9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 10

ഉപനിഷത്ത് കഥകൾ

ഭാഗം 10

യക്ഷബ്രഹ്മം

പണ്ട് ഒരു ദേവാസുരയുദ്ധത്തിൽ ദേവന്മാർ ജയിച്ചു. അത് നേടിക്കൊടുത്തത് സർവ്വജ്ഞനായ ബ്രഹ്മമായിരുന്നു. പക്ഷേ, ഈ യാഥാർത്ഥ്യം തിരിച്ചറിയാൻ ദേവന്മാർക്കായില്ല. അവർ അത് തങ്ങളുടെ വിജയമാണെന്ന് കരുതി അഹങ്കരിച്ചു. ദേവാധിപനായ ഇന്ദ്രനും മുഖ്യരായ അഗ്നിയും വായുവും സത്യം മനസ്സിലാക്കാൻ ശ്രമിച്ചില്ല. തെറ്റുകൾ തിരുത്താനും അവർ സന്നദ്ധരായില്ല. അത്രയേറെ അവരുടെ മനസ്സിൽ ഞാനെന്നഭാവം വളർന്നുകഴിഞ്ഞിരുന്നു. വിജയം ഉണ്ടായത് തങ്ങളുടെ മഹത്ത്വമാണെന്നവർ വിശ്വസിച്ചു. ദേവന്മാരുടെ ധിക്കാരം സഹിക്കാൻ ബ്രഹ്മത്തിന് കഴിഞ്ഞില്ല. ഈശ്വരൻ ദേവന്മാരുടെ അഹങ്കാരത്തെ നശിപ്പിക്കാനും ആത്മബോധം വളർത്തി അവരെ അനുഗ്രഹിക്കാനും വേണ്ടി യക്ഷരൂപത്തിൽ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. “ആരാണത്?'' അങ്ങനെ ഒരു രൂപം ദേവന്മാർ മുമ്പെങ്ങും കണ്ടിട്ടില്ല. കാഴ്ച്ചയിൽ ആ യക്ഷം അവർക്ക് പൂജനീയമായി തോന്നിയെങ്കിലും, ആ ഭൂതം എന്താണെന്ന് അവർക്ക് മനസ്സിലായില്ല. ദേവന്മാർ ഭയപ്പെട്ടു. അവർ ഇന്ദ്രന്റെ അടുത്തുചെന്ന് കാര്യങ്ങൾ കൂടിയാലോചിച്ച് പ്രതിവിധി കണ്ടെത്താൻ വേണ്ടി ശ്രമം ആരംഭിച്ചു. “അഗ്നിദേവാ...” ഇന്ദ്രൻ അഗ്നിദേവനെ വിളിച്ചു.

“അഗ്നിദേവൻ ജാതവേദസ്സാണ് സർവ്വജ്ഞനാണ് വേഗം പോയി വിവരം അറിയാൻ സമർത്ഥനാണ്." ഇന്ദ്രൻ അഗ്നിദേവനോട് പറഞ്ഞു: “അഗ്നിദേവൻ തന്നെപോയി യക്ഷം എന്താണെന്ന് അറിഞ്ഞുവരണം. മറ്റാർക്കും അതിനാവില്ല” അഗ്നിദേവൻ സമ്മതിച്ചു. പക്ഷേ, അദ്ദേഹത്തിനും അപ്പോൾ അല്പം അഹങ്കാരം ഉണ്ടായിരുന്നു. അഗ്നിദേവൻ ഉടനെ ഭൂതത്തിന്റെ അടുത്തുചെന്നു. അപ്പോൾ യക്ഷം ചോദിച്ചു  “നീ ആരാണ്?''. ഉടൻ തന്നെ അഹങ്കാരത്തോടെ അഗ്നി പറഞ്ഞു “ഞാൻ ലോകപ്രസിദ്ധനായ അഗ്നിയാണ്.'' അഗ്നി സ്വയം അഹങ്കരിച്ചുകൊണ്ട് പറഞ്ഞ ആ വാക്കുകൾ യക്ഷത്തിന് പിടിച്ചില്ല. അവന്റെ അഹങ്കാരം കുറയ്ക്കുക തന്നെ വേണമെന്ന് യക്ഷം തീരുമാനിച്ചുകൊണ്ടു പറഞ്ഞു: "ലോകപ്രസിദ്ധനാണെന്ന് നീ പറഞ്ഞതുകൊണ്ട് എന്തു ഫലം? അത് മറ്റുള്ളവർക്കുകൂടി ബോദ്ധ്യപ്പെടേണ്ടേ?” “അതു ഞാൻ കാണിച്ചുതരാം.” അഗ്നിദേവൻ അല്പ്പം കുപിതനായി മറുപടി പറഞ്ഞു. “അതു കാണാമല്ലോ?” യക്ഷവും വിട്ടുകൊടുത്തില്ല. “നിന്നിൽ എന്തു ശക്തിയാണ് ഉള്ളത്?'' എന്നായി യക്ഷം. “ഈ ലോകത്തിലുള്ളതെല്ലാം എരിച്ച് ചാമ്പലാക്കാനുള്ള ശക്തി എനിക്കുണ്ട് '' എന്ന് അഗ്നി. അഗ്നിയുടെ വാക്കുകൾ കേട്ടപ്പോൾ യക്ഷം അത്ഭുതപ്പെട്ടില്ല. ഒരു പരിഹാസച്ചിരിയോടെ യക്ഷം അഗ്നിദേവന്റെ മുഖത്തേക്ക് നോക്കി. അവന്റെ അഹങ്കാരം നശിപ്പിക്കാൻ പറ്റിയ അവസരം തന്നെ. യക്ഷം ഒരു പുൽക്കൊടി എടുത്ത് അഗ്നിദേവന്റെ മുമ്പിൽ വച്ചു. എന്നിട്ട് പറഞ്ഞു: “നിനക്ക് കഴിയുമോ? ഈ പുൽക്കൊടിയെ ദഹിപ്പിക്കാൻ? വെല്ലുവിളി ഏറ്റെടുത്ത് അഗ്നി അതിന്റെ അടുത്തുചെന്നു. പുൽക്കൊടിയെ ദഹിപ്പിക്കാൻ തന്റെ മുഴുവൻ ശക്തിയും പ്രയോഗിച്ചു. പക്ഷേ, ഒന്നും നടന്നില്ല...

പരാജിതനായ അഗ്നിദേവൻ അവിടെനിന്നും മടങ്ങിച്ചെന്ന് ഇന്ദ്രനോട് പറഞ്ഞു: “രാജൻ ഞാൻ പരാജയം സമ്മതിക്കുന്നു. ഇത് എന്തൊരു ഭൂതമാണെന്ന് എനിക്ക് അറിയാൻ കഴിയുന്നില്ല.” ഉടൻ തന്നെ ഇന്ദ്രൻ മറ്റുദേവന്മാരുമായി കൂടിയാലോചിച്ചത്തിന് ശേഷം വായുദേവന്റെ അടുത്തു ചെന്നു പറഞ്ഞു: “അല്ലയോ വായുദേവാ, അങ്ങ് പോയി ആ യക്ഷം എന്താണെന്ന് അറിഞ്ഞുവരൂ!” വായുദേവൻ സമ്മതിച്ചു. യക്ഷന്റെ അടുത്തുചെന്ന് അഗ്നിക്ക് പറ്റിയപോലെ തനിക്ക് അമളി പറ്റില്ലെന്നായിരുന്നു വായുദേവന്റെ ഭാവം. തന്മൂലം അദ്ദേഹത്തിന് അഗ്നിയെക്കാൾ അഹംഭാവവും കൂടുതലുണ്ടായിരുന്നു. അത് യക്ഷത്തിന് മനസ്സിലായി. യക്ഷം അത് അറിയാത്ത ഭാവത്തിൽ വായുദേവനോട് ചോദിച്ചു: “നീ ആരാണ്?” വായുദേവൻ തന്റെ, പ്രഭാവത്തിൽ ഊറ്റംകൊണ്ടു കൊണ്ട് ഇപ്രകാരം മറുപടി പറഞ്ഞു: “ഞാൻ വായുദേവനാണ്.'' “മാതരിശ്വാവ് എന്ന പേരിലും പ്രസിദ്ധനാണ്.'' നിങ്ങളുടെ പ്രസിദ്ധിയൊന്നും എനിക്ക് കേൾക്കേണ്ട. നിങ്ങൾക്ക് എന്തു ശക്തിയുണ്ട്? പറയൂ? ഞാൻ കാണട്ടെ! “യക്ഷൻ പുല്ലെടുത്ത് വായുദേവന്റെ മുന്നിലേക്കിട്ടുകൊണ്ടു ചോദിച്ചു.'' ഈ പുല്ലിനെ ഒന്നനക്കാൻ പറ്റുമോ?” യക്ഷത്തിന്റെ പുച്ഛരസം കലർന്ന വാക്കുകൾ കേട്ടപ്പോൾ വായു തന്റെ സർവ്വശക്തിയും ഉപയോഗിച്ച് പുല്ലിനെ ചലിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അതിനെ ഒന്നിളക്കാൻപോലും വായു ദേവന് സാധിച്ചില്ല. വീണ്ടും ശ്രമിച്ചു ഫലമില്ല. വായുദേവൻ നാണംകെട്ട് അവിടെനിന്നും മടങ്ങി. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു? എത്ര ആലോചിച്ചിട്ടും വായുദേവന് പിടികിട്ടിയില്ല...

തന്റെ അറിവുകൾക്കുമപ്പുറം ഏതോ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട് ആ ശക്തിയായിരിക്കുമോ യക്ഷം? വായുദേവൻ പരാജിതനായി തലതാഴ്ത്തിക്കൊണ്ട് അവിടെനിന്ന് ഇന്ദ്രന്റെ അടുത്തേക്കു പോയി നടന്ന കാര്യങ്ങൾ പറയുകയും ചെയ്തു. "ഇനി എന്തു വേണം?'' ഇന്ദ്രൻ ചിന്തിച്ചു. ദേവേന്ദ്രൻ ദേവന്മാരെയെല്ലാം വിളിച്ചുകൂട്ടി. ഉണ്ടായ അത്ഭുതങ്ങൾ അവരെ ധരിപ്പിച്ചു. വായുദേവനെയും അഗ്നിദേവനെയും തോല്പിച്ച ശക്തിയെ കീഴടക്കാതിരുന്നാൽ അത് ദേവന്മാർക്കെല്ലാം അപമാനമാണെന്നും അതിനെ എല്ലാവരും കൂടി എതിർത്തു തോല്പിക്കണ മെന്നും നിശ്ചയിച്ചു. “ആ ശക്തി ആദ്യം ആരെന്നറിയണം? ശത്രുവായാലും മിത്രമായാലും അവനെ തകർക്കണം! ദേവന്മാരെ ഭയപ്പെടാതെ കഴിയുന്ന ഒരു ശക്തി ലോകത്ത് ഉണ്ടാകാൻ അനുവദിക്കരുത്.'' ദേവേന്ദ്രന്റെ പ്രഖ്യാപനം ദേവന്മാർക്ക് ഉണർവ്വ് പകർന്നു. അവർ ആ യക്ഷം എന്താണെന്നന്വേഷിച്ചുവരാൻ ദേവാധിപനോടും അപേക്ഷിച്ചു. മഹാബലവാനായ ഇന്ദ്രൻ തനിക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന ഭാവത്തിൽ യക്ഷത്തിന്റെ അടുത്തേക്ക് പോകാൻ പുറപ്പെട്ടു. അതിലും അഹങ്കാരം ഒളിഞ്ഞു കിടപ്പില്ലേ? യക്ഷം ഇന്ദ്രന്റെ അഹങ്കാരം മുഴുവനും നശിപ്പിക്കണമെന്നാഗ്രഹത്തോടെ ഇന്ദ്രനോട് സംസാരിക്കാൻ പോലും തയ്യാറാകാതെ പെട്ടെന്ന് അവിടെനിന്ന് അപ്രത്യക്ഷനായി. ദേവാധിപന് ഒന്നും മനസ്സിലായില്ല. യക്ഷം പ്രവർത്തിച്ചത് ശരിയായിരുന്നില്ലെന്ന് അദ്ദേഹത്തിനു തോന്നി. തന്നോട് സംസാരിക്കാനുള്ള മര്യാദപോലും ആ ഭൂതം കാണിച്ചില്ല. അതിനുമുമ്പായി മറഞ്ഞുപോയില്ലേ? അത് ധിക്കാരം തന്നെയാണ്..

ഏതായാലും താൻ വായുവിനെപ്പോലെയും അഗ്നിയെപ്പോലെയും നാണംകെട്ട് മടങ്ങാൻ തയ്യാറല്ല. രണ്ടാലൊന്നറിഞ്ഞിട്ടേ പോകൂ. ഇന്ദ്രൻ അവിടെത്തന്നെ ധ്യാനനിരതനായി നിന്നു. അപ്പോഴേക്കും അവിടെ ദിവ്യപ്രഭ പരന്നു! ഹിമവത് പുത്രിയും അതിസുന്ദരിയുമായ ബ്രഹ്മവിദ്യ ദേവീരൂപത്തിൽ ഇന്ദ്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ദേവിയെ ഇന്ദ്രൻ വന്ദിച്ചു. അദ്ദേഹം സകല സംശയങ്ങൾക്കും പരിഹാരം കാണാൻ കെല്പ്പുള്ള ദേവിയോട് യക്ഷത്തെപ്പറ്റി ചോദിച്ചു. അതു കേട്ടപ്പോൾ ദേവി പുഞ്ചിരി തൂകിക്കൊണ്ട് ഇന്ദ്രനോട് ഇങ്ങനെ പറഞ്ഞു: "ദേവേന്ദ്രാ, യക്ഷന്റെ രൂപത്തിൽ നിങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ ബ്രഹ്മം തന്നെയാണ്. നിങ്ങൾ അസുരന്മാരെ തോല്പിക്കാൻ കഴിയുംവിധം ശക്തന്മാരായിരുന്നുവെന്ന് കരുതി അഹങ്കരിച്ചത് ശരിയായില്ല. നിങ്ങളോടുള്ള കാരുണ്യം കൊണ്ട് നിങ്ങൾക്കുവേണ്ടി അസുരന്മാരെ തോല്പിച്ചത് ആ ബ്രഹ്മചൈതന്യം തന്നെയാകുന്നു. അത് തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കാതെപോയതാണ് ഈ അധഃപതനത്തിനൊക്കെ കാരണം.'' ദേവി വിശദീകരിച്ചു. ദേവേന്ദ്രന് തെറ്റു മനസ്സിലായി. അദ്ദേഹം ദേവിയോട് ക്ഷമയാചിച്ചു. ദേവി സന്തുഷ്ടയായി ദേവാധിപന് ബ്രഹ്മോപദേശം നൽകി അനുഗ്രഹിച്ചു. ബ്രഹ്മജ്ഞാനം നേടിയ ദേവേന്ദ്രൻ ദേവലോകത്ത് ശ്രഷ്ഠപദവിയിൽ വിരാജിച്ചു. ബ്രഹ്മത്തിന്റെ അടുത്തു ചെന്ന് സംസാരിക്കാൻ സാധിച്ച വായുദേവനും അഗ്നി ദേവനും ദേവി മറ്റുദേവന്മാരെക്കാൾ ഉയർന്ന പദവി നൽകി വാഴിച്ചു. അഹങ്കാരം ഇല്ലാത്ത മനസ്സിനുമാത്രമേ ജ്ഞാനം നേടാനാകൂ. ബ്രഹ്മത്തിന്റെ മഹത്ത്വം ദേവന്മാർക്ക് അറിയാൻ കഴിഞ്ഞു..

തുടരും...

No comments:

Post a Comment