പൂജയ്ക്കെടുക്കുന്ന പഴത്തിൽ സാമ്പാണിത്തിരി വയ്ക്കരുത്
ഒരു സാധാരണകാഴ്ചയാണ് തലക്കെട്ടിൽ കുറിച്ചിരിക്കുന്നത്. പലപ്പോഴും ദേവചൈതന്യത്തിനുമുന്നിൽ ഒരുക്കിവെയ്ക്കുന്ന പൂജാസാമഗ്രികളിൽ പുഷ്പം കഴിഞ്ഞാൽ പ്രധാനപ്പെട്ടതായ വാഴപ്പഴത്തിന്റെ പുറത്ത് സാമ്പ്രാണിത്തിരി കത്തിച്ചുവെയ്ക്കുന്നതായിക്കാണാം . ക്ഷേത്രങ്ങളിൽപ്പോലും പൂജാരിമാർ ഇങ്ങനെ ചെയ്യുന്ന പതിവുണ്ട്. ഇത് ആരും ചോദ്യം ചെയ്യപ്പെടാത്തതിനാൽ അനുകരണസ്വഭാവത്തോടെ തുടരുകയും ചെയ്യുന്നു .
സാമ്പ്രാണിയും സാമ്പ്രാണിപുകയും ദേവന് ഇഷ്ടവസ്തുവാണ്. വാഴപ്പഴവും അങ്ങനെതന്നെ. എന്നാൽ വാഴപ്പഴത്തിന്റെ പുറത്ത് സാമ്പ്രാണികുത്തിവെയ്ക്കുന്നത് നല്ലശീലമല്ല. പൂജാസാമഗ്രികളെല്ലാം അതീവപരിശുദ്ധിയോടെയും നൈർമല്യത്തോടെയും കേടുകൂടാതെയും ദേവതകൾക്ക് സമർപ്പിക്കണമെന്നാണ് വിധി. ഇങ്ങനെ വിശ്വസിച്ചുപോരുന്നുണ്ടെങ്കിലും അതിനെല്ലാമുപരി കത്തുന്ന സമ്പ്രാണിയിൽ നിന്നും കീഴേയ്ക്ക് വീഴുന്നത് തികച്ചും കാർബൺതന്നെയാണ്. പിന്നീട് ഓരോ ഭക്തനും പ്രസാദമായി ഉള്ളിൽ കഴിക്കുന്ന വാഴപ്പഴത്തിൽ കാർബൺ പതിക്കുന്നത് നല്ലതല്ലെന്ന് പറഞ്ഞാൽ ആർക്കും എതിർക്കാനാകില്ല.
സാമ്പ്രാണി കത്തിച്ചുവെയ്ക്കാൻ ചെമ്പിലോ വെള്ളിയിലോ നിർമിച്ചിരിക്കുന്ന ഉപകരണങ്ങൾ ലഭ്യമാണ് . അതുമല്ലെങ്കിൽ വാഴത്തട ചെറിയ കഷ്ണമായി മുറിച്ച് അതിന്റെ പുറത്തു വയ്ക്കേണ്ടതും അതിനുചുറ്റും വീഴുന്ന കാർബൺ പിന്നീട് തുടച്ചുനീക്കേണ്ടതുമാണ്. പലതും നിസ്സാരമായി കരുതുന്നവർ ഇപ്പറഞ്ഞതും അങ്ങനെ തന്നെ കണ്ടാൽ മറ്റൊന്നും ചെയ്യാനാകില്ല. എങ്കിലും പൂജയ്ക്കൊരുക്കുന്ന വസ്തുക്കളിൽ പ്രധാനപ്പെട്ടതായ പഴങ്ങളുടെ പുറത്ത് തിരികത്തിച്ചുവയ്ക്കുന്നത് പിന്നീട് ഭക്തരുടെ മനസ്സിന് അത് കുളിർമ നൽകുന്നില്ലെന്നതാണ് സത്യം . ചിട്ടയോടുകൂടി പൂജാസാമഗ്രികൾ ഒരുക്കിവയ്ക്കുമ്പോൾ ഇക്കാര്യം കൂടി ശ്രദ്ധിക്കാനായാൽ എത്രമാത്രമാണ് കണ്ണിനും മനസ്സിനും സന്തോഷം നൽകുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല ഇതു കഴിക്കുന്ന ചെറിയ കുട്ടികൾ ശ്രദ്ധിക്കാതെ കഴിക്കുന്നതിനാൽ അത് ഉള്ളിലേയ്ക്കു പോകാനുള്ള സാധ്യതയും ഏറെയാണ്...
No comments:
Post a Comment