മറവങ്കോട് യക്ഷി
തെക്കൻ തിരുവിതാംകൂറിലെ ഇളയിടത്ത് സ്വരൂപത്തിൽ (കൊട്ടാരക്കര) മറവങ്കോട് എന്ന വനത്തിൽ വിഹരിച്ചിരുന്നതായി പറയപ്പെടുന്ന ഒരു യക്ഷിയാണ് മറവങ്കോട് യക്ഷി. ക്രി.വ. 17കളുടെ മധ്യത്തിലാണ് ഈ യക്ഷിയുടെ ഉപദ്രവമുണ്ടായതായി വിശ്വസിക്കപ്പെടുന്നത്.
പാറക്കോട് വനത്തിലൂടെ യാത്ര ചെയ്യുന്നവരെ രക്തദാഹിയായ യക്ഷി ഉപദ്രവിക്കുമായിരുന്നു. ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെ മേൽശാന്തിയായ ദേവനാരായണൻ എന്ന ഒരു മാന്ത്രികൻ യക്ഷിയെ ഒരു നെരിപ്പോടിലേക്ക് ആവാഹിച്ചെങ്കിലും അവൾ അവിടെനിന്ന് രക്ഷപെട്ടു. തുടർന്ന് തലയിൽ തീക്കനലുമായി വന്ന അവൾ ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെത്തി നരസിംഹമൂർത്തിയുടെ കോവിലിൽ നിവേദ്യപൂജ ചെയ്യുകയായിരുന്ന ദേവനാരായണനെ ഉപദ്രവിക്കാൻ തുനിഞ്ഞു. ഇതിൽ കുപിതനായ നരസിംഹമൂർത്തി അവളെ അദ്ദേഹത്തിന്റെ തട്ടകമായ പാറക്കോട്ടു നിന്നും ഓടിച്ചു. തുടർന്നാണ് യക്ഷി മറവങ്കോട്ട് എത്തിയത്. ഇളയിടത്ത് സ്വരീപത്തിൽ കൊള്ളയും കൊള്ളിവയ്പ്പും നടത്തിവന്ന മറവന്മാരായ ചില കൊള്ളക്കാരെ അധികാരമേറ്റ ശേഷം ഇളയിടത്ത് റാണി അമർച്ച ചെയ്തപ്പോൾ അവർ കാട്ടിലേക്ക് മാറി താവളമാക്കി. അങ്ങനെ മറവന്മാർ തമ്പടിച്ച മല മറവങ്കോട് എന്നറിയപ്പെട്ടു. അവിടേയ്ക്ക് കുടിയേറിയ യക്ഷി പൂർവ്വാധികമായി ഉപദ്രവങ്ങൾ ചെയ്തു വന്നു. അന്നാട്ടിലെ പേരു കേട്ട വൈദ്യനും മാന്ത്രികനുമായ വലിയത്തൂർ ഉണ്ണിത്താൻ യക്ഷിയെ തളയ്ക്കാൻ മുതിർന്നു. ആവാഹിച്ച് പ്രതിമയിൽ കാരമുള്ള് സ്ഥാപിച്ചതോടെ ഉണ്ണിത്താന് തീരാത്ത മൂത്രശങ്ക തോന്നിത്തുടങ്ങി. പിന്നെയും പിന്നെയും മൂത്രശങ്ക തീർക്കാൻ പോകേണ്ടി വന്നതിനാൽ ഓരോ തവണയും മന്ത്രശുദ്ധി ചെയ്യേണ്ടി വന്നു. അതിനാൽ യാഗം പൂർത്തിയാക്കാൻ സാധിക്കാതെയായി. ഈ സമയം പ്രശ്നപരിഹാരം ആരാഞ്ഞോണ്ട് ഉണ്ണിത്താൻ ഒരു ഓലയെഴുതി അദ്ദേഹത്തിന്റെ അടിയനായ കുഞ്ഞേല മുഖാന്തരം കരീപ്ര തിരുമേനി എന്ന മഹാമാന്ത്രികനയച്ചു. ഒടിമാനായി വേഷം മാറിയ കുഞ്ഞേല കരീപ്ര തിരുമേനിയിൽ നിന്ന് പരിഹാരം ഗ്രഹിച്ച് ക്ഷണത്തിൽ തിരികെയെത്തി. യക്ഷിയുടെ ശിരസ്സിലെ നെരിപ്പോടിൽ കാരമുള്ള് ബന്ധനം ചെയ്തതാണ് പ്രശ്നം. നെരിപ്പോട് ഒരു മന്ത്രക്കെട്ടാണ്. കാരമുള്ള് അവിടെ നിന്നെടുത്ത് മാറ്റിയാൽ പ്രശ്നം തീരും. തുടർന്ന് കരീപ്രതിരുമേനിയും മറവങ്കോട്ടെത്തി നരസിംഹപൂജ നടത്തി ആദ്യം ഭസ്മസഞ്ചിയിലും പിന്നീട് ഭസ്മസഞ്ചിയിലെ ബന്ധനം ഒഴിച്ച് ഒരു കരിക്കിലും എന്നെന്നേക്കുമായി ആവാഹിച്ചു. യക്ഷിയെ ആവാഹിച്ച കരിക്ക് തൊളിച്ചിറക്കളത്തിനടുത്തുള്ള വരിക്കപ്ലാവിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. യക്ഷിയുടെ സാന്നിധ്യം ഉണ്ടായ ആ വരിക്കപ്ലാവ് എല്ലാക്കാലത്തും കായ്ചു തുടങ്ങി. തൊളിച്ചിറ പ്ലാവ് എന്ന ഈ പ്ലാവിലെ ചക്കയാണ് ചക്കയില്ലാക്കാലത്ത് മുറജപത്തിന് തിരുവിതാംകൂർ രാജാക്കന്മാർ ചക്ക എരിശ്ശേരി ഉണ്ടാക്കാൻ ഉപയോഗിച്ച് വന്നത്.
No comments:
Post a Comment