നാമ ജപവും മന്ത്രജപവും
മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ് മന്ത്രങ്ങൾ. മനനാത് ത്രായതേ ഇതിമന്ത്ര എന്നതാണ് പ്രമാണം. മന്ത്രം ഏതെങ്കിലും ഭാഷയിലെ അക്ഷരമോ അക്ഷരങ്ങളുടെ കൂട്ടമോ അല്ല. അത് പരമാത്മാവിന്റെയോ അതിന്റെ ഭാഗമായ ദേവതാ സങ്കല്പങ്ങളുടേയോ ശബ്ദ പ്രതീകമാണ്. അപാരമായ ദേവതാ ശക്തി ഉൾച്ചേർന്നിരിക്കുന്ന അല്ലെങ്കിൽ ദേവതാ ശക്തിയുടെ തന്നെയായ പ്രത്യേക ഘടനയോടുകൂടിയ നാരദരൂപമാണത്. നാദവിസ്‌ഫോടനത്തിൽ നിന്നാണ് പ്രപഞ്ചത്തിൽ നിരവധി നാദസ്പന്ദനങ്ങൾ അനന്തമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ നാദസ്പന്ദനങ്ങളുടെയെല്ലാം ഉൾച്ചേരലിലൂടെ സംജാതമാകുന്ന അടിസ്ഥാനശബ്ദത്തെ സാധാരണ മനുഷ്യന് ഗ്രഹിക്കാവുന്നതല്ല. അതീന്ദ്രിയജ്ഞാനത്തിന്റെ ഉത്തുംഗതയിൽ എത്തിച്ചേർന്നിട്ടുള്ള പരമജ്ഞാനികളായ മഹർഷീശ്വരന്മാരുടെ മനസ്സിൽ പ്രസ്തുത പ്രപഞ്ചശബ്ദം വെളിപ്പെട്ടിരുന്നു അതാണ് ഓംകാരം. ഓംകാരത്തിൽ നിന്നാണ് പ്രപഞ്ചസൃഷ്ടിയുണ്ടായത്. അ ഉ മ (അകാരം, ഉകാരം, മകാരം) എന്നീ ശബ്ദങ്ങളുടെ സംഘാതമാണ് ഓം. ഇത് ഏകവും അദ്വിതീയവുമായ പരബ്രഹ്‌മത്തിന്റെ പ്രതീകമാണ്. ബ്രഹ്‌മപ്രാപ്തിക്കുള്ള വിവിധ ഉപാസനകളിൽ പ്രണവോപാസനമാണ് ഏറ്റവും മുഖ്യം. മന്ത്രങ്ങളുടെയെല്ലാം അടിസ്ഥാനം പ്രണവമാണ്. ആകെ ഏഴുകോടി മന്ത്രങ്ങളുള്ളതായി വിശ്വസിക്കപ്പെടുന്നു. എല്ലാ മന്ത്രങ്ങളും ഓംകാരപൂർവ്വമാണ്. മഹാപുണ്യമായ ഓംകാരം ത്രിസന്ധ്യകളിലും ജപിക്കണമെന്ന് ആചാര്യന്മാർ ഉത്‌ഘോഷിക്കുന്നു. മനസ്സിനെ ഏകാഗ്രമാക്കി അതിനെ ഈശ്വര സങ്കല്പത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള അഭ്യാസമാണ് ജപം.
നാമജപമായാലും മന്ത്രജപമായാലും ജപത്തിന്റെ ഉദ്ദേശം അതുതന്നെ. നിരന്തരം തുടരുന്ന ജപം ക്രമേണ മനസ്സിനെ ഏകാഗ്രമാക്കും. ആ ഏകാഗ്രത കൈവരുന്നതോടെ മനസ്സ് ഈശ്വരനിൽ അഥവാ ഇഷ്ടദേവതയിൽ ഉറച്ചുനിൽക്കുന്നു. നാമവും, രൂപവും തമ്മിൽ വേർപ്പെടുത്താൻ കഴിയാത്തവിധം ഒന്നിച്ചവയാണ്. നാമം കൂടാതെ രൂപത്തേയും, രൂപം കൂടാതെ നാമത്തേയും നമുക്ക് മനസ്സിൽ കൊണ്ടുവരാൻ കഴിയില്ല. അതുപോലെ ഈശ്വരന്റെ നാമവും രൂപവും നമ്മുടെ മനസ്സിൽ തെളിയുന്നു. ആ രൂപത്തെ മനസ്സിൽ സ്മരിക്കുന്നതാണ് ധ്യാനം. അതുകൊണ്ടുതന്നെ ജപവും ധ്യാനവും ഒരേ സമയം നടക്കുന്ന രണ്ടു പ്രക്രിയകളാണ്. മന്ത്രങ്ങൾ ശിഷ്യന് ഗുരുമുഖത്തുനിന്നും ഉപദേശരൂപേണ ലഭിച്ചെങ്കിൽ മാത്രമേ അതിന് ചൈതന്യമുണ്ടാവുകയുള്ളൂ.
മന്ത്രജപം എങ്ങനെയെങ്കിലും ആകാൻ പാടില്ല. അയാൾ അതിനു യോഗ്യനായിരിക്കണം,,,, അത് ഒരു ചെറിയ കഥയിലൂടെ പറയാം . ഒരു രാജാവ് തന്റെ മന്ത്രിയെ അയാളുടെ ഭവനത്തിൽ ചെന്നു സന്ദർശിച്ചു. മന്ത്രി മന്ത്രം ജപിക്കുകയായിരുന്നു. രാജാവ് കാത്തിരുന്നു. ജപം തീർന്നതിനു ശേഷം മന്ത്രി വന്നു. ജപിച്ചതെന്തു മന്ത്രമാണെന്നു രാജാവ് ചോദിച്ചപ്പോൾ ഗായത്രിയാണെന്നു മന്ത്രി ഉത്തരം പറഞ്ഞു. തനിക്കും അത് പഠിപ്പിച്ചു കൊടുക്കാൻ രാജാവ് ആവശ്യപ്പെട്ടു. മന്ത്രം ഉപദേശിക്കാൻ താനധികാരിയല്ലെന്നായി മന്ത്രി. രാജാവു കാരണം ചോദിച്ചു. ഉടനെ മന്ത്രി അടുത്തുണ്ടായിരുന്ന സേവകനോടു രാജാവിനെ പിടിച്ചു തടങ്കലിൽ വയ്ക്കാനുത്തരവിട്ടു. സേവകൻ അനുസരിച്ചില്ല. കോപാകുലനായ രാജാവ് മന്ത്രിയെ തടങ്കലി; വയ്ക്കാൻ സേവകനോടാജ്ഞാപിച്ചു. സേവകൻ ഉടനെ അപ്രകാരം ചെയ്തു. മന്ത്രി ചിരിച്ചുകൊണ്ട് അതാണുത്തരം എന്നു രാജാവിനോടു പറഞ്ഞു. എങ്ങനെ എന്നു ചോദിച്ചതിനു മന്ത്രി "ആജ്ഞയും ആജ്ഞാവഹനും ഒന്നു തന്നെ, പക്ഷെ അധികാരി മാറിപ്പോയി. എന്റെ ആജ്ഞ നിഷ്ഫലമായി, അങ്ങയുടേതു സഫലവുമായി. മന്ത്രത്തിന്റെ ഗതിയും ഇപ്രകാരം തന്നെ".
ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീർത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധികൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്...
No comments:
Post a Comment