കമ്പരാമായണം കഥ
അദ്ധ്യായം :- 38
യുദ്ധകാണ്ഡം തുടർച്ച....
ശ്രീമതിയെന്ന ഒരു ഗന്ധർവ്വസുന്ദരി ലക്ഷ്മീ ദേവിയെ കേശാദിപാദവും പാദാദികേശവും സ്തുതിച്ചു പാടികൊണ്ടിരുന്നു. അതിൽ പ്രസന്നയായി വിശ്വവശ്യമായ ദിവ്യരൂപത്തോടുകൂടി ലക്ഷ്മീ ദേവി ആവിർഭവിച്ചു. ഭഗവതി ദിവ്യമായ പരമളധോരണി തുടരെ പ്രസരിക്കുന്നതും ഒരിക്കലും വാട്ടംതട്ടാത്തതുമായ ഒരു കല്പകപുഷ്പഹാരവും അഭീഷ്ടവരപ്രാപ്തികരമായ ഒരു വിശിഷ്ട വരവും ശ്രീമതിക്ക് പാരിതോഷികമായി ദാനം ചെയ്തു.
വരം സിദ്ധിച്ച ശ്രീമതി സ്വന്തം നഗരിയിലേയ്ക്ക് യാത്രയായി. വഴിക്കുവച്ച് തന്നെ ആദരിച്ച ദുർവാസാവിന് മാല നല്കി. മാല കിട്ടിയ മഹർഷി താൻ ഒരു വിലാസിയാകുമോ എന്ന ശങ്കനിമിത്തം ഈ മാല ധരിക്കാൻ അർഹനാര് എന്ന് ചിന്തിച്ചു. ബ്രഹ്മാവ് വൃദ്ധൻ അരസികൻ വേണ്ട ശിവൻ പാതി പാർവതിക്ക് പകുത്തു കൊടുത്തു കളയും ശിവനും അനർഹൻ. വിഷ്ണു ദ്വിഭാര്യൻ മാല തുണ്ടുകളാക്കാതിരിക്കില്ല. ഒടുവിൽ ഇന്ദ്രനു കൊടുക്കാമെന്ന് തീരുമാനിച്ചു.
ദുർവാസാവ് ഇന്ദ്രനെ സ്മരിച്ചു. ഐരാവതാരൂഢനായി വന്നെത്തിയ ഇന്ദ്രന് മഹർഷി മാല സമ്മാനിച്ചു. ഇന്ദ്രൻ ഐരാവതമസ്തകത്തിൽ മാല വച്ച് കേശം മിനുക്കി. മാലയുടെ ഗന്ധപ്രസരം നിമിത്തം വണ്ടുകൾ വന്ന് ഗജമസ്തകം പൊതിഞ്ഞു. അസഹിഷ്ണുവായ ഐരാവതം തുമ്പിക്കൈ കൊണ്ട് മാല വലിച്ചെടുത്ത് നിലത്തിട്ട് ചവിട്ടിപ്പൊട്ടിച്ച് ചതച്ചരച്ചു കളഞ്ഞു. അതു കണ്ട് ദ്രുതകോപിയായ ദുർവാസാവ് സ്വർഗ്ഗീയസമ്പത്തുകളെല്ലാം മറഞ്ഞു പോകട്ടെ എന്നും ഇന്ദ്രനും ദേവന്മാർക്കും ജരാനരകൾ ബാധിച്ച് അമരത്വമില്ലാതാകട്ടെ എന്നും ശപിച്ചു. ഇന്ദ്രൻ ത്രിമൂർത്തികളെ അഭയം പ്രാപിച്ചു. ത്രിമൂർത്തികൾ കൂടിയാലോചന നടത്തി പാലാഴിയിൽ ആണ്ടു കിടക്കുന്ന സ്വർഗ്ഗീയവിഭവങ്ങൾ വീണ്ടടുക്കാമെന്നും അമൃത് എടുത്തു സേവിച്ചാൽ ദേവന്മാരുടെ ജരാനരകൾ മാറുമെന്നും പറഞ്ഞു.
മഥനം നടത്താൻ ദേവാസുരന്മാർ പ്രവർത്തകരായും മന്ദരപർവ്വതം മഥനമന്ഥമായും വാസുകിനാഗം മന്ഥപാശമായും ത്രിമൂർത്തികൾ മഥനനിർവഹരായും തീരണം. ശിവൻ അസുരന്മാരെ വരുത്തി. ഗരുഢൻ മന്ദര പർവ്വതത്തെ കൊണ്ട് വന്നു. വാസുകി നാഗത്തെ ഗരുഢന് എടുക്കാൻ കഴിയാതെ വന്നപ്പോൾ ശിവൻ പാതാളത്തിലേയ്ക്ക് നീട്ടിയ കൈകളിൽ ചെറുവളയായി വന്നെത്തി. ശേഷം മന്ദരം മത്തായും വാസുകി പാശമായും , വാസുകിയുടെ വാലിൽ ദേവന്മാരും തലയിൽ അസുരന്മാരും പിടിച്ചു വലിച്ചു മഥനമാരംഭിച്ചു. മന്ദരമന്ഥനം നാഗബന്ധം വിട്ട് ആഴിയിലാണ്ടുപോയി. വിഷ്ണു കൂമ്മരൂപം ധരിച്ച് ഗിരിയെ ഉദ്ധരിച്ചു. ഉയർന്നത് അധികമായപ്പോൾ മഹാവിഷ്ണു ഒരു ചെറുപക്ഷിയായി ഗിരിമുകളിൽച്ചെന്നിരുന്നു. ദേവന്മാരുടെ ബലത്തിനായി ബാലിസുഗ്രീവന്മാരെ കൂടെ കൂട്ടി.
മഥനം പൂർത്തിയാകാറായപ്പോൾ വാസുകിയുടെ വായിൽ നിന്നും കാളകൂടം പുറത്തേയ്ക്ക് വമിച്ചു. ദേവന്മാരും അസുരന്മാരും തളർന്നു. ഇത്തരുണത്തിൽ രുദ്രമൂർത്തി ആ വിഷദ്രാവകം മുഴുവൻ സ്വന്തം വക്ത്രത്തിനകത്താക്കി. ഇതുകണ്ട് വിഷം ഉദരത്തിലിറങ്ങാതെ പാർവതി ശിവകണ്ഠം മുറുക്കിപ്പിടിച്ചു. വായിൽ നിന്നും പുറത്തേക്ക് വമിക്കാതിരിക്കാൻ മഹാവിഷ്ണു വായ്പൊത്തിപ്പിടിച്ചു. അങ്ങനെ ശിവകണ്ഠത്തിൽ നീലച്ഛായയായി. അങ്ങനെ ശിവൻ നീലകണ്ഠനായി.
ശേഷം ജ്യേഷ്ഠ എന്ന ദുർദ്ദേവത ഉത്ഭവിച്ചു. അവളെ ത്രിമൂർത്തികൾ അമംഗള സ്ഥാനങ്ങളിലിരുന്നു കൊളളാൻ പറഞ്ഞയച്ചു.. തുടർന്ന് ഐരാവതം , ഉച്ചൈശ്രവസ്സ്, കല്പവൃക്ഷം, ചിന്താമണി, കൗസ്തുഭം , ചന്ദ്രൻ, അപ്സരസ്സുകൾ, സ്വർവാസരവധുക്കൾ , മഹാലക്ഷമി, താര, രുമ മുതലായ സുന്ദരതരുണീമണികൾ ഇങ്ങനെ പല ദിവ്യവിഭവകൾ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ അമൃതകുംഭവുമായി ശ്രീധന്വന്തരിയും ആവിർഭവിച്ചു.
പക്ഷേ ആ അമൃതകുംഭം സൈംഹികേയൻ എന്ന ദൈത്യമായാവി അപഹരിച്ച് പാതാളത്തിലേയ്ക്ക് കൊണ്ട് പോയ്ക്കളഞ്ഞു. സംഭവഗതി മനസ്സിലാക്കിയ മഹാവിഷ്ണു മോഹിനീ രൂപം ധരിച്ച് പാതാളത്തിൽ ചെന്ന് അസുരന്മാരെ മയക്കി അമൃതകുംഭം ദേവന്മാർക്ക് കൊടുത്തു. ദേവന്മാർ അമൃതു കഴിക്കാനിരുന്ന പന്തിയിൽ മായാവി അസുരൻ സൈംഹികേയൻ ഒരു വൃദ്ധബ്രാഹ്മണ വേഷത്തിലെത്തി അമൃത് യാചിച്ചു വാങ്ങി. കുടിക്കുമുമ്പ് രഹസ്യം മനസ്സിലാക്കിയ സൂര്യചന്ദ്രന്മാർ മഹാവിഷ്ണുവിന് സൂചന കൊടുത്തു. മഹാവിഷ്ണു സുദർശനം ഉപയോഗിച്ച് അസുരന്റെ കണ്ഠം അറുത്തു. അമൃത് ആസ്വദിച്ച അസുരന്റെ കണ്ഠത്തിന് മുകളിൽ പാതി കണ്ഠത്തിന് താഴെ പകുതി തങ്ങി നിന്നതിനാൽ രണ്ടും സജീവങ്ങളായിതന്നെ അവശേഷിച്ചു. അതാണ് രാഹു കേതുക്കളിയിപ്പരിണമിച്ചത്. കണ്ഠം മുറിഞ്ഞപ്പോൾ കുറച്ചു രക്തവും കുറച്ചു പീയുഷവും നിലത്ത് രണ്ടു ഭാഗത്തായി വീണു. അവ ചുവന്നുളളിയും വെളുത്തുള്ളിയുമായിത്തീർന്നു. തന്നെ ഒറ്റു കൊടുത്ത സൂര്യചന്ദ്രന്മാരോടുളള പക രാഹുകേതുക്കൾക്ക് ഇന്നും നിലനിന്നു പുലർന്നുപോരുന്നു. ഇങ്ങനെയത്ര ഗ്രഹണമുണ്ടായത്.
വിഭീഷണൻ പാലാഴിമഥനകഥയിലെ സൂര്യചന്ദ്രന്മാർക്കു തുല്യനായ ഒരു പരമദ്രോഹിയാണെന്ന് ശുകസാരണന്മാർ പ്രത്യേകം സ്ഥാപിച്ചു പറഞ്ഞു.
എല്ലാം കേട്ട് രാവണൻ സ്ഥിതി ഗതികളെ വിദൂരവലോകനം ചെയ്ത് കളയാമെന്ന് കരുതി പരിവാരസമേതം ഉത്തരഗോപുരത്തിലെത്തി. ഈ വിവരം വിദൂരദൃഷ്ടിയുളള വാനരചാരന്മാർ പറഞ്ഞറിഞ്ഞ ശ്രീരാമൻ, വിഭീഷണലക്ഷ്മണസുഗ്രീവാംഗദഹനൂമജ്ജാംവാദികളോടൂ കൂടി സുവേലാചലത്തിന്റെ ഒരു
ഉന്നതതലത്തിൽ കയറിയിരുന്ന് രാക്ഷസേശ്വരനെ സൂക്ഷിച്ചൊന്നു വീക്ഷിച്ചു. രണ്ടു പേരുംപരസ്പരം കാണുകയും അന്തരംഗങ്ങളാൽ അന്യോന്യം ആരാധിച്ചു. അനന്തരം ലക്ഷമണനെ നോക്കി രാവണൻ മനസ്സാലഭിനന്ദിച്ചു. രാവണനെ കണ്ട ലക്ഷ്മണന്റെ കണ്ണുകൾ ചുവന്നു. പെട്ടെന്ന് സുഗ്രീവൻ ഒരു ചാട്ടത്തിൽ രാവണന്റെ മദ്ധ്യശിരസ്സിൽ ചവിട്ടി നിന്ന് മകുടങ്ങൾ പത്തും എടുത്ത് ശ്രീരാമനിരിക്കുന്ന ദിക്കിലേയ്ക്കറിഞ്ഞു. അത് ശ്രീരാമപാദാന്തികത്തിൽ വന്ന് കമഴ്ന്നു വീണു. ശേഷം സുഗ്രീവൻ രാവണശിരസ്സിൽ നടരാജനൃത്തം ചെയ്തു. ശേഷം ഓരോ മുഖത്തും ഓരോ ചവിട്ടു കൊടുത്തു. തിരിച്ചു കുതിച്ചു ചാടി ശ്രീരാമപാദാന്തികത്തിലെത്തി വിനയപൂർവ്വം വന്ദിച്ചു നിന്നു. ഇത് രാമലക്ഷ്മണന്മാർ അകമേ മാനിക്കുകയും പുറമേ ശാസിക്കുകയും ചെയ്തു.
തുടരും .....
No comments:
Post a Comment