"നായാടി പാട്ട്"
പുള്ളുവർ പാട്ടുകൾ പോലെ ഇല്ലാതായിപോയ ഒന്നാണ് "നായാടി പാട്ട്".
പഴയ കാലത്ത് ദേശത്തെ ഉത്സവങ്ങൾ ജനകീയമായി ആഘോഷിച്ചിരുന്നതിൻ്റെ അടയാളമാവാം ഇത്.
ദേവി, ദേവൻ്റെ അനുഗ്രഹത്തെ ജനങ്ങളിലേക്കെത്തിക്കുന്ന പ്രാർത്ഥന രൂപത്തിലുള്ള നാടൻ പാട്ടും അതിന് ഈണം പകരാൻ ഓട/മുളകൊണ്ട് തയ്യാറാക്കിയ കോലുകൾ കൊട്ടി ചുവടുവെപ്പുകളാൽ സജീവമായാണ് ആ കലാകാരൻമാർ ഇത് അവതരിപ്പിക്കാറ്.
ഉത്സവം /പൂരം എന്നിവയുടെ വിവരണം, ദേവി / ദേവൻ്റെ വർണന, ഭക്തരോടുള്ള വാത്സല്യം നാടിനും നാട്ടുകാർക്കും ഉള്ള ക്ഷേമം, ഐശ്വര്യം എന്നിവയും, ദോഷങ്ങൾ പാടി ഒഴിവാക്കി ദൈവാനുഗ്രഹം വിളിച്ചറിയിക്കുന്നതാവും പാട്ടുകളുടെ ഉള്ളടക്കം.
ദേശ പെരുമ, നാടിൻ്റെ സംസ്ക്കാരം, ജനജീവിതരീതികൾ എന്നിങ്ങനെ പലതും ഈ പാട്ടിലെ വരികളിൽ മുത്തുകൾ പോലെ ഭംഗിയായി ഇണക്കിചേർത്തിരിക്കും.
കാർഷിക സംസ്കൃതിയിൽ മാത്രം തളച്ചിടപ്പെട്ടിരുന്ന, അക്ഷര അഭ്യാസം വിലക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനത എഴുതാനും വായിക്കാനും അറിയിലെങ്കിലും തലമുറകളിലൂടെ പാട്ടിലൂടെ കൈമാറി വന്നിരുന്ന ഈ സംഗീതത്തിന് ഏറെ പ്രാധാന്യം ഉണ്ട്.
പുതിയ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിലൂടെ മുന്നേറിയ പുതുതലമുറകൾ കുടുംബം പുലരാൻ പാടി നടക്കേണ്ട ആവശ്യമില്ലാത്തതിനാൽ തീർത്തും ജനകീയമായിരുന്ന ഈ നാടൻ കലാരൂപം ചുരുങ്ങി ഇല്ലാതായി എന്നു പറയാം. എങ്കിലും അവർ അവരുടെ കൂട്ടായ്മകളിൽ ആ പാട്ടിൻ്റെ ശ്രുതി നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ട്.
No comments:
Post a Comment