കേനോപനിഷത്ത് പഠനം - 4
രണ്ടാം ഖണ്ഡം - അറിവും അറിയുന്നവനും
”യദി മന്യസേ സുവേദേതി, ഭദ്രമേവാപി
നൂനം ത്വം വേത്ഥ ബ്രഹ്മണോ രൂപം
യദസ്യ ത്വം യദസ്യ ദേവേഷ്വഥനു
മീമാംസ്യമേവ തേ മന്യേ വിദിതം.” (1)
”ഞാന്‍ ബ്രഹ്മത്തെ ശരിക്കും മനസ്സിലാക്കി” എന്ന് ഗുരുവിനോട് ശിഷ്യന്‍ വന്നു പറയുന്നു. ഗുരു പറയുന്നതാവട്ടെ ”നീ ബ്രഹ്മത്തെക്കുറിച്ച് അറിഞ്ഞതെല്ലാം വളരെ കുറച്ചുമാത്രമാണ്” എന്നാണ്. അതുകൊണ്ട് ഒന്നുകൂടി ശരിയായി ചിന്തിച്ച് പഠിച്ചുവരൂ എന്ന് പറയുന്നു. ശിഷ്യന്‍ തിരിച്ചുപോയി വീണ്ടുവിചാരം ചെയ്ത ശേഷം വീണ്ടും വന്ന് ഗുരുവിനോട് പറയുന്നു: ”ഇപ്പോള്‍ ബ്രഹ്മത്തെപ്പറ്റി ഞാന്‍ അറിഞ്ഞു എന്ന് വിചാരിക്കുന്നു” – എന്ന്.
ഒന്നാമധ്യായത്തില്‍ ചിന്തിച്ച മനസ്സ്, പഞ്ചേന്ദ്രിയങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന ശക്തിയാണ് ആത്മന്‍ എന്ന് മനസ്സിലായപ്പോള്‍ ആത്മന്‍ എന്താണെന്ന് പൂര്‍ണ്ണമായി മനസ്സിലായിക്കഴിഞ്ഞു എന്നാണ് ശിഷ്യന്റെ വിചാരം.
എന്നാല്‍ ഈ അറിവ് ശരിയല്ല എന്ന് ഗുരു വ്യക്തമാക്കുന്നു. കാരണം അറിവിന് വിഷയമായിട്ടുള്ള കാര്യത്തെയാണ് അറിയേണ്ടത്. അറിയുന്നവന്‍ ഒരിക്കലും അറിവിന് വിഷയമാവുന്നില്ല. അഗ്നി എന്തിനേയും ദഹിപ്പിക്കും, എന്നാല്‍ ആ സമയത്ത് അഗ്നി ദഹിച്ചുപോകുന്നില്ല എന്നതുപോലെയാണിത്. എന്റെ ശരീരത്തെ ഞാന്‍ കാണുന്നു, കാണുന്നത് കണ്ണുകൊണ്ടാണ്. കണ്ണിനെ എനിക്ക് കണ്ണാടിയില്‍ക്കാണാം, മറ്റുള്ളവര്‍ക്കും കാണാം. എന്നാല്‍ ഞാന്‍ കണ്ണാടിയില്‍ക്കാണുന്നതിന് കണ്ണിന് ശക്തിപകരുന്ന ചൈതന്യത്തെ കണ്ണുകൊണ്ട് കാണുന്നില്ല, അങ്ങനെ ഒരു ചൈതന്യം ഉണ്ട് എന്ന് ചിന്തിക്കാനേ സാധിക്കൂ. എന്റെ ശരീരത്തെക്കാണുന്നത് കണ്ണല്ല, കണ്ണിലൂടെ ഞാന്‍ കാണുകയാണ്, ആ എന്നെ എനിക്ക് കാണാന്‍ കഴിയുന്നില്ല.
ബ്രഹ്മം അറിയുന്ന ബാഹ്യമായ എല്ലാ വസ്തുക്കള്‍ക്കും ശബ്ദ, സ്പര്‍ശ, രസ, രൂപ, ഗന്ധങ്ങള്‍ ഉണ്ട്. എന്നാല്‍ ബ്രഹ്മത്തിന് ഇതൊന്നുമില്ല. പിന്നെ എങ്ങനെ അറിയും? ഒരു വസ്തുവിനെ തിരിച്ചറിയാന്‍ ഇത്തരം ഗുണങ്ങള്‍ ഇന്ദ്രിയവേദ്യമാവണം, എന്നാല്‍ ഇന്ദ്രിയവേദ്യമാവാന്‍ ഒരു ഉപാധിയുമില്ലാത്ത ബ്രഹ്മത്തെ എങ്ങനെ അറിയാനാണ്?
മനസ്സും ബുദ്ധിയുമെല്ലാം വച്ച് ചിലത് അറിയുന്നത് അധ്യാത്മമായ അല്‍പ്പജ്ഞാനമാണ്. ഉപാസനാമൂര്‍ത്തികളെ ബ്രഹ്മമാണ് എന്ന് ധരിക്കുമ്പോള്‍ ആധിദൈവികമായ അല്‍പ്പജ്ഞാനം മാത്രമേ കിട്ടുന്നുള്ളൂ.
”സത്യം ജ്ഞാനമനന്തം ബ്രഹ്മഃ”
”വിജ്ഞാനമാനന്ദം ബ്രഹ്മഃ”
”വിജ്ഞാനം ബ്രഹ്മഃ” എന്നെല്ലാം വേദങ്ങള്‍ വ്യക്തമാക്കുന്ന ബ്രഹ്മത്തെ അറിയാന്‍ നീ ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് പറയുന്ന ഗുരുവചനം കേട്ട് വീണ്ടും ഏകാന്ത ധ്യാനത്തിന് പോയി തിരിച്ചെത്തുന്ന ശിഷ്യന്‍ വീണ്ടും പറയുന്നത് ”ബ്രഹ്മത്തെ എനിക്ക് മനസ്സിലായി” എന്നാണ്.
ഇവിടെ നാം മനസ്സിലാക്കേണ്ടത് സഗുണോപാസനാവിധിയായി വിഗ്രഹാരാധനയും നിര്‍ഗ്ഗുണോപാസനയായി ധ്യാന തപസ്സാദികളും വഴി ഈശ്വരോപാസനയും നടത്തുന്നതിലൂടെ ശരിയായവിധം ‘ബ്രഹ്മജ്ഞാനം’ നേടാന്‍ സാധിക്കില്ല എന്നാണ്.
ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ആധാരമായ ശക്തിചൈതന്യത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ മനുഷ്യന് സാധിക്കില്ല എന്നര്‍ത്ഥം. പക്ഷെ ആരാധനാലയങ്ങളിലും വിഗ്രഹങ്ങളിലും പൂജാദികര്‍മ്മങ്ങളിലും തപസ്സിലും അവനവന്റെ ഉള്ളിലെ ചൈതന്യസ്വരൂപത്തെ കാണാനാവാത്ത, അല്‍പ്പജ്ഞനായ മനുഷ്യന്‍ എന്റെ മതമാണ്, എന്റെ വിശ്വാസമാണ്, എന്റെ ആരാധനാ രീതിയാണ്, എന്റെ ഈശ്വരനാണ് ശരി എന്ന് പറയുന്നതിന്റെ ഭോഷത്തം ചിന്തിക്കുക.
ഇവിടെയാണ് ഭാരതീയ ദര്‍ശനങ്ങളുടെ മഹത്ത്വം. ഭാരതീയര്‍ക്ക് മുപ്പത്തിമുക്കോടി ദേവതകളുണ്ട് എന്നും വേദോപനിഷത്തുകള്‍ അന്ധവിശ്വാസമാണ് എന്നും പറയുന്നവര്‍ ഉപനിഷത്തുകളുടെ കാഴ്ചപ്പാട് മനസ്സിലാക്കിയാല്‍ വിശ്വാസങ്ങളുടെയും ആരാധനയുടേയും പേരില്‍ കലഹിക്കില്ല.
വയലാര്‍ രാമവര്‍മ്മയുടെ ഒരു ഗാനശകലം ഈയവസരത്തില്‍ ഓര്‍മ്മവരുന്നു.
”മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു.
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്ക് വച്ചൂ, മനസ്സു പങ്കുവച്ചൂ….
ഹിന്ദുവായി, മുസല്‍മാനായി ക്രിസ്ത്യാനിയായി, തമ്മില്‍ കണ്ടാലറിയാതായി…”
-എന്നാണാ വരികള്‍. ഇവിടെ ഭാരതീയ ദര്‍ശനത്തെക്കുറിച്ചുള്ള കവിയുടെ അജ്ഞതയാണ് വ്യക്തമാവുന്നത്.
മനുഷ്യന് മതങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കാം. എന്നാല്‍ മനുഷ്യര്‍ക്കോ മതങ്ങള്‍ക്കോ ദൈവത്തെ എങ്ങനെ സൃഷ്ടിക്കാനാവും? ഒരു ചെടിയില്‍ ഇലയും പൂവും കായും ഉണ്ടാവുന്നു. ഇലയ്‌ക്കോ പൂവിനോ കായ്‌ക്കോ അവരുണ്ടായ ചെടിയെ എങ്ങനെ ഉണ്ടാക്കാന്‍ പറ്റും? കവിക്ക് തെറ്റാന്‍ കാരണം പാശ്ചാത്യ മതങ്ങളെയും ദൈവചിന്തകളെയും മാത്രം മനസ്സിലാക്കി എന്നതാണ്. ഇത് ഭൗതികവാദികളായവര്‍ക്കെല്ലാം എന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു. മാര്‍ക്‌സിനും ഇതില്‍ നിന്ന് മോചനമുണ്ടായില്ല. അവര്‍ കാണുന്നതിനെയും അറിയുന്നതിനേയും മാത്രം വിശ്വസിച്ചു. കാരണം അവരുടെ ശരീരത്തിനും ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും കാരണമാവുന്ന പ്രാണന്റെയും നിദാനമായ ‘ആത്മന്റെ’ ഒരു ചിഹ്നവും ലക്ഷണവും അവര്‍ക്ക് ചിന്തിക്കാന്‍ സാധിച്ചില്ല. പക്ഷെ അവര്‍ ‘മരിച്ചു’ എന്ന് ലോകം വിലയിരുത്തിയത് ശരീരമോ ഇന്ദ്രിയങ്ങളോ നഷ്ടമായതിനാലല്ല, അവയ്‌ക്കെല്ലാം ശക്തിപകരുന്ന ഒരു ചൈതന്യം അവിടെ നിന്ന് (ശരീര ഇന്ദ്രിയങ്ങളില്‍ നിന്ന്) വിട്ടകന്നു എന്നതിനാലാണ്.
ഈ ആധുനിക സന്ദര്‍ഭത്തില്‍ സാര്‍സ് കോറോണയുടെ കോവിഡ് 19 വൈറസ് മനുഷ്യരെ ബാധിക്കുമ്പോള്‍ എങ്ങനെ ജീവന്‍ നഷ്ടമാവുന്നു എന്നോ, എങ്ങനെ ജീവനെ പിടിച്ചുനിര്‍ത്താം എന്നോ നമുക്ക് അറിവില്ല. പല ഘട്ടങ്ങളിലും ഇങ്ങനെ വന്നപ്പോള്‍ ചില ആന്റി വൈറസുകളിലൂടെ നാം നേടി. പക്ഷെ, ആത്യന്തികമായി മരണം എന്ന പ്രഹേളികയെ നമുക്ക് മനസ്സിലാക്കാനോ അതിജീവിക്കാനോ പറ്റിയിട്ടില്ല. കാരണം ‘മരണം’ എന്നത് നമ്മുടെ ജീവചേതനയായ ‘ആത്മന്‍’ അഥവാ ബ്രഹ്മ ചൈതന്യം കേവല ഭൗതികമായ ശരീര ഇന്ദ്രിയാദികളില്‍ നിന്ന് സ്വയം മോചനം നേടുന്നതാണ്. പിന്നീട് ആ ചൈതന്യത്തെ അന്തരീക്ഷത്തിലോ പഞ്ചഭൂതങ്ങളിലോ ഭൗതികമായി നാം കാണുന്നില്ല.
സത്യേന്ദ്രനാഥബോസ് മുന്‍പ് പറഞ്ഞ അടിസ്ഥാനകണമാണത്. ഋഗ്വേദത്തിലെ ആദ്യസൂക്തവും സൃഷ്ടിസൂക്തവും ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്ന് ദൈവകണസിദ്ധാന്ത പരീക്ഷണം ജനീവയില്‍ നടക്കുമ്പോള്‍ അങ്ങനെ ഒന്നുണ്ട് എന്ന് ശാസ്ത്രം അംഗീകരിക്കാന്‍ തുടങ്ങി എന്ന് ചുരുക്കം. ഭാരതത്തിന്റെ ശാസ്ത്രം അധ്യാത്മികതയാണെന്നും ഇത് കേവല മതമല്ല എന്നും ഇതാണ് ഉപനിഷത്തുക്കളിലെ ചര്‍ച്ച എന്നും നാമിവിടെ തിരിച്ചറിയുക.
‘നാഹം മന്യേ സുവേദേതി
നോ ന വേദേതി വേദ ച
യോ നസ്തദ് വേദ തദ്‌വേദ
നോ ന വേദേതി വേദ ച.’ (2)
ഞാന്‍ ബ്രഹ്മത്തെ അറിഞ്ഞു എന്ന് വിചാരിക്കുന്നില്ല, അറിഞ്ഞിട്ടില്ലെന്നും വിചാരിക്കുന്നില്ല. ഇങ്ങനെ ആരാണോ ചിന്തിക്കുന്നത് അയാള്‍ക്കാണ് ബ്രഹ്മജ്ഞാനമുള്ളത് എന്നര്‍ത്ഥം.
ഈ ചിന്ത നമ്മില്‍ സംശയമുണ്ടാക്കും. കാരണം, അറിയുന്നതിനെ ”അറിഞ്ഞിട്ടില്ല” എന്നും അറിയാത്തതിനെ ”അറിഞ്ഞു” എന്നും പറയുന്നതിലെ യുക്തി എന്താണ് എന്ന് നാം ചിന്തിക്കുന്നു. എന്നാല്‍ വ്യക്തമാണ് ഭൗതികപ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന, രൂപ-രസ-ഗന്ധാദികളുള്ള കാര്യങ്ങളെ നമുക്കറിയാം. പക്ഷെ അതിന് കാരണമായ തനിമയെ നമ്മുടെ ഇന്ദ്രിയങ്ങള്‍കൊണ്ടോ അന്തക്കരണത്താലോ തിരിച്ചറിയാന്‍ കഴിയില്ല എന്ന വസ്തുത നാം തിരിച്ചറിഞ്ഞു, എങ്കില്‍ നാം സത്യത്തെ മനസ്സിലാക്കിയിരിക്കുന്നു എന്നര്‍ത്ഥം. പക്ഷെ എന്താണ് ‘ബ്രഹ്മം’ എന്നു ചോദിച്ചാല്‍ നാമെങ്ങിനെ വിശദീകരിക്കും? അവിടെ ‘അജ്ഞത’ വീണ്ടും പിടികൂടുന്നു.
ഇവിടെ നാം തിരിച്ചറിയേണ്ടുന്ന കാര്യം ബ്രഹ്മ ചൈതന്യമായ നമുക്ക് ”ഞാനെന്താണ്” എന്നും ”ഞാന്‍ എന്തിനാണ്” എന്നും ”ഞാന്‍ എവിടെ നിന്നാണ്” എന്നും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കില്ല.
”അജ്ഞാനേനാവൃതേ ജ്ഞാനം
തേ ന മുഹ്യന്തി ജന്തവ:” എന്ന് ഗീത പറയുന്നതോര്‍ക്കുക. ഈ കലികാലത്ത് അന്യ നിഗ്രഹത്തിന് കോടികള്‍ വാരിവിതറുകയും സ്വയം കണ്ടെത്തിയ (?) വൈറസുകളിലൂടെ കോടാനുകോടി മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്ന മനുഷ്യന് ഇതേവരെ ‘മരണ’ത്തെ അതിജീവിക്കാന്‍ സാധിച്ചിട്ടില്ല. പൂര്‍ണ്ണമായും ഈ ജീവി (മനുഷ്യന്‍) യില്‍ പ്രപഞ്ചത്തിന്റെ ഗതിവിഗതികള്‍ എന്താവും? അപ്പോള്‍ ഉറപ്പാണ് അദൃശ്യമായൊരു ശക്തി ചേതന നമുക്ക് വേദ്യമല്ലാതെയുണ്ട്, ഇത് അറിവാണ്.
‘യസ്യാമതം തസ്യ മതം
മതം യസ്യ ന വേദ സഃ
അവിജ്ഞാതം വിജാനതാം
വിജ്ഞാതമവിജാനതാം.’ (3)
യാതൊരാള്‍ അറിവില്ലെന്ന് മനസ്സിലാക്കുന്നുവോ അവന് അക്കാര്യത്തെപ്പറ്റി അറിവുണ്ട്. ”എനിക്കറിയാം” എന്ന് ആര്‍ക്കാണോ വിചാരം ഉള്ളത്, അയാള്‍ യഥാര്‍ത്ഥത്തില്‍ ബ്രഹ്മത്തെക്കുറിച്ച് അജ്ഞനാണ്.
ഈ ചിന്ത ബ്രഹ്മത്തെപ്പറ്റി മാത്രമല്ല, ഏതൊരുകാര്യവും – ”എല്ലാം അറിയാം” എന്ന് വിചാരിക്കുന്നത് അറിവില്ലായ്മയുടെ ലക്ഷണമാണ്. അതേസമയം അവനവന്റെ ആത്മാവ് തന്നെയാണ് ബ്രഹ്മം എന്ന് വേദങ്ങള്‍ വ്യക്തമാക്കുന്നു. ജ്ഞാനം കൊണ്ട് അറിയാന്‍ സാധിക്കാത്തതാണ് ബ്രഹ്മം. ഏതെങ്കിലും ഉപാധിയെ (ഉദാ: വിഗ്രഹം, ജീവികള്‍, ചിത്രം….) ബ്രഹ്മത്തിന്റെ പ്രതീകമായി കല്‍പ്പിച്ചാല്‍ ബ്രഹ്മത്തെയല്ല അറിയുക, ആ പ്രതീകത്തിലൂടെ അതിനപ്പുറത്ത് എത്തണം. ”നമഃശിവായഃ” – എന്നത് ”നമഃ” എന്നാണ് തുടങ്ങുന്നത്. ഇവിടെയുള്ള ”നമഃ” എന്നത് തിരിച്ചിടുമ്പോള്‍ ”മനഃ” എന്ന് കിട്ടും. മനസ്സിന് പോലും അപ്പുറത്താണ് ”നമഃ” എന്ന് ഈശ്വരഭജന നടത്തുന്നിടത്തെ കല്‍പ്പന എന്നര്‍ത്ഥം. ”അപ്രാപ്യമനസ്സാ സഹ” – എന്ന് വേദാന്തം.
”പ്രതിബോധവിദിതം
മതമമൃതത്വം ഹി വിന്ദതേ
ആത്മനാ വിന്ദതേ വീര്യം
വിദ്യയാ വിന്ദതേങ്കമൃതം.” (4)
മനസ്സിന്റെ എല്ലാ പ്രവൃത്തികളിലും സാക്ഷിയായി, അന്തര്യാമിയായി നില്‍ക്കുന്ന ചൈതന്യമാണ് ആത്മന്‍. ഈ അറിവാണ് ശരിയായ അറിവ്. ഈ അറിവ് നേടിയാലേ മരണഭയം പോലും ഇല്ലാതാവൂ. ജനന മരണ രഹിതമായ അവസ്ഥ യഥാര്‍ത്ഥത്തില്‍ ആത്മനുള്ളതാണ്. ഉല്‍പ്പത്തിയും നിലനില്‍ക്കുന്ന അവസാനവും സാങ്കേതികം മാത്രമാണ്. സാധാരണ ചിന്തയില്‍ ജനനം മരണം ജീവിതം എന്നിങ്ങനെ കാലത്തെയും അവസ്ഥയേയും കുറിച്ചുള്ള അറിവ് ഭൗതികമായതു മാത്രമാണ്.
യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചം എന്നും നിലനില്‍ക്കുന്നതാണ്. വൃക്ഷ-ലതാദികളോ പക്ഷിമൃഗാദികളോ മനുഷ്യരോ ഇല്ലാത്ത ഒരുലോകം സങ്കല്‍പ്പിക്കുക: ഭൂമിയില്ല, നദികളോ വെളിച്ചമോ ഇല്ല എന്ന് വിചാരിക്കുക; ഇവയെല്ലാം എങ്ങോട്ട് ഇല്ലാതാവും? വായുവിലേക്കോ? എങ്കില്‍ വായുവിന് ഇടമായ ആകാശം വേണം. വായു ഇല്ലാതായാലും ആകാശം ഉണ്ടാവും. എല്ലാം ആകാശത്തില്‍ ലയിക്കും. പക്ഷെ ആകാശം എങ്ങനെ ഇല്ലാതാവും? എവിടെ ലയിക്കും? ആകാശമുണ്ടെങ്കിലല്ലേ അഗ്നിക്കും ജലത്തിനും വായുവിനും ഭൂമിക്കും ഇടമുള്ളൂ, ആകാശം എവിടെയാണ് നില്‍ക്കുന്നത്? അതുകൊണ്ട് ഭൗമമണ്ഡലത്തില്‍ മാത്രമല്ല, സൂര്യസ്ഥാനത്ത് മാത്രമല്ല, വായു മണ്ഡലത്തില്‍ മാത്രമല്ല, ഇരുട്ടിലും ശൂന്യതയിലും ആകാശം ഉണ്ട്. ഈ ആകാശം മനസ്സാണ്. ഇതാണ് സര്‍വ്വവ്യാപിയായ ബ്രഹ്മ ചൈതന്യം. ഇതിന്റെ ശക്തി എന്നുമുണ്ടാവും.
ഈ സത്യം തിരിച്ചറിഞ്ഞാല്‍ വ്യക്തമാവും നമ്മുടെ മനസ്സ് അനശ്വരമാണെന്ന്, പൂര്‍വ്വവും ആവര്‍ത്തിതവുമായി അത് രൂപം സ്വീകരിക്കും. ഈ തിരിച്ചറിവ് സമാധിയില്‍, മോക്ഷത്തില്‍ എത്തിക്കും.
”ഇഹ ചേദവേദീദഥ സത്യമസ്തി
ന ചേദിഹാവേദീന്മഹതീ വിനഷ്ടി:
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാ:
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി.” (5)
ഈ ജന്മത്തില്‍ത്തന്നെ ബ്രഹ്മതത്ത്വം സ്വയം സാക്ഷാത്ക്കരിക്കാന്‍ സാധിച്ചാല്‍ ജന്മം സഫലമായി. ഇല്ലെങ്കില്‍ ഈ ജന്മം വൃഥാവിലാവും. അതിനാല്‍ വിവേകികളും വിജ്ഞാനികളുമായവര്‍ സര്‍വ്വ ചരാചരങ്ങളിലും ആത്മതത്ത്വത്തെ ദര്‍ശിച്ച് ഈ ജന്മത്തില്‍ത്തന്നെ മോക്ഷം നേടുന്നു.
”ബ്രഹ്മതത്ത്വത്തെ സ്വയം സാക്ഷാത്ക്കരിക്കുക” എന്ന് പറയുമ്പോള്‍ സാധാരണരായവര്‍ മനസ്സിലാവാതെ വലയും. കാര്യം ലളിതമാണ്; നമ്മുടെ ചുറ്റിലുമുള്ള സഹജീവികളിലും വൃക്ഷലതാദികളിലും നിലനില്‍ക്കുന്ന ജീവന്റെ തുടിപ്പുകള്‍ ഈ പ്രപഞ്ചത്തിലെ ഒരേയൊരു ചൈതന്യത്തില്‍ നിന്ന് തന്നെയുള്ളതാണെന്ന തിരിച്ചറിവാണത്. മനുഷ്യര്‍ ഇന്ന് സര്‍വ്വജീവികളേയും കൊന്ന് തിന്നുന്ന കാഴ്ച പലയിടങ്ങളിലും കാണാം. മനുഷ്യര്‍ അവരവരുടെ വ്യക്തിതാല്‍പ്പര്യങ്ങളും സുഖവും നിലനിര്‍ത്താന്‍ മറ്റുള്ളവരെ വേദനിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. എന്നാല്‍ ഭാരതീയര്‍ ദര്‍ശിച്ച പ്രപഞ്ച സംവിധാനത്തില്‍ ‘പാരസ്പര്യ’ തയാണ് പ്രധാനം. പ്രകൃതിയും മനുഷ്യനും തമ്മിലും മനുഷ്യരും മനുഷ്യരും തമ്മിലുമുള്ള പരസ്പരാശ്രയത്വമാണ് പാരസ്പര്യം. ഈ തിരിച്ചറിവുള്ള ജീവിതമാണ് ബ്രഹ്മജ്ഞാനിയുടേത്. ഈ ജീവിതമാണ് ശാശ്വതമായ ശാന്തിയെ നമ്മിലെത്തിക്കുന്നത്. മറിച്ച് പാശ്ചാത്യ ചിന്തയില്‍ പ്രകൃതിയും മനുഷ്യനും രണ്ടാണ്, പ്രകൃതിയെ ചൂഷണം ചെയ്യുന്നവനായി മനുഷ്യന്‍ മാറി. ചൂഷണമല്ല, ‘ദോഹന’മാണ് ഭാരതത്തിന്റെ ജീവിതരീതി. ‘യജ്ഞ’ സംസ്‌കാരം എന്നാണ് ശ്രീമദ് ഭഗവദ്ഗീത ഇതിനെ വിശേഷിപ്പിക്കുന്നത്. ‘അപരിഗ്രഹതത്ത്വശാസ്ത്ര’മായൂം ‘സര്‍വ്വസംഗ പരിത്യാഗ’മായും ഇത് സന്ന്യാസപാരമ്പര്യത്തിലൂടെ ലോകോത്തരമായി, ഇതാണ് ”ആര്‍ഷപാരമ്പര്യം.”
ഈ പ്രപഞ്ചത്തിലെ ഏകമാത്രമായ ശക്തിയെ തിരിച്ചറിയുകയാണ് യഥാര്‍ത്ഥ ജ്ഞാനം. ”പ്രജ്ഞാനം ബ്രഹ്മ:” എന്നും ”സര്‍വ്വം ഖല്വിദം ബ്രഹ്മ:” എന്നും പറയുമ്പോള്‍ത്തന്നെ ”അഹം ബ്രഹ്മാസ്മി” എന്നും ”അയമാത്മ ബ്രഹ്മഃ” എന്നും ”തത്ത്വമസി” എന്നും ഉപനിഷത്തുകള്‍ ഘോഷിക്കുന്നു.
ഇവിടെ ഞാന്‍ – നീ എന്നിങ്ങനെയുള്ള ഭേദബുദ്ധിക്കുപോലും സ്ഥാനമില്ല. പിന്നെ എങ്ങനെയാണ് ”എന്റെ മതം, അഥവാ എന്റെ ദൈവം മാത്രം ശരി” എന്ന് ചിന്തിക്കുക? അതാണ് പാശ്ചാത്യമതങ്ങളും ഭാരതീയ ദര്‍ശനവും തമ്മിലെ വ്യത്യാസം. എല്ലാ ജീവികളും ഒരേ ബ്രഹ്മചൈതന്യത്തിന്റെ ഭാഗമാണ്, ഈ തനിമയറിഞ്ഞ് വേണം ജീവിക്കാനെന്നര്‍ത്ഥം. ഈ പാരസ്പര്യ സംസ്‌കൃതിയാണ് ശ്രീമദ് ഭഗവദ്ഗീതയിലും മറ്റും നാം കാണുന്നത്. വളരെ ശ്രദ്ധേയമായ ഒരുസുഭാഷിതം നാമോര്‍ക്കുന്നുണ്ടാവും:
”ത്യജേദേകം കുലസ്യാര്‍ത്ഥേ
ഗ്രാമസ്യാര്‍ത്ഥേ ത്യജേ കുലം
ഗ്രാമം ജനപദസ്യാര്‍ത്ഥേ
ആത്മാര്‍ത്ഥേ പൃഥ്‌വിം ത്യജേ” –
ഈ ഭൂമിയിലെ സകല ചരാചരങ്ങളുടെ നിലനില്‍പ്പിനും വേണ്ടി സ്വയം ത്യജിക്കാന്‍ തയ്യാറാവണമെന്ന് ചുരുക്കം. അവനവന്റെ സ്വാര്‍ത്ഥതയില്‍ നിന്നല്ല, സ്വാര്‍ത്ഥ ചിന്തയുടെ ചിതയില്‍ നിന്നാണ് ലോകശാന്തി എന്നര്‍ത്ഥം.
”ലോകാ: സമസ്താ: സുഖിനോ ഭവന്തു:”
എന്ന് പറയാം. ‘യജ്ഞസംസ്‌കാരം’ എന്നാണ് ഇതിന് ഉപനിഷത് മതം.
(തുടരും)
No comments:
Post a Comment