ഉപനിഷത്ത് കഥകൾ
ഭാഗം 25
വ്യാസപുത്രൻ
ശ്രീശുകൻ ഒരു ദിവസം മഹാമേരുപർവ്വതത്തിൽ താപോനിഷ്ഠയിൽ ഇരിക്കുന്ന പിതാവിനോട് ചോദിച്ചു: “അല്ലയോ പിതാവെ, ലോകത്തിൽ നിലനിൽക്കുന്ന സംസാരാഡംബരത്തിന്റെ ഉദ്ഭവം എങ്ങനെയാണ്? എന്താണ് അത് വിലയം പ്രാപിക്കാത്തത്? എല്ലാം എനിക്ക് പറഞ്ഞുതന്നാലും!” പുത്രന്റെ ജിജ്ഞാസ കണ്ട് വ്യാസഭഗവാൻ സന്തോഷപൂർവ്വം അവന് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. എന്നാൽ ശുകനാകട്ടെ ഇതെല്ലാം തനിക്ക് അറിയാവുന്നതാണെന്ന ഭാവത്തിൽ കൂടുതലൊന്നും ശ്രദ്ധിക്കാതെ നിന്നു. അപ്പോൾ പിതാവിന് കാര്യം മനസ്സിലായി. അദ്ദേഹം പറഞ്ഞു: “പുത്രാ, നിന്റെ ചോദ്യങ്ങൾക്ക് തത്ത്വപരമായി ചിന്തിച്ച് ഉത്തരം പറയാൻ ഞാൻ അശക്തനാണ്. നിനക്ക് താത്പര്യമുണ്ടെങ്കിൽ മിഥിലാപതിയായ ജനകമഹാരാജാവിനെ സമീപിക്കുക. അദ്ദേഹം ജ്ഞാനിയാണ്. നീ ഇച്ഛിക്കുന്ന അറിവ് നിനക്ക് അദ്ദേഹത്തിൽനിന്ന് ലഭിക്കും.” പിതാവിന്റെ ഉപദേശം സ്വീകരിച്ച് പുത്രൻ മഹാമേരുവിൽ നിന്നും ഇറങ്ങി മിഥിലാപുരിയിലെത്തി. ദ്വാരപാലകന്മാർ ശുകൻ വന്നതായറിഞ്ഞ് ജനകമഹാരാജാവിനെ വിവരം അറിയിച്ചു. പക്ഷേ, അപ്പോൾ രാജാവ് അവജ്ഞയോടെ ശുകന്റെ ആഗ്രഹം തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞു: “തൽക്കാലം വ്യാസപുത്രൻ അവിടെ നിൽക്കട്ടെ".
അങ്ങിനെ ഏഴു ദിവസം കടന്നുപോയി. രാജാവ് അദ്ദേഹത്തെപ്പറ്റി ഒന്നും അന്വേഷിച്ചില്ല. എട്ടാം ദിവസം അദ്ദേഹം ശുകനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. പക്ഷേ, വീണ്ടും ഏഴു ദിവസം രാജാവ് അദ്ദേഹത്തോട് സംസാരിച്ചില്ല. പിന്നെ രാജാവ് അദ്ദേഹത്തെ അന്തപ്പുരത്തിലേക്കു ക്ഷണിച്ചു. ശുകൻ കൊട്ടാരമുറ്റത്ത് ചെന്നു. എന്നാൽ അപ്പോഴും രാജാവ് അദ്ദേഹത്തിന്റെ മുമ്പിൽ വന്നില്ല. അങ്ങനെ ഇരുപത്തിരണ്ടാം ദിവസം രാജാവ് ഭോജന ദ്രവ്യങ്ങളോടു കൂടി ശുകനെ യഥാവിധി സത്കരിച്ചു. എന്നാൽ ശുകന് ആ അവയിലൊന്നും താത്പര്യം തോന്നിയില്ല. ജനകൻ പരീക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ശുകനോട് ഇപ്രകാരമെല്ലാം ചെയ്തത്. പരീക്ഷയിൽ അദ്ദേഹം പൂർണ്ണമായും വിജയിച്ചപ്പോൾ രാജാവിന് സന്തോഷമായി. രാജാവ് ശുകനെ നമസ്കരിച്ചു കൊണ്ട് പറഞ്ഞു: “അങ്ങ് അങ്ങയുടെ പ്രാപഞ്ചികവിഷയങ്ങൾ എല്ലാം അവസാനിപ്പിച്ചിരിക്കുന്നു. അങ്ങയുടെ മനോരഥമെന്തെന്ന് അറിയിച്ചാലും!'' അതു കേട്ടപ്പോൾ ശുകൻ പറഞ്ഞു: “അല്ലയോ മഹാരാജൻ ഈ സാംസ്കാരിക പ്രപഞ്ചം എങ്ങനെ ഉണ്ടാകുന്നു? അതുകൂടി പറഞ്ഞുതരാൻ ദയവു കാട്ടണം.'' വിനയപൂർവ്വമുള്ള ശുകന്റെ അപേക്ഷ കേട്ടപ്പോൾ, മഹാത്മാവായ രാജാവ് ശുകനോട് പറഞ്ഞ വിവരങ്ങളെല്ലാം തന്നെ പിതാവ് മുമ്പുതന്നെ തന്നാട് പറഞ്ഞിരുന്നതാണെന്ന് ഓർമ്മിപ്പിച്ചു. അതുപ്രകാരം എല്ലാം താൻ മനസ്സിലാക്കിയവയുമാണ്. അതും അങ്ങു പറഞ്ഞതും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. ശാസ്ത്രങ്ങളും അതുതന്നെ ഉദ്ഘോഷിക്കുന്നു. ഞാൻ പ്രാപഞ്ചിക വിഷയങ്ങളിൽ ഭ്രമിച്ച് വിഷമിക്കുന്നു. അങ്ങയുടെ ഉപദേശം കൊണ്ടുമാത്രമേ അതിനു ശാന്തി കിട്ടു. ശുകന്റെ അഭ്യർത്ഥന മാനിച്ച് ജനകൻ ജ്ഞാനങ്ങളെപ്പറ്റി വിസ്തരിച്ചു പ്രതിപാദിച്ചു. ജ്ഞാനം ലഭിക്കുന്നവൻ വേഗം മുക്തി പ്രാപിക്കും. അതോടെ ദൃശ്യപ്രപഞ്ചം ബ്രഹ്മമാണെന്നറിയുന്നു. മനസ്സ് ശുദ്ധമാണ്. നിർവ്വാണമയമായ ശാന്തി തന്മൂലം ലഭിക്കുന്നു. ത്യാഗം കൊണ്ടുമാത്രമേ വാസനകൾ അവസാനിക്കുകയുള്ളൂ. അതാണ് പരമമായ ത്യാഗം. ഈ അവസ്ഥയ്ക്ക് മോക്ഷമെന്നും പറയുന്നു. തത്ത്വങ്ങൾ നല്ല പോലെ അറിഞ്ഞിട്ടുള്ളവൻ ആണ് ജീവമുക്തൻ. അവൻ ശുദ്ധമനസ്സോടും ആത്മലീന ചിത്തത്തോടും പ്രശാന്തനായി കഴിയുന്നവനും ആഗ്രഹമോ ആസക്തിയോ ഇല്ലാത്തവനും എപ്പോഴും ഉദാസീനനുമാണ്. അവൻ ആത്മാവിൽ പൂർണ്ണത്വാനുഭൂതി ഉൾക്കൊള്ളുന്ന മഹാത്മാവാണ്. ജനകന്റെ ഉപദേശങ്ങൾ കേട്ട് ശുകൻ സന്തോഷത്തോടെ അദ്ദേഹത്തോട് നന്ദി പറഞ്ഞ് മഹാമേരുപർവ്വതത്തിലേക്കു പോയി. ആത്മദേശമായ അവിടെ അദ്ദേഹം ആയിരം വർഷം താമസിച്ച് പരമഗതി പ്രാപിച്ചു. വെള്ളത്തുള്ളികൾ സമുദ്രത്തിൽ ലയിച്ച് സമുദ്രമായിത്തീരുന്നതുപോലെ ശുകനും ശുദ്ധസ്വരൂപനായി പരമാത്മാവിൽ ലയിച്ചു ചേർന്നു..
തുടരും...
No comments:
Post a Comment