11 September 2021

കാമാക്ഷി വിളക്ക്

കാമാക്ഷി വിളക്ക്

വിളക്കുകളില്‍ വട്ടമുഖം, ഇരട്ടമുഖം, അഞ്ചുമുഖം എന്നിങ്ങനെ പലതരം വിളക്കുകളുണ്ട്. ഇവയ്ക്കെല്ലാമുപരി വീടുകളില്‍ പൂജാമുറിയില്‍ കത്തിച്ചുവയ്ക്കുന്ന വിളക്കാണ് കാമാക്ഷി വിളക്ക്. കാമാക്ഷി വിളക്ക് വീട്ടിലെ പൂജാമുറിയില്‍ കത്തിച്ചുവെച്ച് പ്രാര്‍ത്ഥിക്കുന്നതുകൊണ്ടുള്ള നന്മകള്‍ ഒട്ടനവധിയാണ്.ലോകജനതയുടെ ക്ഷേമത്തിനായി തപസനുഷ്ഠിച്ച, പാര്‍വ്വതീദേവിയുടെ അവതാരമാണ് കാമാക്ഷി ദേവി. ദേവി തപസനുഷ്ഠിച്ച വേളയില്‍ സകലദൈവങ്ങളും കാമാക്ഷി ദേവിയില്‍ അടങ്ങി. അതുകൊണ്ട് കാമാക്ഷിദേവിയെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ എല്ലാ ദൈവങ്ങളേയും തൊഴുത് പ്രാര്‍ത്ഥിച്ച ഫലം ഭക്തര്‍ക്ക് ലഭിക്കുന്നു. കാമാക്ഷിദേവിയില്‍ സര്‍വ്വദൈവങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ഓരോരുത്തരും തങ്ങളുടെ കുലദേവതയെ ധ്യാനിച്ച് കാമാക്ഷിദേവിയെ പൂജിക്കുന്നതായിട്ടാണ് ഐതിഹ്യം. അതിലൂടെ കുടുംബാംഗങ്ങള്‍ക്കെല്ലാം കാമാക്ഷി ദേവിയുടേയും അവരവരുടെ കുലദൈവത്തിന്‍റേയും അനുഗ്രഹം സിദ്ധിക്കുന്നു എന്നാണ് വിശ്വാസം.ചിലര്‍ക്ക് തങ്ങളുടെ കുലദൈവം ഏതാണെന്ന് അറിയില്ലെന്നുവരാം. അവര്‍ കാമാക്ഷി ദേവിയെ കുലദൈവമായി സങ്കല്‍പ്പിച്ച് നീതന്നെ ഞങ്ങളുടെ കുലദൈവമായി എന്‍റെ കുലം കാക്കണം എന്ന് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കാറുണ്ട്. ഇതിനെ ‘കാമാക്ഷി ദീപം’ എന്നുപറയുന്നു.എല്ലാ ദൈവങ്ങളുടേയും അനുഗ്രഹം ഒന്നിച്ചുനേടുവാനായി വിവാഹചടങ്ങുകള്‍ നടക്കുമ്പോള്‍പോലും വധൂവരന്മാര്‍ കാമാക്ഷി വിളക്ക് കത്തിച്ച് കയ്യില്‍ പിടിച്ചുകൊണ്ട് പ്രദക്ഷിണം വയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലെത്തുന്ന വധു അവിടെ ചെന്ന് ആദ്യം കാമാക്ഷി വിളക്ക് കത്തിക്കുന്നതിന്‍റെ പൊരുള്‍ ഇതാണ്. ഒപ്പം കാമാക്ഷി വിളക്കില്‍ കുലദൈവവും കുടികൊണ്ട് അനുഗ്രഹം വര്‍ഷിക്കയാല്‍ ആ വിളക്ക് കത്തിച്ചു വധു വീട്ടില്‍ കയറുന്നതിനാല്‍ അവരുടെ കുലവും തഴച്ചുവളരും ഒപ്പം സര്‍വ്വഐശ്വര്യസിദ്ധിയും ഉണ്ടാവും എന്നാണ് വിശ്വാസം.ഐശ്വര്യവസ്തുക്കളില്‍ ഒന്നാണ് കാമാക്ഷി വിളക്ക്. കാമാക്ഷി വിളക്ക് വളരെ പവിത്രതയാര്‍ന്നതാണ്. ഗജലക്ഷ്മിയുടെ രൂപമാണ് ഈ വിളക്കില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് എല്ലാ വീടുകളിലും അത്യന്താപേക്ഷിതമായി ഉണ്ടായിരിക്കേണ്ടതാണ്. പൂജയ്ക്ക് മുമ്പായി വിളക്കിന് പൂവും പൊട്ടും വെച്ച് ഐശ്വര്യത്തോടെ ദീപം കത്തിച്ചുവെച്ച് നിത്യം പ്രാര്‍ത്ഥിച്ചുപോന്നാല്‍ ദാരിദ്ര്യം അകലും.വധുവിന് സ്ത്രീധനം നല്‍കുമ്പോള്‍ ഒരു കാമാക്ഷി വിളക്കും രണ്ട് നിലവിളക്കും നല്‍കുന്നത് ഐശ്വര്യപ്രദമാണ്. എല്ലാ ഇരുളും അകറ്റി ജീവിതത്തില്‍ ഐശ്വര്യമേകി അനുഗ്രഹം വര്‍ഷിക്കുന്ന വിളക്കാണ് കാമാക്ഷി വിളക്ക്.

No comments:

Post a Comment