ്റവും പുരാതനവും ദൈർഘ്യമേറിയതുമായ അനുഷ്ഠാനമാണ് അതിരാത്രം, ഹൈന്ദവ വൈദീക യാഗപാരമ്പര്യത്തിലെ ഏറ്റവും ഉയർന്ന യാഗമാണ് അതിരാത്രം, അയ്യായിരം വർഷം തുടർച്ചയായി കേരളത്തിൽ അതിരാത്രം നടന്നു വരുന്നു,
"മനുഷ്യകുലത്തിൻ്റെ വിശദീകരിക്കാൻ കഴിയാത്ത സാംസ്കാരിക പാരമ്പര്യം " എന്നാണ് അതിരാത്രത്തെ യുനെസ്കോ വിശേഷിപ്പിച്ചത്, 

യാഗത്തിൻ്റെ ചടങ്ങുകൾ രാത്രിയെ അധികരിക്കുന്നതിനാലാണ് അതിരാത്രം എന്ന പേര് വന്നത്,
കേരളത്തിലെ ചില ബ്രാഹ്മണ കുടുംബങ്ങളിൽ മാത്രമെ ഇന്ന് അതിരാത്രപാരമ്പര്യം നിലവിലുള്ളു എന്ന് എടുത്ത് പറയേണ്ടി വരും,

സോമയാഗം എന്നറിയപ്പെടുന്ന അഗ്നിഷ്ടോമവും, അഗ്നിയജനം എന്ന അതിരാത്രവുമാണ് കേരള ബ്രാഹ്മണർ അനുഷ്ഠിക്കുന്നത്, യാഗങ്ങൾ മനുഷ്യനെ ദേവനാക്കി ഉയർത്തും എന്ന് പുരാണങ്ങൾ പറയുന്നു,സോമയാഗ അനുഷ്ഠാനമാണ് ബ്രാഹ്മണനെ സമ്പൂർണ്ണ ബ്രാഹ്മണനാക്കുന്നത്, സോമയാഗത്തിനെക്കാളും അതികഠിനമായ ചിട്ടകളുള്ള അനുഷ്ഠാനമാണ് അതിരാത്രം,
കേരളത്തിൽ പന്നിയൂർ (ശുകപുരം), പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വിധിക്കപ്പെട്ട ബ്രാഹ്മണ കുടുംബങ്ങൾക്കാണ് യാഗകർമങ്ങൾ ചെയ്യാനുള്ള യോഗ്യത, യാഗാധികാരം ഉള്ള കുടുംബത്തിലെ ഗൃഹസ്ഥനുമാത്രമെ യാഗം ചെയ്യാൻ അധികാരമൊള്ളു, അഗ്നിആധാനം ചെയ്ത് 'അടിതിരി ' ആയതിനു ശേഷമെ സോമയാഗവും അതിരാത്രവും ചെയ്യാനുള്ള യോഗ്യത കൈവരു, അഗ്ന്യാധാനത്തിന് ഒരു ദിവസവും, സോമയാഗത്തിന് ആറ് ദിവസവും, അതിരാത്രത്തിന് പന്ത്രണ്ട് ദിവസവുമാണ്, സോമയാഗത്തിന് യജമാന സ്ഥാനം വഹിച്ചയാൾ 'സോമയാജി' (സോമയാജിപ്പാട്, ചോമാതിരി) എന്നും അതിരാത്രത്തിന് യജമാനസ്ഥാനം വഹിച്ചയാൾ 'അക്കിത്തിരി ' (അക്കിത്തിരിപ്പാട്, അഗ്നിഹോത്രി) എന്നും അറിയപ്പെടുന്നു, യജമാനപത്നി ' പത്തനാടി' എന്നും അറിയപ്പെടുന്നു, ഇവർ മരണം വരെനിത്യവും രണ്ട് നേരം അഗ്നിഹോത്രം അനുഷ്ഠിക്കണം,

ലോകസമാധാനം, ശാന്തി, ഐശ്വര്യം, മാനുഷികഐക്യം, വിജ്ഞാനം, ഈശ്വരവിശ്വാസം ,ആത്മീയത,സമൃദ്ധി,എന്നിവ ഉണ്ടാകുന്നതിനു വേണ്ടിയാണ് അതിരാത്രം അനുഷ്ഠിക്കുന്നത്, അതിനാൽ തന്നെ ലോകത്ത് ഏറ്റവും മഹത്തരമായ കർമ്മമായി അതിരാത്രം അറിയപ്പെടുന്നു, അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്ലി സർവ്വകലാശാലകളും, ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയെടുത്ത് 1975 ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു, 35 വർഷങ്ങൾക്ക് ശേഷം 2011ൽ വീണ്ടും പാഞ്ഞാളിൽ അതിരാത്രയാഗം നടന്നു, കേരളത്തിൽ കഴിഞ്ഞ 122 വർഷത്തിനിടയിൽ പത്ത് അതിരാത്രം മാത്രമാണ് നടന്നിട്ടുള്ളത്, അതിൽ അഞ്ചും തൃശൂർ പാഞ്ഞാളിൽ ആയിരുന്നു, നൂറ്റിയമ്പതോളം സോമയാഗം നടന്നിട്ടുണ്ട്, 1900 ൽ ചാലക്കുടിക്ക് അടുത്ത് കൊടകര കൈമുക്ക് മനയിലും, 1955 ൽ ചെറുമുക്കിലും, 1975 ൽ പാഞ്ഞാളിലും, 1990 ചാലക്കുടി മാള കുണ്ടൂരിലും, 2006 ൽ മൂലങ്കോടും, 2011 ൽ വീണ്ടുംപാഞ്ഞാളിലും അതിരാത്രം നടന്നു, ചാലക്കുടികൊടകര മറ്റത്തൂർ കുന്നിൽ നൂറ് വർഷങ്ങൾക്ക് ശേഷം വീണ്ടും അതിരാത്രം നടന്നിരുന്നു, അന്ന്യാഗത്തിൻ്റെ അവസാന ദിവസം ചാലക്കുടി പരിസരങ്ങളിൽ നല്ല മഴ പെയ്തത് അതിരാത്രത്തിന്റെ മാറ്റുകൂട്ടുന്നു.

വസന്തഋതുവിലെ ഉത്തരായനവും (മീനം മേടം) വെളുത്ത പക്ഷവും ദേവ നക്ഷത്രവും ഒത്തുവരുന്ന ദിനമാണ് യാഗം തുടങ്ങുന്നത്, യാഗത്തിന് ഋക് - യജുർ-സാമവേദങ്ങൾ ഒന്നായി സമ്മേളിച്ചിരിക്കുന്നു, ലോഹ നിർമ്മിതമായവ ഒരു യാഗ കർമ്മത്തിലും ഉപയോഗിക്കില്ല. മരവും മണ്ണും കൊണ്ട് നിർമ്മിച്ച പാത്രങ്ങളും ഉപകരണങ്ങളുമാണ് യാഗത്തിന് ഉപയോഗിക്കുന്നത്, പാരമ്പര്യ ശില്പിമാരായ വിശ്വകർമ്മജരാണ് മരത്തിൻ്റെ ഉപകരണങ്ങൾ നിർമ്മിക്കുന്നത്,

അതിരാത്ര മഹായാഗത്തിന് പതിനേഴ് വൈദികർ ഉണ്ടായിരിക്കും, പന്ത്രണ്ട് ദിവസമാണ് യാഗം, യാഗത്തിന് അഗ്നി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരകഷണമാണ് അരണി, അരണി മരത്തിൻ്റെ രണ്ട് കട്ടകൾ പരസ്പരം ഉരയ്ക്കുമ്പോൾ അഗ്നി ഉണ്ടാകുന്നു, ഒരു കട്ട മുകളിലും മറ്റൊന്ന് കീഴിലും വെച്ചാണ് അരണികടയുന്നത്, അവയ്ക്ക് ക്രമത്തിൽ ഉത്തരായണി എന്നും അധരായണി എന്നും പറയും, യാഗഭൂമിയിൽ പശുവും കിടാവും ഉണ്ടാകും, യാഗത്തിന് ആവശ്യമായ പശുവിൻ പാൽ യാഗഭൂമിയിൽ വെച്ച് തന്നെ കറന്നെടുക്കും, സോമലത, സോമലത പിഴിഞ്ഞ നീര്, പന്ത്രണ്ടിലേറെ തരം സസ്യങ്ങൾ എന്നിവയാണ് മിക്കവാറും ദിവസങ്ങളിൽ യാഗാഗ്നിയിൽ സമർപ്പിക്കുന്നത്, ആധുനിക ഉപകരണങ്ങളും ലോഹങ്ങളും യാഗത്തിന് ഉപയോഗിക്കുന്നില്ല, യാഗം തീരുന്നതുവരെ യജമാനപത്നി 'മറകുടകീഴിൽ യാഗശാലയിൽ ഉണ്ടാകും,

അതിരാത്രമഹായാഗം

ഒന്നാം ദിവസം: 

യജമാനൻ തൻ്റെ ഇല്ലത്ത് കാത്തു സൂക്ഷിക്കുന്നത്രേതാഗ്നിയിൽ നിന്ന് വിശുദ്ധ അഗ്നി ആവാഹിച്ച അരണിയുമായി അദ്ദേഹത്തിൻ്റെ പുരോഹിതരോടൊപ്പം യാഗശാലയിൽ പ്രവേശിക്കുന്നു, വായു ഭഗവാന് പ്രതീകാത്മമായി മൃഗബലി നടത്തും, പ്രധാനയാഗ പാത്രം കളിമണ്ണുകൊണ്ട് നിർമ്മിച്ചതായിരിക്കും, അഞ്ച് ഉപ പുരോഹിതൻമാരെ തിരഞ്ഞെടുത്ത് അരണി കടഞ്ഞ് അഗ്നിയുണ്ടാക്കുന്നു, യജമാനനെ തലക്കെട്ട് ധരിപ്പിക്കും, സ്വർണ്ണത്തിൻ്റെ മാർച്ചട്ടയും ദണ്ഡും നൽകി യജമാനൻ്റെ മുഷ്ടി അടയ്ക്കും, മന്ത്രങ്ങൾ ഉച്ചരിക്കാനല്ലാതെ അതിരാത്രയാഗം തീരും വരെ യജമാനൻ സംസാരിക്കില്ല, കുളിക്കാനും പാടില്ല,

രണ്ടാം ദിവസം: 

കളിമണ്ണിൽ നിന്ന് മറ്റൊരു പാത്രം ഉണ്ടാക്കും, പ്രധാനയാഗ വേദിയുടെ രൂപകല്പന തയ്യാറാക്കും, ഇന്ദ്രനെ യാഗത്തിന് പങ്കെടുക്കാൻ ക്ഷണിക്കും, ഉഴുത നിലത്ത് വിത്തുകൾ വിതയ്ക്കുകയും ഒന്നാ ദിവസത്തെ യാഗപാത്രം കുഴിച്ച് മൂടുകയും ചെയ്യും, പക്ഷിയുടെ ആകൃതിയിലുള്ള പ്രധാന വേദിയുടെ നിർമ്മാണവും അന്ന് തന്നെ തുടങ്ങും,

മൂന്ന് മുതൽ ഏഴ് ദിവസം വരെ

പ്രഭാതത്തിലെ ആചാരങ്ങൾക്ക് ശേഷം യാഗവേദിയുടെ അടരുകൾ ഓരോന്ന് വീതം കെട്ടിയുയർത്തി തുടങ്ങും, സന്ധ്യയ്ക്ക് വൈദീക ചടങ്ങുകളും,

എട്ടാം ദിവസം: 

ദൈനദിന ചടങ്ങുകൾക്ക് ശേഷം അഞ്ചാമത്തെ അടർ കെട്ടിയുയർത്തും,

ഒൻപതാം ദിവസം: 

മുൻ കർമ്മങ്ങളിൽ ഉപയോഗിച്ച വസ്തുവകകൾ ഒരു മനുഷ്യ രൂപത്തിൽ യാഗശാലയിൽ നിരത്തും, തുടർച്ചയായി നെയ്യും മറ്റു ദ്രവ്യങ്ങളും അഗ്നിയിൽ സമർപ്പിക്കും, പ്രതീകാത്മമായി മൃഗബലി നടത്തും,

പത്താം ദിവസം: 

യജമാനനും മറ്റ് പുരോഹിതരും അഗ്നി സമർപ്പണങ്ങൾക്കായി യാഗവേദിയിലേക്ക് സർപ്പങ്ങളെ പോലെ ഇഴഞ്ഞ് ചെല്ലും, പല ആചാര അനുഷ്ടനങ്ങൾ മന്ത്രോച്ചാരണങ്ങൾഒരേ സമയം നടക്കും, അഗ്നിജ്വലിച്ച് തുടങ്ങും, പ്രതീകാത്മക മൃഗബലി ഉണ്ടാകും

പതിനൊന്നാം ദിവസം: 

കുട്ടികളില്ലാത്ത ദമ്പതികൾക്കും ഗർഭിണികൾക്കും 'സൗമ്യം' എന്ന പ്രസാദം ലഭ്യമാക്കും, അനവതി സവിശേഷ മന്ത്രങ്ങൾ ചൊല്ലി സാമ സ്തുതിക്ക് ശേഷമാണ് സംയം അഥവ സൗമ്യം എന്ന പ്രസാദം തയ്യാറാക്കുന്നത്,

പന്ത്രണ്ടാം ദിവസം: 

യജമാനനും പത്നിയും അവഭൃതസ്നാനം നടത്തും (യാഗത്തിന് ഉപയോഗിച്ച വസ്തുക്കൾ നദിയിൽ ഒഴുക്കി കളഞ്ഞ് രണ്ട് പേരും നദിയിൽ മുങ്ങി നിവരുന്നതാണ് അവഭൃതസ്നാനം),
യജ്ഞശാലയിൽ നിന്ന് ആവാഹിച്ചെടുത്ത അഗ്നി യജമാനൻ്റെ ഇല്ലത്തെത്തിക്കുകയും അവിടെ മൂന്ന് കുണ്ഡങ്ങളിലാക്കി ജീവിതകാലം മുഴുവൻ സൂക്ഷിക്കുകയും ചെയ്യും, ഇത് ത്രേതാഗ്നി എന്നാണ് അറിയപ്പെടുന്നത്, യാഗശാലയിൽ നിന്ന്അക്കിത്തിരിപ്പാടും പത്തനാടിയും തിരിഞ്ഞ് നോക്കാതെ ഇല്ലത്തേക്ക് നടന്നു നീങ്ങും... അതിന് ശേഷം യാഗശാല അഗ്നിക്കിരയാക്കും,
തുടർന്ന് യാഗഭൂമിയിൽ മഴ തിമിർത്ത് പെയ്യും ... അതാണ് പൈതൃകം, അതാണ് വിശ്വാസം, ലോകനന്മയ്ക്കായുള്ള മഹായാഗത്തിൻ്റെ വിശുദ്ധി അതാണ് ....


1993 ൽ അതിരാത്ര മഹായാഗത്തെ ആധാരമാക്കി ഉണ്ടായ ചലച്ചിത്ര ആവിഷ്കാരമാണ് ജയരാജിൻ്റെ 'പൈതൃകം " :അന്ന് ചില നിരീശ്വരവാദികൾ ഈ ചലചിത്രത്തിനെതിരെ ദുഷ്പ്രചാരം നടത്തിയെങ്കിലുംവൻ വിജയമായിരുന്നു ചലച്ചിത്രം നേടിയത്, ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ഈശ്വരവിശ്വാസത്തെയും എതിർക്കുന്ന മകൻ, അച്ചൻ അതിരാത്ര മഹായാഗം നടത്തുമ്പോൾ പുറത്ത് സഖാക്കളെ സംഘടിപ്പിച്ച് സമരം ചെയ്യുന്ന മകൻ, അവസാനം യാഗശാല എരിച്ച് മഴ പെയ്യുമ്പോൾ സ്തംഭിച്ച് മഴ നനഞ്ഞ്നിന്നു പോകുന്ന മകൻ, മഴ പെയ്തതോടെ വിശ്വാസികൾ സഖാക്കളെ കല്ലെറിഞ് ഓടിക്കുന്നു, ഒരു കല്ല് നായകൻ്റെ നെറ്റിയിലും പതിക്കുന്നു,തെറ്റ് മനസിലാക്കി തൻ്റെ പൈതൃകത്തെ തിരിച്ചറിഞ്ഞ് അതാണ് സത്യം എന്ന് മനസിലാക്കി നായകൻ ഇല്ലത്ത് എത്തുമ്പോഴെക്കും അച്ചനും അമ്മയും വിഷ്ണു പാദം പൂകി ...
തൻ്റെ ഭാര്യയോടും കുട്ടിയോടും ഒപ്പം യാഗം ചെയ്യുന്ന നായകനെ ചലചിത്രത്തിൻ്റെ അവസാനം സ്ക്രീനിൽ കാണുമ്പോൾ കാണികൾ നിറകണ്ണുകളോടെ കൈയടിച്ച് എഴുന്നേല്ക്കുന്നു... അതാണ് പൈതൃകം:

No comments:

Post a Comment