5 November 2021

ബലിതർപ്പണം

ബലിതർപ്പണം

ലോകജനതക്കു  മുഴുവൻ ദുരിതങ്ങൾ  സൃഷ്ടിക്കുന്ന  മഹാമാരിയായ  കോവിഡ് 19 ഇന്റെ  പശ്ചാത്തലത്തിൽ പുണ്യ  ക്ഷേത്ര  സങ്കേതങ്ങളിൽ  ബലിതർപ്പണം  നടത്താനുള്ള അസൗകര്യം ഉള്ളതിനാൽ, സ്വന്തം  ഭവനങ്ങളിൽ ശുദ്ധിയായ സ്ഥാനത്തു ഹൈന്ദവാചാര  പ്രകാരമുള്ള  ലളിതമായ  രീതിയിൽ ചെയ്യുന്നതിനുള്ള  നിർദ്ദേശങ്ങൾ  ഇതോടൊപ്പം  ചേർക്കുന്നു.

ബലിതർപ്പണത്തിനു  ആവശ്യമുള്ള  പൂജാദ്രവ്യങ്ങൾ

നിലവിളക്ക്, കിണ്ടി, എള്ള്, അരളിപ്പൂവ്, വെള്ള പച്ചരി ചോറ്(കോവക്ക, വാഴക്ക, പാവയ്ക്കാ, വഴുതനങ്ങ, നീളൻപയർ, കദളിപ്പഴം, നെയ്യ്, തേൻ  എന്നിവ അല്പം ചേർത്തത്) ഒരു ഉരുള, പഴം, ദർഭ, വാഴയില  3, ചന്ദനം, ഒരു  പാത്രം  ജലം, പലക, ചമ്പ്രാണിത്തിരി,  എന്നിവ...

തളിച്ച്  വൃത്തിയാക്കിയ  സ്ഥലത്ത്  കിഴക്ക്  ദർശനത്തിൽ ഇലയിട്ട്   നിലവിളക്ക്  തെളിയിക്കുക.

നിലവിളക്കിനു  സമീപം  സൗകര്യപ്രദമായി  പലകയിൽ  തെക്കു ദർശനത്തിൽ ഇരിക്കുക.

മുൻ വശത്തു  ഇടതു  വശത്തെ  ഇലയിൽ അല്പം  എള്ള്, ചോറ്, പഴം  എന്നിവ  വയ്ക്കുക,

വലതു  വശത്തെ  ഇലയിൽ ചന്ദനം, പൂവ്,  എള്ള്  എന്നിവ  വയ്ക്കുക.

ശുദ്ധിയാക്കിയ  കൈകൾ  കൊണ്ട്  അല്പം  പൂവ്, ചന്ദനം, എള്ള്  എന്നിവ  കിണ്ടിയിലെ  ജലത്തിലേക്കു  ഇടുക,  എന്നിട്ട് കിണ്ടിയുടെ  മുളയും  വായും  അടച്ചു കിണ്ടി മുകളിലേക്കു തല  വരെ  ഉയർത്തുക, പറയുക...

ഓം  ഗംഗായേ  നമഃ
ഓം  ഗംഗേശ യമുനേ ചൈവ,
ഗോദാവരി  സരസ്വതി,
നർമ ദേ  സിന്ധു കാവേരി
ജലേസ്മിൻ സന്നിധിൻ  ഗുരു...

ആകാശ  ഗംഗ  കൊണ്ടും
സപ്തതീർത്ഥം  കൊണ്ടും
മാനസ സങ്കൽപ്പ പിതൃ തീർത്ഥം  സമർപ്പയാമി...

കിണ്ടിയിൽ നിന്നും മുള  വഴി  മൂന്നു പ്രാവശ്യം  ജലം  എടുത്തു  കിണ്ടിക്കു അകത്തേക്ക്  ഒഴിക്കുക.

ഇനി  കിണ്ടി  ഇലയുടെ  താഴെ  വച്ച്  തൊഴുതു  പറയുക..

പിതൃതീർത്ഥം  പ്രോക്ഷയാമി...

കുറച്ചു  ഗംഗാജലം  കിണ്ടിയുടെ  മുളയിലൂടെ  എടുത്തു ദേഹത്ത്  തളിച്ച്  പറയുക....

ഓം  ദേഹശുദ്ധി  സമർപ്പയാമി...
 
ഇനി  കുറച്ചു  ജലം  കൈയിലെടുത്തു  പൂവ്  ഇരിക്കുന്ന ഇലയുടെ  മുൻഭാഗം തളിച്ച്  വൃത്തിയാക്കി  മൊഴുകുക...

കൈകൾ  ശുദ്ധിയാക്കി,  തയ്യാറാക്കിയ  ദർഭ  കൊണ്ടുള്ള  പവിത്രം വലതു  കൈയിലെ  മോതിര വിരലിൽ  അണിയുക....
ഒരു  പൂവ്  എടുത്ത്  നാരായണ  ഭഗവാനെയും  പിതൃക്കളെയും  ധ്യാനിച്ച്  മൊഴുകിയ സ്ഥലത്ത്  സമർപ്പിക്കുക.

ഒരു പൂവ് എടുത്ത് ബാലികർമ്മങ്ങൾക്കു  വിഘ്നം  വരാതിരിക്കാൻ  ഓം  വിഘ്നേശ്വരായ നമഃ  എന്ന്  പ്രാർത്ഥിച്ചു നില  വിളക്കിനു  മുന്നിലേക്ക്‌  സമർപ്പിക്കുക.

ഇനി  ഇലയിൽ  വച്ചിരിക്കുന്ന  6 ഇഞ്ച്  നീളമുള്ള  ഒൻപത്  ദർഭ  എടുത്ത്, ഗംഗാജലം  കൊണ്ട് കഴുകി, അല്പം  എള്ള്, പൂവ്, ചന്ദനം  എന്നിവ  ചേർത്ത്  നെഞ്ചോടു  ചേർത്ത്  തൊഴുതു പ്രാർത്ഥിക്കുക,

ഓം നമോ  നാരായണായ  നമഃ
ഓം  ബ്രമ്ഹദേവായ നമഃ
ഓം  മഹാദേവായ നമഃ

പിതൃക്കളെ  മനസ്സിൽ  ധ്യാനിച്ച്  മൊഴുകിയ  സ്ഥലത്തു  നിരത്തി  വച്ച് പറയുക....
ഓം പീഠവന്ദനം  സമർപ്പയാമി....

ഇനി  വലതു വശത്തെ  ഇലയിൽ  നിന്നും  എള്ള്, പൂവ്, ചന്ദനം  എന്നിവ  ഗംഗാജലം  കൂടെ  ചേർത്ത്  എടുത്ത് പിതൃക്കളെ  മനസ്സിൽ ധ്യാനിച്ച്  ഓരോന്നായി പീഠത്തിൽ  സമർപ്പിച്ചു  കൊണ്ട്  പറയുക....

ഓം തിലാഭിഷേകം  സമർപ്പയാമി,
ഓം കളഭാഭിഷേകം  സമർപ്പയാമി, ഓം പുഷ്പാഭിഷേകം  സമർപ്പയാമി.....

വീണ്ടും  ഗംഗാജലം  ഒഴിച്ച്  പറയുക,

ഓം  ഗംഗാതീർത്ഥം  സമർപ്പയാമി...

ഇനി പവിത്രം  ഊരി  പൂവ്  ഇരിക്കുന്ന ഇലയിൽ  വയ്ക്കുക.

ഇനി  ചോറ്  ഇരിക്കുന്ന  ഇലയിൽ  നിന്നും  അല്പം  ചോറ്  മാറ്റി, പഴം, എള്ള്  എന്നിവ  ചേർത്ത്  ഉരുട്ടി  വയ്ക്കുക.
കൈകൾ  ശുദ്ധമാക്കി  പവിത്രം  അണിയുക.

ഉരുള ചോറ് വലതു  കൈയിലെടുത്തു  എള്ള്, ചന്ദനം, പൂവ്  എന്നിവ  ചേർത്ത്  ഗംഗാജലം  തളിച്ച്  രണ്ട്  കൈകളും  ചേർത്ത്  നെഞ്ചോടു ചേർത്ത്  പിടിച്ച്  പറയുക...

ഓം  നമോ  നാരായണായ  നമഃ
ഓം ബ്രമ്ഹദേവായ നമഃ
ഓം  മഹാദേവായ  നമഃ

പിതൃ  ലോകത്തുള്ള മാതൃ പിതൃ പരമ്പരകളിൽ പെട്ട  ജ്ഞാന അജ്ഞാന അഗ്നി  ശ്രോദാദി  സർവ  പിതൃക്കൾക്കും  ഈ  ശുഭ ദിനത്തിൽ  ശ്രാദ്ധമൂട്ടി  തൃപ്തി പെടുത്തുന്നു.

മുഖത്തു  മൂന്ന് പ്രാവശ്യം  ഉഴിഞ്ഞു  കൊണ്ട്  പറയുക

ഏഹീ  ഏഹീ  ഉദ്ധിഷ്ഠ  ഉദ്ധിഷ്ഠ....

പിതൃ  പിതാമഹഃ
പ്രപിതാ മഹാന്മാർക്കും
മാതൃ മാതാ പ്രമാതാക്കൾക്കും
പാർവണ ശ്രാദ്ധം  ഊട്ടുന്നു.

ഓം  ശ്രാദ്ധ പിണ്ഡം  സമർപ്പയാമി...

എന്ന്  പറഞ്ഞു  നിരത്തി  വച്ചിരിക്കുന്ന  ദർഭയുടെ  മധ്യഭാഗത്തു  വയ്ക്കുക.

ഇനി  ഒരു  പൂവ്  എടുത്തു  ഗംഗാജലം  ചേർത്ത്  പിണ്ഡത്തിനു  മുകളിൽ  വയ്ച്ചു  പറയുക

ഓം പിണ്ഡവന്ദനം  സമർപ്പയാമി...

എള്ള്, ചന്ദനം, പൂവ്  എന്നിവ  ഗംഗാജലം  ചേർത്ത്  മൂന്ന്  പ്രാവശ്യം ഓരോന്നായി  പിണ്ഡത്തിൽ  സമർപ്പിക്കുക.. പറയുക

ഓം  തിലാഭിഷേകം സമർപ്പയാമി,
ഓം  കളഭാഭിഷേകം സമർപ്പയാമി,
ഓം പുഷ്പാഭിഷേകം  സമർപ്പയാമി,
ഓം  ഗംഗാതീർത്ഥം  സമർപ്പയാമി....

ഇനി  ഉടുത്തിരിക്കുന്ന  വസ്ത്രത്തിൽ  നിന്നും  നൂൽ  എടുത്തു  പിണ്ഡത്തിന് കുറുകെ  വച്ച്  പറയുക,

ഓം  പട്ടുവസ്ത്രാലങ്കാരം  സമർപ്പയാമി...

ഇനി  ഇലയിൽ  മാറ്റി  വച്ചിരിക്കുന്ന  ചോറെടുത്തു  ഗംഗാജലം  ചേർത്ത്  പിതൃക്കളെ  മനസ്സിൽ  ധ്യാനിച്ച്  പറയുക

മാതൃ മാതാ  മഹാ
പിതൃ  പിതാ  മഹാ
ജ്ഞാന  അജ്ഞാന
അഗ്നി ശ്രോദാദി,
സകല പിതൃക്കൾക്കും
ശ്രാദ്ധത്തോടൊപ്പം
ഒന്നും, രണ്ടും, മൂന്നും തവണ  ബലി തൂകി
തൃപ്തിപ്പെടുത്തുന്നു.

ഇലയിൽ നിന്നും  ഒരു  ചോറെടുത്തു  മണപ്പിച്ചു പിന്നിലേക്ക്  എറിഞ്ഞു  പറയുക

ഓം  ഘ്രാണാഭക്ഷണം  സമർപ്പയാമി....

ഇനി  ഇലയിൽ  ബാക്കിയുള്ള  എള്ള്, പൂവ്, ചന്ദനം, എന്നിവ  ഗംഗാജലം  ചേർത്ത്  കൈകൾ  നെഞ്ചോട്  ചേർത്ത്  തൊഴുത്  പറയുക,

മനസാ വാചാ കർമണാ
അറിഞ്ഞോ  അറിയാതെയോ  ശ്രാദ്ധകർമങ്ങളിൽ കുറ്റമോ,  കുറവോ  സംഭവിച്ചുട്ടെണ്ടെങ്കിൽ  പിതൃക്കളും, ഭഗവാനും  ക്ഷമിക്കുവാൻ  പ്രാർത്ഥിച്ചു  പറയുക

ഏ ഹീ  ഏ ഹീ  മമ  പിതൃ
ക്ഷമസ്യ  ക്ഷമസ്യ
നാരായണപാദേ
ദ്വാസയാമി....

എന്നിട്ട്  പൂവ്  പിണ്ഡത്തിനു  മുകളിൽ  വച്ച്  എഴുന്നേറ്റു  നിന്ന്  കിണ്ടിയിൽ  പിടിച്ച്  നമസ്കരിക്കുക...

ഓം  നമോ  നാരായണായ  നമഃ,
ഓം  നമോ  നാരായണായ നമഃ
ഓം  നമോ  നാരായണായ  നമഃ

ഒടുവിൽ  പിണ്ഡം  ചോറ്  ഇരുന്ന  ഇലയിലും, ബാക്കി  ദ്രവ്യങ്ങൾ  പൂവ്  ഇരുന്ന  ഇലയിലും  എടുക്കുക.

ചോറ്  എടുത്ത  ഇല, പൂവ്  എടുത്ത  ഇലയുടെ   മുകളിൽ വച്ച്  ചേർത്ത്  തലയിൽ  വച്ച് കാക്കക്ക്  എടുക്കാൻ  സൗകര്യത്തിനു  വയ്ക്കുക.

ദേഹശുദ്ധി  വരുത്തി വീട്ടിൽ  പ്രവേശിക്കാവുന്നതാണ്....

No comments:

Post a Comment