13 December 2021

പുണ്യാഹം

പുണ്യാഹം

വൈദികമന്ത്രങ്ങളോടുകൂടി അശുദ്ധി മാറാൻവേണ്ടി ചെയ്യുന്ന കർമ്മം.

ഒരു കിണ്ടിയിൽ വെള്ളമെടുത്ത് അതിൽ തുളസിപ്പൂവ്, അരി, ചന്ദനം, നെല്ല്, ദർഭ എന്നിവയിട്ട് മന്ത്രജപത്തോടുകൂടി ദർഭത്തുമ്പുപയോഗിച്ചു തളിക്കുന്ന ക്രിയ.

പുല, വാലായ്മ മുതലായവ മാറുന്നതിനും ക്ഷേത്രവുമായി ബന്ധപ്പെട്ട അശുദ്ധികൾ നീങ്ങുന്നതിനും ഇതുപയോഗിക്കുന്നു.

സ്വയം ശുദ്ധീകരിക്കാം, പുണ്യാഹ മന്ത്രത്താല്‍

ജലത്തിനു മാസ്മരിക ശക്തിയുണ്ട്.

പഞ്ചഭൂതങ്ങളില്‍ സമാനതകളില്ലാത്ത സ്ഥാനം കല്‍പ്പിക്കപ്പെടുന്നു ജലത്തിന്. അതുകൊണ്ടുതന്നെയാണ് ശുഭകര്‍മങ്ങള്‍ക്കെല്ലാം ജലം അവിഭാജ്യഘടകമായി മാറുന്നതും.

ഭൂമിയിലെ സര്‍വജീവജാലങ്ങളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനം തന്നെ വെള്ളമാണ്." വെള്ളത്തിനു വേണ്ടിയാണ് ഇനിയുള്ള യുദ്ധങ്ങളെന്നു പോലും കുറിക്കപ്പെട്ടു കഴിഞ്ഞു.

ശുദ്ധീകരണമാണ് ജലത്തിന്റെ ധര്‍മം. പരമപവിത്രമായി ഗംഗാ നദിയെ കാണുന്നതുകൊണ്ടാണ് ഗംഗയില്‍ മുങ്ങി പാപം കഴുകിക്കളയുകയെന്ന സങ്കല്‍പമുണ്ടായത്.

എല്ലാ മനുഷ്യര്‍ക്കും ദൈനംദിന ജീവിതത്തില്‍ ജലത്താൽ ആത്മശുദ്ധീകരണം നടത്താവുന്നതാണ്.

വൈദികരീതി പ്രകാരം പുണ്യാഹ മന്ത്രമാണ് ഇവിടെ ചൊല്ലേണ്ടത്. കുളിക്കുന്നതിനു മുമ്പ് കിഴക്കു നോക്കി വെള്ളം ഇരുകൈകളും ചേര്‍ത്തുപിടിച്ചെടുത്ത് ചൊല്ലേണ്ടതാണ് ഈ മന്ത്രം.

ഋഗ്വേദത്തില്‍ നിന്നെടുത്ത ഇത് തര്‍പ്പണമന്ത്രമായാണ് അറിയപ്പെടുന്നത്.

ഓം ആപോ ഹി ഷ്ഠാ മയോഭുവസ്താ
ന ഊര്‍ജേ ദധാതനഃ മഹേ രണായ ചക്ഷസേ
യോ വഃ ശിവതമോ രസസ്തസ്യ
ഭാജയതേഹ നഃ ഉശതീരവ മാതരഃ
തസ്മാ അരം ഗമാമ വോ
യസ്യ ക്ഷയായ ജിന്വഥ
ആപോ ജനയഥാ ച നഃ
ശന്നോ ദേവീരഭിഷ്ടയ ആപോ ഭവന്തു
പീതയോ ശംയോരഭിസ്രവന്തു നഃ

ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ ഒമ്പതാം സൂക്തത്തിലെ നാലു മന്ത്രങ്ങളാണിവ.

കുളിക്കുന്നതു കുളത്തിലാണെങ്കിലും ബക്കറ്റില്‍ വെള്ളമെടുത്താണെങ്കിലും വെള്ളം രണ്ട് ഉള്ളംകൈയിലും എടുത്തു ചൊല്ലണം. അതിനു ശേഷം വെള്ളത്തില്‍നിന്നു കുറച്ചെടുത്ത് തലയിലും കുളിക്കാനുള്ള വെള്ളത്തിലും തളിക്കുക.

അതിനു ശേഷം വെള്ളം വീണ്ടുമെടുത്ത് ഇപ്പറയുന്ന ഓരോ മന്ത്രവും ക്രമമായി ചൊല്ലി തര്‍പ്പിക്കുക.

ദേവാം തര്‍പ്പയാമി,
ദേവഗണാം തര്‍പ്പയാമി,
ഋഷീം തര്‍പ്പയാമി,
ഋഷിഗണാം തര്‍പ്പയാമി,
പിതൃം തര്‍പ്പയാമി,
പിതൃഗണാം തര്‍പ്പയാമി.

ഈ ജലം സര്‍വമംഗളങ്ങളും നല്‍കുന്നതാണ്. ബലത്തെ നല്‍കുന്നതാണ്. വാക്ശക്തിയും ദൃഷ്ടിശക്തിയും നല്‍കുന്നതാണ്.

അത്യന്തം ഐശ്വര്യപൂര്‍ണമായ ആ ജലത്തിന്റെ രസത്തെ ഞങ്ങള്‍ സേവിക്കുന്നു.

കുഞ്ഞിന് അമ്മയുടെ മുലപ്പാല്‍ പോലെ പവിത്രവും ആരോഗ്യദായകവുമായിത്തീരട്ടെ ഈ ജലം- ഇതാണ് ഈ മന്ത്രം സാമാന്യമായി അര്‍ഥമാക്കുന്നത്.

ആദ്യമന്ത്രം ചൊല്ലിയതിനു ശേഷം ചൊല്ലുന്ന തര്‍പ്പണങ്ങള്‍ ദേവഗണങ്ങളെയും ഋഷിമാരെയും പിതൃക്കളെയുമെല്ലാം സ്മരിക്കുന്നതാണ്.

സര്‍വ ഇന്ദ്രിയങ്ങളുടെയും കൃത്യവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് ജലത്തിന്റെ സഹായം കൂടിയേ തീരൂ.

അതിനു നമ്മള്‍ സേവിക്കുന്ന ജലം നമ്മെ പ്രാപ്തരാക്കട്ടെയെന്നു സ്വയം ബോധ്യപ്പെടുത്തുകയാണ്

ദിവസവും ഈ മന്ത്രം ചൊല്ലുന്നതിലൂടെ ചെയ്യുന്നത്. ദിവസവും ഈ മന്ത്രം ചൊല്ലുമ്പോൾ ജലത്തിന്റെ മാസ്മരിക ശക്തിയെക്കുറിച്ച് നാം സ്വയം അവബോധമുള്ളവരായിത്തീരും.

ഈ മന്ത്രം ബാഹ്യവും ആന്തരികവുമായ ശാന്തി നൽകുന്നു.

No comments:

Post a Comment