എന്താണ് പാഠകം
പുരാണ കഥാകഥനമാണ് പാഠകം. ഈ കല രംഗത്തവതരിപ്പിക്കുന്നത് നമ്പ്യാർമാരാണ്. വളരെ ലളിതമായ രംഗസജ്ജീകരണമാണ് പാഠകത്തിന്റേത്. കത്തിച്ചു വെച്ച ഒരു നിലവിളക്കു മാത്രം. ഇതിൽ ഒരു നടൻ മാത്രമാണുള്ളത്. കാര്യമായ വേഷവിധാനങ്ങളൊന്നുമില്ല. ചുവന്ന പട്ട് കൊണ്ട് തലയിൽ ഒരു കെട്ട്, ശരീരത്തിൽ ഭസ്മക്കുറി, മാലകൾ നെറ്റിയിൽ കുങ്കുമപ്പൊട്ട് എന്നിവ. പാഠകം അവതരിപ്പിക്കുന്ന ആൾ വാഗ്മിയും നർമബോധം ഉള്ള ആളുമായിരിക്കണം. കൂത്തിന്റെ അവതരണരീതിയുമായി സാദൃശ്യം തോന്നുമെങ്കിലും പരിഹാസ പ്രയോഗങ്ങൾ ഒട്ടും പാടില്ല എന്ന നിബന്ധന പാഠകത്തിലുണ്ട്. വാദ്യ പ്രയോഗങ്ങളോ മറ്റ് അനുഷ്ഠാന കർമ്മങ്ങളോ ഇല്ല. പാഠകം എന്ന കലാരൂപം ഉദ്ഭവിച്ചത് ചാക്യാർ കൂത്തിൽ നിന്നാണ് എന്ന് പൊതുവേ കരുതപ്പെടുന്നു. ഇത് സമർഥിക്കുന്ന ഒരു ഐതിഹ്യവും പറഞ്ഞു കേൾക്കുന്നുണ്ട്. ചാക്യാർ കൂത്തിന് മിഴാവ് വായിക്കുന്നവരാണ് നമ്പ്യാർമാർ.. ഒരിക്കൽ ഒരു ക്ഷേത്രത്തിൽ ചാക്യാർ കൂത്ത് അവതരിപ്പിക്കുവാനായി ചാക്യാർക്ക് എത്തുവാൻ സാധിച്ചില്ല.കൂത്തിനു മിഴാവ് വായിക്കുവാനുള്ള നമ്പ്യാർ മാത്രമേ എത്തിയിരുന്നുള്ളൂ. അന്നൊക്കെ അമ്പലങ്ങളിൽ ഉത്സവക്കാലത്ത് എല്ലാ ദിവസവും ഒരു കഥ തുടർച്ചയായാണ് ചാക്യാന്മാര് കൂത്ത് അവതരിപ്പിക്കാറ്. കൂത്തമ്പലങ്ങളിൽ ഉച്ച സമയത്ത് തുടങ്ങേണ്ടിയിരുന്ന കൂത്ത് ഉച്ചയായി വൈകുന്നേരമായി, സന്ധ്യയായി എന്നിട്ടും തുടങ്ങിയിട്ടില്ല. മിഴാവ് വായിക്കുവാൻ വന്ന നമ്പ്യാർക്ക് കഥ പറയാൻ സാധിക്കുമോ എന്ന് ക്ഷേത്രഭരണാധികാരികൾ ആരാഞ്ഞു. ചാക്യാർ പറയുന്ന കഥ അനേകം വർഷങ്ങളായി അദ്ദേഹത്തോടൊപ്പം നടക്കുന്നതു കൊണ്ട് എനിക്ക് പറയാം. പക്ഷെ കൂത്തമ്പലത്തിൽ കയറി നിന്ന് കൂത്ത് പറയാനുള്ള ജന്മാവകാശം ചാക്യാർക്കുള്ളതാണ്. ആയതിനാൽ ആ കലാരൂപത്തെ ഞാനിവിടെ അവതരിപ്പിക്കില്ല. കൂത്തമ്പലത്തിൽ കയറുകയും ഇല്ല. ആയതിനാൽ കൂത്തമ്പലത്തിനു പുറത്ത് പ്രദക്ഷിണവഴിയോരത്ത് നിന്ന് കൊണ്ട് , ചാക്യാർകൂത്തിൻ്റേത് പോലെ അത്ര പ്രൌഢമായ ചമയങ്ങളൊന്നുമില്ലാതെ, വളരെ ലളിതമായ വേഷവിധാനങ്ങളോടു കൂടെ എൻ്റേതായ രീതിയിൽ ഞാൻ അവതരിപ്പിക്കാം എന്ന് നമ്പ്യാർക്കു വാക്കും കൊടുത്തുവത്രെ. അങ്ങനെ ആദ്യത്തെ അവതരണം തുടങ്ങുമ്പോഴേക്കും ക്ഷേത്രത്തിലെ ദീപാരാധന കഴിഞ്ഞിരുന്നു. ഈ ഐതിഹ്യം ആധികാരികമല്ലെങ്കിലും ഇപ്പോഴും പാഠകാവതരണങ്ങൾ കൂത്തമ്പലത്തിനു പുറത്ത് പ്രദക്ഷിണവഴിയോരത്ത്, ചാക്യാർകൂത്തിൽ നിന്ന് വ്യത്യസ്തമായ ചമയത്തോടും ചടങ്ങുകളോടും കൂടി എന്നാൽ പറയുന്ന കഥകൾ കൂത്തിൻ്റേതിനു സമാനമായി, തുടക്കത്തിലെ ചടങ്ങുകൾക്ക് ചെറിയ വ്യത്യാസത്തോടു കൂടി ഇന്നും തുടർന്നു വരുന്നു. പാഠകകലാകാരൻ ചാക്യാർകൂത്തിലെപ്പോലെ തന്നെ ചിലപ്പോൾ കഥ പറയുന്ന ആളായും ചിലപ്പോൾ കഥാപാത്രമായും മറ്റുചിലപ്പോൾ കാണികളോടു സംഭാഷണം ചെയ്തുകൊണ്ട് അവരിലൊരാളായും മാറുന്നു....
No comments:
Post a Comment