19 October 2021

കമ്പരാമായണം കഥ :- 31

കമ്പരാമായണം കഥ

അദ്ധ്യായം :- 31

യുദ്ധകാണ്ഡം

ലങ്കയിൽ  ഹനുമാൻ വരുത്തിവച്ച അഗ്നിപ്രളയം ഏഴ് ദിവസം നീണ്ടുനിന്നു.  രാവണന്റെ നിർദ്ദേശമനുസരിച്ച് വരുണന്റെ വരുതിയിൽ  മേഘങ്ങൾ ഏഴു ദിവസം മുഴുവൻ മഴപെയ്ത് തീകെടുത്തി.   പവനൻ ലങ്കദഹിച്ച ഭസ്മമെല്ലാം പറപ്പിച്ച് വാരിധിയിൽ വിതറി.  വിശ്വകർമ്മാവും മയനും ചേർന്ന് ലങ്കാനഗരി   പൂർവ്വാധികം ഭംഗിയായി പണിയിച്ചു പരിഷ്കരിച്ചു.   സുധർമയെ പോലൊരു രാജകീയമന്ത്രിസഭയും പുതുതായി നിർമിച്ചു

അനന്തരം സ്വന്തം അനുജന്മാരെയും തനുജന്മാരെയും പ്രമുഖസചിവന്മാരെയും ക്ഷണിച്ച് പുതിയ മന്ത്രശാലയിൽ വരുത്തി ഗൗരവമായ ആലോചനകൾ നടത്താൻ ആരംഭിച്ചു  " രത്നഹാരീ തു പാർത്ഥിവഃ"  ഈ സിദ്ധാന്തപ്രമാണപ്രകാരം  ഞാൻ സ്ത്രീരത്നമായ ജാനകിയെ "ഹരി"ച്ച് ഇവിടെ  കൊണ്ടുവന്നു. അവൾക്ക് ചാരിത്രഭംഗമോ   മറ്റേതെങ്കിലും വിധത്തിലുള്ള അപമാനമോ വരുത്താതെ സുരക്ഷിതമായ അന്തഃപ്പുരോദ്യാനത്തിൽ അവളെ " തിരുച്ചിറ" യിരുത്തിയിരിക്കുകയാണ്.   അവൾക്കഭിമതമായല്ലാതെ അവളെ പരിഗ്രഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  അവളെ സ്ഥാനാഭിഷിക്തയാക്കാൻ മാത്രമാണ് ഞാൻ ഉദ്ദേശിക്കുന്നത്.  ഇതിന് വിപരീതഫലങ്ങൾ വിളയാടാൻ ആരംഭിച്ചിരിക്കുന്നു.  ഇതിന്  പ്രതിവിധാനങ്ങളെന്തെല്ലാം എന്ന് ആലോചിക്കാം

മഹോദരൻ എന്ന പ്രധാനമന്ത്രി പറഞ്ഞു ഒരു മനുഷ്യ പെണ്ണായ സീതയ്ക്ക് വേണ്ടി കാര്യഗൗരവത്തോടെ ഒരു ആലോചനായോഗം തന്നെ വേണ്ടത്തതാണ്. നാട് ഭരിക്കാൻ കഴിയാതെ,  സ്വന്തം ഭാര്യയെപ്പോലും രക്ഷിക്കാൻ കഴിയാതെ കാട്ടിൽ കഴിയുന്ന രാമൻ ഒരു കോമാളിക്കോമരമാണ്.  പിന്നെ സുഗ്രീവൻ ബാലി എല്ലെല്ലാം നുറിക്കിട്ട്  ഇരിക്കുന്നവൻ, കാട്ടുജന്തൂ,   വെറുമൊരഗണ്യ വസ്തു മാത്രം.  പിന്നെയുള്ളത് ഇവിടെ വന്നു തിരിച്ചു പോയ ഹനുമാനാണ്.  അവൻറെ കുരങ്ങ് കളി കാണാൻ വേണ്ടി അല്പം ഒരു ഉദാസീനത നാം കാണിച്ചുപോയതു കൊണ്ട് അതിരുകടന്ന് അവൻ വിളയാടിയെന്ന് വിചാരിച്ച് സംസാരിച്ചു നാം നമ്മുടെ അന്തസ്സിനെ ഭംഗം വരുന്നതായി ഭാവിക്കരുത്.

ഇന്ദ്രജിത്ത് പറഞ്ഞു ഇവിടെ ഗൗരവമായി ആലോചിക്കാനൊന്നുമില്ല. നാം സകലലോകവിജയികളാണ് . നമ്മൾ ആരെ എന്തിന് ഭയപ്പെടണം?  കുറുനരികളെ വീരകേസരികൾ പേടിച്ചിരിക്കുകയോ?  ഇല്ല.  വേണമെങ്കിൽ ഞാൻ ഇപ്പോൾ തന്നെ ചെന്ന് രാമാദികളെ കൊന്ന് തിരിച്ചുവന്നേക്കാം

കുംഭകർണ്ണൻ പറഞ്ഞു.  ജ്യേഷ്ഠ! അവിടുന്ന് ക്ഷോഭിക്കരുത്. ഞാൻ  സംഭവങ്ങളുടെ രണ്ടു വശങ്ങളും കണ്ടുകൊണ്ട് വേണ്ടത് പറയാൻ തുടങ്ങുകയാണ്.   അങ്ങ് ചെയ്തതു തെറ്റ് സീത വെറുമൊരു  മനുഷ്യനാരി മാത്രമല്ല.  രാമൻ കേവലം മനുഷ്യനുമല്ല.  വാനരന്മാർ നിസ്സാരരാണെന്ന് വിചാരിക്കയുമരുത്.  അവർ നിമിത്തം നമ്മുടെ വർഗ്ഗം തന്നെ നാമവിശേഷമായേക്കാം

ഇതിന് പക്ഷാന്തരമുണ്ട് " ആത്മാഭിമാനികൾ മുന്നോങ്ങിയ കൈ പിൻവാങ്ങുകയില്ല"  സീതാഹരണം തെറ്റാണെന്ന് സ്ഥാപിച്ച് അതിനൂ പരിഹാരം ചെയ്യാനാരംഭിച്ചാൽ അത് ആത്മഹത്യാപരമായ ഒരപകർഷമായിത്തീരും  കൃത്യമെന്തുമാകട്ടെ.  ശത്രു ആരുമാകട്ടെ.  പുരോഗതി തുടരുക തന്നെ ചെയ്യണം. എന്റെ പ്രഥമാഭിപ്രായമാണ് പത്ഥ്യമായിട്ടുള്ളതെങ്കിലും സന്ദർഭസ്ഥിതി നോക്കിയാൽ ഇവിടെ ദ്വിതീയാഭിപ്രായം  ആദരണീയമായിത്തീർന്നിരിക്കുകയാണ്.. ഞാൻ ഒറ്റയ്ക്ക് ചെന്ന്  രാമലക്ഷ്മണശിരസ്സുകൾ അറുത്തെടുത്ത്  അങ്ങയുടെ തിരുമുന്നിൽ കാഴ്ച വയ്ക്കാം

വിഭീഷണൻ പറഞ്ഞു.  അഭിജാതനായ ജ്യേഷ്ഠ മഹാത്മാവേ! ഞാൻ അങ്ങയുടെ ഒരു ദാസൻ മാത്രമാണ് . എന്നാലും എന്റെ അഭിപ്രായം കൂടി പ്രസ്താവിക്കാൻ അങ്ങ് പ്രതീക്ഷിക്കുന്നതു കൊണ്ട് ഞാൻ ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടെ

" ഹിതവും പത്ഥ്യവുമായ  നിർദ്ദേശം പലപ്പോഴും സുലഭമായിരിക്കുകയില്ല "  ഇഷ്ടമായ കർമ്മത്തിന് ശിഷ്ടമായ ധർമ്മം ദുഷ്ടമായ മർമ്മമായിത്തീരാം. " ഞാൻ പ്രസ്താവിക്കുന്നത് സൂക്ഷ്മമായി വിശകലനം ചെയ്തു പരിശോധിച്ച് തള്ളുകയോ കൊള്ളുകയോ ചെയ്യാം

ലങ്കേശ്വരാ!  നാം പ്രഥമ ബ്രഹ്മവംശജാതരാണ്. സ്മൃതിപ്രമാണങ്ങളും ഇതിഹാസപുരാണങ്ങളും ഗ്രഹിച്ചിട്ടുളള നമ്മൾ സർവലോകവിജയിയാണ്.  അങ്ങയുടെ  ജീവിതം സർവത്ര മാതൃകാപരമായിരിക്കണം.  അങ്ങ് പല അധർമ്മങ്ങളും പ്രവർത്തിച്ചിട്ടുണ്ട്.  മാത്രമല്ല ആവർത്തിച്ച് അനുവർത്തിച്ചു കൊണ്ടുമിരിക്കുന്നു

വൈശ്രവണനെ ഈ നാട്ടിൽനിന്ന് ആട്ടിയോടിച്ചു . പുഷ്പകവിമാനം  തട്ടിയെടുത്തു.  ഇന്ദ്രപദം കൈക്കലാക്കി . ദിക്ക്പാലകന്മാരെയെല്ലാം അതിക്രമിച്ചു.  പാതാളം പാഴ്ക്കളമാക്കി . നരലോകം നരകലോകവും ആക്കി നരകവുമാക്കി.  മൂന്നുലോകങ്ങളിലേയും  നാനാവർഗ്ഗങ്ങളിലുള്ള സതിമാരായ സുദതിമാരെയെല്ലാം അവരോധിച്ചഗതികളാക്കി.  ഇങ്ങനെയിങ്ങനെ.... ഏറെയേറെ ...  അവയ്ക്കെല്ലാം മകുടം ചൂടത്തക്കവണ്ണം  ഒരു സ്വാധീമണിയെ മോഷ്ടിച്ച് ഇവിടെ കുടിയിരിത്തിയിരിക്കുന്നു.  ഈ അന്തിമകൃത്യത്തോടുകൂടി ദുഷ്കർമ്മങ്ങളുടെ തിരിച്ചടിയും ആരംഭിച്ചുകഴിഞ്ഞു..

സീതാദേവിയെ ലങ്കയിൽ അവരോധിച്ച്, ദേവി  ഇവിടെ ഭൂസ്പർശം  ചെയ്ത നിമിഷത്തിൽ തന്നെ  ലങ്കയുൾപ്പെടെ സുവേലാചലത്തിന് ഒരു ഞെട്ടലുണ്ടായി. അത് സാമാന്യമായ ഭൂചലനം  എന്ന് വിശ്വസിച്ചു. അന്നുമുതൽ ദിവസംതോറും ആ കൃത്യസമയത്ത്  തുടർന്നു വരുന്നുണ്ട്.  കൂടാതെ അകാലവൃഷ്ടി, പതിവില്ലാത്ത വെള്ളിടി,  വിശേഷ രീതിയിലുള്ള കൊള്ളിമീൻ ആപൽസൂചകമായ ധൂമകേതൂദയം ഇത്തരം ദുർനിമിത്തങ്ങൾ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നു . രാക്ഷസവർഗ്ഗത്തിന്റേ മുഖങ്ങളിൽ ഒരു മ്ലാനതയും ദേവഗണങ്ങളുടേ മുഖങ്ങളിൽ ഒരു പ്രസന്നതയും ഈയിടെയായി സൂഷ്മദൃഷ്ടികൾക്ക്  ദർശിക്കാൻ കഴിയുന്നുണ്ട്.  ഇവയെല്ലാം രാക്ഷസസാമ്രാജ്യത്തിന്റെ അധപതന സൂചകങ്ങൾ അല്ലേ എന്ന് നാം ചിന്തിക്കേണ്ടതാണ്.  മറ്റുള്ളവർ വെറും കീടമായി  അവഗണിച്ചിട്ടുളള ഒരു കൊച്ചു കുരങ്ങൻ കേറി കടന്നുവന്ന് കാട്ടിക്കൂട്ടിയ കരുമനകൾ വെറും നിസ്സാരമോ?

വ്യക്തിപരമായ ഏതാനും  സംഗതികളെ കുറിച്ച് പറയാം നളകുബേരന്റെ പ്രതിശ്രുതവധുവായ രംഭയെ അളകയ്ക്ക് സമീപം വച്ച്  അങ്ങ് പിടിച്ചുപഗൂഹനം ചെയ്തതിന് " നിന്റെ പത്ത് തലയും ഏഴേഴായി  പൊട്ടിത്തെറിച്ചു നീ മരിക്കാനി ഇടയാകട്ടെ"  എന്ന് നളകുബേരൻ അങ്ങനെ ശപിച്ചിട്ടുണ്ട്

ശ്രീമാധവനെ  ഭർത്താവായി ലഭിക്കാൻ തപസ്സുചെയ്തിരുന്ന വേദവതിയെ ബലാൽ പിടി കൂടിയതിന് " നീയും നിൻറെ കുടുംബവും ഞാൻ നിമിത്തം എൻറെ നാരായണസ്വാമിയാൽ നാശമടയട്ടേ" എന്ന് വേദവതി ശപിച്ചു

പരമശിവൻ നൽകിയ ത്രിപുരസുന്ദരീവിഗ്രഹം പ്രതിഷ്ഠിക്കാൻ വന്ന്
വൈദികബ്രാഹ്മണൻ വന്നുചേരുന്നതിന്  അല്പം താമസിച്ചു പോയത് കൊണ്ട് ഏഴു ദിവസം അദ്ദേഹത്തെ കാരകഗ്രഹത്തിലടച്ചിട്ടതിന്  "നിന്നെ ഒരു മനുഷ്യൻ കരചരണങ്ങൾ ബന്ധിച്ച് 7മാസം കാരാഗൃഹത്തിൽ പൂട്ടിയിടട്ടേ "  എന്ന് ശപിച്ചു.

കൈലാസപാർശ്വത്തിൽ വച്ച്  നന്ദിയെ കുരങ്ങെന്നു  വിളിച്ചാക്ഷേപിച്ചതിന് "  നിൻറെ നഗരിയും കുടുംബവും നീയും വാനരൻമാരാൽ നശിക്കട്ടെ"  എന്ന് നന്ദികേശൻ ശപിച്ചിരുന്നു.

വേദശാസ്ത്രങ്ങൾ പഠിപ്പിക്കാൻ ക്ഷണിക്കപ്പെട്ട വസിഷ്ഠമഹർഷി അനുസരിക്കാതിരുന്നതിൽ കുപിതനായ അവിടുന്നു,  ആ മുനിയെ  ബന്ധനസ്ഥനാക്കുകയും കുവലയാശ്വനെന്ന  സൂര്യകുലരാജാവ് മോചിപ്പിക്കുകയും ചെയ്തപ്പോൾ ഋഷി " സൂര്യകുലജാതരിൽ നിന്ന്  നിനക്കും കുടുംബത്തിനും നാശം ഭവിക്കട്ടെ"  എന്ന് ശപിച്ചു

എട്ടുവളവുകളും മാറ്റിത്തരാം എന്ന് പറഞ്ഞ് അഷ്ടാവക്രമഹർഷിയെ ഒറ്റ ചവിട്ട് കൊടുത്തപ്പോൾ " പാവപ്പെട്ട നിരപരാധിയായ എന്നെ ഇങ്ങനെ ചെയ്തതുകൊണ്ട് ഉദ്ധതനും പാപിയുമായ  നിന്നെ ചപലകപികൾ ,  പാദാദികേശവും  കേശാദിപാദവും ചവിട്ടിമെതിച്ച് ചതച്ചു വിടട്ടെ " എന്ന്  ശപിച്ചു.

ഗുരുവിന് അഭിക്ഷേപം ചെയ്യാൻ മന്ത്രിപൂതമാക്കിത്തയ്യാറാക്കിയ തീർത്ഥപൂർണ്ണകുംഭം അങ്ങ് അപഹരിച്ചു  സ്വശിരസ്സിൽ അഭിഷേകം ചെയ്തതിൽ കുപിതനായ ദത്താത്രേയൻ " നിന്റെ ശിരസ്സ്  വാനരൻമാർ ചവിട്ടി അശുദ്ധമാകട്ടെ"  എന്ന് ശപിച്ചു.

സ്വന്തം  സഹോദരിയെ സ്വന്തം കൺമുന്നിൽ വച്ച് ഉപരോധക്രിയ നടത്തി അധാരദ്യവയവങ്ങൾ മുറിപ്പെടുത്തിയപ്പോൾ, ദ്വൈപായൻ എന്ന  ബ്രാഹ്മണൻ " നിൻറെ സഹോദരിയെ ഒരു മനുഷ്യൻ അംഗഭംഗപ്പെടുത്തട്ടെ എന്നും ശപിച്ചു.

അങ്ങ് മണ്ഡോദരിയുമൊന്നിച്ച്  വിനോദസഞ്ചാരം ചെയ്യുമ്പോൾ മാണ്ഡവ്യൻ   എന്ന മഹർഷി മാനിച്ചില്ല  എന്ന കാരണത്താൽ അദ്ദേഹത്തെ നിർദയമായി മർദ്ദിച്ചപ്പോൾ " ഒരു വാനരൻ നിന്നെയും ഇങ്ങനെ മർദ്ദിക്കട്ടേ"  എന്ന് ശപിച്ചു.

"എന്റെ ധർമ്മപത്നിയെ എൻറെ മുന്നിലിട്ട് മുടിപിടിച്ച് വലിച്ചിഴച്ചതിന്  നിൻറെ പത്നിയെ നിൻറെ മുന്നിൽ വച്ച് വാനരന്മാർ വസ്ത്രമഴിച്ച് മുടിപിടിച്ചു വലിച്ചിഴച്ച്  അടിച്ചപമാനിക്കുന്നത് നിനക്ക്  തന്നെ കണ്ടിരിക്കേണ്ടി  വരും " എന്നും അത്രി മഹർഷി അങ്ങയെ ശപിച്ചു.

പ്രണവാർത്ഥം  പറഞ്ഞു കൊടുക്കാത്തതിന് നാരദന്റെ  നാവ് മുറിച്ചു കളയും എന്ന് അങ്ങ്  പറഞ്ഞപ്പോൾ "  നിൻറെ തല പത്തും ഒരു മനുഷ്യൻ മുറിച്ചു കളയട്ടെ"  എന്ന് നാരദ മഹർഷി അങ്ങയെ ശപിച്ചു.

മാരുതവനത്തിൽ വാനപ്രസ്ഥനനായി വർത്തിച്ച ഋതുവർമ്മന്റെ പത്നിയായ മദനമഞ്ജരിയെ വ്യഭിചരിച്ചതിന് " നീ ഒരു മനുഷ്യനാൽ മരണമാളും"  എന്നൊരു ശാപം അങ്ങ് സമ്പാദിച്ചു.

യോഗദണ്ഡിൽ പിടലി താങ്ങി ഹഠയോഗനിഷ്ഠയിൽ   സ്വസ്തികാസനസ്ഥനായിരുന്ന മൗല്ഗല്യ  മഹർഷിയുടെ യോഗദണ്ഡ് ചന്ദ്രഹാസം കൊണ്ട് വെട്ടി മുറിച്ചപ്പോൾ മലർന്നടിച്ചു വീണു നട്ടെല്ലൊടിഞ്ഞ സമയം "എടാ നീച! ഇനി നിന്റെ ചന്ദ്രഹാസം ഇനിയെങ്ങും ഫലിക്കാതെ പോകട്ടെ" എന്ന് ശപിച്ചിട്ടുണ്ട്

സമുദ്രസ്നാനത്തിനായത്തിയ ഏതാനും  ബ്രാഹ്മണയുവതികൾ;  അവരുടെ അമ്മമാരുടെ മുന്നിൽവച്ച് മാനഭംഗപ്പെടുത്തിയതിന് ആ മാതാക്കൾ "നിൻറെ കുടുംബിനിയെ നിൻറെ കണ്മുന്നിൽ വച്ച് വാനരന്മാർ അപമാനിക്കട്ടെ"  എന്ന് ശപിച്ചു.

അഗ്നി കണ്ടുകൊണ്ട് നിൽക്കെ അഗ്നിയുടെ ഭാര്യയായ സ്വാഹയെ ബലാത്സംഗം ചെയ്തപ്പോൾ "നീ നോക്കിയിരിക്കെ നിൻറെ പത്നിയെ കുരങ്ങന്മാർ ബലാൽക്കാരം ചെയ്യട്ടേ" എന്ന്  അഗ്നി ശപിച്ചു.

സൂര്യ വംശജനായ അനരണ്യനെന്ന രാജാവ് അഭയമർത്ഥിച്ചിട്ടും  നെഞ്ചിലിടിച്ചു  കൊന്നപ്പോൾ " എൻറെ വംശജനായ ഒരു രാജകുമാരനിൽ നിന്ന് നിശിതശരങ്ങളേറ്റ്  നീ മരിച്ചു പോകട്ടെ" എന്ന് ശപിച്ചു.

സ്വർഗ്ഗവിജയിയായ അങ്ങയെ പേടിച്ചു ഓടിയൊളിക്കാൻ ഒരുങ്ങിയ ഗീഷ്മതിപുത്രിയായ കുമാരി സുലേഖാദേവിയേ  പിടികൂടാനായടുത്ത സമയം അവളുടെ വത്സല പിതാവായ ദേവഗുരുവിൻറെ " കാമബാണമേറ്റു മദിക്കുന്ന നീ  രാമബാണമേറ്റു മരിക്കും " എന്ന് ശാപവും ഏറ്റുവാങ്ങി.

ബ്രഹ്മാവിൻറെ മാനസപുത്രി ആയ ശ്രീമതി പുഞ്ജികാദേവിയെ  അപമാനിക്കാനാരംഭിച്ചതിന്  സമ്മതം ഇല്ലാത്തവളെ തൊട്ടാൽ നിന്റെ ശിരസ്സു പത്തും പൊട്ടിത്തെറിച്ച് പോകട്ടെ " എന്ന് ബ്രഹ്മാവും അങ്ങയെ ശപിച്ചു.

എത്രയെത്ര ശാപങ്ങളാണ് . ആപൽബീജങ്ങളായി കുടികൊള്ളുന്നത് അവയിൽ ചിലതെല്ലാം മുളച്ച് വളർന്ന് തളച്ചു കായ്ച്ചു കഴിഞ്ഞിരിക്കുന്നു.

തുടരും .....

No comments:

Post a Comment