27 November 2021

കേനോപനിഷത്ത് പഠനം - 6

കേനോപനിഷത്ത് പഠനം - 6

നാലാം ഖണ്ഡം - ബ്രഹ്മവിദ്യാപ്രാപ്തിക്കുള്ള വഴി

”സാ ബ്രഹ്മേതി ഹോവാച,
ബ്രഹ്മണോ വാ ഏതദ് വിജയേ
മഹീയധ്വമിതി, തതോ
ഹൈവ വിദാംചകാര ബ്രഹ്മേതി.” (1)
യക്ഷം ബ്രഹ്മമായിരുന്നു എന്ന് ദേവി വ്യക്തമാക്കി: ബ്രഹ്മത്തിന്റെ സഹായത്തോടെയും കഴിവിനാലുമാണ് ദേവന്‍മാര്‍ വിജയിച്ചത് എന്നും വ്യക്തമാക്കി.
ലോകത്തില്‍ ഏതൊരു കാര്യവും സാധ്യമാവുന്നത് ഈശ്വരേച്ഛയാലാണ്. മനുഷ്യര്‍ മാത്രമല്ല, ദേവന്മാരും – എന്തിന്, ദേവേന്ദ്രന്‍ പോലും ‘ഞാന്‍’ ‘ഞാന്‍’ എന്ന് വിചാരിക്കുന്നു. പക്ഷെ ഈ പ്രപഞ്ചത്തില്‍ കര്‍മ്മവും കര്‍മ്മഫലവുമായി ബന്ധപ്പെട്ട് മാത്രം പ്രപഞ്ച ചൈതന്യത്തിന്റെ ഗതിവിഗതികള്‍ക്കനുസൃതമേ എന്തൊരു കാര്യവും സാധ്യമാവൂ. ജനിമൃതികളെ മാത്രമെടുക്കുക: നാമാരും വിചാരിച്ചാല്‍ ആരും ജനിക്കുന്നില്ല, ആരും മരിക്കുന്നുമില്ല. കര്‍മ്മബന്ധിയായി ചില നേരങ്ങളില്‍ എല്ലാം ‘നിയോഗ’മായി വരുന്നു. വിധിയെന്ന് ചിലര്‍ പറയാം, പക്ഷെ ‘നിയോഗ’മാണിവ.
”കര്‍മ്മപാശത്തെ ലംഘിക്കയെന്നതു ബ്രഹ്മാവിനുമെളുതല്ല, നിര്‍ണ്ണയം” – എന്ന് പൂന്താനം.

”തസ്മാദ്വാ ഏതേ ദേവാ അതിതരാമിവാ-
ന്യാന്‍ ദേവാന്‍ യദഗ്നിര്‍വായുരിന്ദ്ര-
സ്‌തേ ഹ്യേനന്നേദിഷ്ഠം
പസ്പര്‍ശുസ്‌തേ ഹ്യേനത് പ്രഥമോ
വിദാംചകാര ബ്രഹ്മേതി.” (2)

അഗ്നി, വായു, ഇന്ദ്രന്‍ എന്നിവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനായിട്ടാണെങ്കിലും ബ്രഹ്മത്തെ തൊട്ടറിഞ്ഞു. അതിനാല്‍ത്തന്നെ മറ്റ് ദേവന്മാരില്‍ നിന്നെല്ലാം ശ്രേഷ്ഠമായ സ്ഥാനം അവര്‍ക്ക് ലഭിക്കുകയും ചെയ്തു.

”തസ്മാദ് വാ ഇന്ദ്രോങ്കതിതരാമിവാന്യാന്‍
ദേവാന്‍, സ ഹ്യേനന്നേദിഷ്ഠം
പസ്പര്‍ശ, സ ഹ്യേനത്
പ്രഥമോ വിദാംചകാര ബ്രഹ്മേതി.” (3)

ഇന്ദ്രന്‍ മറ്റ് ദേവന്‍മാരെക്കാള്‍ ശ്രേഷ്ഠനായറിയുന്നത് ബ്രഹ്മത്തെ ദേവീരൂപത്തില്‍ ദര്‍ശിക്കാന്‍ സാധിച്ചതിനാലാണ്.

”തസൈ്യഷ ആദേശോ,
യദേതദ് വിദ്യുതോ
വ്യദ്യുതദാ ഇതീന്ന്യമീമിഷദാ
ഇത്യധിദൈവതം.” (4)

ഈ പ്രപഞ്ചത്തില്‍ പെട്ടെന്ന് ഇടിമിന്നല്‍ വന്ന് മറയുന്നതുപോലെയാണ് ബ്രഹ്മം പ്രത്യക്ഷപ്പെടുന്നതും മറയുന്നതും. അത് കണ്ണടച്ചു തുറക്കുന്ന സമയം പോലെ നിമേഷ മാത്രമാണ്. സൃഷ്ടി സ്ഥിതി സംഹാരകര്‍മ്മങ്ങള്‍ നിരന്തരവും നൈമിഷികവുമാണ്. ഒരു പുല്‍ക്കൊടി എപ്പോള്‍ ജനിക്കും അല്ലെങ്കില്‍ മുളക്കും എന്നോ അതിന്റെ ജീവ പരിണാമങ്ങള്‍ എത്ര വേഗത്തില്‍ നടക്കുന്നു എന്നോ അത് എപ്പോള്‍ നശിക്കുന്നു എന്നോ ‘നാശം’ എന്താണ് എന്നോ നമുക്കാര്‍ക്കും വ്യക്തമാക്കാന്‍ സാധിക്കില്ല. സാവധാനത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന് നാം ധരിച്ചാലും അതിന്റെ വേഗത അമിതമാണ്. നിരന്തരമായ, അതിവേഗത്തിലുള്ള മാറ്റത്തിന്റെ ഒരു ഘട്ടം മാത്രമാണ് നാം കാണുന്നത്. ഏതൊരു വസ്തുവിന്റെയും വളര്‍ച്ചയും നിലനില്‍പ്പും തളര്‍ച്ചയും ഇങ്ങനെയാണ്. ഈ നൈമിഷികതയാണ് ബ്രഹ്മവേഗം.

”അഥാദ്ധ്യാത്മം, യദേതദ്
ഗച്ഛതീവ ച മനോങ്കനേന
ചൈതദുപസ്മരത്യ-
ഭീക്ഷ്ണം സങ്കല്‍പ്പഃ” (5)

അതിനുശേഷം ബ്രഹ്മത്തെ അടിസ്ഥാനമാക്കി പലതും തോന്നുന്നതും ഓര്‍മ്മിക്കുന്നതും സങ്കല്‍പ്പിക്കുന്നതും അദ്ധ്യാത്മമായ ഉപദേശമാകുന്നു.
ബാഹ്യമായ ബ്രഹ്മോപാസനയെപ്പറ്റിയാണ് മുന്‍പത്തെ മന്ത്രത്തില്‍പ്പറയുന്നതെങ്കില്‍ ഈ മന്ത്രത്തില്‍ അധ്യാത്മമായ ഉപദേശമാണ്. നമ്മുടെ മനോ വ്യത്തികളിലെല്ലാം ബ്രഹ്മത്തെ സദാ സങ്കല്‍പ്പിക്കണം; എങ്കിലേ സാക്ഷാത്ക്കാരം സാധ്യമാവുകയുമുള്ളൂ.

”തദ്ധ തദ്വനം നാമ
തദ്വനമിത്യുപാസിതവ്യം.
സ യ ഏതദേവം വേദാഭി
ഹൈനം സര്‍വ്വാണി ഭൂതാനി സംവാഞ്ചന്തി. (6)

ആ ബ്രഹ്മമാണ് വേദങ്ങളില്‍ ‘തദ്വനം’ എന്ന് അറിയപ്പെടുന്നത്. ഇതിനര്‍ത്ഥം എല്ലാ പ്രാണികളും ഭജിക്കേണ്ടുന്നത് എന്നാണ്, ആ പേരില്‍ വേണം ഉപാസിക്കാന്‍. ആ ഉപാസകനെ എല്ലാ ഭൂതങ്ങളും ഇഷ്ടപ്പെടുന്നു. ഉപാസനയുടെ ഫലം തന്നെ സര്‍വ്വജീവി സ്‌നേഹവും സര്‍വ്വജീവികളുടെയും സ്‌നേഹവുമാണെന്ന് ചുരുക്കം.

എല്ലാ ജീവികളിലും ബ്രഹ്മത്തെക്കണ്ട് ജീവിക്കുന്നവരോട് സകല ജീവികള്‍ക്കും സ്‌നേഹമായിരിക്കും. പക്ഷികളേയോ മൃഗങ്ങളേയോ നാം ഉപദ്രവിക്കാതിരുന്ന് നോക്കുക: അവയില്‍ പലതും നമ്മോട് അടുപ്പം വയ്ക്കുന്നത് കാണാം. വന്യജീവികളില്‍പ്പോലും ഇത് ദര്‍ശിക്കാം. യഥാര്‍ത്ഥ ‘സ്‌നേഹം’ ഇതാണ്.

”ഉപനിഷദം ഭോ ബ്രൂഹിത്യുക്താ
ത ഉപനിഷദ്
ബ്രാഹ്മീം വാവ ത
ഉപനിഷദമബ്രൂമേതി.” (7)

ഈ വാക്കുകള്‍കേട്ട് ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: ”അല്ലയോ ഭഗവന്‍, എനിക്ക് ഉപനിഷത്ത് ഉപദേശിച്ചു തന്നുകൂടേ” എന്ന്. ഇത്‌കേട്ട് ആചാര്യന്‍ പറഞ്ഞു ”ആത്മവിഷയകമായ ഉപനിഷത്ത് തന്നെയാണ് ഞാന്‍ നിനക്ക് ഉപദേശിച്ചിട്ടുള്ളത്” – എന്ന്.

”തസൈ്യ തപോ ദമഃ കര്‍മ്മേതി പ്രതിഷ്ഠാ,
വേദാ: സര്‍വ്വാംഗാനി, സത്യമായതനം.” (8)

ഇവിടെ ബ്രഹ്മവിദ്യാപ്രാപ്തിക്കുള്ള വഴിയാണ് ആചാര്യന്‍ ഉപദേശിക്കാന്‍ പോകുന്നത്. ബ്രഹ്മവിദ്യയുടെ പാദങ്ങളാണ് തപസ്സും ദമവും കര്‍മ്മവും. മനസ്സ്, വാക്ക്, ശരീരം എന്നിവ കൊണ്ടുള്ള തപസ്സും ഇന്ദ്രിയത്തിന്റേയും മനസ്സിന്റേയും നിയന്ത്രണവും ആഗ്രഹമില്ലാത്ത സ്വകര്‍മ്മാനുഷ്ഠാനവും അതുവഴിയുള്ള ചിത്തശുദ്ധിയും ഇല്ലാതെ ബ്രഹ്മവിദ്യാപ്രാപ്തി സാധ്യമല്ല. വേദങ്ങളിലും വേദാംഗങ്ങളിലും ഇതിനുള്ള വഴികള്‍ സമ്പൂര്‍ണ്ണമായി വിവരിച്ചിട്ടുണ്ട്. സത്യമാണ് ബ്രഹ്മത്തിന്റെ വാസ സ്ഥാനം. സത്യസ്വരൂപനായ ആത്മാവാണ് ബ്രഹ്മവിദ്യ ഉപദേശിക്കാന്‍ കഴിവുള്ളവര്‍.

”യോ വാ ഏതാമേവം വേദാപഹത്യ
പാപ്മാനമനന്തേ സ്വര്‍ഗ്ഗേ ലോകേ ജ്യേയേ
പ്രതിതിഷ്ഠതി പ്രതിതിഷ്ഠതി.” (9)

ഈ ഉപനിഷത്തിനെ ഇതേ വിധത്തില്‍ അറിയുന്നവര്‍ ഒരു പാപങ്ങളും ഏല്‍ക്കാതെ, പാപങ്ങളില്‍ നിന്ന് മോചിതരായി അനന്തവും ശ്രേഷ്ഠവുമായ ലോകത്തില്‍ സ്ഥിരപ്രതിഷ്ഠിതരാവും.
ഇവിടെ ദേവന്‍മാര്‍ ബ്രഹ്മത്തെ അറിയാന്‍ ശ്രമിക്കുന്നതും ഇന്ദ്രന്‍മാത്രം തിരിച്ചറിയുന്നതും ശ്രദ്ധേയമാണ്. ഇന്ദ്രന്‍ ഇന്ദ്രിയങ്ങളുടെ നാഥന്‍ ആണ്. വ്യക്തിയെ സംബന്ധിച്ച് മനസ്സാണത്. ബുദ്ധികൊണ്ടോ അഹങ്കാരം കൊണ്ടോ നമുക്ക് പ്രപഞ്ച സത്യത്തെ തിരിച്ചറിയാനാവില്ല. വായുദേവനും അഗ്നിയും ഇവയുടെ പ്രതീകമാണ്. പ്രാണന്‍ ഉണ്ടായാലും ബുദ്ധി ഉണ്ടായാലും കാര്യമില്ല. ചിത്തവൃത്തികളെ നിയന്ത്രിച്ച് ബോധതലത്തെയും ഉപബോധതലത്തേയും അബോധതലത്തേയും അതിജീവിച്ച് അതിബോധതലത്തെ നാം സാക്ഷാത്ക്കരിച്ചാല്‍ മാത്രം ജന്മാന്തരങ്ങളിലും വരുംജന്മങ്ങളിലുമുള്ള രഹസ്യം പോലും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.

സകല പ്രാണികളിലും പ്രണയവും സമബുദ്ധിയും ഉണ്ടാവണമെന്ന കാഴ്ചപ്പാട് നോക്കുക: പലപ്പോഴും സഹജീവികളെ കൊന്നും തിന്നും ‘സുഖം’ നേടുന്ന മനുഷ്യന്‍ ആ നിമിഷം മുതല്‍ ദുഃഖിതനായിരിക്കും. ഈ ദുഃഖമാണ് പാപത്തിന് കാരണം.

ഒരുതെറ്റും ചെയ്യാത്ത ഒരാള്‍ എവിടെ വേണമെങ്കിലും അന്തിയുറങ്ങും. എന്നാല്‍ ഒരു കൊലപാതകി ഒരിക്കലും ഉറങ്ങില്ല. അവന് പലരേയും ഭയമായിരിക്കും. ഉപനിഷത്തുക്കള്‍ പറയാറുണ്ട്. ”അഭയം വൈ ബ്രഹ്മ:” എന്ന്. എന്താണിതിനര്‍ത്ഥം? ബ്രഹ്മജ്ഞാനിയാവാന്‍ ആദ്യം വേണ്ടത് ഭയാശങ്കയില്ലാതെ ജീവിക്കാന്‍ സാധിക്കുക എന്നതാണ്. ഭയാശങ്ക ഇല്ലാതിരിക്കണമെങ്കില്‍ ശത്രുക്കള്‍ ഉണ്ടാവരുത്, മറ്റുള്ളവരെ ഉപദ്രവിക്കരുത്. മറ്റുള്ളവരുടെ യാതൊന്നും കൈവശം വെയ്ക്കരുത്. ഇതൊക്കെയാണ് ബുദ്ധന്‍ മുതല്‍ പിന്നീട് വന്ന മത-തത്ത്വ ചിന്തകരെല്ലാം പറഞ്ഞത്.

ശാന്തമായ മനസ്സുണ്ടായാല്‍ ഏകാഗ്രതയും ശ്രദ്ധയും ഉണ്ടാവും. ഏകാഗ്രതവരാന്‍ ”മറ്റാരും തന്നെ ശല്യപ്പെടുത്തില്ല” എന്ന ബോധ്യം വേണം. ഈ ബോധ്യം സത്യസന്ധന്‍മാര്‍ക്കേ ഉണ്ടാവൂ. അവര്‍ ഓടി ഒളിക്കില്ല.
ആഗ്രഹമില്ലാതെ കര്‍മ്മാനുഷ്ഠാനം സാധിക്കും. എളുപ്പമല്ല. ഏതൊരുകാര്യം നാം ചെയ്യുമ്പോഴും അതില്‍ നിന്ന് എന്തെങ്കിലും നാം പ്രതീക്ഷിക്കും. ഈ മനഃസ്ഥിതി മാറാന്‍ കാമ-ക്രോധ-ലോഭ-മോഹ-മദ-മാത്സര്യങ്ങളെ അകറ്റണം. തമോഗുണമോ, രജോഗുണമോ നമ്മില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഷഡ്‌വൈരികള്‍ പ്രവര്‍ത്തിക്കും. ഇത് അറിവിലൂടെ ദുരീകരിക്കണം.

അപ്പോള്‍ വീണ്ടും നാം എത്തും അറിവാണ് ബ്രഹ്മം എന്നിടത്ത്. വേദങ്ങളും ഉപനിഷത്തുകളും അറിവാണ്, ഈ അറിവ് ഏകമാത്രമായ ചൈതന്യത്തെ വ്യക്തമാക്കുന്നു. ഭാരതത്തിന്റെ ദര്‍ശനം ഇതാണ്.
”ഏകമേവാദ്വിതീയം പരം” – എന്ന്. ഈ തിരിച്ചറിവാണ് കേനോപനിഷത്ത് നല്‍കുന്നത്.

”ഓം സഹനാ വവതു, സഹ നൗ ഭുനക്തു
സഹവീര്യം കരവാവഹൈ,
തേജസ്വിനാവധീതമസ്തു,
മാവിദ്വിഷാവ ഹൈ,
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
(കേനോപനിഷത്ത് അവസാനിച്ചു.)

No comments:

Post a Comment