10 September 2021

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയേഴ് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു. യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്രം ആണ്. കിഴക്കോട്ട് ദർശനമായ ശിവനും പടിഞ്ഞാറോട്ട് ദർശനമായ പാർവ്വതിയുമാണ് പ്രധാനപ്രതിഷ്ഠകളെന്നിരുന്നാലും ക്ഷേത്രത്തിലെ ഉപദേവനായിരുന്ന ശിവപാർവ്വതീപുത്രനും വിഘ്നേശ്വരനുമായ ഗണപതിയുടെ പേരിലാണ് ദേവാലയത്തിന്റെ പ്രശസ്തി. ബാലഗണപതിയെന്നാണ് സങ്കൽപ്പം. കേരളത്തിലെ പ്രസിദ്ധമായ അഞ്ച് ഗണപതി ക്ഷേത്രങ്ങളിലൊന്നാണിത്. തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ഷേത്രം, കാസർഗോഡ് മധൂർ ഗണപതിക്ഷേത്രം, മള്ളിയൂർ മഹാഗണപതിക്ഷേത്രം, പമ്പ മഹാഗണപതിക്ഷേത്രം എന്നിവയാണ് മറ്റുള്ളവ. ഉണ്ണിയപ്പമാണ് ഗണപതിയുടെ പ്രധാന പ്രസാദം. കൊട്ടാരക്കയിലെ ഉണ്ണിയപ്പം അതിപ്രസിദ്ധമാണ്. മേടമാസത്തിലെ തിരുവാതിര ദിവസമാണ് ഉത്സവം. ഇത് ശിവന്നുള്ളത്. ചിങ്ങമാസത്തിലെ ഗണേശ ചതുർത്ഥിയും പ്രധാനമാണ്. സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ്‌ പ്രധാനം - കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻ‌കര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്റെയും അധികാരത്തിലായിരുന്നു.

പടിഞ്ഞാറ്റിൻ‌കരക്ഷേത്രത്തിന്റെ നിർമ്മാണമേൽനോട്ടം ഉളിയന്നൂർ പെരുംതച്ചന് ആയിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാന്തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാനപുരോഹിതനെ സമീപിച്ച് ശിവപ്രതിഷ്ഠക്കുശേഷം ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പെരുന്തച്ചന്റെ അപേക്ഷ നിരസിച്ചു. ഇവിടെ ശിവനെയാണ് പ്രതിഷ്ഠിയ്ക്കേണ്ടതെന്നും ബ്രാഹ്മണനായ തന്നെക്കാൾ അറിവ് പെരുന്തച്ചന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവന് നിവേദിയ്ക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിയ്ക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിയ്ക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു - "ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ്‌ ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്?" "കൂട്ടപ്പം" പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ "ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും" എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി. ഇന്ന് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ്‌ പ്രശസ്തം.

പ്രതിഷ്ഠയ്ക്കുശേഷം പെരുന്തച്ചൻ പോയി. ഗണപതിവിഗ്രഹത്തെകണ്ട പുരോഹിതനു ഗണപതി ഇപ്പോഴും വിശന്നിരിക്കുകയാണ്‌ എന്ന് തോന്നി. ശിവനു നിവേദിച്ച അവലും മറ്റും ഗണപതി വലിച്ചെടുത്ത് ഭക്ഷിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. അമ്പലത്തിലുള്ള ഭക്ഷണപദാർഥങ്ങളിൽ ഓരോന്നായി അദ്ദേഹം ഗണപതിക്ക് നിവേദിച്ചു. എന്തുനൽകിയിട്ടും ഗണപതി സംതൃപ്തനാകുന്നില്ല എന്നുകണ്ട പുരോഹിതൻ വലഞ്ഞു. ഗത്യന്തരമില്ലാതെ അദ്ദേഹം ഗണപതിക്ക് മുന്നിലിരുന്നുതന്നെ അരിപ്പൊടിയും കദളിയും ശർക്കരയും ചേർത്ത് ചെറിയ കൂട്ടപ്പങ്ങൾ (ഉണ്ണിയപ്പങ്ങൾ) ഉണ്ടാക്കി നിവേദിക്കാൻ തുടങ്ങി. അപ്പോൾ വിശപ്പ് നിൽക്കുകയും ചെയ്തു. ഇപ്പോഴും കൊട്ടാരക്കര ഗണപതിയമ്പലത്തിലെ പ്രധാന നിവേദ്യമാണ്‌ ഉണ്ണിയപ്പം.

ഇതേ ഐതിഹ്യം തന്നെ ചെറിയൊരു വ്യത്യാസത്തോടെയും നിലവിലുണ്ട്. അത് ഇപ്രകാരമാണ്. കിഴക്കേക്കര ശിവക്ഷേത്രത്തിന്റെ നിർമ്മാണച്ചുമതല പെരുന്തച്ചനായിരുന്നു. പ്ലാന്തടിയിൽ താൻ നിർമിച്ച ഗണപതിവിഗ്രഹം അവിടെ പ്രതിഷ്ഠിക്കണമെന്ന് മുഖ്യപുരോഹിതനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പുരോഹിതൻ ഇവിടെ ശിവനെയാണ്‌ പ്രതിഷ്ഠിക്കേണ്ടതെന്നും വേണമെങ്കിൽ ഉപദേവനായി ഗണപതിയെ പ്രതിഷ്ഠിയ്ക്കാമെന്നും പറയുകയും ചെയ്തു. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഗണപതിയെ പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രം ഇനി ഈ മകന്റെ പേരിൽ അറിയപ്പെടുമെന്ന് പെരുന്തച്ചൻ പറഞ്ഞു. അതുതന്നെ നടക്കുകയും ചെയ്തു.

ക്ഷേത്രപരിസരവും മതിലകവും

കൊട്ടാരക്കര പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രനടയ്ക്കുമുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളം പരന്നുകിടക്കുന്നു. അതിനാൽ, ദർശനവശത്തുനിന്ന് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമില്ല. വടക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിയ്ക്കുന്നത്. കൊട്ടാരക്കര താലൂക്ക് ഓഫീസ്, പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ക്ഷേത്രത്തിന്റെ സമീപത്താണ്. വടക്കുഭാഗത്ത് അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തിസ്വരൂപമാകുന്നു. ദിവസവും അരയാലിനെ പൂജിയ്ക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. അരയാൽ കടന്നാൽ ക്ഷേത്രമുറ്റത്തെത്താം.

സാധാരണ ഒരു ക്ഷേത്രത്തിന്റെ കെട്ടും മട്ടും മാത്രമാണ് കൊട്ടാരക്കര ക്ഷേത്രത്തിനുള്ളത്. എടുത്തുപറയാനായി ഒരു സ്വർണ്ണക്കൊടിമരവും അടുത്തകാലത്ത് നിർമ്മിച്ച ഷീറ്റും മാത്രമാണുള്ളത്. ശിവന്റെ നടയ്ക്കുനേരെ പണിത, ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന സ്വർണ്ണകൊടിമരത്തിന് അധികം പഴക്കവും വലിപ്പവുമില്ല. തെക്കേ നടയിൽ ഗണപതിയുടെ നടയ്ക്കുനേരെയും പ്രവേശനകവാടമുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് ചെറിയ ശ്രീകോവിലിൽ ശാസ്താവ് കുടികൊള്ളുന്നു. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ശാസ്താവിന്റെ നടയിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ശാസ്താനടയുടെ അടുത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. വടക്കുപടിഞ്ഞാറുഭാഗത്താണ് സുബ്രഹ്മണ്യപ്രതിഷ്ഠ. ബാലസുബ്രഹ്മണ്യഭാവത്തിലുള്ള ഭഗവാനാണ് ഇവിടെയുള്ളത്. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന സുബ്രഹ്മണ്യന്റെ നടയിൽ ഷഷ്ഠിവ്രതവും കാവടിയും വിശേഷമാണ്.

ക്ഷേത്രത്തിന്റെ സമീപത്തുതന്നെ വേറെയും രണ്ട് ശിവക്ഷേത്രങ്ങളുണ്ട്. ഇവയിൽ പടിഞ്ഞാറുഭാഗത്തുള്ള പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം അതിപ്രസിദ്ധമാണ്. ഐതിഹ്യമാലയിൽ പരാമർശമുള്ള ഈ ക്ഷേത്രത്തിൽ മണികണ്ഠേശ്വരത്തെപ്പോലെ ഒരേ ശ്രീകോവിലിൽ അനഭിമുഖമായി ശിവനും പാർവ്വതിയും കുടികൊള്ളുന്നു. കൂടാതെ അതേ ശ്രീകോവിലിൽ ഗണപതിയുമുണ്ട്. എന്നാൽ, മണികണ്ഠേശ്വരത്തിന് വിപരീതമായി ശിവൻ പടിഞ്ഞാറോട്ടും പാർവ്വതി കിഴക്കോട്ടുമാണ് ദർശനം ചെയ്യുന്നത്. മണികണ്ഠേശ്വരത്തേതിനെക്കാൾ വലുപ്പവും പഴക്കവും കൂടുതലുണ്ട് ഈ ക്ഷേത്രത്തിന്. ഉപദേവതകളായി ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, യക്ഷിയമ്മ എന്നിവർക്കും ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിൽ കുംഭമാസത്തിൽ തിരുവാതിര ആറാട്ടായി പത്തുദിവസത്തെ ഉത്സവവും ശിവരാത്രിയുമാണ് ആണ്ടുവിശേഷങ്ങൾ. രണ്ടാമത്തെ ക്ഷേത്രം വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പനയ്ക്കൽ ശിവക്ഷേത്രമാണ്. ഇത് വളരെ ചെറിയൊരു ക്ഷേത്രമാണ്. കിഴക്കോട്ട് ദർശനമായി വലിയൊരു വട്ടശ്രീകോവിലും ചെറിയൊരു ചതുരശ്രീകോവിലും മാത്രമേ ഇവിടെയുള്ളൂ. യഥാക്രമം ശിവനും ഗണപതിയുമാണ് ഈ ശ്രീകോവിലുകളിലെ പ്രതിഷ്ഠ.

ശ്രീകോവിൽ

സാമാന്യം വലിപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് നൂറടി ചുറ്റളവുണ്ട്. ഇതിനകത്ത് മൂന്ന് മുറികളാണ്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഇത് മൂന്നാക്കിത്തിരിച്ചിരിയ്ക്കുന്നു. ഇതിൽ ഒരുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശിവഭഗവാനും മറുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതീദേവിയും രണ്ടിനുമിടയിൽ തെക്കോട്ട് ദർശനമായി ഗണപതിഭഗവാനും കുടികൊള്ളുന്നു. മൂന്നിടത്തെയും വിഗ്രഹങ്ങൾക്ക് മൂന്നടി വീതം ഉയരമുണ്ട്. നിത്യേന ഇവയ്ക്ക് അലങ്കാരങ്ങൾ ചാർത്തിവരുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും സാധാരണസമയത്ത് മറഞ്ഞിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് മൂന്ന് ദേവതകളും കൊട്ടാരക്കര ശ്രീലകത്ത് വിരാജിയ്ക്കുന്നു.

ശ്രീകോവിലിന്റെ പുറംഭിത്തികളിൽ ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ കാണാനില്ല. അവ കൂട്ടിച്ചേർക്കാൻ ശ്രമങ്ങൾ നടത്തിരിയുന്നെങ്കിലും ഒന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. വടക്കുവശത്ത് ഓവ് പണിതിട്ടുണ്ട്. ഭഗവാന് അഭിഷേകം ചെയ്ത ജലം ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം അനുവദിച്ചിട്ടില്ല.

നാലമ്പലം

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന ചെറുതാണ് നാലമ്പലമെങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി പണിതിരിയ്ക്കുന്നു. ഉണ്ണിയപ്പത്തിന്റെ സ്വാദ് നിത്യേന അലയടിയ്ക്കുന്ന ഈ തിടപ്പള്ളിയിലേയ്ക്ക് ദർശനമായാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. തന്റെ പ്രിയനിവേദ്യമായ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് ഗണപതി നേരിട്ടുകാണുന്നു എന്നാണ് സങ്കല്പം. വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്.

ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, അനന്തൻ, ദുർഗ്ഗാദേവി, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലിസമയത്ത് ഇവയിൽ ബലി തൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ, അവയിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.

പ്രതിഷ്ഠകൾ

മണികണ്ഠേശ്വരൻ (ശിവൻ)

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ശാന്തഭാവത്തിലുള്ള ശിവനായാണ് സങ്കല്പം. മൂന്നടി ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മണികണ്ഠനായ അയ്യപ്പന്റെ പിതാവ് (ഈശ്വരൻ) എന്ന അർത്ഥത്തിലാണ് പ്രതിഷ്ഠയ്ക്ക് ഈ പേരുവന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. സ്വയംഭൂവാണ് മണികണ്ഠേശ്വരത്തപ്പന്റെ ലിംഗം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീലകത്ത് കുടികൊള്ളുന്ന ഭഗവാന് ശംഖാഭിഷേകം, ധാര, കൂവളമാല, പിൻവിളക്ക് തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. കുടുംബസമേതസങ്കല്പത്തിലുള്ള ശിവനായതിനാൽ ഉമാമഹേശ്വരപൂജ പോലുള്ള വഴിപാടുകളുമുണ്ട്.

പാർവ്വതീദേവി

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ശിവന്റെ അതേ ശ്രീകോവിലിന്റെ പുറകുവശത്ത് (പടിഞ്ഞാറുഭാഗം) പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ. അനഭിമുഖമായ ശിവ-പാർവ്വതീപ്രതിഷ്ഠകൾ വരുന്ന ക്ഷേത്രമായതിനാൽ അർദ്ധനാരീശ്വരസങ്കല്പം വരുന്നു. മൂന്നടി ഉയരം വരുന്ന ദേവീവിഗ്രഹം ദാരുനിർമ്മിതമാണ്. അതിനാൽ വിഗ്രഹത്തിൽ ജലാഭിഷേകം നടത്താറില്ല. മഞ്ഞൾപ്പൊടി കൊണ്ടാണ് അഭിഷേകം നടത്താറുള്ളത്. ദേവി ശിവസാന്നിദ്ധ്യത്തിൽ കുടികൊള്ളുന്നതിനാൽ സർവ്വമംഗളകാരിണിയായ കല്യാണരൂപിണിയായി കണക്കാക്കപ്പെടുന്നു. മഞ്ഞൾപ്പൊടി അഭിഷേകം, പട്ടും താലിയും ചാർത്തൽ, കൂട്ടുപായസം എന്നിവയാണ് ദേവിയുടെ പ്രധാന വഴിപാടുകൾ.

ഗണപതി

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. വാസ്തവത്തിൽ ഉപപ്രതിഷ്ഠയായിരുന്ന ഗണപതി, പിന്നീട് പ്രധാനദേവനായി മാറുകയായിരുന്നു. മൂന്നടി ഉയരം വരുന്ന ദാരുവിഗ്രഹത്തിൽ തെക്കോട്ട് ദർശനമായാണ് ഗണപതിഭഗവാൻ കുടികൊള്ളുന്നത്. ഉളിയന്നൂർ പെരുന്തച്ചൻ തീർത്തതാണെന്ന് പറയപ്പെടുന്ന ഈ ഗണപതിവിഗ്രഹത്തിൽ ഉദയാസ്തമനമായി അപ്പം മൂടുന്നതാണ് പ്രധാന വഴിപാട്. ഇതിന് വൻ ചെലവുണ്ട്. ക്ഷേത്രത്തിലെ തിടപ്പള്ളിയിലേയ്ക്ക് നോക്കിയിരിയ്ക്കുന്ന ഗണപതിയ്ക്ക് ഉണ്ണിയപ്പനിവേദ്യം അതിവിശേഷമാണ്. കൂടാതെ ഗണപതിഹോമം, നാളികേരമുടയ്ക്കൽ, കറുകമാല, പഞ്ചാമൃതം, ത്രിമധുരം തുടങ്ങിവയും വഴിപാടുകളായുണ്ട്.

ഉപദേവതകൾ

ധർമ്മശാസ്താവ്

നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിലാണ് ഹരിഹരപുത്രനായ ധർമ്മശാസ്താവിന്റെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഒന്നരയടി ഉയരം വരുന്ന ശിലാവിഗ്രഹം ശബരിമലയിലെ വിഗ്രഹത്തിന്റെ അതേ രൂപത്തിലാണ്. ശാസ്താവിന്റെ ശ്രീകോവിലിന് പ്രത്യേകം മുഖപ്പുണ്ട്. ഇവിടെ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നെയ്യഭിഷേകം, പുഷ്പാഭിഷേകം, എള്ളുതിരി എന്നിവയാണ് ശാസ്താവിന്റെ പ്രധാന വഴിപാടുകൾ.

സുബ്രഹ്മണ്യൻ

നാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിലാണ് ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി മൂന്നടി ഉയരം വരുന്ന വിഗ്രഹം ബാലസുബ്രഹ്മണ്യന്റെ രൂപത്തിലാണ്. സുബ്രഹ്മണ്യന്റെ ശ്രീകോവിലിനും പ്രത്യേകം മുഖപ്പുണ്ട്. ഷഷ്ഠീപതിയായ സുബ്രഹ്മണ്യസ്വാമിയ്ക്ക് ഷഷ്ഠിനാളുകൾ അതിവിശേഷമാണ്. പഞ്ചാമൃതം, പാലഭിഷേകം, ഭസ്മാഭിഷേകം, കാവടിനിറ തുടങ്ങിയവയാണ് സുബ്രഹ്മണ്യന് പ്രധാന വഴിപാടുകൾ.

നാഗദൈവങ്ങൾ

ശാസ്താവിന്റെ ശ്രീകോവിലിന് തൊട്ടടുത്ത് പ്രത്യേകം തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായ വാസുകിയും നാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്ന ഈ പ്രതിഷ്ഠയുടെ ദർശനവും കിഴക്കോട്ടാണ്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും സമർപ്പണം, ആയില്യപൂജ എന്നിവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ.

വിശേഷദിവസങ്ങൾ

കൊടിയേറ്റുത്സവം

മേടമാസത്തിലെ തിരുവാതിര നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ പതിനൊന്നുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയായ ശിവന് പ്രാധാന്യം നൽകുന്ന ഉത്സവമാണ് ഇത്. പതിന്നൊന്നുദിവസവും ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികക്രിയകളും നടക്കുന്നു.

വിനായക ചതുർത്ഥി

ശിവരാത്രി

ധനു തിരുവാതിര

മണ്ഡലകാലം

തൈപ്പൂയം

കന്നി ആയില്യം

No comments:

Post a Comment