കമ്പരാമായണം കഥ
അദ്ധ്യായം :-16
ആരണ്യകാണ്ഡം
ഇനിയും ചിത്രകൂടത്തിൽ തന്നെ താമസം തുടർന്നാൽ ഭരതാദികളും പൗരൻമാരും തുടരെ വന്ന് അസഹ്യതയുണ്ടാക്കിക്കൊണ്ടിരിക്കുമെന്ന് അനുമാനിച്ച് രാമഭദ്രൻ സീതാലക്ഷ്മണസഹിതനായി വീണ്ടും മൂന്നാം ഘട്ടമായ മഹാവനപ്രസ്ഥാനം ആരംഭിച്ചു. ഈ യാത്ര ദക്ഷിണഭാരതത്തിലേക്കായിരുന്നു. അവർ എത്തിച്ചേർന്നത് അത്രിമഹാമഹർഷിയുടെ പവിത്രാശ്രമത്തിലായിരുന്നു. മഹർഷി അവരെ ഫലമൂലാദികൾ നല്കി സൽക്കരിച്ചു . അവിടുന്ന് അവർ യാത്രയായപ്പോൾ വിരാധൻ എന്ന ഒരു രൂക്ഷരാക്ഷസൻ ജാനകിയെ എടുത്തുകൊണ്ട് ഓടിക്കളഞ്ഞു. ശ്രീരാമൻ ആ നീചനെ വധിച്ച് ദേവിയെ വീണ്ടെടുത്തു. വീണ്ടും അവർ ശ്രദ്ധാപൂർവ്വം സഞ്ചരിച്ച് കുമുദവനത്തിലെത്തി. അവിടെ ശ്രീരാമ ആഗമം പ്രതീക്ഷിച്ചു വർത്തിച്ചിരുന്ന ശരഭംഗമഹർഷിയെ കണ്ടു നമസ്കരിക്കുകയും അദ്ദേഹത്തിന് നിത്യമുക്തി അരുളുകയും ചെയ്തു. അവിടുന്ന് മുണ്ടകമെന്ന മഹാരാണ്യത്തിൽ പ്രവേശിച്ചു അഗസ്ത്യമഹർഷിയെ കണ്ട് ഭക്തിപൂർവം പ്രണമിച്ചു. ദുഷ്ടരാക്ഷസപ്പരിഷകളായ രാവണാദികളെ കാലവിളംബം കൂടാതെ വധിച്ച് അവർ നിമിത്തമുളള ആശ്രമോപരോധവും ലോകപീഡനവും നീക്കി , മുനി ജനരക്ഷയും ലോകപാലനവും ചെയ്തു കൊള്ളാമെന്ന് രഘുരാമൻ അഗസ്ത്യ സന്നിധിയിൽ വാഗ്ദാനം ചെയ്തു. അഗസ്ത്യൻ രാമന് വൈഷ്ണവമയമായ ഒരു ചാപവും ബ്രാഹ്മമായ ഒരു ബാണവും ശൈവമായ ഒരു തൂരീണവും സമ്മാനിച്ചു . അവ മൂന്നും ആവശ്യപ്പെടുമ്പോൾ സ്വയം വന്നു കിട്ടത്തക്കവണ്ണം ഋഷിവംശം തന്നെ നിക്ഷിപ്തമായി. ഉടനേ മൂന്നുലോകത്തും അലഭ്യമായ ഒരു ദിവ്യാഭരണം മഹർഷി ശ്രീരാമനു സമ്മാനിച്ചു. ശ്രീരാമൻ അനർഘഭൂഷണം ഭക്തിപൂർവം സ്വീകരിച്ച് സീതാദേവിയുടെ സുന്ദരഗളത്തിൽ ചാർത്തി
വീണ്ടും യാത്ര തുടർന്നു അതിവിസ്തൃതമായ ദണ്ഡകാരണ്യത്തിലെത്തി. ദണ്ഡകാരണ്യത്തിന്റെ ഒരുഭാഗത്ത് മഹാക്രൗഞ്ചം എന്ന ഒരു മഹാഗിരിയുണ്ട് . അതിൻറെ അത്യുന്നതമായ ഒരു ശിഖിരത്തിൽ സംമ്പാതിയുടെ സഹജനും ദശരഥന്റെ ബാല്യകാല സുഹൃത്തുമായ ജഡായു എന്ന പക്ഷിന്ദ്രൻ വാഴുന്നുണ്ടായിരുന്നു. ശ്രീരാമനും ജടായുവും പരസ്പരം പരിചയപ്പെടുകയും അന്യോന്യം സഹായത്താൽ കഴിഞ്ഞുകൂടാൻ തീരുമാനിക്കുകയും ചെയ്തു . ശേഷം ഗോദാവരിയുടെ തീരത്ത് ക്ഷീണമാറ്റുന്നതിനായി വിശ്രമിച്ചു
ഗോദാവരിയുടെ ദിവ്യമഹിമ അവർണ്ണനീയമാണ് . വാനവർപോലും ഇതിന്റെ പാവനതയെ പ്രകീർത്തിച്ച് കൽപ്പകപ്പൂമഴ നിത്യവും ഇവിടെ ചൊരിയാറുണ്ട്. അവിടെ ധാരാളം ഋഷിമാരുടെ ആശ്രമങ്ങൾ ഉണ്ടായിരുന്നു. ഗോദാവരിയുടെ തെക്കേത്തീരം പഞ്ചവടി എന്ന സ്ഥലമാണ്. 5 വടം (പേരാൽ) ഒരേ വലുപ്പത്തിൽ ഒരേ രൂപത്തിൽ വൃത്താകൃതിയിൽ ഇവിടെ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് പഞ്ചവടി എന്ന പേര് ആ സ്ഥലത്തിന് അന്വർത്ഥമാണ്
ഒരിക്കൽ അഞ്ചു ഗന്ധർവ്വ യുവാക്കൾ അഗസ്ത്യമഹർഷിയെ കാട്ടിൽ വച്ച് എങ്ങോട്ടും പോകാൻ പറ്റാത്ത വിധം തടഞ്ഞുനിർത്തി. മഹർഷി അവരെ" 5 വടങ്ങളായിത്തീരട്ടെ" എന്ന് ശപിച്ചു. മഹർഷിയുടെ സഞ്ചാരം തടഞ്ഞ അവർക്ക് സഞ്ചരിക്കാൻ കഴിവില്ലാത്ത വൃക്ഷങ്ങളായി തീരേണ്ടിവന്നു. അവരുടെ അഭയപ്രാർത്ഥനയിൽ മനമലിഞ്ഞ മുനീന്ദ്രൻ അവർക്കൊരു ശാപമോക്ഷവും അനുവദിച്ചു കൊടുത്തു . ഒരുകാലത്ത് ശ്രീരാമൻ ഭാര്യയോടും സഹോദരനോടുമൊന്നിച്ച് നിങ്ങളുടെ മദ്ധ്യത്തിൽ ആശ്രമം സ്ഥാപിച്ച് വളരെക്കാലം താമസിക്കും. അങ്ങനെ ആ പരമാത്മാവിന്റെ സാന്നിദ്ധ്യംകൊണ്ട് നിങ്ങളുടെ അവിവേകം തീർന്ന് നിങ്ങൾ ശാപവിമുക്തരാകും. പഞ്ചവടിയിലുള്ള ഈ വൃക്ഷങ്ങളുടെ മദ്ധ്യത്തിൽ ആശ്രമമുണ്ടാക്കാനാണ് ശ്രീരാമൻ തീരുമാനിച്ചത്.
ആശ്രമം നിർമ്മിക്കാൻ ഒരുങ്ങിയ ലക്ഷ്മണൻ ആദ്യമായി ഒരു കരിന്താളിമരം വെട്ടി മുറിച്ചു വീഴ്ത്തി. വീണ തടി അപ്രത്യക്ഷമായി അവിടെ ഒരു രാക്ഷസയുവാവിന്റെ മൃതദേഹം കിടന്നു. ആശ്ചര്യപ്പെട്ട ലക്ഷ്മണനോടും സീതയോടും ശ്രീരാമൻ രാക്ഷസന്മാരുടെ മറിമായങ്ങൾ പറ്റി പറഞ്ഞു ആശ്വസിപ്പിച്ചു. ലക്ഷ്മണൻ വേറെ വൃക്ഷങ്ങൾ വെട്ടിയെടുത്ത് ആശ്രമം പണിതു. അയോദ്ധ്യയിലെക്കാൾ സ്വൈരമായും സംതൃപ്തമായും ദണ്ഡകാരണ്യ മധ്യത്തിലുള്ള പഞ്ചവടിയിൽ കഴിഞ്ഞുകൂടി. ഈ വാർത്ത അറിഞ്ഞ് ദണ്ഡകാരണ്യ ഭാഗങ്ങളിലെ ആശ്രമവാസികൾ എല്ലാവരും അവിടെ എത്തി. കുന്നുകൾ പോലെ പലയിടങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മനുഷ്യാസ്ഥികൂടം എന്താണ് എന്ന് ശ്രീരാമൻ മഹർഷിമാരോട് തിരക്കി രാക്ഷസന്മാർ മുനിമാരെയും ബ്രാഹ്മണരെയും കൊന്ന് മാംസം ഭക്ഷിച്ച് അസ്ഥി ഉപേക്ഷിച്ചു കൂട്ടിയിരിക്കുന്നതാണ് അതെന്ന് അവർ അറിയിച്ചു. ഈ രാക്ഷസ വർഗ്ഗത്തെ താൻ നശിപ്പിക്കുമെന്ന് ശ്രീരാമൻ സുദൃഢ പ്രതിജ്ഞ ചെയ്തു
മരമായി നിന്ന് ശംഭുകുമാരനെ ലക്ഷ്മണൻ വധിക്കാൻ ഇടയായ സംഭവത്തെത്തുടർന്ന് രാക്ഷസ ആക്രമണം ശ്രീരാമൻ പ്രതീക്ഷിച്ചെങ്കിലും അതൊന്നും സംഭവിച്ചില്ല. ചിത്രകൂടത്തിൽ ഹ്രസ്വകാലത്തേക്ക് ഉണ്ടായ അവിശ്രമവാസവും പഞ്ചവടിയിൽ ദീർഘകാലം ഉണ്ടായ സുവിശ്രമവാസവും കൂടി ശ്രീരാമന്റെ വനവാസകാലം 13 വർഷം പിന്മാറി മറഞ്ഞു
തുടരും .....
No comments:
Post a Comment