19 October 2021

കമ്പരാമായണം കഥ :-12

കമ്പരാമായണം കഥ

അദ്ധ്യായം :-12

ബാലകാണ്ഡം തുടർച്ച...

സീതാസ്വയവരം

അടുത്ത  ദിവസം ചാപപ്രദർശനം നടത്തുന്നതിന് ഒരുക്കമായി . സാമന്തരാജാക്കന്മാരും പ്രഭുക്കന്മാരും പൗരപ്രധാനികളും പുരോഹിതന്മാരും വന്നുവന്ന് രാജസദസ്സ് നിറഞ്ഞുകഴിഞ്ഞു.  പൂജിച്ചലങ്കരിച്ച ദിവ്യധനുസ്സ്  വാഹകവൃന്ദങ്ങളെക്കൊണ്ടു വഹിപ്പിച്ച് മഹാസദസിന് മദ്ധ്യത്തിലുള്ള മണ്ഡപത്തിൽ സ്ഥാപിച്ചു . ഭീമാകാരമായ ആ ശൈവചാപം കണ്ടവരെല്ലാം അത്യന്തം ആശ്ചര്യനിശ്ചലരായി.  വിശ്വാമിത്രൻ രാജകുമാരനെ ഒന്ന് വീക്ഷിച്ചു . മഹർഷിയുടെ ഇംഗിതമറിഞ്ഞ കുമാരൻ മഹർഷിയെ വന്ദിച്ചശേഷം മന്ദമന്ദം നടന്ന് മണ്ഡപത്തിനു സമീപം ചെന്ന് ഭക്തിപൂർവ്വം ഒന്ന് തൊഴുതു. കുറച്ചു സമയം അവിടെ അനങ്ങാതെ നിന്നു.  അനന്തരം ആ വില്ല്  ഇടതുകൈകൊണ്ട് എടുത്തുപൊക്കി ഒരഗ്രം  നിലത്തു കൊള്ളിച്ചു ഞാൺ വലിച്ചുമുറുക്കി ഇടം കൈകൊണ്ട്  വീണ്ടും ഉയർത്തി പിടിച്ചു വലിച്ചു.   എന്നാൽ വലിയൊരു ശബ്ദത്തോടെ വില്ലൊടിഞ്ഞു.  തുടർന്നുണ്ടായ ശബ്ദം കേട്ട് രാജാക്കന്മാർ സർപ്പങ്ങളെപ്പോലെ ഞെട്ടിവിറച്ചു.  മൈഥിലി മയിൽപേട പോലെ മതിമറന്ന് ആഹ്ലാദിച്ചു.  അനന്തരം ജനക നിയോഗപ്രകാരം സുമംഗലികളായ യുവസഖികളാൽ അനുഗതയായ  സീതാലക്ഷ്മി സദസ്സിൽ പ്രവേശിച്ച് ലജ്ജാ ലളിതവും പ്രേമാഭിരാമവുമായ ഭാവഹാവങ്ങളോടു കൂടി ശ്രീരാമചന്ദ്രന്റെ ശ്രീലമായ ഗളത്തിൽ മംഗല്യ മലർമാല ചാർത്തി*

വിശ്വാമിത്രൻ ജനകനോട് അങ്ങേയ്ക്ക് യോഗ്യനായ ഒരു ജാമാതാവിനെയാണ് ലഭിച്ചിരിക്കുന്നത്.  ജനകൻ പറഞ്ഞൂ മഹർഷേ  ഇത് അങ്ങയുടെ കാരുണ്യമാണ് . രാമചന്ദ്ര കുമാരൻ എൻറെ ആത്മാവിന്റെ ജീവനായി തീർന്നിരിക്കുന്നു. ജനകൻ പറഞ്ഞു എനിക്ക്  ഇനിയും മൂന്നു കുമാരിമാർ കൂടി ഉണ്ട്. വിശ്വാമിത്രൻ പറഞ്ഞു ദശരഥന് ദൂതന്മാർ വശം ഒരു സന്ദേശം അയയ്ക്കുക രാമഭദ്രൻ ചാപം ഭഞ്ജിച്ച വാർത്തയും സീതാസ്വയംവരസംഗതിയും കുറിച്ചിരിക്കണം.  ദശരഥൻ  കുടുംബസഹിതം ഇങ്ങോട്ടു വരാൻ അറിയിക്കുക . ദശരഥന് ഇനിയും മൂന്നു പുത്രന്മാർ ഉണ്ട് അങ്ങേയ്ക്ക് മൂന്നു പുത്രിമാരും.  കോസാല രാജകുമാരന്മാർ നാല് വിദേഹ രാജകുമാരിമാർ നാല്.

ജനകൻ ദശരഥന് സന്ദേശമയച്ചു.  വിശ്വാമിത്രന്റെ സാക്ഷി മുദ്രയോടുകൂടിയ ജനക സന്ദേശം ലഭിച്ച ദശരഥൻ പുത്ര മിത്രാദികളോടും  വസിഷ്ഠനോടും സേനാപരിവാരങ്ങളോടുകൂടി മിഥിലയിൽ വന്നുചേർന്നു.  ജനകൻ അവരെയെല്ലാം ആദരപൂർവ്വം സൽക്കരിച്ചു.  വിശ്രമത്തിനും അതിഥി സൽക്കാരത്തിനു ശേഷം ജനകനും, ദശരഥനും വിശ്വാമിത്രനും വസിഷ്ഠനും ശതാനന്ദനും ചേർന്ന് ആലോചന നടത്തി.  നാലു കുമാരന്മാരുടെയും നാലു കുമാരിമാരുടെ വിവാഹക്കാര്യം സന്തോഷസമ്പൂർണ്ണമായ ആനുകൂല്യത്തോടെ രാജ്യസഭയിൽ അവതരിപ്പിച്ചു . സീതാ - രാമൻ,  മാണ്ഡവി- ഭരതൻ,  ഊർമ്മിള - ലക്ഷ്മണൻ,  ശ്രുതകീർത്തി - ശത്രുഘ്നൻ ഈ വധു - വര ക്രമത്തിൽ  വിവാഹകൃത്യങ്ങളെല്ലാം ഏറ്റവും ഭംഗിയായി നിർവഹിച്ചു.  വധൂവരൻമാർ മധുവിധുവുണ്ടും  ദശരഥാദികൾ അതിഥിസൽക്കാരമുണ്ടും  കുറച്ചുകാലം മിഥിലയിൽ കഴിഞ്ഞു കൂടിയതിനു ശേഷം ജനകനോട് അനുവാദം വാങ്ങി അയോദ്ധ്യയിലേക്കുള്ള യാത്രയ്ക്കൊരുങ്ങി.  വിശ്വാമിത്രൻ ഹിമവൽപ്രാന്തത്തിലേക്ക് പോയി.

ജനകൻ സമ്മാനിച്ച സ്ത്രീധനസമ്പത്തുമായി  പുറപ്പെട്ട് വിദേഹരാജ്യം കടന്ന് ഭാർഗവാശ്രമ പരിസരത്തിലെത്തിയപ്പോൾ ബ്രഹ്മക്ഷാത്രമയമായ  ഒരു തേജഃപുഞ്ജം ആ ഘോഷയാത്രയുടെ മുന്നിൽ പ്രത്യക്ഷമായി.  ഭാർഗവരാമനെ തിരിച്ചറിഞ്ഞ വസിഷ്ഠനും ദശരഥനും അദ്ദേഹത്തിനരികിൽ ചെന്ന് അർഘ്യപാദ്യാദികൾ  അർപ്പിച്ച് ആശിസ്സഭ്യർത്ഥിച്ചു .  അവരെ അവഗണിച്ച് ശാന്തഗംഭീരനായി തന്നെ ശ്രദ്ധാപൂർവ്വം നോക്കുന്ന രാമകുമാരന്റെ അരികിൽ എത്തി.  കൈകളിൽ വില്ല് അമ്പ് , തോളിൽ പരശു,  ശിരസ്സിൽ  ജട,  നെഞ്ചിൽ പുലിത്തോൽ,  അരയിൽ വല്ക്കലം ,  കണ്ണിൽ കോപത്തീ,  മുഖത്ത് രൗദ്രമുദ്ര .  ഇങ്ങനെ വിലക്ഷണരൂക്ഷമായ ആ രൂപം ഏറ്റവുമടുത്ത് പ്രത്യക്ഷപ്പെട്ടിട്ടും രാമകുമാരൻ അക്ഷബന്ധനായി നിന്നതേയുള്ളൂ.  ആ നില കണ്ട് പരശുരാമൻറെ കോപാഗ്നി ആളിക്കത്തി

നീയാണോ രാമൻ എന്ന് ചോദിച്ചു പരശുരാമൻ.   ദശരഥ പുത്രനായ രഘുരാമൻ ആണ് ഞാൻ   അങ്ങ് ജമദഗ്നി പുത്രനായ ഭൃഗുരാമനല്ലേ എന്ന് രാമൻ മറുപടി പറഞ്ഞു.അതെ പേരെന്നായാതുകൊണ്ട് നമ്മൾ നാമ ശത്രുക്കളാണ് കൂടെ ജന്മശത്രുക്കളും. രാമൻ പറഞ്ഞു ഞാൻ ശത്രുവല്ല അങ്ങയുടെ മിത്രവുമാണ് . ബാലനായതുകൊണ്ട് ഞാൻ അങ്ങയുടെ ദാസൻ കൂടിയാണ്.  പരശുരാമൻ ചോദിച്ചു സ്ത്രീഹത്യാപാതകി അല്ലേ നീ?  ശിവധനുസ്സ്  മുറിച്ച ഈശ്വരനിന്ദകനല്ലേ? എന്റെ ഗുരുവിനെ അവഹേളിച്ച നിന്നെ ഞാൻ വിട്ടയയ്ക്കില്ല.  രാമൻ പറഞ്ഞു ഞാൻ വെറും ഒരു അന്യ സ്ത്രീഹത്യകൊണ്ട് പാതകിയായി തീർന്നിട്ടുണ്ടായിരിക്കാം. അങ്ങ് സ്വന്തം മാതൃഹത്യ കൊണ്ട് മഹാപാതകി ആണല്ലോ?  വില്ല് പഴയതായതുകൊണ്ട് ഒടിഞ്ഞു പോയി.  എന്നാൽ നിൻറെ ശക്തി ഞാനൊന്ന് കാണട്ടെ ,  എൻറെ കയ്യിലെ വില്ല് കുലച്ചു കാണിക്കൂ എന്ന് പറഞ്ഞു പരശുരാമൻ തന്റെ  കയ്യിലെ വൈഷ്ണവചാപം ശ്രീരാമൻറെ കയ്യിൽ കൊടുത്തു.  ശ്രീരാമൻ വില്ല് വാങ്ങി കുലച്ച്  ലക്ഷ്യം കാണിച്ചു തരാൻ ആവശ്യപ്പെട്ടു. ബ്രഹ്മാണ്ഡം തന്നെ ലക്ഷ്യം ആക്കിയാൽ അതുപോലും തകർന്നു പോയേക്കാം എന്ന് കരുതി തന്റെ താപഃഫലം ലക്ഷ്യമാക്കി കൊള്ളാൻ പരശുരാമൻ അനുവാദം കൊടുത്തു.  വില്ലുമമ്പും വൈഷ്ണവ തേജസ്സും ശ്രീരാമനിലാക്കി  രാമാവതാരകാര്യം നിർവിഘ്നം നിർവഹിക്കാനുള്ള നിർദ്ദേശങ്ങൾ കൊടുത്തു സ്ഥിര തപസ്സിനായി പുണ്യാശ്രമത്തിലേക്ക് പോയി പരശുരാമൻ.  തുടർന്ന് അയോധ്യയിൽ എത്തിയ ദശരഥനും പുത്രന്മാരും പുത്രവധുക്കളും 12 വർഷത്തോളം സുഖമായും സന്തോഷമായും കഴിഞ്ഞു

ബാലകാണ്ഡം സമാപ്തം...

തുടരും .....

No comments:

Post a Comment