കമ്പരാമായണം കഥ
അദ്ധ്യായം :-06
ബാലകാണ്ഡം
ശ്രീസമൃദ്ധമായ അയോധ്യ , മഹാവിശാലമായ കോസല രാജ്യത്തിലെ സുന്ദരമായ പ്രിയ കേന്ദ്രസ്ഥാനമായിരുന്നു അയോദ്ധ്യ. സമ്പൂർണ്ണമായ സമ്പദ്സമൃദ്ധി കൊണ്ടും സമ്പന്നമായ സാത്വിക സമ്പത്തികൊണ്ടും മനോഹരമാണ് ഈ രാജനഗരി . ഭൂമിദേവിയുടെ ലലാടത്തിൽ പരിലസിക്കുന്ന വിലാസതിലകമായി സമുല്ലസിച്ചു. പ്രൗഢ സുന്ദരമായ വിശൃംഖലമായി വിളംബരം ചെയ്യുന്ന രാജനഗരി. വൈദിക പുരോഹിതന്മാരുടെ വിശ്രാശ്രമങ്ങളും മനോഹരമായ ഉദ്യാനങ്ങളും ഈ മഹാനഗരിക്ക് അഭംഗമായ മംഗളഭംഗികളരുളി കൊണ്ടിരിക്കുന്ന പ്രധാനസ്ഥാനങ്ങളാണ്. സുഖസമൃദ്ധികൊണ്ട് സ്വർഗ്ഗത്തെയും ധനാഭിവൃദ്ധി കൊണ്ട് അളകാപുരിയെയും അയോദ്ധ്യ അതിശയിക്കുകയും അതിശയിപ്പിക്കുകയും ചെയ്തു വന്നു. ഔഷധി പ്രസ്ഥങ്ങളുള്ള ഹിമാവാനിൽ നിന്ന് ഔഷധസത്തും മറ്റു പോഷകസമ്പത്തും കലർന്ന സരയൂനദി ഒഴുകിക്കൊണ്ടിരുന്നു . അയോധ്യയിലെ കർഷകർക്ക് ജലസേചന സൗകര്യവും സസ്യങ്ങൾക്ക് നിരന്തര സമൃദ്ധിയും ജീവജാലങ്ങൾക്ക് ആരോഗ്യ സൗഭാഗ്യവും മേൽക്കുമേൽ പുഷ്ടിപ്പെട്ടു കൊണ്ടിരുന്നു
സർവ്വ ഐശ്വര്യങ്ങൾക്കും വിളഭൂമിയായ കോസലത്തെ, ഉത്തരോത്തരം ഉൽകൃഷ്ടമുണ്ടാകത്തക്കവിധം വിധിവിഹിതരീതിയിൽ ആദികാലം മുതൽ ഭരിച്ചുപോന്നത് സൂര്യവംശസഞ്ജാതന്മാരായ രാജാധിരാജന്മാരായിരുന്നു. സൂര്യവംശസ്ഥാപകനായ ഇഷ്വാകു. ഇന്ദ്രസംരക്ഷകനായ കകുൽസ്ഥൻ , മഹായാഗദീക്ഷിതനായ നിമി, വിശ്വവിജയിയായ മാന്ധാതാവ് മുതലായ രാജാധിരാജന്മാർ ഈ വംശത്തിലെ സമുന്നതങ്ങളായ കീർത്തിസ്തംഭങ്ങളും ത്യാഗമൂർത്തിയായ ദിലീപൻ, ദ്വിഗ്വിജയിയായ രഘു പ്രേമസമ്മുക്തനായ അജൻ ഇവർ സമുജ്ജലമുക്താമണികളുമായിരുന്നു
മനുഷ്യ ജന്മം എടുത്ത ഒരു ദേവാംഗനയായ ഇന്ദുമതിയുടെയും സ്നേഹം തന്നെ പുരുഷാകൃതിപൂണ്ട അജമഹാരാജാവിന്റെയും ഏക പുത്രനായി ദശരഥൻ ജനിച്ചു. ഇദ്ദേഹം ജന്മശ്രീമാൻ ആയിരുന്നു. ശസ്ത്രവിദ്യകളിലും, ശാസ്ത്രവിദ്യകളിലും കലാവിദ്യകളിലും അദ്വിതീയമായ പ്രഭാവം യൗവ്വനാരംഭത്തിനു മുൻപ് തന്നെ ദശരഥൻ സമ്പാദിച്ചു. വിവേകസമ്പന്നനായ ഇദ്ദേഹം സ്ഥാനമേറ്റതിന് ശേഷം രാജ്യ സംരക്ഷണത്തിന് അനുപേക്ഷണീയമായ കോട്ടകൾ സുശക്തങ്ങളാക്കുകയും കിടങ്ങുകൾ അഗാധതയിൽ വിപുലീകരിക്കുകയും കൊത്തളങ്ങൾ പരിഷ്കരിക്കുകയും ചതുരംഗസേന വിപുലീകരിച്ചു ബലപ്പെടുത്തുകയും ഉദ്യോഗസ്ഥരെ കൃത്യാധിഷ്ഠിതരാക്കുകയുമായിരുന്നു ദശരഥൻ പ്രഥമമായി ചെയ്തതാണ്. കൂടാതെ വിദ്യാഭ്യാസം, ഗതാഗതസൗകര്യം, വ്യവസായം, വൈദ്യസഹായം, സാധുസംരക്ഷണം ഇവയെ നിഷ്ഠാപൂർവ്വമായും പൂർവാധികമായും പുഷ്ടിപ്പെടുത്തി, രാഷ്ട്രത്തിന്റെ സുദൃഢമായ നിലനിൽപ്പിനുവേണ്ടി ശത്രുമിത്രോദാസീനതകളിൽ നിയമപ്രതിഷ്ഠയും നിർവ്വഹിച്ചു. ജനഹിതം സ്വന്തമാക്കിയ സമത്വം പ്രജാവിഹിതമാക്കിയും പ്രജാവിഹിതം രാഷ്ട്രനിഹിതമാക്കിയും സംരക്ഷണം നടത്തിപ്പോന്ന ദശരഥ മഹാരാജാവിന്റെ സാമ്രാജ്യ ഭരണം ഉത്തരോത്തരം വിജയിച്ചു വന്നു. ഗുരുവായ വസിഷ്ഠമഹർഷിയും വിജ്ഞാനവിത്തനായ സുമന്ത്രസചിവോത്തമനും ബുദ്ധിപൂർവകമായ പ്രവർത്തനങ്ങൾ കൊണ്ട് മഹാരാജാവിനെ സന്ദർഭാനുസരണം സഹായിച്ചുകൊണ്ടിരുന്നു.
ഇപ്രകാരം ദക്ഷിണ കോസാലത്തെ ഉത്തരോത്തരമായ അഭിവൃദ്ധിയിൽ ഭരിച്ച് പ്രശസ്തിയാർജ്ജിച്ച യുവാവായ ദശരഥൻ, ഉത്തരകോസാല രാജപുത്രിയും സൗശീല സമ്പന്നയുമായ കൗസല്യ ദേവിയെ ധർമ്മപത്നി പരിഗ്രഹിച്ചു. കൗസല്യയ്ക്കും ദശരഥനും സീമന്തസന്തതിയായി ശാന്ത എന്നൊരു പുത്രി ജനിച്ചു. പിന്നീട് വളരെ കാലം കഴിഞ്ഞിട്ടും കൗസല്യ ദേവി വീണ്ടും പ്രസവിക്കുകയോ ദശരഥന് പുത്രസന്താനം ലഭിക്കുകയോ ചെയ്തില്ല.
ഇങ്ങനെയിരിക്കെ ദശരഥന്റെ ആത്മസുഹൃത്തും സതീർത്ഥ്യനും അംഗരാജ്യതതെ രാജാവുമായ ലോമപാദൻ അയോധ്യയിൽ വന്നുചേർന്നു. ലോമപാദന്റെ അപേക്ഷപ്രകാരം ദശരഥൻ തന്റെ സീമന്തപുത്രിയെ ലോമപാദ മഹാരാജാവിന് ദത്തുപുത്രിയായി സമർപ്പണം ചെയ്തു. പിന്നീട് അംഗരാജ്യത്തിൽ അനേകവർഷം വർഷമില്ലാതിരുന്നകാലത്ത്, ആദ്യമായി പാദസ്പർശം ഉണ്ടായപ്പോൾ തന്നെ ആ നാട്ടിലെങ്ങും നല്ല മഴ പെയ്യാൻ ഇടവരുത്തിയ തപോമാഹാത്മ്യമുള്ള ഋശ്യശൃംഗന് തന്റെ ദത്തുപുത്രിയായ ശാന്തകുമാരിയെ ലോമപാദ മഹാരാജാവ് പാരിതോഷികമായി ദാനം ചെയ്തു.
തുടരും....
No comments:
Post a Comment