19 October 2021

കമ്പരാമായണം കഥ :-04

കമ്പരാമായണം കഥ

അദ്ധ്യായം :-04

പൂർവ്വകാണ്ഡം തുടർച്ച...

അടുത്തത് ഹനുമാനെ കുറിച്ച് പറയുകയാണ്.  മൂന്ന് പിതാക്കളുടെയും മൂന്ന് മാതാക്കളുടെയും ഏക പുത്രനാണ് ഹനുമാൻ.  ശിവൻ, വായു, കേസരി എന്ന മൂന്ന് പിതാക്കളും പാർവതി, സദാഗതി, അഞ്ജന എന്നീ മൂന്നു മാതാക്കളും.  ഒരിക്കൽ ബൃഹസ്പതിയുടെ ദാസിയായ "പുഞ്ജികസ്ഥല" പൂവിറുക്കാൻ ഒരു  ഉദ്യാനത്തിൽ വന്നു. അവിടെ അനവധി യുവതിയുവാക്കൾ വിലാസലീലാസുഖാനുഭവങ്ങളിൽ രസിക്കുന്നത് കണ്ടു മോഹിതയായി പൂവിറുക്കാതെ ഗുരുവിന് സമീപമെത്തി അദ്ദേഹത്തിൻറെ കൈയിൽ കടന്നു പിടിച്ചു നമുക്ക് ലീലാവിലാസങ്ങളിലേർപ്പെടാം അങ്ങ് എന്നെ തൃപ്തയാക്കുക എന്ന നിർബന്ധം തുടങ്ങി. കുപിതനായ ബൃഹസ്പതി  "അന്യരുടെ വിലാസരസികതയിൽ  മയങ്ങി  കുലടയായി പോയ നീ ഒരു വാനരനാരിയായി  പോകട്ടെ" എന്ന് ശപിച്ചു.  ശാപമോചനം യാചിച്ചപ്പോൾ ആചാര്യൻ ഇപ്രകാരം പറഞ്ഞു.  നിനക്ക് ഇഷ്ടമുള്ള ഒരു കാമുകനും ഒന്നിച്ച് കുറേക്കാലം ജീവിക്കുക.  അനന്തരം ശിവചൈതന്യത്തിൽ നിന്നും  നിനക്ക് ഒരു സന്താനം ലഭിക്കും. അന്നു നീ ശാപമുക്തയാകും."  ഗുരു ശാപപ്രകാരം പുഞ്ജിക "അഞ്ജന " എന്ന പേരിൽ വാനര തരുണിയായി അഞ്ജനവനത്തിൽ വാസം തുടങ്ങി. കേസരി എന്ന സുന്ദര വാനരവീരനായ ഒരു യുവാവുമായി അവൾ സുഖമായി കഴിഞ്ഞുകൂടി.  ശാപ മോചനത്തിനായി അഞ്ജന ശിവഭജനം ആരംഭിച്ചു. ഒരിക്കൽ ശ്രീപാർവതിയും ശ്രീപരമേശ്വരനും വാനര വേഷം ധരിച്ച് വനക്രിഡകൾ നടത്തുകയായിരുന്നു. വാനര കുഞ്ഞ് ജനിക്കുമോ എന്ന പാർവതിയുടെ ശങ്ക മനസ്സിലാക്കിയ  ശിവൻ ദേവിയുടെ ഗർഭാശയത്തിൽ വീണ സ്വന്തം രേതസ്സ് വായുദേവൻ വഴി അഞ്ജനയുടെ ഗർഭത്തിൽ നിക്ഷേപിച്ചു.  ഈ വിവരം നാട്ടിൽ നിന്നും  അറിഞ്ഞ ബാലി ശിവബീജസന്തതി ജനിച്ചുവളർന്നു വന്നാൽ തന്റെ വാനര രാജാധിപത്യം നഷ്ടപ്പെട്ടു പോയേക്കും എന്ന് പറഞ്ഞു പഞ്ചലോഹങ്ങൾ ഉരുക്കി ജലരൂപമാക്കി അഞ്ജനയുടെ ഉദരത്തിൽ കടത്തിവിട്ടു. ഇതൊരു ശിശുമരണ വിദ്യയാണ്.  പക്ഷേ പഞ്ചലോഹ ദ്രാവകം ഗർഭസ്ഥശിശുവിന് കർണ്ണാബരണമായി പരിണമിച്ചു. അഞ്ജന പ്രസവിച്ചതോടെ ശാപമുക്തയായി സ്വർഗ്ഗത്തിലേക്ക് പോയി.  തന്നെ വിട്ടുപിരിയാൻ തുടങ്ങുന്ന അമ്മയോട് തന്റെ ഭാവിഗതി എങ്ങനെയെന്ന് ചോദിച്ച അഞ്ജന പുത്രനോട് നിനക്ക് നാശം ഉണ്ടാവുകയില്ലെന്നും ഉദയസൂര്യനെ ചൂണ്ടിക്കാണിച്ചുകൊണ്ട്  ഇതുപോലെ തുടുത്ത പഴങ്ങൾ നിനക്ക് ആഹാരസാധനങ്ങൾ ആണെന്നും പറഞ്ഞു.   സൂര്യബിംബം കണ്ട കുട്ടി അത് ഭക്ഷ്യവസ്തു ആണെന്ന് കരുതി അങ്ങോട്ട് കുതിച്ചു.  അതു കണ്ട് പരിഭ്രാന്തനായ ഇന്ദ്രൻ വജ്രായുധം കൊണ്ട് കുട്ടിയെ പ്രഹരിച്ചു.    വജ്രായുധം കൊണ്ടുള്ള ഏറ് താടിക്കു കിട്ടി ഭൂമിയിൽ പതിച്ചു ബാലൻ.  ഇത് കണ്ട് വായുദേവൻ കുട്ടിയെ എടുത്ത് പാതാളത്തിലാക്കി താനും അവിടെ താമസിച്ചു.  വായു ശൂന്യത മൂലം ഭൂമിയിൽ മനുഷ്യരും ജീവജാലങ്ങളും വലഞ്ഞു.  ബ്രഹ്മാവാദി ദേവകളെല്ലാം ഭൂമിയിൽ എത്തി.  ബ്രഹ്മദേവന്റെ  നിർദ്ദേശമനുസരിച്ച് വായു കുട്ടിയേയും കൊണ്ട് ഭൂമിയിൽ വന്നുചേർന്നു.  ദേവാദിനാഥന്മാർ ബാലനെ  അനുഗ്രഹിച്ചു.  ആ ബാലൻ ഹനുവിൽ ക്ഷതമേറ്റ മുദ്ര പതിഞ്ഞതിനാൽ  ഹനുമാനായി.  ബ്രഹ്മദേവൻ ബ്രഹ്മം ഉള്ള അത്രയും കാലം ആയുഷ്മാൻ ആയി വാഴുക എന്നനുഗ്രഹിച്ചു.  മഹാവിഷ്ണു അത്യന്തം ഭക്തനായി വാഴുകയെന്നും  മഹേശ്വരൻ വീരവിക്രമവാനായി വിശ്വം ജയിച്ചു നീ എന്നും ഇന്ദ്രൻ ശസ്ത്രങ്ങളേതിനാലും  നിൻഗാത്രത്തിൽ ബാധചേർന്നിടായെന്നും  അഗ്നി,  അഗ്നി ബാധിച്ചതിടാ എന്നും കാലൻ ഒരിക്കലും മൃത്യു നിന്നെ വരിക്കാതിരിക്കുകയെന്നും ദേവഗണം ബലവേഗങ്ങളിൽത്തുല്യരാരമുണ്ടായിടാ   എന്നും അനുഗ്രഹിച്ചു.  ബ്രഹ്മാവ് ഗരുഡനിൽ കവിഞ്ഞ കായബലവും വായുഭഗവാൻ ആത്മാധികമായ വേഗതയും ഹനുമാനിലുണ്ടാകട്ടെ എന്ന് വീണ്ടും വാരദാനം ചെയ്തനുഗ്രഹിച്ചു.  ശിവ തേജസിന്റെ മഹിമയാൽ ഉടനെ കൗമാരം വന്നുചേർന്നു.  ഹനുമാൻ സൂര്യനിൽ നിന്ന് നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും പൂർണമായി പഠിച്ചു.  സൂര്യന് മുന്നിൽ പുറംതിരിഞ്ഞ് നടന്നാണ് വിദ്യ അഭ്യസിച്ചത്.  60 നാഴിക കൊണ്ട് സകല ശാസ്ത്രങ്ങളും സർവ്വ വേദങ്ങളും സുനിശ്ചിതമായി പഠിച്ചു തീർത്തു.  ഗുരുദക്ഷിണയായി നീ പ്രകടിപ്പിച്ച പാടവപ്രകർഷത്തിൽ എനിക്ക് ലഭിച്ച സംതൃപ്തി മതി എന്ന പറഞ്ഞു.  വീണ്ടും ഗുരുദക്ഷിണ സ്വീകരിക്കണം എന്ന് പറഞ്ഞപ്പോൾ  സൂര്യദേവൻ അരുളിച്ചെയ്തു. എൻറെ പുത്രൻ സുഗ്രീവൻ ഭൂമിയിൽ ബാലിയും ഒന്നിച്ച് കിഷ്കിന്ധയിക പാർക്കുന്നുണ്ട്. അവൻ ബാലിയെക്കാൾ ദുർബലനാണ്. അവന്റെ സന്തതസചിവനായി  നീ അവനെ സഹായിച്ചു കൊണ്ടിരിക്കണം എന്ന് ആവശ്യപ്പെട്ടു.  അങ്ങനെ ഹനുമാൻ സുഗ്രീവന്റെ  സഹായിയായി വസിച്ചു.

ജാംബവാന് കുറിച്ചാണ് അടുത്തത്...

മഹാവിഷ്ണുവിൻറെ കർണ്ണമലത്തിൽനിന്ന് ജനിച്ച മധുകൈടഭന്മാർ പ്രളയജലത്തെ തല്ലിത്തകർത്ത് മദോന്മത്തന്മാരായി കഴിഞ്ഞുകൂടുമ്പോൾ ബ്രഹ്മദേവനെ കണ്ടിട്ട് ബ്രഹ്മാവിനെ ആക്രമിക്കാൻ ചെന്നു.  ഭയവിഹ്വലനായിത്തീർന്ന ബ്രഹ്മാവിൻറെ മധ്യമമുഖത്തു നിന്നും കവിളിൽ കൂടി ഒഴുകിയ ജലം ബ്രഹ്മാവിന്റെ ജഘ്നത്തിൽ എത്തിച്ചേർന്നു. ആ ദിവ്യ സ്വേദജലത്തിൽ നിന്നാണ് ജാംബവാന്റെ ഉത്ഭവം. ജാംബവാന് അംബുജാതൻ എന്ന പേരു കൂടിയുണ്ട്.  സ്വേദരൂപമായ അംബുവിൽ നിന്ന് ജനിച്ചതുകൊണ്ട് അംബുജാതൻ എന്ന പേരും ജംബുനദത്തിൽ ആദ്യം പ്രവേശിച്ചത് ഈ അംബുജാതൻ ആയതുകൊണ്ട് ജാംബവാൻ എന്ന പേരും അന്വർത്ഥമാണ്. നിഷ്പ്രപഞ്ചമായ കാലവിഹീനതയിൽ ജനിച്ചതുകൊണ്ട് ജനനകാലമോ പ്രായമോ നിർണയിക്കാൻ നിവൃത്തിയില്ല.  രാമചരിത കാലത്ത് ജാംബവാന് ആറു മന്വന്തരങ്ങളും 464 ചതുർയുഗങ്ങളും കഴിഞ്ഞിട്ടുണ്ടായിരുന്നു. അന്ന് ഏഴാം മനുവിന്റെ ഇരുപത്തിയെട്ടാം ചതുർയുഗമാണ്. മത്സ്യ അവതാരം മുതൽ രാമാവതാരം വരെയുള്ള എല്ലാ അവതാരങ്ങളും ജാംബവാൻ കണ്ടിട്ടുണ്ട്.  കൃഷ്ണാവതാരം കഥയിലും ജാംബവാനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

തുടരും....

No comments:

Post a Comment