19 August 2021

തുമ്പി തുള്ളല്‍

തുമ്പി തുള്ളല്‍

ഓണത്തെ മലയാളികള്‍ വരവേല്‍ക്കുന്നത് പൂക്കളമിട്ടാണ്.  അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസം പൂക്കളം ഒരുക്കുന്നു. വീടിന്റെ മുറ്റത്ത് നാട്ടുപൂക്കള്‍ കൊണ്ട് അലങ്കരിചിരുന്ന പൂക്കളം ഇന്ന് ക്ലബ്ബുകാരുടെ മത്സരമായും ആഘോഷമായും മറിക്കഴിഞ്ഞു. ഓണത്തിനു പൂക്കളം ഇടുന്നതിനൊപ്പം അത് ഇളക്കുക എന്നൊരു ചടങ്ങ് കൂടിയുണ്ട്. അത്തം ഒരുക്കുന്നതിന്റെ അവസാന ദിവസമാണ് തിരുവോണം. ഇന്ന് അത്തം ഇളക്കല്‍ മാത്രമല്ല തിരുവോണദിവസം രാവിലെ മുതല്‍ വിവിധ കലാകായിക പരിപാടികളാണ് ക്ലബ്ബുകാരും മറ്റും ഒരുക്കുന്നത്. കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, സുന്ദരിക്ക് പൊട്ടുതൊടല്‍, സുന്ദരന് മീശ വരയ്ക്കല്‍, കണ്ണുകെട്ടി കലമടി, കസേര ചുറ്റല്‍ (മെയില്‍ ആന്‍ഡ്‌ ഫീമെയില്‍), കമുകില്‍ കയറ്റം അങ്ങനെ പലതും. അവസാനം വടംവലി.
വൈകുന്നേരമായാല്‍ പിന്നെ അത്തം ഇളക്കല്‍ ചടങ്ങാണ്. അത്തപ്പുരയ്ക്ക് മുന്നില്‍ അടുപ്പുകൂട്ടി പായസം വയ്ക്കും (പൊങ്കാല). പിന്നെ ഒരാളെ തുമ്പിയായി പിടിച്ചിരുത്തും. ശരീരം മുഴുവന്‍ ഭസ്മം പൂശും. തുമ്പപ്പൂ, കമുകിന്‍ പൂങ്കുല, ചൂലില്‍ നിന്നെടുത്ത ഈര്‍ക്കിലുകള്‍ എന്നിവ കൂട്ടിക്കെട്ടി കൈയ്യില്‍ പിടിപ്പിക്കും. തലയില്‍ തോര്‍ത്തുമൂടി തുമ്പി അത്തപ്പുരയ്ക്ക് മുന്നില്‍, പൂക്കളത്തിനഭിമുഖമായി ചമ്മണം പടിഞ്ഞ്‌ കുനിഞ്ഞിരിക്കും. കൂടിനിക്കുന്ന ഒരാള്‍ പാടിത്തുടങ്ങും,

തുമ്പി തുള്ളല്‍ പാട്ട്.

“ഒന്നാം തുമ്പിയും അവര്‍ പെറ്റ മക്കളും
പോയീ കടപ്പുറത്തുമ്പി തുള്ളാന്‍..
തുമ്പി ഇരുമ്പല്ല, ചെമ്പല്ല, പോടല്ല
തുമ്പിക്കുതിര്‍മാല പൊന്മാല..”

എല്ലാവരും താളത്തില്‍ കയ്യടിയോടെ ഏറ്റുപാടും, ഓരോ വരിയും.
            
“രണ്ടാം തുമ്പിയും അവര്‍ പെറ്റ മക്കളും
പോയീ കടപ്പുറത്തുമ്പി തുള്ളാന്‍..
തുമ്പി ഇരുമ്പല്ല, ചെമ്പല്ല, പോടല്ല
തുമ്പിക്കുതിര്‍മാല പൊന്മാല..”
                                                   
അങ്ങനെ പതിനെട്ടാം തുമ്പിവരെ.. ഇടയ്ക്കിടയ്ക്ക് അനങ്ങാതെ, യാതൊരു കൂസലുമില്ലാതെ ഇരിക്കുന്ന തുമ്പിയെ നോക്കി ഇങ്ങനെയും പാടും.

“എന്താ തുമ്പീ തുള്ളാതിരിക്കണ്
പൂവ് പോരാഞ്ഞോ, പൂക്കുല പോരാഞ്ഞോ
ആള് പോരഞ്ഞോ, അലങ്കാരം പോരാഞ്ഞോ.

എന്താ തുമ്പീ തുള്ളാതിരിക്കണ്.    
കൊട്ട് പോരാഞ്ഞോ, കുരവ പോരാഞ്ഞോ
ആര്‍പ്പ് പോരാഞ്ഞോ, ആരവം പോരഞ്ഞോ
എന്താ തുമ്പീ തുള്ളാതിരിക്കണ്…”
 
കുറെ കഴിയുമ്പോ, പാട്ട് അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ തുമ്പിയുടെ കയ്യിലിരുന്നു പൂക്കുല വിറച്ചു തുടങ്ങും. പിന്നെ പതിയെ ആ ശരീരവും. വിറയ്ക്കുന്ന ശരീരം നിരങ്ങിനീങ്ങി അത്തപ്പുരയ്ക്കുള്ളില്‍ കടന്നു പൂക്കളത്തെ പിച്ചി ചീന്തും, യാതൊരു ദാക്ഷിണ്യവും ഇല്ലാതെ. ആ സമയത്ത് പാട്ടും കൈക്കൊട്ടും കൊണ്ട് അന്തരീക്ഷമാകെ ശബ്ദമുഖരിതമായിരിക്കും. എല്ലാം കഴിയുമ്പോള്‍ തുമ്പി അബോധത്തില്‍  നിലത്തു വീഴും. കുറച്ചുപേര്‍ ചേര്‍ന്ന് താങ്ങിയെടുത്ത് കിണറ്റിന്‍കരയിലോ പൈപ്പിന്‍ ചുവട്ടിലോ കൊണ്ടുപോകും. അതോടെ പത്തുദിവസത്തെ പൂക്കളമിടല്‍ മഹാമഹം അവസാനിക്കും.

No comments:

Post a Comment