കമ്പരാമായണം കഥ
അദ്ധ്യായം :-23
കിഷ്ക്കിന്ധകാണ്ഡം തുടർച്ച...
ലക്ഷമണനും ഹനുമാനും ജാംബവാനും കൂടി അഭിഷേകോപകരണങ്ങളെല്ലാം തയ്യാറാക്കി രാമദേവനെ വിവരം അറിയിച്ചു. സുഗ്രീവൻ രാമസന്നിധിയിലെത്തി ദേവനെ കിഷ്കിന്ധയിലേയ്ക്ക് ക്ഷണിച്ചു. ആ ക്ഷണം നിരസിച്ചശേഷം ലക്ഷമണനോട് അഭിഷേകം ഭംഗിയായി നടത്തി കൊടുക്കാൻ നിർദ്ദേശിച്ചു. അപ്രകാരം സുഗ്രീവനെ മഹാരാജാവായും അംഗദനെ യുവരാജാവായും ശ്രീരുമയെ മഹാറാണിയായും താരാദേവിയെ സകല പദവികളോടും അമ്മമഹാറാണിയായും വാഴിച്ചു. ശേഷം ലക്ഷമണൻ രാമസന്നിധിയിലെത്തി പരിചര്യപാരായണനായിക്കഴിഞ്ഞുകൂടി. അപ്പോൾ വർഷകാലാരംഭമായി.
ശ്രീരാമൻ താരാദേവി, സുഗ്രീവൻ, അംഗദൻ, ഹനുമാൻ ഇവർക്ക് ചില സാരോപദേശങ്ങൾ കൊടുത്തു. "താരാദേവി! ഭവതി വിധവയാണെങ്കിലും ആശ്വാസപൂർവ്വം സമാധാനമായി ഭാവിജീവിതം നയിക്കാൻ ശ്രമിക്കുക. ബാലിക്ക് ജന്മനിദാനമായ മഹേന്ദ്രനിൽ വിലയം പ്രാപിച്ചു. അദ്ദേഹത്തിനു ഇനി ജീവിതക്ലേശമോ പുനരാവൃത്തിയോ ഉണ്ടാകുന്നതല്ല. അങ്ങിനെ ആവൃത്തിരഹിതമായ സ്വസാഥാനം സ്വായത്തമായിത്തീർന്ന ഭാഗ്യവാനെക്കുറിച്ച് ഭവതി ഒട്ടും അനുതപിക്കരുത്.
സുഗ്രീവ... താങ്കൾ കിഷ്കിന്ധഭരണാധിപതിയായിത്തീർന്നിരിക്കുന്നു. അഗതികൾ, ബലഹീനർ, ബാലർ, അബലകൾ, അജ്ഞർ, വ്യാധിതർ, തപസ്വികൾ, വിദ്യാർത്ഥികൾ, വ്യവസായികൾ മുതലായവർ രാജകീയസഹായത്തിനും ആനുകൂല്യത്തിനും പ്രത്യേകാർഹതയുളളവരാണ്. ജനതയുടെ കൃത്യാനുഷ്ഠാനങ്ങളിലും സത്യനിഷ്ഠകളിലും രാജശ്രദ്ധ്ര നിത്യനിബദ്ധമായിരിക്കണം. പ്രജകളുടെ ദൈനംദിനജീവിതം അക്ലിഷ്ടമാകത്തക്കവിധം സാമ്പത്തികസമീകരണം യഥാകാലം നിർവഹിക്കേണ്ടതാണ്. രാഷ്ട്രീയാഭ്യന്തരകാര്യങ്ങളിൽ പരിപൂർണ്ണമായ പരിശുദ്ധി പാലിക്കതന്നെ വേണം. വർഷകാലം ആരംഭമായി ഇനി നാലുമാസം വിശ്രമം . ഈ നാലുമാസം കഴിഞ്ഞു സീതാന്വേഷണശ്രമം ആരംഭിക്കാം.
അംഗദനോട് പറഞ്ഞു പിതൃവിയോഗദുഃഖം ക്ലേശിപ്പിക്കുന്നുണ്ടാകാം എന്നാലും വിവേകത്താൽ ധൈര്യവും ധൈര്യത്താൽ ആശ്വാസവും അവലംബിക്കുക .നിന്റെ രക്ഷാകർത്തൃത്വം സുഗ്രീവൻ നിർവഹിച്ചുകൊളളും. ലക്ഷ്മണനെ പോലെ നീയും എനിക്ക് പ്രിയപ്പെട്ടവനാണ്.
ഹനുമാനാട് ഇപ്രകാരം പറഞ്ഞു, " ഭക്തോത്തമ! മാരുതേ! നിനക്ക് ധർമ്മകർമ്മോപദേശം ചെയ്യേണ്ട ആവശ്യകത അധികം കാണുന്നില്ല. എന്നെ വിട്ടുപിരിയാനുളള സങ്കടം ഞാൻ കാണുന്നു ഗുരുപദേശമനുസരിച്ച് സുഗ്രീവന്റെ സചിവനായി രാജ്യഭരണം നടത്തുക. നിന്റെ സന്ദർഭോചിതസഹായങ്ങൾ സീതാന്വേഷണത്തിലും ശത്രുസംഹാരത്തിലും എനിക്ക് ഉപകരിക്കേണ്ടതാണ്. അവ യഥാകാലം അനുഷ്ഠിക്കുന്നതിന് ഒരുങ്ങിയിരുന്നുകൊൾക. പൂർണ്ണഭദ്രം. ശേഷം താരാസുഗ്രീവാദികളെ കിഷ്കിന്ധയിലേയ്ക്കയച്ചശേഷം മഴയും തണുപ്പും അധികം ബാധിക്കാത്തവിധം ഒരു ഗുഹയിൽ താമസിച്ചു. വർഷകാലാരംഭത്താൽ സിതാന്വേഷണത്തിൽ കാലവിളംബം നേരിട്ടതിൽ വിഷമിക്കുന്ന രാമനോട് തന്റെ തീക്ഷണബാണത്താൽ ലങ്കമുഴുവൻ എരിച്ചു കളയാമെന്ന് ലക്ഷ്മണൻ പറഞ്ഞു. ഇത് കേട്ട് രാമൻ ഉപദേശത്താൽ ലക്ഷമണന്റെ കോപത്തെ ശമിപ്പിച്ചു.
തുടരും .....
No comments:
Post a Comment