ഋഷി ഗോത്രങ്ങളും നക്ഷത്രങ്ങളും
സപ്തഋഷികള്‍ ബ്രഹ്മാവിന്റെ മാനസപുത്രന്മാരാണ്. മരീചി, വസിഷ്ഠന്‍, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു എന്നിവരാണ് സപ്തര്‍ഷികള്‍. ഓരോ ഋഷിക്കും നാലുനക്ഷത്രങ്ങളാണ് നല്‍കപ്പെട്ടിരിക്കുന്നത്. അവയെ ആ മഹര്‍ഷിയുടെ പേരുള്ള ഗോത്രത്തിലുള്‍പ്പെട്ട നാളുകളായി കണക്കാക്കുന്നു. മഹര്‍ഷിയുടെ സ്വഭാവമോ ജീവിതദര്‍ശനമോ മറ്റെന്തെങ്കിലും പ്രത്യേകതകളോ ആ നക്ഷത്രങ്ങളിലും അവയില്‍ ജനിച്ചവരിലും പ്രതിഫലിക്കുന്നുണ്ടോ എന്ന് അറിയില്ല. ഇതുസംബന്ധിച്ച് ഒരു ആധികാരിക ഗ്രന്ഥത്തിലും യാതൊരു വിവരവും ലഭ്യമല്ല. അതും ഇവിടെ പ്രസ്താവ്യമാണ്. ഏതായാലും 28 നക്ഷത്രങ്ങളെ ഏഴ് ഋഷി ഗോത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇവിടെ നമ്മുടെ വിഷയം. അതിന്റെ ക്രമം ഇപ്രകാരമാണ്:
1. മരീചി ഗോത്രം
അശ്വതി, പൂയം, ചോതി, അഭിജിത്ത്.
2. വസിഷ്ഠ ഗോത്രം
ഭരണി, ആയില്യം, വിശാഖം, തിരുവോണം.
3. അംഗിര ഗോത്രം
കാര്‍ത്തിക, മകം, അനിഴം, അവിട്ടം.
4. അത്രി ഗോത്രം
രോഹിണി, പൂരം, തൃക്കേട്ട, ചതയം.
5. പുലസ്ത്യ ഗോത്രം
മകയിരം, ഉത്രം, മൂലം, പൂരുരുട്ടാതി.
6. പുലഹ ഗോത്രം
തിരുവാതിര, അത്തം, പൂരാടം, ഉത്രട്ടാതി.
7. ക്രതു ഗോത്രം
പുണര്‍തം, ചിത്തിര, ഉത്രാടം, രേവതി.
ഏഴ് ഋഷിമാര്‍ക്കായി ക്രമത്തില്‍ ഒന്നുവീതം ഏഴ് നക്ഷത്രങ്ങള്‍. വീണ്ടും അതേരീതി. അതായത് ആദ്യത്തെ ഗോത്രമായ മരീചിഗോത്രത്തില്‍ വരുന്നത് 1,8,15,22 എന്നീ ക്രമസംഖ്യാ നക്ഷത്രങ്ങളാണ്. രണ്ടാം ഗോത്രത്തില്‍ - വസിഷ്ഠ ഗോത്രത്തില്‍ - വരുന്നത് അവയുടെ അടുത്ത ക്രമസംഖ്യകളും. അതായത് 2,9,16,23 എന്നീ നക്ഷത്രങ്ങള്‍. ഈ രീതി ഉടനീളം അവലംബിച്ചിരിക്കുന്നു. ഈ വിഭജനം എവിടെയെങ്കിലും പ്രയുക്തമാകുന്നുണ്ടോ എന്ന ചോദ്യം സംഗതമാണ്. വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ ഋഷിപ്പൊരുത്തം അഥവാ ഗോത്രപ്പൊരുത്തം പരിഗണിച്ചിരുന്നു, വളരെ മുന്‍പ്. ജനിതകമായ എന്തെങ്കിലും യുക്തി അതില്‍ ഉണ്ടായിരുന്നിരിക്കണം. പില്‍ക്കാലത്ത് തികഞ്ഞ പ്രായോഗികമതിയായ ഏതോ കേരളീയ ജ്യോതിഷാചാര്യന്‍ കടുത്ത കത്രിക പ്രയോഗം നടത്തി നിരവധി പൊരുത്തങ്ങളെ ഒഴിവാക്കിയതാവണം. അതോടൊപ്പം പൊരുത്തങ്ങളെ ആകെ പത്തുവിധമായി നിജപ്പെടുത്തുകയും ചെയ്തതായി മനസ്സിലാക്കാവുന്നതേയുള്ളൂ. അപ്രകാരം പരിത്യജിക്കപ്പെട്ട പൊരുത്തങ്ങളുടെ കൂട്ടത്തില്‍ ഋഷി/ഗോത്ര പൊരുത്തവും ഉണ്ടായിരുന്നിരിക്കണം എന്ന് അനുമാനിക്കാം. ഉത്തരേന്ത്യയിലും മറ്റും ഇന്നും ഈ രീതി അനുവര്‍ത്തിച്ചു വരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ഒരേ ഗോത്രത്തില്‍ വരുന്ന നാളുകാര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്നതാണ് ഇതിന്റെ നിയമം. ഭിന്നഗോത്രങ്ങളിലെ നക്ഷത്രക്കാര്‍ തമ്മില്‍ തമ്മിലേ വിവാഹം ആകാവൂ! മറ്റൊരു രീതിയും അവലംബിക്കാറുണ്ട്. സ്ത്രീ-പുരുഷന്മാരുടെ ലഗ്നം വന്നിരിക്കുന്നത് ഏത് നക്ഷത്രത്തിലാണെന്ന് കണ്ടെത്തണം. അവ ഭിന്ന ഗോത്രങ്ങളിലായാല്‍ പൊരുത്തം ഉത്തമം. ഒരേ ഗോത്രത്തിലായാല്‍ മറ്റു പൊരുത്തങ്ങള്‍ ഉള്ളപക്ഷം മധ്യമത്വേന സ്വീകരിക്കാം. ജ്യോതിഷം എന്ന മഹാവിദ്യയുടെ ആഴവും പരപ്പും വൈവിധ്യവും സൂചിപ്പിക്കുവാന്‍ ഉതകുന്നുണ്ട്, ഇത്തരം വിഷയങ്ങള്‍. അതാണ് ഇതിന്റെ പ്രസക്തിയും.
No comments:
Post a Comment