2 August 2021

കുംഭകോണം എന്ന ക്ഷേത്ര നഗരം

കുംഭകോണം എന്ന ക്ഷേത്ര നഗരം

ഗംഗൈകൊണ്ട ചോളപുരം

കുംഭകോണത്തുനിന്നു 35 കിലോമീറ്റർ ദൂരമുണ്ട് ഗംഗൈകൊണ്ട ചോളപുരത്തേക്ക്. ക്ഷേത്രത്തിനടുത്ത് എത്തുമ്പോഴേ റോഡിൽനിന്നു ഗോപുരം ദൃശ്യമാകും. ആറ് ഏക്കറിലായി പരന്നു കിടക്കുകയാണ് ബൃഹദീശ്വര ക്ഷേത്രം. കവാടം കടന്ന് ഉള്ളിലെത്തുന്നതോടെ മറ്റൊരു ലോകത്തെത്തിയ പ്രതീതി. കല്ലിൽ തീർത്ത വിസ്മയം എന്നു തന്നെ പറയാം. ആയിരം വർഷത്തോടടുക്കുന്ന നിർമിതിയാണെങ്കിലും പ്രൗഢിയൊട്ടും ചോരാതെ സംരക്ഷിച്ചിരിക്കുന്നു.

ചോളസാമ്രാജ്യത്തിനു പുതിയ മുഖം നൽകിയ രാജരാജന്‍ ഒന്നാമന്റെ മകനായ രാജേന്ദ്ര ചോളൻ ഒന്നാമനാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. തന്റെ സാമ്രാജ്യം ഗംഗാതീരം വരെ വ്യാപിപ്പിച്ചതിനാലാണ് ഗംഗൈകൊണ്ട ചോളൻ എന്ന പേരു ലഭിച്ചതെന്നും അതല്ല, ഗംഗാജലം ഒരു പാത്രത്തിലാക്കി ഈ പ്രദേശത്തെ ജലാശയത്തിൽ ഒഴിച്ചതു കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. ഗംഗൈകൊണ്ട ചോളപുരം എന്ന പട്ടണം സ്ഥാപിച്ച് തഞ്ചാവൂരിൽനിന്നു ചോളസാമ്രാജ്യത്തിന്റെ തലസ്ഥാനം ഇവിടേക്കു മാറ്റിയതും ഇദ്ദേഹമാണ്. പിന്നീട് 250 വർഷത്തോളം ചോളവംശത്തിന്റെ ആസ്ഥാനമായിരുന്ന ഇവിടം.

ഗംഗൈകൊണ്ട ചോളന്റെ പിതാവ് രാജരാജ ചോളൻ പണി കഴിപ്പിച്ച തഞ്ചാവൂർ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഈ ക്ഷേത്രവും. തഞ്ചാവൂർ ക്ഷേത്രത്തിന്റെ സ്ത്രീ മാതൃകയായിട്ടാണ് ഇതറിയപ്പെടുന്നത്. പക്ഷേ തഞ്ചാവൂരിനേക്കാൾ വലുതാണ് ഇവിടുത്തെ ശിവലിംഗവും നന്ദി പ്രതിമയും. തഞ്ചാവൂരിലെ ശിവലിംഗത്തിന് 12.5 അടിയാണ് ഉയരം.

ഇവിടുത്തെ ശിവലിംഗം 13.5 അടിയുള്ളതാണ്. തഞ്ചാവൂരിലെ കല്ലിൽ തീർത്ത നന്ദികേശനിൽനിന്നു വ്യത്യസ്തമായി ലൈം സ്റ്റോണിലാണ് ഇവിടെ നന്ദികേശനെ നിർമിച്ചിരിക്കുന്നത്. എങ്കിലും ഉയരത്തിന്റെ കാര്യത്തിൽ തഞ്ചാവൂരിനു തൊട്ടു പുറകിലാണ് ഇവിടുത്തെ ഗോപുരം. 55 അടിയാണ് ഗോപുരത്തിന്റെ ഉയരം. 60 മീറ്ററാണ് തഞ്ചാവൂർ ക്ഷേത്രത്തിന്റെ ഉയരം.

ക്ഷേത്രത്തിനു ചുറ്റും പുല്ലു പിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. ചുറ്റുമതിലും ചില ഉപക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ്. ക്ഷേത്രത്തിനു പുറത്തെ ശിലകളിൽ പഴയ തമിഴ്ലിപിയിൽ എന്തോ ചില എഴുത്തുകൾ. തമിഴ് സന്ദർശകരിൽ ചിലർ ഇതു വായിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

സിംഹമുഖകിണർ

ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ചു വരുമ്പോൾ സിംഹത്തിന്റെ മുഖമുള്ള ഒരു പ്രവേശനകവാടവും സമീപത്തായി ഒരു കിണറും കാണാം. പണ്ട് ഈ പ്രദേശം ഭരിച്ചിരുന്ന ബാണാസുരന് പുണ്യ നദിയായ ഗംഗയിൽ സ്നാനം ചെയ്യുവാൻ സാധിച്ചില്ല. തുടർന്ന് അദ്ദേഹം ഗംഗ ദേവിയെ തപസ്സുചെയ്തു ഇവിടുത്തെ കിണറ്റിലെത്തിച്ചു എന്നാണ് വിശ്വാസം.

ഐരാവതേശ്വര ക്ഷേത്രം

കുംഭകോണത്തുനിന്നു നാലു കിലോമീറ്റർ ദൂരമേയുളളൂ ദാരാസുരത്തുളള ഐരാവതേശ്വര ക്ഷേത്രത്തിലേക്ക്. ഇന്ദ്രന്റെ വാഹനമായ ഐരാവതത്തിന് ദുർവാസാവിന്റെ ശാപം നിമിത്തം തന്റെ വെളുത്ത നിറം നഷ്ടമാവുകയും ഈ ക്ഷേത്രത്തിലെത്തി ശിവനെ പ്രാർഥിച്ചതിന്റെ ഫലമായി നിറം തിരികെകിട്ടുകയും ചെയ്തു എന്നാണ് വിശ്വാസം. ഐരാവതത്തെ രക്ഷിച്ചവൻ എന്ന അർഥത്തിൽ ഐരാവതേശ്വരനായാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.

രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രത്തിന്റെ മുഖമണ്ഡപം. രഥചക്രങ്ങളും രഥം വലിക്കുന്ന കുതിരകളും കരിങ്കല്ലിൽ കൊത്തിയതാണ്. രാവിലെ പത്തരയ്ക്കായിരുന്നു ഞങ്ങൾ ക്ഷേത്രത്തിലെത്തിയത്. നല്ല ചുട്ടുപൊള്ളുന്ന ചൂട്. പക്ഷേ ക്ഷേത്രത്തിനുള്ളിൽ നല്ല തണുപ്പാണ്. കൊത്തുപണികൾ ചെയ്ത 100 കാൽ മണ്ഡപമാണ് ഇവിടുത്തെ പ്രധാന കാഴ്ച. കൊത്തുപണികളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.

രാജരാജ ചോളൻ രണ്ടാമൻ 1160–1162 കാലഘട്ടത്തിൽ നിർമിച്ചതാണ് ഈ ക്ഷേത്രം. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഗംഗൈകൊണ്ട ചോളപുരത്തുനിന്നു തലസ്ഥാനം രാജരാജപുരം എന്നു പേരുളള ഈ പ്രദേശത്തേക്കു മാറ്റിയിരുന്നു.

ശിൽകലയുടെയും എൻജിനീയറിങ്ങിന്റെയും മാസ്റ്റർപീസാണ് ബിഗ് ടെംപിൾ എന്നറിയപ്പെടുന്ന തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം. രാജരാജ ചോളൻ ഒന്നാമൻ ആറു വർഷവും 275 ദിവസവും കൊണ്ട് 1010 ലാണ് ഈ  ശിലാവിസ്മയം പണികഴിപ്പിച്ചത്. ക്ഷേത്രവിമാനത്തിന്റെ (ഗോപുരം) മകുടത്തിന്റെ നിഴൽ നിലത്തുവീഴില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. 81 ടണ്ണുള്ള ഒറ്റക്കല്ലില്‍ നിർമിച്ചതാണ് ഈ മകുടം. ക്ഷേത്രത്തിന്റെ മുകൾവശത്തേക്ക് ഒരു ചെരിഞ്ഞ പാത നിർമിച്ച് അതിലൂടെയാണ് മകുടം മുകളിലെത്തിച്ചതെന്നാണ് വിശ്വാസം.

ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്കാരം ഈ ക്ഷേത്രത്തിലുണ്ട്. ബാക്കിയുളളവയ്ക്കായി സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. 2010 ൽ ‘ഭരതനാട്യം- രാജരാജേശ്വരം-1000’എന്ന പേരിൽ ക്ഷേത്രത്തിന്റെ ആയിരം വർഷം ആഘോഷിക്കുകയുണ്ടായി. ചോളകാലത്തെ കവിയും സിദ്ധനുമായിരുന്ന ഗുരു കരുവൂർ തേവർ ചിട്ടപ്പെടുത്തിയ ബൃഹദീശ്വരസ്‌തുതിക്ക് പത്മാ സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിൽ 1000 നർത്തകർ ചുവടുവച്ചു.

തീർഥാടനകേന്ദ്രം എന്നതിലുപരി സഞ്ചാരികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട പൈതൃകസ്മാരകങ്ങളാണ് ഈ ചോളക്ഷേത്രങ്ങൾ. ഇന്നും അവ പോറലേൽക്കാതെ സംരക്ഷിക്കുന്നതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നമുക്ക് നന്ദി പറയാം.

No comments:

Post a Comment