19 October 2021

കമ്പരാമായണം കഥ :- 20

കമ്പരാമായണം കഥ

അദ്ധ്യായം :- 20

കിഷ്ക്കിന്ധകാണ്ഡം

ശബരിതപസ്വിനിയുടെ ശാപമുക്തിക്കുശേഷം രാമലക്ഷ്മണന്മാർ അതിമനോഹരവും പാവനവുമായ പമ്പാസരസ്സിലിറങ്ങിക്കുളിച്ച് താമരയിലയിൽ വെളളം കോരിക്കുടിച്ച് ക്ഷീണമകറ്റി ഋശ്യമൂകത്തെ ലക്ഷ്യമാക്കി നടന്നു.

ഋശ്യമൂകമഹാഗിരിയുടെ മുകളിൽ മദ്ധ്യഭാഗത്ത് വൃക്ഷചുവട്ടിൽ സഹവർത്തികളോടൊപ്പമിരുന്ന സുഗ്രീവൻ ഗിരിമുകളിലേയ്ക്ക് വരുന്ന യുവാക്കളെ കണ്ട് ശങ്കയാലും സംഭീതിവിഭ്രാന്തനുമായിത്തീർന്നു. വരുന്നവർ ശത്രുക്കളോ ബാലി തന്നെ കൊല്ലാൻ നിയോഗിച്ചവരോ എന്ന ശങ്കകൾ നിമിത്തം ഹനുമാനെ ആഗതരുടെ വിവരമറിഞ്ഞുവരുവാൻ അവരുടെ അടുക്കലേയ്ക്ക് അയച്ചു  വടുരൂപിയായി വേഷം ധരിച്ച് ഹനുമാൻ രാമലക്ഷ്മണന്മാരുടെ മുന്നിൽ എത്തി. ഗിരിമുകളിലെ ആശ്രമത്തിലെ വൈദികബ്രഹ്മചാരിയാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ വടു യാത്രികരെക്കുറിച്ച് തിരക്കി. അപ്പോൾ രാമൻ  വടുരൂപിയെ സൂഷ്മമായി  നോക്കിയിട്ട്  ലക്ഷമണനോട് പറഞ്ഞു ഈ യുവാവ് വെറും ഒരു വടുവല്ല. ഇവൻ ദിവ്യമഹിമയുളള ഒരു വ്യക്തിയാണ്. ഇവന്റെ കർണ്ണാഭരണങ്ങളും ഭാഷാശുദ്ധിയും വ്യാകരണനിഷ്ഠയും ധർമ്മാനുഷ്ഠാനപ്രതിപത്തിയും അത് വ്യക്തമാക്കുന്നുണ്ട്.  തന്റെ കർണ്ണഭൂഷാരത്നം രാമദേവൻ കണ്ടതായി ഗ്രഹിച്ച വടു ( ഹനുമാൻ)  അദ്ദേഹത്തിന്റെ പാദങ്ങളിൽ പതിച്ച് സാഷ്ടാംഗം നമസ്ക്കരിച്ചു.

ഹനുമാൻ അഞ്ജനയുടെ ഗർഭസ്ഥനായിരിക്കുന്നകാലത്ത് ഭ്രൂണഹത്യ ചെയ്യാൻ ബാലി പഞ്ചലോഹങ്ങളും നവരത്നങ്ങളും വജ്രപ്പൊടിയും യോജിപ്പിച്ച് കൊടുത്തു . അത് ഗർഭാശയത്തിലെത്തി രണ്ടായിപ്പിരിഞ്ഞു ഭ്രൂണശിശുവിന് കർണ്ണാഭരണങ്ങളായിപ്പരിണമിച്ചു. ഈ കർണ്ണരത്നങ്ങൾ അന്യർക്ക് അദൃശ്യമായിരിക്കുമെന്നും ദൃശ്യമാകുന്ന ദിവ്യനെ ആത്മാധിദേവതയായി സ്വീകരിച്ചാരാധിച്ച് ഭജിച്ചുകൊളളണമെന്ന് പരമശിവൻ ഹനുമാനെ ധരിപ്പിച്ചിരുന്നു. അങ്ങനെ ശ്രീരാമദേവനെ ഹനുമാൻ ആത്മാർച്ചനം ചെയ്തു സ്വീകരിച്ചു.

ശ്രീരാമൻ ഹനുമനോട് വനവാസത്തെക്കുറിച്ചും സീതാപഹരണം മുതലായവ സംഗ്രഹിച്ചു പറഞ്ഞു കേൾപ്പിച്ചു. ഹനുമാൻ ശ്രീരാമലക്ഷമണന്മാരെ ഓരോ തോളുകളിൽ വഹിച്ചു ഋശ്യമൂകഗിരിയുടെ അധിത്യകയിൽ കൊണ്ട് ചെന്ന് സുഗ്രവന്റെ മുന്നിൽ അവതരിപ്പിച്ചു.

അനന്തരം സുഗ്രീവനും ഹനുമാനും മറ്റു മന്ത്രിവാനരന്മാരും ചേർന്ന് അതിഥികളെ സല്കരിച്ചു.  അല്പം വിശ്രമിച്ചശേഷം രാമസുഗ്രീവന്മാർ സംഭാഷണത്തിലേർപ്പെട്ടു . രാജഭ്രംശം കൊണ്ടും ഭാര്യാനഷ്ടം കൊണ്ടും നാം  രണ്ടുപേരും തുല്യദുഃഖിതരാണെന്നും പരസ്പരസഹായം കൊണ്ട് ദുഃഖപരിഹാരമുണ്ടാക്കാൻ വിശ്വാസപൂർവ്വം നമുക്ക് പരിശ്രമിക്കാം എന്നും സുഗ്രീവൻ രാമനോട് പറഞ്ഞു.  രാജ്യനഷ്ടത്തിന് ദുഃഖം ഇല്ല പത്നീനഷ്ട ദുഃഖമാണ് തന്നെ തളർത്തിയതെന്ന് സുഗ്രീവനോട് രാമൻ മറുപടി പറഞ്ഞു.  ബാലിയെ വധിച്ച് രാജ്യത്തെയും ഭാര്യയേയും തിരിച്ചെടുത്തു സുഗ്രീവനുക്കൊടുക്കാമെന്നു രാമദേവനും,  സീതാദേവിയെ അന്വേഷിച്ച് കണ്ടുപിടിച്ച്,  ശത്രുസംഹാരത്തിന് സഹായിച്ച് ദേവിയെ വീണ്ടെടുത്ത് രാമദേവന് ഏൽപ്പിച്ചു കൊടുക്കാമെന്ന് സുഗ്രീവനും അഗ്നിസാക്ഷികളായി ഓരോ സത്യം ചെയ്തു പരസ്പരസഖാക്കൾ ആയി തീർന്നു.  സത്യം ചെയ്തെങ്കിലും രാമൻ ബാലിവധത്തിന് ശക്തനാകുമോ എന്ന് സന്ദേഹം സുഗ്രീവനെ ബാധിച്ചു.  സുഗ്രീവന്റെ ഇംഗിതം സ്വയം ഗ്രഹിച്ച രാമൻ മഹാഗിരിപോലെ കിടക്കുന്ന ദുന്ദുഭിയുടെ ശരീരം കണ്ടു അതെന്താണെന്ന് അന്വേഷണം ചെയ്തു . ബാലി ദുന്ദുഭിയെ കൊന്ന ശവം വലിച്ചെറിഞ്ഞതാണ്.  അത് ഋശ്യമൂകത്തിലെ ആശ്രമത്തിൽ  വന്നു വീണു.  രക്തം തെറിച്ച് ആശ്രമം അശുദ്ധി സംഭവിച്ചിതിൽ  മംതഗമഹർഷി ബാലിയെ ശപിച്ച് അവിടം വിട്ടു പോയെന്നും ആ ശാപം തനിക്കൊരു അനുഗ്രഹമായി പരിണമിക്കുന്നു അങ്ങനെ താൻ ബാലിയെ ഭയം കൂടാതെ ഇവിടെ താമസിച്ചുവരുന്നു എന്നും സുഗ്രീവൻ രാമദേവനോട് വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു. ശ്രീരാമൻ ഈ കഥ കേട്ട്  ഇത് ഇവിടെ കിടക്കുന്നത് അശുദ്ധികരവും അമംഗളവുമാണ്. അത് അവിടുന്ന് മാറ്റി കളയാൻ ലക്ഷ്മണനോട് ഏർപ്പാട് ചെയ്തു.  ലക്ഷ്മണൻ അതിനെ വാമപാദംഗുഷ്ടം കൊണ്ടെറ്റി ഒന്നു തെറിപ്പിച്ച് ദക്ഷിണ സമുദ്രത്തിൽ വീഴ്ത്തി.  ഇതു കണ്ട  സുഗ്രീവൻ അത്ഭുതപ്പെട്ട് പോയി . എന്നിട്ടും സുഗ്രീവനു സംശയം ബാക്കി നില്ക്കുന്നതായി  മനസ്സിലാക്കിയ രാമദേവൻ അടുത്തുള്ള  ഗിരിയിൽ കണ്ട സപ്തസാലങ്ങളെ കുറിച്ച് അന്വേഷണം നടത്തി. ബാലി തനിക്ക് മൽപ്പിടിത്തത്തിനാളെ കിട്ടാതെ വരുമ്പോൾ ഈ മഹാസാലങ്ങളെ പിടിച്ചുലച്ചാണ്  ബലമദം അടക്കിക്കൊണ്ടിരുന്നത്.  ബാലി ഇവയെ പിടിച്ച് ഒന്നുലയ്ക്കുമ്പോൾ ഇലകളെല്ലാം പൊഴിഞ്ഞുവീണു പോകാറുണ്ടെന്നും ഇവയോളം ബലവും വലുപ്പമുള്ള വൃക്ഷങ്ങൾ  ലോകത്തൊരിടത്തും വേറെ ഇല്ലെന്നും സുഗ്രീവൻ അറിയിച്ചു.

തുടരും .....

No comments:

Post a Comment