22 November 2021

മങ്ങാട്ടച്ചൻ

മങ്ങാട്ടച്ചൻ

പൂന്താനം ഇല്ലത്ത് നിന്ന് ഗുരുവായൂർ തൊഴാൻ വരികയായിരുന്നു. സമയം സന്ധ്യ കഴിഞ്ഞ് കൂരിരുട്ടാണ് ഒറ്റയ്ക്കാണ് യാത്ര. ഗുരുവായൂരപ്പന്റെ തിരു നാമങ്ങൾ "ഗോവിന്ദാ ഹരേകൃഷ്ണ " എന്നിങ്ങനെ നിരന്തരം ജപിച്ചു കൊണ്ടാണ് നടക്കുന്നത്. കയ്യിൽ ഒരു ചെറിയ വിളക്കുണ്ട്. മറു കയ്യിൽ ഒരു ഓലക്കുടയും വാകചാർത്ത് കണ്ടു തൊഴാൻ ഗുരുവായൂർ എത്തണം. ഇനിയും ഏറെ ദൂരം നടക്കാനുണ്ട്. പൂന്താനം നടത്തത്തിന്റെ വേഗത കൂട്ടി. പാതിരാവോടടുത്ത സമയം. പൂന്താനം അപ്പോഴും നടക്കുകയാണ്. പെട്ടെന്ന് എവിടെ നിന്നോ കൊള്ളക്കാർ വന്നെത്തി പൂന്താനത്തെ വളഞ്ഞു. ഒരാൾ അദ്ദേഹത്തിന്റെ വിളക്ക് തട്ടിയെടുത്തു. മറ്റൊരാൾ ഓലക്കുടയും കൈക്കലാക്കി മറ്റൊരാൾ പൂന്താനത്തെ ചുറ്റിപ്പിടിച്ച് ഒരു മരത്തോട് ചേർത്ത് നിർത്തി തിളക്കമുള്ള ഒരു കഠാര പൂന്താനത്തിന്റെ നേർക്ക് കാട്ടി. താൻ ഭക്തിപൂർവ്വം ആരാധിക്കുന്ന ഗുരുവായൂരപ്പൻ ആപത്തിൽ നിന്ന് തന്നെ രക്ഷിക്കുമെന്ന് പൂന്താനത്തിന് വിശ്വാസമുണ്ടായിരുന്നു. എങ്കിലും തന്റെ ജീവിതം ഒടുങ്ങാറായതായി അദ്ദേഹത്തിന് തോന്നി. നാമം ജപത്തിന്റ രീതി മാറി മാറി. മനസ്സിൽ ഉറപ്പോടെ ഗുരുവായൂരപ്പനെ ഉച്ചത്തിൽവിളിച്ചു. കൊള്ളക്കാരിലൊരുവൻ പരിഹാസഭാവത്തിൽ 'എന്തോ'എന്ന് വിളി കേട്ടു. കോഴിക്കോട് സാമൂതിരിയുടെ മന്ത്രി യായിരുന്ന മങ്ങാട്ടച്ചൻ ആസമയത്ത്
കുതിരപ്പുറത്തു കയറിയിരുന്ന് അവിടെ യെത്തി. തുടർന്ന് കുറേ നേരം അവിടെ മങ്ങാട്ടച്ചനും കൊള്ളക്കാരും തമ്മിൽ വലിയ കോലാഹലമായിരുന്നു. ആക്രമണവും പ്രത്യാക്രമണവും മുറയ്ക്ക് നടന്നു. പൂന്താനം എല്ലാം കണ്ടു കൊണ്ട് മരപ്പാവ പോലെ സ്തംഭിച്ചു നിന്നു. ഗുരുവായൂരപ്പനെ തന്നെ നിരന്തരം വിളിച്ച് കൊണ്ട് അന്തം വിട്ട് നിന്ന പൂന്താനത്തെ ഒടുവിൽ മങ്ങാട്ടച്ചൻ തട്ടി വിളിച്ചു. പൂന്താനം ഗുരുവായൂർക്ക് പോവുകയാണെന്നറിയിച്ചപ്പോൾ തനിക്ക് അങ്ങോട്ട് വരാൻ താൽപ്പര്യം ഉണ്ടെന്നും രാജ്യകാര്യങ്ങളുടെ ചുമതല യുള്ളതിനാൽ ഉടനെ യാത്ര തിരിക്കാൻ നിവൃത്തിയില്ലെന്നും മങ്ങാട്ടച്ചൻ അറിയിച്ചു. കുറെ ദൂരം പൂന്താനത്തിനൊപ്പം നടന്നതിനുശേഷം മങ്ങാട്ടച്ചൻ വിടപറയാനൊരുങ്ങി.
പൂന്താനം പറഞ്ഞു "ഈസമയത്തു വന്ന് എന്റെ ജീവൻ രക്ഷിച്ചതിന് അങ്ങേയ്ക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകും തീർച്ച. പ്രത്യുപകാരം ചെയ്യാൻ എനിക്ക് കഴിവില്ല ജീവൻ രക്ഷിച്ചല്ലോ. എന്റെ സന്തോഷസൂചകമായി ഈ മോതിരം അങ്ങു സദയം സ്വീകരിക്കണം ".പൂന്താനം തന്റെ വിരലിൽ കിടന്ന മോതിരം ഊരിയെടുത്ത് മങ്ങാട്ടച്ചന് നീട്ടി. അത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. തന്റെ കർത്തവ്യം നിർവ്വഹിച്ചതിന് സമ്മാനമൊന്നും വേണ്ടെന്ന് മങ്ങാട്ടച്ചൻ തീർത്തു പറഞ്ഞു. ഒടുവിൽ സ്നേഹം നിറഞ്ഞ ആ നിർബന്‌ധത്തിന് മുൻപിൽമങ്ങാട്ടച്ചന് വഴങ്ങി ക്കൊടുക്കേണ്ടി വന്നു. പൂന്താനത്തിന്റെ അനുമതിയോടെ അദ്ദേഹം കുതിരപ്പുറത്തു കയറി യാത്രയായി. വെളുപ്പാൻ കാലത്ത് തന്നെ പൂന്താനം ഗുരുവായൂർ എത്തി. കുളി കഴിഞ്ഞ് വന്നു അദ്ദേഹം നിർമ്മാല്യം തൊഴാൻ കാത്തുനിന്ന ഭക്തജനങ്ങൾക്കിടയിൽ കൂടി. മണിയൊച്ചമുഴങ്ങി. അമ്പല നട തുറന്നു. ചന്ദനച്ചാർത്തണിഞ്ഞു നിൽക്കുന്ന ബാലഗോപാലന്റെ രൂപം കാണാറായി. രത്നകിരീടം ചാർത്തിയ ശിരസ്സ് മന്ദഹാസം പൊഴിക്കുന്ന മുഖം മാറിൽ വനമാല. കയ്യിൽ ഒരു പൊന്നോടക്കുഴൽ മഞ്ഞപ്പട്ടാട ചാർത്തി നിൽക്കുന്ന ബാലമുകുന്ദനെക്കണ്ട് ഭക്തജനങ്ങൾ" ഹരേ കൃഷ്ണാ നാരായണാ" എന്നിങ്ങനെ വിളിച്ച് കൈകൂപ്പി വണങ്ങി. തലേന്ന് അണിയിച്ചിരുന്ന മാലകൾ പൂജാരി എടുത്തു മാറ്റി. സ്വർണ്ണാഭരണങ്ങൾ ഇളക്കിയെടുത്തു ഭദ്രമായി വെച്ചു. മഞ്ഞപ്പട്ട് അഴിച്ചെടുത്തുമാറ്റി. ചന്ദനച്ചാർത്ത് കുറേശ്ശെ ശ്രദ്ധയോടെ ഇളക്കിയെടുത്തു. പെട്ടെന്ന് പൂജാരി ശ്രീകോവിൽ നിന്ന് പുറത്തു വന്നു ചോദിച്ചു.. "പൂന്താനം നമ്പൂതിരി ഇവിടെ ഉണ്ടോ? ഇതുകേട്ട് പൂന്താനം മുൻപിലെത്തി. പൂജാരി അല്പം ചന്ദനവും ഒരു മോതിരവും കൂടി പൂന്താനത്തിന് നൽകി. എന്നിട്ട് പറഞ്ഞു "രാത്രി എനിക്ക് സ്വപ്നത്തിൽ ഗുരുവായൂരപ്പന്റെ ദർശനം ഉണ്ടായി ഭഗവാൻ എന്നോട് അരുളിച്ചെയ്തു: വിഗ്രഹത്തിൽ ഒരു മോതിരം ഉണ്ട്. അതെടുത്ത് പൂന്താനത്തിന് കൊടുക്കണം." എന്ന്. സ്വപ്നമല്ലേയെന്ന് കരുതി ഞാൻ അത്ര കാര്യമാക്കിയില്ല. പക്ഷേ വിഗ്രഹത്തിൽ പുതിയ മോതിരം കണ്ടപ്പോൾ സ്വപ്നത്തിലെ നിർദ്ദേശം അനുസരിക്കേണ്ട താണെന്ന് തോന്നി. എന്താ കഥ??
പൂജാരി അന്വേഷിച്ചു. താൻ കഴിഞ്ഞ രാത്രിയിൽമങ്ങാട്ടച്ചന് സമ്മാനിച്ച മോതിരം മേൽശാന്തിയിൽ നിന്ന് കിട്ടിയപ്പോൾ പൂന്താനം അമ്പരന്നു. തലേരാത്രിയിൽ മങ്ങാട്ടച്ചനായി വന്നത് ശ്രീ ഗുരുവായൂരപ്പൻ തന്നെയായിരുന്നു വെന്ന് പൂന്താനത്തിന് മനസ്സിലായി. പൂജാരി ചോദിച്ചതിന് മറുപടി യായി നടന്ന സംഭവമെല്ലാം പൂന്താനം വിവരിച്ചു. അവിടെ കൂടി നിന്ന ഭക്തജനങ്ങൾ പൂന്താനത്തിന്റെ ഭാഗ്യത്തെ പ്രശംസിച്ചു..
ആ കാരുണ്യവാരിധിയായ
ഭഗവാന്റെ കൃപാകടാക്ഷം നമുക്ക് ഏവർക്കും ലഭിക്കുമാറാകട്ടേ എന്ന പ്രാർത്ഥനയോടെ ...

No comments:

Post a Comment