കലിയുഗം
കാലഗണനാസമ്പ്രദായം അനുസരിച്ച് നാലാമത്തെ യുഗമാണ് കലിയുഗം. മനുഷ്യവർഷങ്ങളുടെ ഗണനയനുസരിച്ച് മൂന്നു ലക്ഷത്തി അറുപതിനായിരം വത്സരമാണു കലിയുഗം. കലിയുഗം ആരംഭിച്ച് 5117 വർഷം നാം പിന്നിട്ടിരിക്കുന്നു.
അതായത്, ഇപ്പോൾ കലിയെ മനുഷ്യരൂപത്തിൽ ദർശിച്ചാൽ, കേവലം ഒരു ശിശുവിന്റെ പ്രായം മാത്രമേ കലിക്ക് ഉണ്ടാകൂ.
ആരാണ് കലി ?
കലിയെ നാം ഏറ്റവും അടുത്ത് പരിചയപ്പെടുന്നത് ശ്രീമദ് ഭാഗവത മഹാ പുരാണത്തിലാണ്. യഥാർഥത്തിൽ ഭാഗവത പുരാണത്തിന്റെ പ്രചാരണത്തിനു കാരണം കലിയാണെന്ന് പോലും പറയാം. കലി ആരാണെന്ന് ഉളള അന്വേഷണം ചെന്നവസാനിപ്പിച്ചത് ഇവിടെ.
യുവരാജാവായ പരീക്ഷിത്ത് യാത്രാവേളയിൽ ഇരുമ്പു തൊപ്പിയും കുടില മുഖവുമുളള ഒരു അപരിചിതനെ ആകസ്മികമായി കണ്ടുമുട്ടുന്നു. അയാൾ ഒരു കാളയുടെ നാലാമത്തെ കാൽ, ഒടിക്കാൻ ശ്രമിക്കുകയാണ്. കാള വളരെ ദയനീയമായി കരയുകയാണ്. അതിന്റെ മറ്റു മൂന്നു കാലുകൾ ഒടിഞ്ഞു പോയിരിക്കുന്നു. പരീക്ഷിത്ത് അപരിചിതനുമായി വഴക്കായി, യുദ്ധമായി. അവസാനം അപരിചിതൻ അടിയറവു പറയുന്നു. ശേഷം, അയാൾ സ്വയം പരിചയപ്പെടുത്തുന്നു.
ഞാൻ കലിയെന്നു പേരുളളവനും, ഈ യുഗത്തിന്റെ അധികാരിയുമാണ്.
കലി കാലൊടിക്കാൻ ശ്രമിച്ച കാള ധർമ്മമായിരുന്നു. ധർമ്മത്തിനു നാലു കാലുകളുണ്ട്:
ദയ
ദാനം
ശുചിത്വം
സത്യം
സത്യയുഗത്തിൽ ധർമത്തിന് ഈ നാലു പാദങ്ങളും ഉണ്ടായിരിക്കും. ക്രമേണ മനുഷ്യന്റെ സ്വാർഥത വർധിക്കുന്തോറും ത്രേതായുഗത്തിൽ ദയ ഇല്ലാതാവുകയും, ദ്വാപരത്തിൽ ദാനമില്ലാതാവുകയും, കലിയിൽ ശുചിത്വം ഇല്ലാതെ പോവുകയും ചെയ്യും. (അതിന്റെ തെളിവായിരിക്കണം നമ്മുടെ ജലാശയങ്ങളും മറ്റും മനുഷ്യന്റെ ദുരഭിമാനത്താൽ മലിനമായിക്കൊണ്ടിരിക്കുന്നത്.)
നാലാം കാലായ സത്യത്തെ ഒടിക്കാനാണു കലി ശ്രമിച്ചതെങ്കിലും, നടന്നില്ല.
അതിനർഥം, സത്യമെന്ന ഏകപാദത്തിൽ ധർമം കലിയുഗത്തിൽ നിലകൊളളുമെന്നാണ്.
സത്യം പ്രബലതയുടെ രൂപത്തിലായിരിക്കും കലിയുഗത്തിൽ. കലിയുഗത്തിലെ മനുഷ്യർ ദയയില്ലാത്തവരും, ദുർമനസുളളവരും, കുടിലഹൃദയമുളളവരുമായിരിക്കും. മനുഷ്യമനസിലെ ധർമത്തിനു ച്യുതി സംഭവിക്കും. ഇക്കാലത്ത് ഗുരുശിഷ്യ ബന്ധത്തിനും ധർമാനുസൃത വിവാഹത്തിനും ദാമ്പത്യത്തിനും ദേവയജ്ഞത്തിനും യാതൊരു മൂല്യവും ഉണ്ടായിരിക്കുകയില്ല. ബലവാന്മാരായ ആളുകളായിരിക്കും എല്ലാ സമ്പത്തിന്റെയും ഉടമാവകാശം കൈക്കലാക്കുക. ഏതു കുലത്തിൽ പിറന്നവനും, ഏതു വർണത്തിലുളള കന്യകയെയും, വിവാഹം കഴിക്കാൻ യോഗ്യരാകും. ബ്രാഹ്മണർ നിഷിദ്ധ ദ്രവ്യങ്ങളാൽ തോന്നിയ പ്രകാരം പ്രായശ്ചിത്ത കർമങ്ങൾ നടത്തുകയും ചെയ്യും.
ധർമ്മാനുഷ്ഠാനങ്ങൾ തോന്നിയ മട്ടിലാകും. കപട സന്യാസിമാർ ധാരാളം ഉണ്ടാകും.
ഇവരുടെ പ്രവർത്തനം സുഖലോലുപമായിരിക്കും. സന്യാസം മറയാക്കി ഇക്കൂട്ടർ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തും.
ഭഗവദ്‌ഗീത മുതലായ
പുരാണ പുണ്യഗ്രന്ഥങ്ങളെ വേണ്ട രീതിയിൽ ഉൾക്കൊളളാതെ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും, ജനങ്ങൾ തെറ്റായ സാരാംശം ഉൾക്കൊളളുകയും ചെയ്യും.
സന്യാസം ആഡംബര ജീവിതത്തിനുളള തൊഴിലായി മാറും. ഋഷിപ്രോക്തങ്ങളായ ശാസ്ത്രങ്ങളെ നിഷിദ്ധങ്ങളെന്നും മറ്റും പ്രചാരണം നടത്തുകയും തന്മൂലം ശാസ്ത്രങ്ങൾക്ക് മൂല്യച്യുതി സംഭവിക്കുകയും ചെയ്യും.
കലിയുഗത്തിൽ ഏതെങ്കിലും ഒരുത്തന്റെ വായിൽ നിന്നു വരുന്നതു ശാസ്ത്രമായി ഗണിക്കപ്പെടുമെന്നും ഭൂതപ്രേതാദികളെ പോലും ദേവന്മാരായി ഗണിക്കപ്പെടുമെന്നും ഋഷീശ്വരന്മാർ നൂറ്റാണ്ടുകൾക്കു മുൻപേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം രഹസ്യശാസ്ത്രങ്ങളെ വരും തലമുറയ്ക്കു കൈമാറാതെ നശിപ്പിച്ചു കളഞ്ഞത്. അവനവന് അർഹിക്കുന്നത് അല്ല കയ്യിൽ കിട്ടുന്നതെങ്കിൽ, അവൻ സമൂഹത്തിനും ലോകത്തിനും ദോഷം മാത്രമേ ചെയ്യൂ എന്നു നീതിസാരം ഓർമപ്പെടുത്തുന്നു.
ഉപവാസം, തീർത്ഥാടനം, ധനദാനം, തപസ് ഇതിന്റെയൊക്കെ അനുഷ്ഠാനാദികൾ ഓരോരുത്തർക്കും തോന്നിയ വിധത്തിലാകുമെന്നും, അതിനൊക്കെ ധർമത്തിന്റെ പരിവേഷം കിട്ടുമെന്നും ആചാര്യന്മാർ സമർഥിച്ചിരിക്കുന്നു.
കലിയുഗത്തിൽ ആളുകൾക്ക് അല്പധനം കൊണ്ടു ധനാഢ്യന്മാരുടെ ഗർവ് ഉണ്ടാകും. തലമുടിയുടെ സൗന്ദര്യം കൊണ്ട് സ്ത്രീകൾക്ക് അഭിമാനം തോന്നും. സ്വർണം, വസ്ത്രം എന്നിവ കുറഞ്ഞാലും സ്ത്രീകൾ കേശാലങ്കാര തൽപരകൾ ആയിത്തീരും. ഇന്നു കാണുന്ന പേക്കോലങ്ങൾ ഇതിനു തെളിവാണ്.
ധനമില്ലാത്ത ഭർത്താവിനെ സ്ത്രീകൾ സ്തുതിക്കുകയില്ലെന്നും, എത്ര നിന്ദ്യനായാലും പണക്കാരൻ, ആളുകളുടെ നാഥനാകുമെന്നും സമ്പാദ്യമെല്ലാം വീടു പണിയുന്നതിനു വേണ്ടിയാകുമെന്നും ദാനധർമ്മങ്ങൾ നടത്തുകയില്ലെന്നും, ബുദ്ധി ആത്മജ്ഞാനത്തിലല്ലാതെ പണമുണ്ടാക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും, അതിഥികളെ സൽക്കരിക്കാൻ ആതിഥേയനു വേണ്ടത്ര ശക്തി ഉണ്ടാകുകയില്ലെന്നും ആചാര്യ മര്യാദകൾ വേണ്ട വിധം ഉണ്ടാകില്ലെന്നും മുനിശ്രേഷ്ഠന്മാർ നേരത്തേ തന്നെ രേഖപ്പെടുത്തി വച്ചിരുന്നു.
കലിയുഗാവസാനമാകുമ്പോഴേക്കും, സ്തീകൾക്ക് 5, 6, 7 വയസുകളിൽ സന്താനങ്ങൾ ഉണ്ടാകുമെന്നും 8, 9, 10 വയസ്സ് പുരുഷനു സന്താനാർഹമാകുമെന്നും 12 വയസ്സാകുമ്പോഴേക്കും തലനരയ്ക്കാനും 20 വയസ്സാകുമ്പോഴേക്കും കാലപുരി പൂകാനും യോഗ്യരാകുമെന്നു ചില ഗ്രന്ഥങ്ങളിൽ പറയുന്നു.
മഴ കുറയുമെന്നും, വയലുകൾ നികത്തുമെന്നും, ഭക്ഷണസാമഗ്രികൾ സാരയുക്തങ്ങളല്ലാതെയാകുമെന്നുളള, പ്രവചനം അക്ഷരാർഥത്തിൽ ശരിയാകുന്നുണ്ട്.
കാമം, ക്രോധം, ഭയം ഈ മൂന്നു വികാരങ്ങളും നൈമിഷാഘാതമുളളവയാണ്. അവയുടെ ചർച്ചകളും സംഭവങ്ങളും മാത്രമേ കലിയുഗത്തിൽ പ്രാധാന വാർത്തകളാകൂ. കാമസംബന്ധമായ ചതി, വഞ്ചന, അനാചാരം, തുടങ്ങിയവ, ക്രോധസ്വരൂപമായ കൊല, യുദ്ധം, പക മുതലായവ, ഭയസ്വരൂപങ്ങളായ പ്രകൃതി ക്ഷോഭങ്ങൾ, ഭീഷണി, രോഗം, മരണം, സാമ്പത്തികബാധ്യത, ആത്മഹത്യകൾ എന്നിവയെല്ലാം വർധിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും, അല്പമായ പ്രയത്നത്താൽ ജനങ്ങൾക്കു വളരെ പുണ്യം സമ്പാദിക്കാൻ കഴിയും. എന്തെന്നാൽ സത്യയുഗത്തിൽ മഹത്തായ തപസ്സു കൊണ്ട് നേടിയതു, കലിയുഗത്തിൽ അല്പമായ സത്പ്രവൃത്തികൾ കൊണ്ടു നേടാൻ കഴിയുമെന്നു സാരം.
പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഇപ്രകാരം പറയുന്നു:
‘‘യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേ തന്നെ മുക്തി വരുത്തുവാൻ"
No comments:
Post a Comment