24 November 2021

വ്രതാനുഷ്ഠാനം വഞ്ചിപ്പാട്ട് രീതി

വ്രതാനുഷ്ഠാനം വഞ്ചിപ്പാട്ട് രീതി

സ്വാമിയെ ശരണമപ്പാ...
സ്വാമിയെ ശരണമപ്പാ...
സ്വാമിയെ ശരണമപ്പാ...

1:- വൃശ്ചികമാസമാദ്യത്തിൽ മാലയിട്ടു ഭജിക്കേണം
ഭക്തിയോടെ ഭഗവാനെ സേവിച്ചീടേണം

2 :-  ഗുരുവിന് ദക്ഷിണയും 
ഗുരു സ്വാമി വന്ദനവും 
ഗുരുവിന്റെ ഉപദേശം സ്വീകരിക്കേണം

3:-തുളസിക്കുരു മാലയോ രുദ്രാക്ഷക്കുരു മാലയോ
ധരിക്കുവാൻ പൂജക്കായി കൊടുത്തീടേണം

4:- നാൽപ്പത്തൊന്നു ദിവസത്തെ വ്രതമനുഷ്ഠാനം വേണം
നാൽപ്പാമരപ്പൊടിജല സ്നാനം ചെയ്യേണം

5:- രണ്ടു നേരം കുളിക്കേണം രണ്ടുനേരം ഭജിക്കേണം
ഇണ്ടലില്ലാ ശരണങ്ങൾ വിളിച്ചീടേണം

6 :- ക്ഷൗരം പാദരക്ഷ, യിവയൊഴിവാക്കി ഭക്ഷണവും ഒരിക്കലെന്നുള്ള ചിട്ടപ്പടിയായ് വേണം

7 :- സത്യം ധർമ്മം ദയ ക്ഷമ സമത്വ ഭക്തിവിശ്വാസം
അഹിംസയും ശീലിക്കേണം ബ്രഹ്മചാര്യവും

8 :- തത്വമസിയെന്ന മന്ത്രം ഭക്തിയോടെ ജപിക്കുവാൻ
സത്യത്തിലോരോഭക്തനും തുനിഞ്ഞിടേണം

9:- ഓരോ ദിനം പോകുംതോറും
ഓർമ്മയിലങ്ങിരുത്തേണം
ഓങ്കാരമാമോങ്കാരേശ്വരന്റെ പുത്രനേ

10 :- മദ്യപാനം ചൂതാട്ടങ്ങൾ മനസ്സോടെ നിർത്തിടേണം
മറ്റുള്ളവർ ചൊല്ലും നല്ല വാക്കു കേൾക്കേണം

11:- മനസ്സിലുള്ള ദുഃഖങ്ങൾ മനംനൊന്തു പറയുമ്പോൾ
മണികണ്ഠാ യീ ഭക്തനെ മറന്നീടല്ലേ.

12 :- മനസാ വാചാ കർമ്മണാ ദ്രോഹാമാർക്കും ചെയ്തു കൂടാ
സമചിത്ത ഭാവത്തോടെ പെരുമാറണം

13:- മന:ശ്ശുദ്ധി വരുത്തേണം ഭഗവാനെ സ്മരിക്കേണം
മിതാഹാര നിഷ്ഠയങ്ങു ശീലിച്ചീടേണം .

14:- കാമം ക്രോധം ലോഭം മോഹം മദമാത്സര്യാഹങ്കാരം
ആവോളം വർജ്ജിക്കാനായി തുനിഞ്ഞിടേണം .

15 :- സൽപുരാണ പാരായണം പുണ്യകർമ്മാനുഷ്ഠാനങ്ങൾ
ഭക്തജനസേവയെല്ലാം പാലിച്ചീടേണം .

16 :- ശയ്യോപകരണങ്ങളെ തൽക്കാലമുപേക്ഷിക്കേണം
പരദൂഷണമസൂയ പാടേ നിർത്തേണം .

17 :- അയ്യപ്പൻപ്പാട്ടാഴി പൂജസാധുക്കൾക്കന്നദാനവും
ആവോളം പാലിപ്പാനായി തുനിഞ്ഞിടേണം .

18 :- ഇരുമുടി കെട്ടിയിട്ട് ഭഗവാനെ വന്ദിച്ചിട്ട്
കെട്ടുമേന്തി ശബരിമലക്കു പോകേണം .

19:- പ്രായശ്ചിത്തം നടത്തേണം പേട്ടതുള്ളൽ നടത്തേണം
പ്രാരംഭത്തിലെരുമേലി ദർശനം വേണം .

20:- സന്നിധാനത്തിലെത്തേണം ശബരീശാദർശനത്തിൻ
പതിനെട്ടുപടികളും കേറി പോകേണം .

21 :-ശരണങ്ങൾ വിളിക്കേണം സത്യഭാവമുണർത്തേണം
ശബരിമലയിലതു കേൾക്കാറാകേണം

22 :- ഭഗവാന്റെ ഭസ്മങ്ങളെ ഭംഗിയോടെ പൂശിയിട്ട്
ഭഗവാന്റെ തൃപ്പാദങ്ങൾ വന്ദിച്ചീടേണം

23 :-തെറ്റുണ്ടെങ്കിൽ തിരുത്തേണം
തെറ്റുണ്ടെങ്കിൽ പൊറുക്കേണം
സമസ്താപരാധങ്ങളെ ക്ഷമിച്ചീടേണം .

24 :-സ്വാമിയെ ശരണമപ്പാ സ്വാമിയെ ശരണമപ്പാ
സ്വാമിയെ ശരണമപ്പാ  ശരണമയ്യപ്പാ .

മുല്ലനേഴി ദിവാകരൻ നമ്പൂതിരി

No comments:

Post a Comment