നമ:ശിവായ മന്ത്രരഹസ്യം - 01
നമ:ശിവായ എന്നത് പഞ്ചാക്ഷരി മന്ത്രമാണ്. ഇത് വൈദിക മന്ത്രമാണ്. ശുക്ല യജുർവേദം 16-ാമധ്യായം ശ്രീ രുദ്രമാണ്. ഈ അധ്യായത്തിലെ 41-ാം മന്ത്രമാണ് - "
നമ:ശം ഭവായ ച മയോഭവായ ച
നമ: ശങ്കരായ ച മയസ്കരായ ച
നമ:ശിവായ ച നമ: ശിവതരായ ച"
എന്നത്. ഈ മന്ത്രത്തിലെ ഒരു ഭാഗമാണ് നമ:ശിവായ എന്നത്.
ഒട്ടുമിക്കവരും ഈ മന്ത്രം നിത്യേന ചൊല്ലി വരുന്നു. പക്ഷേ ഇതിന്റെ അർഥമറിഞ്ഞു ജപിക്കുന്നവർ എത്ര പേരുണ്ടാവും?
ജപം അർഥവിചാരമാണ്. തജ്ജപസ്തദർഥ ഭാവനം എന്ന് പതഞ്ജലി മഹർഷി യോഗദർശനത്തിൽ ജപത്തെ നിർവചിക്കുന്നു. ജപം എന്നത് മന്ത്രത്തിന്റെ അർഥ വിചാരമാണ്. അർഥമറിയാതെ മന്ത്രാക്ഷരങ്ങളാ വർത്തിച്ച് ചൊല്ലുന്നത് ജപമല്ല. അർഥമറിയാതെയുള്ള ആവർത്തനം ഭസ്മത്തിൽ ഹോമിക്കുന്നതു പോലെ പ്രയോജനരഹിതമാണ്
നമുക്ക് പഞ്ചാക്ഷരിയുടെ അർഥ വിചാരത്തിലേക്ക് വരാം.
ശ്രീമദ് ശങ്കരാചാര്യരുടെ പ്രഥമ ശിഷ്യനായ പത്മപാദാചാര്യർ 26 ശ്ലോകങ്ങളിലായി നമ:ശിവായ മന്ത്രത്തിന്റെ വിവിധാർഥ തലങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ആ ശ്ലോകങ്ങളെ ആധാരമാക്കി നമ:ശിവായ മന്ത്രത്തിന്റെ രഹസ്യ ഭൂമിയിലേക്ക് ജിജ്ഞാസുക്കളെ പ്രണാമത്തോടെ സ്വാഗതം ചെയ്യുന്നു.
ഒരു ദിവസം കൊണ്ട് മുഴുവൻ മനസ്സിലായില്ലെങ്കിൽ ഒരു പാരഗ്രാഫ്നു ഒരു ദിവസം അലപം സമയം മാറ്റിവച്ചു പഠിക്കണേ എന്നപേഷിക്കുന്നു...
ത്യാഗോ ഹി നമസോവാച്യ: ആനന്ദ പ്രകൃതേ സ്തഥാ ഫലം പ്രത്യയ വാച്യം സ്യാത് ത്യാജ്യം പത്ര ഫലാദികം ത്യജാമീദമിദം സർവം ചതുർണാമിഹസിദ്ധയേ. 1
അർഥം :-
നമസ: വാച്യം ത്യാഗ: ഹി = നമസ് എന്ന പദത്തിന്റെ വാച്യാർഥം ത്യാഗം എന്നാകുന്നു.
തഥാ പ്രകൃതേ: ആനന്ദ: = അതുപോലെ പ്രകൃതിയുടെ അർഥം ആനന്ദമെന്നാണ്.
പ്രത്യയ വാച്യം ഫലം സ്യാത് = പ്രത്യയത്തിന്റെ അർഥം ഫലം എന്നാ കുന്നു.
ഇഹ ചതുർണാം സിദ്ധയേ= ഇവിടെ നാലിന്റെയും സിദ്ധിക്കായി ഇദം ഇദം സർവം ത്യജാമി = ഇതിനെ ഇതിനെ എന്നിങ്ങനെ സകലതും ഞാൻ ത്യജിക്കുന്നു. നമസ് എന്ന ശബ്ദത്തിന് ഉപേക്ഷിക്കുക എന്നർഥം.
ഉദാഹരണത്തിന് ഏതദ് വോ അന്നം സോപകരണം നമ: എന്ന വാക്യത്തിന് ഈ അന്നം പാത്രത്തോടു കൂടി ഞാനുപേക്ഷിക്കുന്നു എന്നാണർഥം. കർമകാണ്ഡത്തിൽ ഇത്തരം പ്രയോഗങ്ങൾ സാധാരണയാണ്. ശിവായ എന്ന രൂപത്തിൽ ശിവ ശബ്ദം പ്രകൃതിയും' ആയ 'ശബ്ദം പ്രത്യയവുമാണ്. പ്രത്യയം ചേരാത്ത രൂപമാണ് പ്രകൃതി. ഇവിടെ ശിവ എന്ന പ്രകൃതി രൂപത്തിന് ആനന്ദം എന്നർഥം. (ശിവം - സുഖം നാമ സ്കനിഘണ്ടു) ആയ എന്നത് ചതുർഥീ വിഭക്തിയുടെ പ്രത്യയമായങേയുടെ പരിണാമമാണ് (ങേര് യ) ചതുർഥിയുടെ കാരകത്വം സംപ്രദാനത്തിലാണ്. (ചതുർഥീ സംപ്രദാനേ-അഷ്ടാ ധ്യായി) സംപ്രദാനത്തിൽ ദാനധർമം നിഹിതമാണ്. അപ്പോൾ ശിവായ എന്ന പദത്തിന് ആനന്ദമെന്ന ഫലം ലഭിക്കുന്നതിനു വേണ്ടി എന്നർഥമാവുന്നു. ആനന്ദം പുരുഷാർഥ ഫലമാണ്. ധർമം അർഥം കാമം മോക്ഷം എന്നിവയാണല്ലോ പുരുഷാർഥം. ഈ ആനന്ദലബ്ധിക്ക് പത്ര ഫലാദികം ത്യാജ്യം. പത്രം പുഷ്പം ഫലം എന്നിവയെ ത്യജിക്കണം. ഇവകൊണ്ടുള്ള ബാഹ്യ പൂജാവിധാനങ്ങളെ ത്യജിക്കണം. ബാഹ്യ പൂജയിൽ നിന്നും മാനസിക പൂജയിലേക്കും അനന്തരം ആത്മാരാധനയിലേയ്ക്കും വളരണം. അതു മാത്രം പോരാ ഇദമിദം സർവം ത്യജാമി ഇത് ഇത് എന്നു പറയുന്നതിനെയെല്ലാം ഞാൻ ത്യജിക്കുന്നു. കാരണം, 'തദേവ ബ്രഹ്മ ത്വം വിദ്ധി നേ ദം യദിദമു പാസതേ (കേന ഉപനിഷത്) ഇത് ഇത് എന്ന് പറയുന്നതെല്ലാം ഇന്ദ്രിയ വിഷയമാണ്. ശിവൻ ഇന്ദ്രിയ വിഷയമല്ല. തത് - അത് - ആണ് ശിവൻ. അതിനെ കിട്ടാൻ ഇതിനെ ഉപേക്ഷിക്കണം. പരോക്ഷമായ ശിവനെ ലഭിക്കാൻ വേണ്ടി ഞാൻ പ്രത്യക്ഷമായ ഇന്ദ്രിയ വിഷയങ്ങളെ ഉപേക്ഷിക്കുന്ന. ഓം നമ:ശിവായ .ഹേ സർവേശ്വരാ, ഞാൻ നിരതിശയാന്ദമായ മോക്ഷ സുഖത്തിനായി ഇന്ദ്രിയ വിഷയങ്ങളെ- ദൃശ്യപ്രപഞ്ചത്തെയും അതിൽ നിന്നുണ്ടാവുന്ന സുഖദു:ഖങ്ങളെയും - അങ്ങയുടെ പാദ കമല ങ്ങളിൽ സമർപ്പിക്കുന്നു.
Swami Darshananda saraswathi
No comments:
Post a Comment